Environment

പ്രത്യാഘാതം ഊഹിക്കാവുന്നതിലും അപ്പുറം, വന്‍ കാലാവസ്ഥാ ദുരന്തങ്ങളെ നേരിടാന്‍ ലോകം ഒരുങ്ങണം; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

2008-ല്‍ മ്യാന്‍മറില്‍ 1,40,000-ത്തോളം പേരുടെ ജീവനെടുത്ത 'നാര്‍ഗിസ്' ചുഴലിക്കാറ്റ് സൃഷ്ടിച്ച മരണസംഖ്യ, 2000 മുതല്‍ 2025 വരെയുള്ള കാലയളവിലുണ്ടായ മറ്റ് 675 ചുഴലിക്കാറ്റുകളില്‍ ആകെ മരിച്ചവരുടെ ഇരട്ടിയിലധികമാണെന്ന് റിപ്പോര്‍ട്ട് എടുത്തുപറയുന്നു

Madism Desk

നിലവിലുള്ള ആസൂത്രണ സംവിധാനങ്ങള്‍ക്ക് കണക്കുകൂട്ടാന്‍ കഴിയുന്നതിലും എത്രയോ ഭയാനകമായ കാലാവസ്ഥാ ദുരന്തങ്ങള്‍ക്കായിരിക്കാം വരും വര്‍ഷങ്ങളില്‍ ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്ന് മുന്നറിയിപ്പ് നല്‍കി ലണ്ടന്‍ കിംഗ്‌സ് കോളേജിലെ ശാസ്ത്രജ്ഞര്‍. ദുരന്തസാധ്യതകളെക്കുറിച്ച് പഠിക്കാന്‍ നിലവില്‍ ഉപയോഗിക്കുന്ന വിശകലനങ്ങള്‍ ഏറ്റവും ദാരുണമായ പ്രത്യാഘാതങ്ങള്‍ പ്രവചിക്കാനോ തടയാനോ പ്രാപ്തമല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് വലിയ തോതിലുള്ള മരണങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങളുടെ തകര്‍ച്ചയ്ക്കും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം.

ഈ വര്‍ഷത്തെ ജൂണിലെ ഉഷ്ണതരംഗത്തില്‍ മാത്രം യൂറോപ്പില്‍ ആയിരക്കണക്കിന് ആളുകള്‍ മരണപ്പെട്ട സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ് പുറത്തുവരുന്നത്. കൂടാതെ, എല്‍ നിനോ പ്രതിഭാസം കാരണം ലോകമെമ്പാടും ഉണ്ടാകാന്‍ പോകുന്ന കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങളെ കുറിച്ചും പഠനങ്ങള്‍ നടന്നുവരികയാണ്. 2000 മുതല്‍ 2025 വരെയുള്ള കാലയളവില്‍ ലോകത്താകമാനമുണ്ടായ ചുഴലിക്കാറ്റുകളെയും ഉഷ്ണതരംഗങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ നേച്ചര്‍ സസ്‌റ്റൈനബിലിറ്റി' എന്ന ശാസ്ത്ര മാസികയില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് വിശകലം ചെയ്യുന്നുണ്ട്. ഈ കാലങ്ങളില്‍ സംഭവിച്ച വലിയ ദുരന്തങ്ങളിലാണ് ഭൂരിഭാഗം മരണങ്ങള്‍ സംഭവിച്ചതെന്ന് പഠനം വിശകലം ചെയ്യുന്നു. ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന ദുരന്തങ്ങള്‍ മനുഷ്യന്റെ ഊഹങ്ങള്‍ക്കും അപ്പുറമായിരിക്കുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

2008-ല്‍ മ്യാന്‍മറില്‍ 1,40,000-ത്തോളം പേരുടെ ജീവനെടുത്ത 'നാര്‍ഗിസ്' ചുഴലിക്കാറ്റ് സൃഷ്ടിച്ച മരണസംഖ്യ, 2000 മുതല്‍ 2025 വരെയുള്ള കാലയളവിലുണ്ടായ മറ്റ് 675 ചുഴലിക്കാറ്റുകളില്‍ ആകെ മരിച്ചവരുടെ ഇരട്ടിയിലധികമാണെന്ന് റിപ്പോര്‍ട്ട് എടുത്തുപറയുന്നു. സമാനമായി, ഉഷ്ണതരംഗം മൂലമുള്ള മരണങ്ങളും വന്‍ ദുരന്തങ്ങളിലാണ് കൂടുതലും സംഭവിച്ചിട്ടുള്ളത്. ഇതില്‍ ഏറ്റവും ദാരുണം 2003-ല്‍ യൂറോപ്പിലുണ്ടായ ഉഷ്ണതരംഗമാണ്. ഏകദേശം 70,000 ആളുകള്‍ അന്ന് കൊല്ലപ്പെട്ടു, ഇതില്‍ പകുതിയോളം മരണങ്ങളും ഓഗസ്റ്റ് മാസത്തിലെ ആദ്യ രണ്ട് ആഴ്ചകളിലാണ് സംഭവിച്ചത്.

വരാനിരിക്കുന്ന കടുത്ത കാലാവസ്ഥാ ദുരന്തങ്ങളില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കുമെന്ന് തീര്‍ത്തുപറയാനാകില്ലെന്നും അവര്‍ വ്യക്തമാക്കി. 'കൂടുതല്‍ വേഗതയുള്ള ചുഴലിക്കാറ്റുകള്‍ പോലെയുള്ള പരിചിതമായ ദുരന്തങ്ങളെക്കുറിച്ച് പഠിക്കാന്‍ നിലവിലെ സംവിധാനങ്ങള്‍ പര്യാപ്തമാണ്,' എന്ന് കിംഗ്‌സ് കോളേജ് ലണ്ടന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 'എന്നാല്‍ മുന്‍പരിചയമില്ലാത്ത പ്രകൃതിദുരന്തങ്ങളെ പ്രവചിക്കാന്‍ ഇവയ്ക്ക് കഴിയില്ല. ഉദാഹരണത്തിന്, ശക്തമായ ഒരു ചുഴലിക്കാറ്റിന് തൊട്ടുമുമ്പ് ഉണ്ടാകുന്ന കടുത്ത ഉഷ്ണതരംഗം, അത്തരം സന്ദര്‍ഭങ്ങളില്‍ ലക്ഷക്കണക്കിന് ആളുകള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാവും. കൂടാതെ ചൂടില്‍നിന്നുള്ള സംരക്ഷണവും അവര്‍ക്ക് ലഭിക്കില്ല,' വിദഗ്ദ്ധര്‍ വിശദീകരിക്കുന്നു.

തീവ്രമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ മുന്‍കൂട്ടി കണ്ട് തടയുന്നതിനായി ഗവേഷകര്‍ പ്രധാനമായും മൂന്ന് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നു. ഒന്ന്, കാലാവസ്ഥാ വിദഗ്ധര്‍, ഇന്‍ഷുറന്‍സ് മേഖലയിലുള്ളവര്‍, ദുരന്തസാധ്യത പഠിക്കുന്ന വിദഗ്ധര്‍, കാലാവസ്ഥായെ കുറിച്ച് എഴുതുന്നവര്‍ തുടങ്ങി വ്യത്യസ്ത മേഖലകളിലെ ആളുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് മുന്നൊരുക്കങ്ങള്‍ നടത്തുക. മറ്റൊന്ന്, പ്രകൃതിദുരന്തങ്ങളുടെ പ്രത്യാഘാതങ്ങള്‍ പെട്ടെന്ന് രൂക്ഷമായി മാറുന്ന സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കുക. അവസാനമായി, ഇന്ന് നാം കാണുന്നതിനേക്കാള്‍ കടുത്ത ചൂടും തണുപ്പുമുള്ള കാലാവസ്ഥയില്‍ പ്രകൃതിയുടെ മാറ്റങ്ങള്‍ എങ്ങനെയെന്ന് പഠിക്കുക.

Scientists at King’s College London have warned that future climate-related disasters could be far more severe than current disaster-planning systems are prepared to handle. A study published in Nature Sustainability, analysing hurricanes and heatwaves from 2000 to 2025, found that most deaths occurred during the largest disasters. Researchers point to events such as Cyclone Nargis in Myanmar in 2008 and the 2003 European heatwave as examples of the devastating human toll of extreme weather. They warn that unfamiliar combinations of hazards, such as an extreme heatwave occurring just before a powerful cyclone, could leave millions exposed. The researchers have called for cross-sector disaster planning, better understanding of rapidly escalating hazards and greater study of climate extremes beyond those experienced in the past.