Environment

സായുധ സംഘര്‍ഷവും കാലാവസ്ഥാ വ്യതിയാനവും; കിഴക്കന്‍ ആഫ്രിക്കയില്‍ നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍, അഭയാര്‍ഥികളായി 62 ലക്ഷം ജനങ്ങള്‍

2025-ല്‍ ആകെ 639 കുടിയൊഴിപ്പിക്കല്‍ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 4,730,816 എണ്ണം (76 ശതമാനം) സായുധ സംഘര്‍ഷങ്ങള്‍ മൂലമാണ്. പ്രകൃതി ദുരന്തങ്ങള്‍ കാരണം 1,496,256 ആളുകള്‍ക്ക് (24 ശതമാനം) വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നു.

Madism Desk

കിഴക്കന്‍ ആഫ്രിക്കയില്‍ പ്രാദേശിക സംഘര്‍ഷങ്ങള്‍ക്കൊപ്പം കാലാവസ്ഥാ വ്യതിയാനവും നിര്‍ബന്ധിത കുടിയൊഴിപ്പിക്കലിന് കാരണമാകുന്നു എന്ന് റിപ്പോര്‍ട്ട്. 2025-ല്‍ കിഴക്കന്‍ ആഫ്രിക്കയിലെ ഒമ്പത് രാജ്യങ്ങളിലായി 6,227,072 നിര്‍ബന്ധിത ആഭ്യന്തര കുടിയൊഴിപ്പിക്കലുകള്‍ (ജീവിക്കുന്ന പ്രദേശത്ത് നിന്നും രാജ്യത്തിനകത്തെ മറ്റു പ്രദേശങ്ങളിലേയ്ക്ക് തങ്ങളുടെതല്ലത്ത കാരണത്താല്‍ നിര്‍ബന്ധിതമായി പോകേണ്ടി വരുന്ന സാഹചര്യം) രേഖപ്പെടുത്തിയതായി 'സ്റ്റേറ്റ് ഓഫ് ദി ക്ലൈമറ്റ് ഇന്‍ ഈസ്റ്റേണ്‍ ആഫ്രിക്ക 2025' റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുടിയൊഴിപ്പിക്കലിന് പ്രധാന കാരണം പ്രാദേശിക സംഘര്‍ഷങ്ങളാണെങ്കിലും, പ്രളയം ഉള്‍പ്പെടെയുള്ള കാലാവസ്ഥാ വ്യതിയാന ദുരന്തങ്ങളും ഇതിന് ആക്കം കൂട്ടിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്റര്‍ഗവണ്‍മെന്റല്‍ അതോറിറ്റി ഓണ്‍ ഡെവലപ്പ്‌മെന്റിന്റെ (ഐജിഎഡി) ക്ലൈമറ്റ് പ്രെഡിക്ഷന്‍ ആന്‍ഡ് ആപ്ലിക്കേഷന്‍സ് സെന്റര്‍ (ഐസിപിഎസി) സെപ്റ്റംബര്‍ മൂന്നിനാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 2025-ല്‍ ആകെ 639 കുടിയൊഴിപ്പിക്കല്‍ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 4,730,816 എണ്ണം (76 ശതമാനം) സായുധ സംഘര്‍ഷങ്ങള്‍ മൂലമാണ്. പ്രകൃതി ദുരന്തങ്ങള്‍ കാരണം 1,496,256 ആളുകള്‍ക്ക് (24 ശതമാനം) വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നു. സുഡാന്‍, ദക്ഷിണ സുഡാന്‍, എത്യോപ്യ എന്നിവിടങ്ങളിലാണ് പ്രതിസന്ധി ഏറ്റവും രൂക്ഷമായി അനുഭവപ്പെട്ടത്. സുഡാനില്‍ മാത്രം 2,677,298 ആളുകള്‍ക്ക് വീട് നഷ്ടമായി. ഇത് മേഖലയിലെ ആകെ കുടിയൊഴിപ്പിക്കലിന്റെ 43 ശതമാനമാണ്. ദക്ഷിണ സുഡാനില്‍ 1,682,754 പേരും എത്യോപ്യയില്‍ 1,085,752 പേരും കുടിയൊഴിപ്പിക്കപ്പെട്ടു. ആഭ്യന്തര കുടിയൊഴിപ്പിക്കലിന്റെ 87.5 ശതമാനവും ഈ മൂന്ന് രാജ്യങ്ങളിലാണ് നടന്നത്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍

കാലാവസ്ഥാ ദുരന്തങ്ങള്‍ മൂലമുണ്ടായ കുടിയൊഴിപ്പിക്കലുകളില്‍ 69.2 ശതമാനത്തിനും (1,035,524 ആളുകള്‍) കാരണം പ്രളയമാണ്. പ്രളയം, മണ്ണടിച്ചില്‍ തുടങ്ങിയ പ്രതിഭാസങ്ങള്‍ വീടുകള്‍, റോഡുകള്‍, പാലങ്ങള്‍, കുടിവെള്ള സംവിധാനങ്ങള്‍ എന്നിവ വന്‍തോതില്‍ തകര്‍ത്തതോടെ ജനങ്ങള്‍ക്ക് മാറിത്താമസിക്കേണ്ടി വന്നു. എല്‍ നിനോ-സതേണ്‍ ഓസിലേഷന്‍, ഇന്ത്യന്‍ ഓഷ്യന്‍ ഡിപോള്‍, മാഡന്‍-ജൂലിയന്‍ ഓസിലേഷന്‍, ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ തുടങ്ങിയ കാലാവസ്ഥാ ഘടകങ്ങളാണ് 2025-ല്‍ കിഴക്കന്‍ ആഫ്രിക്കയിലെ മഴ ലഭ്യതയെ പ്രധാനമായും സ്വാധീനിച്ചത്.

മാര്‍ച്ച്-മേയ്, ജൂണ്‍-സെപ്റ്റംബര്‍ മാസങ്ങളില്‍ ശക്തമായ മഴ ലഭിച്ചപ്പോള്‍, ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ കിഴക്കന്‍ കെനിയ, സൊമാലിയ, തെക്കുകിഴക്കന്‍ എത്യോപ്യ എന്നിവിടങ്ങളില്‍ മഴ ലഭ്യത ഗണ്യമായി കുറഞ്ഞു. കൂടാതെ, ചൂട് സാധാരണയേക്കാള്‍ ഉയര്‍ന്ന നിലയില്‍ തുടര്‍ന്നതോടെ കിഴക്കന്‍ ആഫ്രിക്കയില്‍ രേഖപ്പെടുത്തിയ ഏറ്റവും ചൂടേറിയ വര്‍ഷങ്ങളിലൊന്നായി 2025 മാറി. സംഘര്‍ഷങ്ങളും ദാരിദ്ര്യവും മൂലം ദുരിതത്തിലായ ജനങ്ങളുടെ ആരോഗ്യം, കൃഷി, കുടിവെള്ള ലഭ്യത എന്നിവയെ ഈ കടുത്ത ചൂട് കൂടുതല്‍ പ്രതികൂലമായി ബാധിച്ചു.

വിവിധ മേഖലകളിലുണ്ടായ ആഘാതം

കാലാവസ്ഥാ വ്യതിയാനങ്ങളും സംഘര്‍ഷങ്ങളുംമൂലം കിഴക്കന്‍ ആഫ്രിക്കന്‍ മേഖല കടുത്ത ഭക്ഷ്യസുരക്ഷ ഭീഷണി നേരിടുന്നുണ്ട്. ജിബൂട്ടി, കെനിയ, സൊമാലിയ, ദക്ഷിണ സുഡാന്‍, സുഡാന്‍, ഉഗാണ്ട എന്നീ ആറ് രാജ്യങ്ങളിലായി ഏകദേശം 42 ദശലക്ഷം ആളുകള്‍ രൂക്ഷമായ ഭക്ഷ്യക്ഷാമം നരിടുന്നു. ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളിലെ മഴക്കുറവ് വിളനാശത്തിനും കുടിവെള്ള ക്ഷാമത്തിനും കന്നുകാലികളുടെ മേച്ചില്‍പ്പുറങ്ങള്‍ നശിക്കുന്നതിനും ഇടയാക്കി. വെള്ളപ്പൊക്കം ജലജന്യ രോഗങ്ങളുടെ ഭീഷണി ഉയര്‍ത്തിയപ്പോള്‍, വരള്‍ച്ചയും ചൂടും കുടിവെള്ള ക്ഷാമവും ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിച്ചു.

കാലാവസ്ഥാ വ്യതിയാനം സാമൂഹികവും സുരക്ഷാപരവുമായ സംഘര്‍ഷങ്ങള്‍ക്ക് വഴിതെളിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. മഴ കുറഞ്ഞതോടെ ക്ഷീരകര്‍ഷകര്‍ കന്നുകാലികളുമായി മറ്റ് പ്രദേശങ്ങളിലേക്കും അയല്‍രാജ്യങ്ങളിലേക്കും പോകാന്‍ നിര്‍ബന്ധിതരായി. ഇത് വിഭവങ്ങള്‍ക്കായുള്ള തര്‍ക്കങ്ങള്‍ക്ക് കാരണമായി. സൊമാലിയ, എത്യോപ്യ, കെനിയ എന്നിവയെ ബന്ധിപ്പിക്കുന്ന ഡൊളോ-ബെലെഡ് ഹാവോ-മന്ദേര ഇടനാഴിയില്‍ ഈ സംഘര്‍ഷം വ്യക്തമായിരുന്നു. ദക്ഷിണ സുഡാനില്‍ പ്രളയത്തെത്തുടര്‍ന്ന് കൃഷി ഭൂമികളിലെയ്ക്ക് കന്നുകാലികളുമായി എത്തിയ ഇടയന്മാരും പ്രാദേശിക കര്‍ഷകരും തമ്മില്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൊമാലിയയിലെ ഷബെല്ലെ, ഹിരാന്‍ നദികളിലുണ്ടായ പ്രളയം വിളനാശത്തിനും ഗതാഗത തടസ്സത്തിനും കാരണമായി. കൂടാതെ, പ്രളയം കാരണം വീടുകള്‍ നഷ്ടപ്പെട്ട മേഖലകളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

കാലാവസ്ഥാ സേവനങ്ങളും പ്രത്യാഘാത ലഘൂകരണവും

കാലാവസ്ഥാ വ്യതിയാന ഭീഷണികള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനങ്ങളില്‍ നിക്ഷേപം നടത്തേണ്ടതിന്റെയും വിവിധ ഏജന്‍സികള്‍ തമ്മിലുള്ള സഹകരണം ഉറപ്പാക്കേണ്ടതിന്റെയും അടിയന്തര പ്രാധാന്യം റിപ്പോര്‍ട്ട് അടിവരയിടുന്നു. ദുരന്തങ്ങള്‍ സംഭവിച്ചതിന് ശേഷം സഹായമെത്തിക്കുന്നതിന് പകരം, മുന്‍കൂട്ടി തയ്യാറെടുപ്പുകള്‍ നടത്താനും പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാന്‍ കെല്‍പ്പുള്ള സംവിധാനങ്ങള്‍ കെട്ടിപ്പടുക്കാനും സര്‍ക്കാരുകളും കമ്മ്യൂണിറ്റികളും മുന്‍കൈയെടുക്കണമെന്ന് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.

A new report on the State of the Climate in Eastern Africa 2025 highlights the growing link between armed conflict, climate change and forced displacement across the region. In 2025, 6,227,072 internal displacements were recorded across nine Eastern African countries. Armed conflict accounted for 76% of these displacements, while natural disasters, particularly floods, caused the remaining 24%. Sudan, South Sudan and Ethiopia accounted for 87.5% of all internal displacement, with Sudan alone recording more than 2.67 million displaced people. Climate-related disasters displaced nearly 1.5 million people, with floods responsible for 69.2% of such displacements. Extreme heat, changing rainfall patterns, droughts and floods also intensified food insecurity, water shortages, health risks and damage to agriculture and infrastructure.