Environment

എണ്ണ പ്രതിസന്ധി പ്രതിരോധിക്കാന്‍ ബദല്‍ ജൈവ ഇന്ധനം; ലോകത്തെ കാത്തിരിക്കുന്നത് ഭക്ഷ്യ പ്രതിസന്ധി

ഇന്ധനത്തിനായി ഭക്ഷ്യ വസ്തുകളെ ഉപയോഗിക്കാനുള്ള ലോക രാജ്യങ്ങളുടെ നീക്കം അപകടകരമായ കളിയാണെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്

Madism Desk

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളുടെ ഫലമായി ഉയര്‍ന്ന ഇന്ധന പ്രതിസന്ധി ലോകത്തെ ആഗോള ഭക്ഷ്യ പ്രതിസന്ധിയ്ക്ക് കാരണമായേക്കും. ജൈവ ഇന്ധനങ്ങളുടെ ആവശ്യകത വ്യാവസായികാടിസ്ഥാനത്തില്‍ ഉയരുന്നത് ലോകത്തെ ഭക്ഷ്യ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടേക്കും എന്നാണ് വിലയിരുത്തല്‍. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ഈ വര്‍ഷം ജൈവ ഇന്ധനങ്ങളുടെ ആവശ്യകത മൂന്നിലൊന്നായി ഉയരും. ഇത് ഭക്ഷ്യവിലക്കയറ്റം കുതിച്ചുയരാന്‍ ഇടയാക്കും. ലോകം ആഗോള ഭക്ഷ്യ പ്രതിസന്ധിയിലേക്ക് നീങ്ങാന്‍ ഇടയാക്കുമെന്നാണ് മുന്നറിയിപ്പ്.

ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങള്‍ക്കും ഹോര്‍മുസ് കടലിടുക്ക് അടച്ചതിനും ശേഷം എണ്ണയുടെ വില ബാരലിന് ഏകദേശം 100 ഡോളറായി ഉയര്‍ന്നു കഴിഞ്ഞു. ഇതോടെ കൂടുതല്‍ രാജ്യങ്ങള്‍ ജൈവ ഇന്ധന ഉപയോഗം വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജൈവവസ്തുക്കളില്‍ നിന്ന് നിര്‍മ്മിച്ചതും ഫോസില്‍ ഇന്ധനങ്ങളുമായി കലര്‍ത്തിയതുമായ ജൈവ ഇന്ധനത്തിന്റെ അളവ് വര്‍ധിപ്പിക്കാന്‍ ആണ് നീക്കം. യുഎസ്, ഇന്തോനേഷ്യ, ബ്രസീല്‍, തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ആണ് ഇതിനുള്ള ശ്രമങ്ങല്‍ ആരംഭിച്ചത്. ഇതോടെ 2030 ആകുമ്പോഴേക്കും ജൈവ ഇന്ധനങ്ങളുടെ ആവശ്യം 70% വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.

യുദ്ധം ആഗോളതലത്തില്‍ വളം വിതരണത്തെയും ബാധിച്ചിട്ടുണ്ട്. വിലക്കയറ്റമാണ് പ്രധാന വിഷയം. ഇത് ലോകത്തിലെ പല ഭാഗങ്ങളിലെയും ഭക്ഷണങ്ങളുടെ വിലയില്‍ വര്‍ദ്ധനവിന് കാരണമായി. ദരിദ്ര ജനവിഭാഗങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ക്കാണ് വിലക്കയറ്റം രൂക്ഷമായത്. ഇത് ലോകം നേരിടാനിരിക്കുന്ന ഭക്ഷ്യ പ്രതിസന്ധിയുടെ സൂചനയാണെന്നണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ഇന്ധനത്തിനായി ഭക്ഷ്യ വസ്തുകളെ ഉപയോഗിക്കാനുള്ള ലോക രാജ്യങ്ങളുടെ നീക്കം അപകടകരമായ കളിയാണെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. നിലവിലെ എണ്ണ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താന്‍ ആണ് ലോകരാഷ്ട്രങ്ങള്‍ ശ്രമിക്കുന്നത്. എന്നാല്‍ മുന്നിലുള്ള വലിയ പ്രത്യാഘാതങ്ങള്‍ മറന്നുകൊണ്ടാണ് ജൈവ ഇന്ധനങ്ങളെ ആശ്രയിക്കാന്‍ മുതിരുന്നത്. നിലവിലെ ഊര്‍ജ്ജ വ്യവസ്ഥയില്‍ ജൈവ ഇന്ധനങ്ങള്‍ക്ക് ചെറിയ പങ്ക് മാത്രമേ വഹിക്കാന്‍ കഴിയൂ. എന്നാല്‍ ഭക്ഷ്യവിലയിലും പരിസ്ഥിതിയിലും ഉണ്ടാകുന്ന അപ്രതീക്ഷിത ആഘാതങ്ങള്‍ വളരെ വലുതാണ്. വാഹനങ്ങള്‍ക്ക് 'ഭക്ഷണം നല്‍കുന്നതിനുപകരം, വൈദ്യുതീകരണം പോലുള്ള കൂടുതല്‍ സുസ്ഥിരമായ ഓപ്ഷനുകള്‍ സര്‍ക്കാരുകള്‍ പിന്തുടരണം എന്നുമാണ് ആഗോള തലത്തില്‍ വിദഗ്ധര്‍ ഈ റിപ്പോര്‍ട്ടുകളോട് നല്‍കുന്ന പ്രതികരണം.

ആഗോളതലത്തില്‍ കൃഷിക്ക് ഉപയോഗിക്കുന്ന ഓരോ 20 ടണ്‍ വളത്തിന്റെയും ഒരു ടണ്‍ വിഹിതം ഇന്ധനത്തിനായി വിളകള്‍ ഉത്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്നു. ചില രാജ്യങ്ങളിലെ കണക്ക് ആഗോള തലത്തിലുള്ള തോതിനേക്കാള്‍ ഉയര്‍ന്നതാണ്. അമേരിക്കയില്‍ വളം ഉപയോഗത്തിന്റെ പത്തിലൊന്ന് ജൈവ ഇന്ധനങ്ങള്‍ക്കാണ്, ഇന്തോനേഷ്യയില്‍ അഞ്ചിലൊന്നുമാണ ഈ തോത്. ''കൂടുതല്‍ വിളകള്‍ ഇന്ധനത്തിനായി ഉപയോഗിക്കുമ്പോള്‍, വളങ്ങളുടെ ഉപയോഗവും വര്‍ധിക്കും.

ലോകത്തിലെ ഗതാഗത ഊര്‍ജ്ജ ആവശ്യകതയുടെ ഏകദേശം നാല് ശതമാനമാണ് എണ്ണ വിളകളില്‍ നിന്നും ധാന്യങ്ങളില്‍ നിന്നുമുള്ള ജൈവ ഇന്ധനങ്ങളുടെ പങ്ക്. ഈ തോത് ഏകദേശം 6% വരെ ഉയര്‍ത്തുന്നതിനുള്ള പദ്ധതിയാണ് പുരോഗമിക്കുന്നത്. ജൈവ ഇന്ധന ഉപയോഗം ആഗോള തലത്തില്‍ 20% എത്തിക്കാന്‍ ദക്ഷിണാഫ്രിക്കയുടെ വലിപ്പമുള്ള ഒരു പ്രദേശം ആവശ്യമാണെന്നാണ് വിലയിരുത്തലുകള്‍.

ജൈവ ഇന്ധനങ്ങളുടെ വികാസം ഭക്ഷ്യവസ്തുക്കളുടെ വില എത്രത്തോളം ഉയര്‍ത്തുമെന്നത് പോലും ധാരണയില്ലെന്നാണ് മറ്റൊരു വാദം. ചോളം, സോയാബീന്‍ എന്നിവയുടെ വിലയിലെ വര്‍ദ്ധനവിന്റെ 40% മുതല്‍ 70% വരെ ജൈവ ഇന്ധന ഉപയോഗം സംഭാവനയാണെന്നാണ് യുഎന്നിന്റെ ഭക്ഷ്യ-കാര്‍ഷിക സംഘടനയുടെ വിലയിരുത്തല്‍. 2007-08 കാലത്തെ ആഗോള സാമ്പത്തിക പ്രതിസന്ധികാലത്തെ സാഹചര്യങ്ങളാണ് ഈ വിലയിരുത്തലിന്റെ അടിസ്ഥാനം. ഇറാനിലെ യുദ്ധത്തിന്റെ ആഘാതം ഈ വര്‍ഷം ഭക്ഷ്യവസ്തുക്കളുടെ വില 2.2 ശതമാനം മുതല്‍ 4.7 ശതമാനം വരെ ഉയരുമെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍.

English Summary: Rising fuel supply concerns linked to conflicts in West Asia could trigger a global food crisis, according to emerging assessments. As demand for biofuels increases at an industrial scale, more agricultural crops may be diverted from food production to fuel manufacturing. Analysts warn that if current trends continue, biofuel demand could rise significantly this year, putting additional pressure on global food supplies. The resulting increase in food prices could worsen inflation and heighten the risk of a worldwide food security crisis.