Environment

ദുരന്തങ്ങള്‍ പെരുകുമ്പോഴും പാര്‍ലമെന്റില്‍ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ വെറും 3.3% മാത്രം; പഠന റിപ്പോര്‍ട്ട്

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ ദുരന്തങ്ങള്‍ കാരണം 9.47 ദശലക്ഷം ഹെക്ടര്‍ വിളകള്‍ നശിക്കുകയും ഒരു ലക്ഷത്തോളം വീടുകള്‍ തകരുകയും ഏകദേശം 58,982 മൃഗങ്ങളുടെ ജീവനെടുക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു

Madism Desk

കാലാവസ്ഥാ വ്യതിയാനം ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ്. അപ്രതീക്ഷിതമായ പ്രകൃതിദുരന്തങ്ങള്‍, അതിരൂക്ഷമായ ഉഷ്ണതരംഗങ്ങള്‍, പ്രളയങ്ങള്‍, ജീവഹാനി തുടങ്ങിയവ ദൈനംദിന വാര്‍ത്തകളായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, രാജ്യത്തിന്റെ ഭാവിയും നയങ്ങളും രൂപകല്‍പ്പന ചെയ്യേണ്ട ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഈ വിഷയം എത്രത്തോളം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്?. 2015 ഡിസംബറിലെ ചരിത്രപ്രസിദ്ധമായ പാരീസ് കരാറിനു ശേഷം ഒരു പതിറ്റാണ്ട് പൂര്‍ത്തിയാകുമ്പോള്‍, കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് പാര്‍ലമെന്റ് എത്രത്തോളം ചര്‍ച്ചചെയ്തു എന്ന് ചൂണ്ടിക്കാണിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്.

പാരീസ് കരാറിനു ശേഷം പാര്‍ലമെന്റില്‍ ഇതുസംബന്ധിച്ച് വളരെ കുറച്ച് ചര്‍ച്ചകള്‍ മാത്രമേ നടന്നിട്ടുള്ളൂവെന്ന് 'ക്ലൈമറ്റ് ഓണ്‍ ദി ഫ്‌ളോര്‍: ഇന്ത്യാസ് പാര്‍ലമെന്ററി ഡിസ്‌കോഴ്സ് ഓണ്‍ എന്‍വയോണ്‍മെന്റ് സിന്‍സ് ദി പാരീസ് അഗ്രിമെന്റ്' (Climate on the Floor: India's Parliamentary Discourse on Environment since the Paris Agreement) എന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ന്യൂഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടബിലിറ്റിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെട്ട 8,700-ലധികം ചോദ്യങ്ങളും ചര്‍ച്ചകളും വിശകലനം ചെയ്തപ്പോള്‍, ആകെ ചോദ്യങ്ങളുടെ വെറും 3.3% മാത്രമാണ് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടിരുന്നത്. 'പത്ത് വര്‍ഷം മുമ്പത്തേക്കാള്‍ പരിസ്ഥിതിയെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചുമുള്ള ആശങ്ക ഇന്ന് സമൂഹത്തില്‍ വളരെ കൂടുതലാണ്. എന്നിട്ടും പാരീസ് കരാറിന്റെ പത്താം വാര്‍ഷികത്തില്‍ നില്‍ക്കുമ്പോഴും പാര്‍ലമെന്റില്‍ ഗൗരവമേറിയ ചര്‍ച്ചകള്‍ നടക്കുന്നില്ല എന്നത് ഖേദകരമാണ്', പാര്‍ലമെന്റ് അംഗവും മുന്‍ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രിയുമായ ജയറാം രമേശ് പറഞ്ഞു.

വര്‍ദ്ധിച്ചുവരുന്ന ദുരന്തങ്ങളും സഭയിലെ മൗനവും

റിപ്പോര്‍ട്ട് പുറത്തുവരുന്നത് രാജ്യത്ത് കാലാവസ്ഥാ ദുരന്തങ്ങള്‍ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന ഘട്ടത്തിലാണ്. 2025-ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ മാത്രം ഇന്ത്യയില്‍ രൂക്ഷമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ കാരണം 4,064 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ മരണസംഖ്യയില്‍ 48 ശതമാനത്തിന്റെ വലിയ വര്‍ദ്ധനവാണുണ്ടായത്.

സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റും ഡൗണ്‍ ടു എര്‍ത്തും സംയുക്തമായി പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച്, ഇത്തരം ദുരന്തങ്ങള്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും ജനജീവിതത്തിനും വരുത്തിയ നാശനഷ്ടങ്ങള്‍ ഭീമമാണ്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ ദുരന്തങ്ങള്‍ കാരണം 9.47 ദശലക്ഷം ഹെക്ടര്‍ വിളകള്‍ നശിക്കുകയും ഒരു ലക്ഷത്തോളം വീടുകള്‍ തകരുകയും ഏകദേശം 58,982 മൃഗങ്ങളുടെ ജീവനെടുക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ 18-ലധികം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രൂക്ഷ കാലാവസ്ഥാ ദുരന്ത ദിനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

രാഷ്ട്രീയ ചോദ്യങ്ങളും സര്‍ക്കാരിന്റെ പ്രതിരോധവും

പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങളില്‍ വ്യക്തമായ രാഷ്ട്രീയ, കക്ഷിപരമായ രീതി കാണാമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഭരണകക്ഷിയായ എന്‍.ഡി.എയിലെ പാര്‍ലമെന്റ് അംഗങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ പ്രധാനമായും സര്‍ക്കാരിന്റെ നേട്ടങ്ങളെ ആഘോഷിക്കാനോ, 'പി.എം കുസും', 'ഗ്രീന്‍ ഹൈഡ്രജന്‍' തുടങ്ങിയ സാങ്കേതിക പദ്ധതികളുടെ പുരോഗതി അറിയാനോ ഉള്ളവയാണ്. അതേസമയം, പ്രതിപക്ഷ അംഗങ്ങള്‍ നയങ്ങളുടെ പരാജയം, ഫണ്ടുകളുടെ ദൗര്‍ലഭ്യം, പദ്ധതി നിര്‍വ്വഹണത്തിലെ പാളിച്ചകള്‍ എന്നിവയാണ് സഭയില്‍ ഉയര്‍ത്തുന്നത്. എന്നാല്‍, ദുരിതാശ്വാസം, നഗരങ്ങളിലെ വെള്ളപ്പൊക്കം, വനപരിപാലനം തുടങ്ങിയ വിഷയങ്ങളില്‍ ചോദ്യങ്ങള്‍ വരുമ്പോള്‍, ഇവയെല്ലാം 'സംസ്ഥാനങ്ങളുടെ വിഷയങ്ങള്‍' ആണെന്ന് ചൂണ്ടിക്കാട്ടി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന തന്ത്രമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

അതേസമയം, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ആഭ്യന്തര കുടിയേറ്റം, അസംഘടിത തൊഴിലാളികള്‍ക്കിടയിലെ ഉഷ്ണതരംഗം മൂലമുള്ള മരണം, കാട്ടുതീമൂലമുണ്ടായ വനനഷ്ടം എന്നിവയെക്കുറിച്ചുള്ള കൃത്യമായ ഡാറ്റ കേന്ദ്ര തലത്തില്‍ സൂക്ഷിക്കുന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഈ ഡാറ്റാ ലഭ്യതയില്ലായ്മ പലപ്പോഴും നയപരമായ പരാജയങ്ങളെ മറയ്ക്കാനുള്ള പ്രതിരോധ കവചമായി മാറുന്നു.

നിയമനിര്‍മ്മാണത്തിലെ ബലഹീനത

സഭയിലെ ചര്‍ച്ചകളുടെ മുന്‍ഗണന പരിശോധിച്ചാല്‍, അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ക്ലീന്‍ എനര്‍ജി, ഡീകാര്‍ബണൈസേഷന്‍ (37.7%) എന്നിവയ്ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന മേഖലകള്‍ അവഗണിക്കപ്പെടുന്നു. കാലാവസ്ഥാ ഫണ്ട് (0.3%), ഗ്ലോബല്‍ ക്ലൈമറ്റ് ഗവേണന്‍സ് (1.3%) എന്നിവയിലെ ശ്രദ്ധ വളരെ കുറവാണ്. വിളകളെയും കര്‍ഷകരെയും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് രൂപീകരിച്ച 'നാഷണല്‍ അഡാപ്‌റ്റേഷന്‍ ഫണ്ട് ഫോര്‍ ക്ലൈമറ്റ് ചേഞ്ച്' പദ്ധതി 2023-24 സാമ്പത്തിക വര്‍ഷം മുതല്‍ നിര്‍ജീവമാക്കുകയും 'സ്‌കീം ഇതര' ചെലവായി മാറ്റപ്പെടുകയും ചെയ്തു. ഇതിന് കീഴില്‍ പുതിയ പദ്ധതികളൊന്നും ആരംഭിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

പ്രകൃതിദുരന്തങ്ങള്‍ വരുമ്പോള്‍ മാത്രം ഉണരുന്ന സഭ

പാര്‍ലമെന്റിന്റെ ശ്രദ്ധ ദീര്‍ഘവീക്ഷണമുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിലല്ല, മറിച്ച് ദുരന്തങ്ങള്‍ സംഭവിച്ചു കഴിഞ്ഞുള്ള താത്കാലിക പ്രതികരണങ്ങളില്‍ മാത്രമാണ് എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണത്തിന്, 2021 ഫെബ്രുവരിയില്‍ ഉത്തരാഖണ്ഡിലെ മഞ്ഞുമല വീഴ്ചയ്ക്ക് ശേഷമാണ് ഹിമപാതത്തെക്കുറിച്ചും മേഘവിസ്‌ഫോടനങ്ങളെക്കുറിച്ചും സഭയില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നത്. അതുപോലെ 2022-ല്‍ റെക്കോര്‍ഡ് ചൂട് അനുഭവപ്പെട്ടതിന് ശേഷമാണ് അത്രയും കാലം കാണാമറയത്തായിരുന്ന ഉഷ്ണതരംഗത്തെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടന്നത്.

'ഫ്‌ളോഡ് വാച്ച് ഇന്ത്യ ആപ്പ്', 'വന്‍ അഗ്‌നി പോര്‍ട്ടല്‍' തുടങ്ങിയ സാങ്കേതിക മുന്നേറ്റങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും, ഉപഗ്രഹ സാങ്കേതികവിദ്യ ഉപയോഗിച്ച് കാട്ടുതീ നിരീക്ഷിക്കുന്ന സങ്കേതങ്ങള്‍ക്കപ്പുറം പ്രായോഗികമായി അഗ്‌നിശമനത്തിന് ദേശീയതലത്തിലുള്ള കൃത്യമായ മാനദണ്ഡങ്ങള്‍ നിലവിലില്ലെന്ന് മന്ത്രാലയം തന്നെ സഭയില്‍ സമ്മതിച്ചിട്ടുണ്ട്.

A new report has found that climate change accounted for only 3.3% of the questions and discussions raised in the Indian Parliament over the past decade, despite a sharp rise in extreme weather events and climate-related deaths across the country. The report, Climate on the Floor: India’s Parliamentary Discourse on Environment since the Paris Agreement, was prepared by New Delhi-based Centre for Financial Accountability. The study analysed more than 8,700 parliamentary questions and discussions since the 2015 Paris Agreement. It found that parliamentary attention remains limited even as climate risks have intensified.