Environment

കണക്കുകളില്ല, ഏകോപനമില്ല, ഫണ്ടുമില്ല, 'ഗ്രീന്‍ ഇന്ത്യ മിഷന്‍' വന്‍ പരാജയം; സിഎജി റിപ്പോര്‍ട്ട്

ക്യാബിനറ്റ് കമ്മിറ്റി അംഗീകരിച്ച 2,000 കോടി രൂപയും ധനകാര്യ കമ്മീഷന്‍ ഗ്രാന്റായ 400 കോടി രൂപയും ലഭിക്കേണ്ട സ്ഥാനത്ത്, 2015-16 മുതല്‍ 2024-25 വരെയുള്ള 10 വര്‍ഷത്തിനിടയില്‍ വെറും 1,149.14 കോടി രൂപ മാത്രമാണ് പദ്ധതിക്കായി അനുവദിച്ചത്.

Madism Desk

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴില്‍ നടപ്പിലാക്കിയ പ്രമുഖ വനവല്‍ക്കരണ പദ്ധതിയായ 'ഗ്രീന്‍ ഇന്ത്യ മിഷന്‍' ലക്ഷ്യം കണ്ടില്ലെന്നു കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപ്പോര്‍ട്ട്. വ്യാഴാഴ്ച പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. 14 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ വനവിസ്തൃതി വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടിടത്ത് വെറും 34090 ഹെക്ടറില്‍ മാത്രമാണ് വന വിസ്തൃതി കൂട്ടിയത്. അതായത് പദ്ധതിയുടെ 97.57 ശതമാനവും പരാജയപ്പെട്ടു.

2015-16 മുതല്‍ 2024-25 വരെയുള്ള പത്ത് വര്‍ഷക്കാലയളവില്‍ 16 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നടത്തിയ ഓഡിറ്റിലാണ് ഈ കണ്ടെത്തലുകള്‍. മോശം പ്ലാനിങ്, ഏകോപനമില്ലായ്മ, ആവശ്യത്തിന് ഫണ്ട് അനുവദിക്കാത്തത് എന്നിവയാണ് പദ്ധതിയുടെ തകര്‍ച്ചയ്ക്ക് കാരണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.

പരാജയത്തിന്റെ പ്രധാന കാരണങ്ങള്‍

വനവല്‍ക്കരണത്തിനായി പ്രവര്‍ത്തിക്കുന്ന ക്യാമ്പ, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, നഗര്‍ വന്‍ യോജന, സ്‌കൂള്‍ നഴ്‌സറി യോജന തുടങ്ങിയ മറ്റ് പ്രധാന പദ്ധതികളുമായി യാതൊരു ഏകോപനവുമില്ലാതെയാണ് ഗ്രീന്‍ ഇന്ത്യ മിഷന്‍ പ്രവര്‍ത്തിച്ചത്. കൂടാതെ ഏറ്റവും കൂടുതല്‍ കാലാവസ്ഥാ വ്യതിയാന ഭീഷണി നേരിടുന്ന പ്രദേശങ്ങള്‍ക്ക് മുന്‍ഗണന നല്‍കാതെയാണ് പദ്ധതി നടപ്പാക്കേണ്ട പ്രദേശങ്ങള്‍ തിരഞ്ഞെടുത്തത്.

പദ്ധതിയുടെ ആദ്യ നാല് വര്‍ഷത്തേക്ക് ക്യാബിനറ്റ് കമ്മിറ്റി അംഗീകരിച്ച 2,000 കോടി രൂപയും ധനകാര്യ കമ്മീഷന്‍ ഗ്രാന്റായ 400 കോടി രൂപയും ലഭിക്കേണ്ട സ്ഥാനത്ത്, 2015-16 മുതല്‍ 2024-25 വരെയുള്ള 10 വര്‍ഷത്തിനിടയില്‍ വെറും 1,149.14 കോടി രൂപ മാത്രമാണ് പദ്ധതിക്കായി അനുവദിച്ചത്. പദ്ധതി നിര്‍വ്വഹണത്തില്‍ സുതാര്യതയില്ലായ്മയും ക്രമക്കേടുകളും ഓഡിറ്റില്‍ തെളിഞ്ഞിട്ടുണ്ട്. എട്ട് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വാര്‍ഷിക സാമ്പത്തിക കണക്കുകള്‍ സൂക്ഷിച്ചിരുന്നില്ല. കണക്കുകള്‍ തയ്യാറാക്കിയ സ്ഥലങ്ങളില്‍ പോലും ഓഡിറ്റിങ് നടക്കുകയോ അനുബന്ധ രേഖകളുമായി ഒത്തുപോവുകയോ ചെയ്തിട്ടില്ല.

വനവല്‍ക്കരണത്തിലൂടെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ വലിച്ചെടുക്കുന്നതിന്റെ തോത് പരിശോധിക്കാന്‍ മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങള്‍ ഒഴികെ മറ്റാരും തയ്യാറായില്ല. പ്രോജക്ട് സ്ഥലങ്ങളുടെ സാറ്റലൈറ്റ് വിശകലനം നടത്തിയപ്പോള്‍, സാമ്പിളായി എടുത്ത 70% പ്രദേശങ്ങളിലും ഗ്രീന്‍ ഇന്ത്യ മിഷന്‍ വഴി യാതൊരുവിധ മാറ്റങ്ങളും ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തി. വിവരങ്ങള്‍ കൃത്രിമമായി പെരുപ്പിച്ചു കാട്ടിയാണ് മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നതെന്നും സി.എ.ജി വ്യക്തമാക്കുന്നു.

A CAG report has found that the Green India Mission (GIM) failed to meet its afforestation targets, with only 34,090 hectares of forest cover added against the target of 14 lakh hectares between 2015-16 and 2024-25. The audit, covering 16 states and Union Territories, attributed the poor performance to inadequate planning, weak coordination with other afforestation schemes and insufficient funding. Against the ₹2,000 crore approved for the mission’s first four years and ₹400 crore in Finance Commission grants, only ₹1,149.14 crore was allocated over the 10-year period.