അതിരൂക്ഷമായ കാലാവസ്ഥാ വ്യതിയാനവും തുടര്‍ച്ചയായ പ്രകൃതി ദുരന്തങ്ങളും ഇന്ത്യയെ വന്‍ പ്രതിസന്ധിയിലേക്ക് തള്ളിയിടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ (2022 മുതല്‍ 2026 വരെ) രാജ്യത്ത് തീവ്ര കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലം 16,000-ത്തിലധികം ആളുകള്‍ക്ക് ജീവന് നഷ്ടപ്പെട്ടതായി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്വയോണ്മെന്റും (സിഎസ്ഇ) 'ഡൗണ്‍ ടു എര്‍ത്തും ചേര്‍ന്ന് പുറത്തുവിട്ട 'ക്ലൈമറ്റ് ഇന്ത്യ 2026' റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേവലം ഒറ്റപ്പെട്ട ദുരന്തങ്ങളായല്ല, മറിച്ച് ദിവസേനയെന്നോണം രാജ്യം അഭിമുഖീകരിക്കുന്ന വലിയൊരു മാനുഷിക ദുരന്തമായി കാലാവസ്ഥാ വ്യതിയാനം മാറിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു.
റിപ്പോര്‍ട്ട് അനുസരിച്ച് മിന്നലും ഇടിയും, കനത്ത മഴ, പ്രളയം, ഉരുള്‍പൊട്ടല്‍, ഉഷ്ണ തരംഗം, കൊടും തണുപ്പ്, ചുഴലിക്കാറ്റുകള്‍, ആലിപ്പഴ വീഴ്ച, പൊടിക്കാറ്റ്, ശക്തമായ കാറ്റ് തുടങ്ങിയവയാണ് ഈ ദുരന്തങ്ങളില്‍ ഉള്‍പ്പെടുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പ്, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡിവിഷന്, മാധ്യമ റിപ്പോര്‍ട്ടുകള്‍ എന്നിവയില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പഠനം തയ്യാറാക്കിയിരിക്കുന്നത്.
2026-ല്‍ നേരിട്ടത് വന്‍ കാലാവസ്ഥാ ദുരന്തങ്ങള്‍
2026-ന്റെ ആദ്യ ഒമ്പത് മാസങ്ങളില്‍ മാത്രം 3,220 ജീവനുകളാണ് കാലാവസ്ഥാ ദുരന്തങ്ങള്‍ കവര്‍ന്നെടുത്തത്. ഈ കാലയളവിലെ 273 ദിവസങ്ങളില്‍ 251 ദിവസവും രാജ്യത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് തീവ്ര കാലാവസ്ഥ രേഖപ്പെടുത്തിയിട്ടുണ്ട്. മനുഷ്യജീവന് പുറമെ കാര്‍ഷിക മേഖലയെയും മൃഗസമ്പത്തിനെയും ദുരന്തങ്ങള്‍ സാരമായി ബാധിച്ചു. ഏകദേശം 1,28,334 വീടുകള്‍ തകരുകയും 4.25 ദശലക്ഷം ഹെക്ടര്‍ കൃഷി നശിക്കുകയും ചെയ്തു. ഈ വര്‍ഷം ഇതുവരെ 47,244 വളര്‍ത്തുമൃഗങ്ങളും കാലാവസ്ഥാ ദുരന്തങ്ങള്‍ തങ്ങാന്‍ കഴിയാതെ ചത്തു.
വര്‍ധിച്ചുവരുന്ന മരണനിരക്കും ആഘാതവും
ഓരോ വര്‍ഷവും ആശങ്കാജനകമായാണ് മരണസംഖ്യ ഉയരുന്നത്. 2022-ല്‍ 2,755 ആയിരുന്ന മരണനിരക്ക് 2023-ല്‍ 2,923 ആയും 2024-ല്‍ 3,238 ആയും ഉയര്‍ന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മരണസംഖ്യ രേഖപ്പെടുത്തിയത് 2025-ലാണ് (4,064 മരണങ്ങള്). കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മൊത്തം മരണങ്ങളുടെ 65 ശതമാനവും അവസാന മൂന്ന് വര്‍ഷങ്ങളിലാണ് സംഭവിച്ചത് എന്നത് സ്ഥിതിഗതികളുടെ വ്യാപ്തി കൂട്ടുന്നു.
തകര്‍ന്നടിയുന്ന കാര്‍ഷിക മേഖല
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും വലിയ ഇരകള്‍ രാജ്യത്തെ കര്‍ഷകരാണ്. 2022-നും 2026-നും ഇടയില്‍ 20.6 ദശലക്ഷം ഹെക്ടര്‍ കൃഷിഭൂമിയാണ് പ്രകൃതി ദുരന്തങ്ങളില്‍ നശിച്ചത്. ഇതില്‍ 82 ശതമാനവും സംഭവിച്ചത് 2024-2026 കാലയളവിലാണ്. അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ തീവ്ര കാലാവസ്ഥാ ദിവസങ്ങള്‍ നേരിട്ടത് മധ്യപ്രദേശ് (748 ദിവസം), ഹിമാചല്‍ പ്രദേശ് (740), ഉത്തര്‍പ്രദേശ് (653), മഹാരാഷ്ട്ര (648), അസം (526) എന്നീ സംസ്ഥാനങ്ങളിലാണ്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ മരണങ്ങള് രേഖപ്പെടുത്തിയത് ഉത്തര്‍പ്രദേശിലാണ് (811). 2.83 ദശലക്ഷം ഹെക്ടര്‍ കൃഷിനാശം നേരിട്ട മഹാരാഷ്ട്രയിലാണ് കാര്‍ഷിക മേഖല ഏറ്റവും കൂടുതല്‍ തകര്‍ന്നത്. തുടര്‍ച്ചയായ വരള്‍ച്ചയും കൃഷിനാശവും കാരണം മഹാരാഷ്ട്രയില്‍ ആറ് ദിവസത്തിനിടെ 10 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
മാറുന്ന ഋതുക്കളും മുന്നറിയിപ്പും
കാലാവസ്ഥാ പ്രവചനങ്ങളെപ്പോലും അട്ടിമറിക്കുന്ന രീതിയിലാണ് രാജ്യത്ത് ഋതുക്കള്‍ മാറുന്നത്. 2026 ഫെബ്രുവരി കഴിഞ്ഞ 125 വര്‍ഷത്തിനിടയിലെ നാലാമത്തെ ഏറ്റവും ചൂടേറിയ ഫെബ്രുവരിയായി മാറി. ചരിത്രത്തിലാദ്യമായി ഫെബ്രുവരി മാസത്തില്‍ തണുത്ത ദിവസങ്ങളോ കൊടും തണുപ്പോ അനുഭവപ്പെട്ടില്ല. ഹിമാചല്‍ പ്രദേശില്‍ മാര്‍ച്ച് തുടക്കത്തില്‍ തന്നെ കടുത്ത ചൂടുതരംഗം രേഖപ്പെടുത്തിയത് വരാനിരിക്കുന്ന വലിയ അപകടത്തിന്റെ സൂചനയാണ്.
India is facing an escalating climate crisis, with extreme weather events claiming more than 16,000 lives between 2022 and 2026, according to the Climate India 2026 report jointly released by the Centre for Science and Environment (CSE) and Down To Earth. The report warns that climate change is no longer a series of isolated disasters but an increasingly persistent humanitarian crisis affecting the country almost every day. The study covers extreme weather events such as lightning, thunderstorms, heavy rainfall, floods, landslides, heatwaves, cold waves, cyclones, hailstorms and dust storms. It draws on data from the India Meteorological Department, the Disaster Management Division of the Union Home Ministry and media reports.