Environment

ഇരകളില്ല, കാടില്ല; ഇന്ത്യയിലെ കടുവകള്‍ അതിജീവന ഭീഷണിയില്‍, റിപ്പോര്‍ട്ട്

രാജ്യത്തെ 38 കടുവാ സങ്കേതങ്ങളില്‍ ആവശ്യത്തിന് ഇരമൃഗങ്ങളോ കടുവകള്‍ക്ക് അതിജീവിക്കാന്‍ അനുയോജ്യമായ കാടോ ഇല്ല. ഇതില്‍ 17 സങ്കേതങ്ങളില്‍ ഇവ രണ്ടുമില്ല എന്നതാണ് വസ്തുത. ആകെ 58 സങ്കേതങ്ങളില്‍ 36 എണ്ണത്തിലും ഇരമൃഗങ്ങളുടെ കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്.

Madism Desk

ലോകത്തിലെ ആകെ കടുവകളില്‍ 75 ശതമാനവും ഇന്ത്യയിലാണ്. ഇതിനു പ്രധാന കാരണം ബംഗാള്‍ കടുവകളുടെ എണ്ണത്തില്‍ കഴിഞ്ഞ ദശകത്തിലുണ്ടായ വര്‍ധനവാണ്. എന്നാല്‍ ഈ കണക്കുകള്‍ യഥാര്‍ത്ഥത്തില്‍ നല്ല സൂചനയല്ലെന്ന് പറയുകയാണ് ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ (എന്‍ടിസിഎ) പുതിയ റിപ്പോര്‍ട്ട്. ഇന്ത്യയിലെ 58 കടുവാ സങ്കേതങ്ങളില്‍ മൂന്നില്‍ രണ്ട് സാങ്കേതങ്ങളിലും ഇര മൃഗങ്ങളുടെ അഭാവമോ തകര്‍ന്ന ആവാസവ്യവസ്ഥയോ ആണെന്ന് 'റോഡ്മാപ്പ് ഫോര്‍ ആക്ടീവ് മാനേജ്മെന്റ് ഓഫ് ടൈഗേഴ്സ് ഇന്‍ ഇന്ത്യ' എന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇരമൃഗങ്ങളുടെ എണ്ണം കൂടുതലും മികച്ച ആവാസവ്യവസ്ഥയും ഒരുപോലെ നിലനില്‍ക്കുന്നത് കേവലം 20 കടുവാ സങ്കേതങ്ങളില്‍ മാത്രമാണ്.

2022-ല്‍ നടപ്പാക്കിയ ദേശീയ കടുവാ കണക്കെടുപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ വിശകലനം. 2026-ല്‍ പുതിയ കണക്കെടുപ്പ് വിവരങ്ങള്‍ പുറത്തുവിടേണ്ടതായിരുന്നുവെങ്കിലും ഇത് ഒരു വര്‍ഷത്തേക്ക് നീട്ടിവെക്കുകയാണുണ്ടായത്. 'ലോകത്തിലെ കടുവകളില്‍ 75 ശതമാനവും (3,682 കടുവകള്‍) ഇന്ത്യയിലെ 58 സങ്കേതങ്ങളിലാണ്. ഈ കണക്കുകള്‍ ഇന്ത്യന്‍ കാടുകളുടെ സംരക്ഷണത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് കാണിക്കുന്നത്', എന്ന് ജൂലൈ 29-ന് നടന്ന അന്താരാഷ്ട്ര കടുവാ ദിനാചരണത്തില്‍ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദര്‍ യാദവ് അവകാശപ്പെട്ടിരുന്നു. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ തന്നെ ഔദ്യോഗിക റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് മറിച്ചൊരു ചിത്രമാണ്.

കടുവാ സങ്കേതങ്ങളിലെ ആശങ്കകള്‍

റിപ്പോര്‍ട്ട് അനുസരിച്ച്, രാജ്യത്തെ 38 കടുവാ സങ്കേതങ്ങളില്‍ ആവശ്യത്തിന് ഇരമൃഗങ്ങളോ കടുവകള്‍ക്ക് അതിജീവിക്കാന്‍ അനുയോജ്യമായ കാടോ ഇല്ല. ഇതില്‍ 17 സങ്കേതങ്ങളില്‍ ഇവ രണ്ടുമില്ല എന്നതാണ് വസ്തുത. ആകെ 58 സങ്കേതങ്ങളില്‍ 36 എണ്ണത്തിലും ഇരമൃഗങ്ങളുടെ കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇരമൃഗങ്ങളുടെ ലഭ്യതയും മികച്ച ആവാസവ്യവസ്ഥയുമുള്ള 20 സങ്കേതങ്ങളില്‍ മാത്രമാണ് കടുവകളുടെ എണ്ണം സ്ഥിരമായി നില്‍ക്കുകയോ വര്‍ദ്ധിക്കുകയോ ചെയ്തിട്ടുള്ളത്.

ഒമ്പത് കടുവാ സങ്കേതങ്ങളില്‍ കടുവകളുടെ എണ്ണം പൂജ്യമാണ്. 25 സങ്കേതങ്ങളില്‍ കടുവകളുടെ എണ്ണം കുറഞ്ഞുവരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ആകെ 3,682 കടുവകളില്‍ 2,338 എണ്ണം മാത്രമാണ് കടുവാ സങ്കേതങ്ങള്‍ക്കുള്ളിലുള്ളത്. ബാക്കി 1,344 കടുവകളും സംരക്ഷിത മേഖലകള്‍ക്ക് പുറത്താണ് ജീവിക്കുന്നത്. ഇത് അവയെ കൂടുതല്‍ അപകടസാധ്യതകളിലേക്ക് തള്ളിയിടുന്നു. ആകെ കടുവകളില്‍ 1,318 എണ്ണവും കേന്ദ്രീകരിച്ചിരിക്കുന്നത് കേവലം 10 കടുവാ സങ്കേതങ്ങളിലാണ്. ശേഷിക്കുന്ന കടുവകളാണ് ബാക്കി 48 സങ്കേതങ്ങളിലായി ചിതറിക്കിടക്കുന്നത്.

കടുവകളില്ലാത്ത സങ്കേതങ്ങള്‍

മിസോറാമിലെ ദമ്പ, തെലങ്കാനയിലെ കവാള്‍, ഒഡീഷയിലെ സത്‌കോസിയ, മഹാരാഷ്ട്രയിലെ സഹ്യാദ്രി, അരുണാചല്‍ പ്രദേശിലെ കംലാങ് എന്നീ കടുവാ സങ്കേതങ്ങളില്‍ നിലവില്‍ സ്ഥിരമായി കടുവകളൊന്നുമില്ല. ജാര്‍ഖണ്ഡിലെ പാലാമു, പശ്ചിമ ബംഗാളിലെ ബുക്സ എന്നിവിടങ്ങളില്‍ കടുവകളുടെ സാന്നിധ്യം ഒന്നോ, പൂജ്യമോ ആണ്. രണ്ടിടത്തും ക്യാമറകളില്‍ ഒരൊറ്റ കടുവയുടെ ചിത്രം മാത്രമാണ് പതിഞ്ഞത്. ഇതില്‍ ബുക്സയില്‍ കണ്ടെത്തിയ കടുവ ഭൂട്ടാനില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയതാണെന്നാണ് വന്യജീവി വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇതുകൂടാതെ ചത്തീസ്ഗഢിലെ ഇന്ദ്രാവതി, ഉദന്തി സീതാ നദി, ഗുരു ഘാസിദാസ്-തമോര്‍ പിങ്ള എന്നീ സങ്കേതങ്ങളിലും കടുവകള്‍ ഇല്ലെന്നുതന്നെ പറയാം.

കടുവാ ഇടനാഴികള്‍ തിരിച്ചറിയുകയും സംരക്ഷിക്കുകയും വേണം

ഡബ്ല്യു.ഐ.ഐ പ്രൊഫസറും പ്രമുഖ കടുവാ ഗവേഷകനുമായ ഖമര്‍ ഖുറേഷി പറയുന്നതനുസരിച്ച്, കടുവാ ഇടനാഴികള്‍ കൃത്യമായി സംരക്ഷിച്ച നിരവധി സങ്കേതങ്ങളിലും സംസ്ഥാനങ്ങളിലും കടുവകളുടെ എണ്ണത്തില്‍ വലിയ തിരിച്ചുവരവുണ്ടായിട്ടുണ്ട്. മധ്യപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട്, കേരളം, ഉത്തരാഖണ്ഡ്, ബിഹാര്‍, അസം, പശ്ചിമ ബംഗാളിലെ സുന്ദര്‍ബന്‍സ് എന്നീ പ്രദേശങ്ങള്‍ ഇതിനു മികച്ച ഉദാഹരനങ്ങളാണ്. 'ശേഷിക്കുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായ മാനേജ്മെന്റ് ഉറപ്പാക്കേണ്ടതുണ്ട്. കടുവാ സങ്കേതങ്ങള്‍ക്കുള്ള ഫണ്ട് വര്‍ദ്ധിപ്പിക്കുകയും ശാസ്ത്രീയ പരിഹാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും വേണം. ഏകദേശം 50 ശതമാനത്തോളം സങ്കേതങ്ങളില്‍ അധിനിവേശ സസ്യങ്ങളെ നീക്കം ചെയ്യല്‍, ആവാസവ്യവസ്ഥ മെച്ചപ്പെടുത്തല്‍, ഇരമൃഗങ്ങളുടെ എണ്ണം പുനസ്ഥാപിക്കല്‍, മെച്ചപ്പെട്ട സംരക്ഷണം എന്നിവ നടപ്പിലാക്കേണ്ടതുണ്ട്,' അദ്ദേഹം പറഞ്ഞു.

കൂടാതെ, കടുവാ സങ്കേതങ്ങളെ മാത്രമല്ല, മറ്റ് സംരക്ഷിത വനമേഖലകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സാധ്യമായ എല്ലാ കടുവാ ഇടനാഴികളും തിരിച്ചറിയുകയും നിലവിലുള്ളവ മെച്ചപ്പെടുത്തുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യന്റെ ഇടപെടലുകളും കടന്നുകയറ്റങ്ങളും പൂര്‍ണ്ണമായി നിയന്ത്രിച്ചാല്‍ പോലും ഒരു കാടിന്റെ ആവാസവ്യവസ്ഥയും ഇരമൃഗങ്ങളുടെ എണ്ണവും ആവശ്യമായ തലത്തിലേക്ക് വീണ്ടെടുക്കാന്‍ പത്ത് വര്‍ഷത്തിലധികം സമയം വേണ്ടിവരുമെന്നാണ് പശ്ചിമ ബംഗാളിലെ മുന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും 'ടൈഗര്‍ മാന്‍' എന്ന് വിളിക്കുന്നതുമായ പ്രദീപ് വ്യാസി വ്യക്തമാക്കിയത്.

India is home to nearly 75% of the world's wild tigers, but a new report by the National Tiger Conservation Authority (NTCA) warns that many tiger reserves are struggling with shrinking habitats and a severe shortage of prey. The report, Roadmap for Active Management of Tigers in India, finds that only 20 of India's 58 tiger reserves have both healthy prey populations and suitable habitats, while 38 reserves lack either prey, habitat, or both. The report also reveals that nine tiger reserves have no resident tigers, and tiger numbers are declining in 25 reserves. Of India's 3,682 tigers, only 2,338 live inside tiger reserves, while 1,344 survive outside protected areas, exposing them to greater risks.