Explainer

ലോകമെമ്പാടും യുദ്ധമുഖത്ത് സഹായം നിഷേധിക്കപ്പെട്ട് 58.9 കോടി കുട്ടികള്‍; 10 വര്‍ഷത്തിനിടെ 16 മടങ്ങ് വര്‍ധനവ്

കഴിഞ്ഞ വര്‍ഷം സഹായം നിഷേധിക്കപ്പെട്ടതില്‍ ഭൂരിഭാഗം കേസുകളും (ഏകദേശം 6,000 സംഭവങ്ങള്‍) അധിനിവേശ പലസ്തീന്‍ പ്രദേശത്താണ് രേഖപ്പെടുത്തിയത്. 1,000-ത്തിലധികം സംഭവങ്ങളുമായി ലിബിയയും 473 സംഭവങ്ങളുമായി ഉക്രെയ്‌നുമാണ് പട്ടികയില്‍ തൊട്ടുപിന്നില്‍.

Madism Desk

യുദ്ധ മേഖലകളില്‍ കുട്ടികള്‍ക്കുള്ള ജീവന്‍രക്ഷാ സഹായങ്ങള്‍ മനപ്പൂര്‍വ്വം തടഞ്ഞുവയ്ക്കുന്നത് കഴിഞ്ഞ ഒരു ദശകത്തിനിടെ 16 മടങ്ങ് വര്‍ധിച്ചതായി റിപ്പോര്‍ട്ട്. 'സേവ് ദ ചില്‍ഡ്രന്‍' നടത്തിയ വിശകലനമനുസരിച്ച്, സഹായങ്ങളെ ഒരു 'ആയുധമായി' ഉപയോഗിക്കുന്ന പ്രവണത ലോകമെമ്പാടും സാധാരണമായി മാറിക്കൊണ്ടിരിക്കുകയാണ്. ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ച കണക്കുകള്‍ പ്രകാരം, 2015-ല്‍ കുട്ടികള്‍ക്ക് മാനുഷിക സഹായം നിഷേധിക്കപ്പെട്ട 509 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതെങ്കില്‍, കഴിഞ്ഞ വര്‍ഷം അത് 8,322 ആയി കുതിച്ചുയര്‍ന്നു.

പത്ത് വര്‍ഷം മുമ്പ് സംഘര്‍ഷമേഖലകളില്‍ കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ സഹായം നിഷേധിക്കുന്നതുമായി ബന്ധപ്പെട്ടവ വെറും രണ്ട് ശതമാനം മാത്രമായിരുന്നുവെങ്കില്‍, ഇന്ന് അത് അഞ്ചിലൊന്നിലധികമായി വര്‍ധിച്ചിരിക്കുന്നു. ലോകമെമ്പാടുമുള്ള നാലിലൊന്ന് കുട്ടികള്‍, അതായത് ഏകദേശം 58.9 കോടി കുരുന്നുകള്‍ ഇന്ന് യുദ്ധഭീതിയിലാണ് ജീവിക്കുന്നത്. 1990-ല്‍ വിവരശേഖരണം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 'തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലാത്ത യുദ്ധങ്ങള്‍ക്ക് ഏറ്റവും വലിയ വില നല്‍കേണ്ടി വരുന്നതും തങ്ങള്‍ കാരണക്കാരല്ലാത്ത കാലാവസ്ഥാ ദുരന്തങ്ങളുടെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുന്നതും കുട്ടികളാണ്', 'സേവ് ദ ചില്‍ഡ്രന്‍ യുകെ'യുടെ ഹ്യുമാനിറ്റേറിയന്‍ അഡ്വക്കസി വിഭാഗം മേധാവി ഓര്‍ലെയ്ത്ത് മിനോഗ് പറഞ്ഞു.

പ്രധാന സംഘര്‍ഷമേഖലകളിലെ നിലവിലെ സ്ഥിതി

കഴിഞ്ഞ വര്‍ഷം സഹായം നിഷേധിക്കപ്പെട്ടതില്‍ ഭൂരിഭാഗം കേസുകളും (ഏകദേശം 6,000 സംഭവങ്ങള്‍) അധിനിവേശ പലസ്തീന്‍ പ്രദേശത്താണ് രേഖപ്പെടുത്തിയത്. ഇതില്‍ പത്തില്‍ ഒന്‍പത് സംഭവങ്ങള്‍ക്കും പിന്നില്‍ ഇസ്രായേലി അധികൃതരാണ്. ശൈത്യകാല മഴ കനത്തതോടെ, 1,50,000 ടെന്റുകളും അവശ്യസാധനങ്ങളും അതിര്‍ത്തിയില്‍ തടഞ്ഞുവയ്ക്കപ്പെട്ടത് വലിയ ദുരന്തങ്ങള്‍ക്ക് കാരണമായി. കൊടുങ്കാറ്റില്‍ ഒരു പിഞ്ചുകുഞ്ഞ് മുങ്ങിമരിക്കുകയും മൂന്ന് കുട്ടികളും ഒരു അമ്മയും കൊല്ലപ്പെടുകയും ചെയ്തു. കുട്ടികള്‍ക്കുള്ള മരുന്നുകള്‍ പോലും തടയുകയാണ്. ഈ സാഹചര്യം മനസ്സിലാക്കി യുകെ, ഓസ്ട്രേലിയ, കാനഡ, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ അടിയന്തര സഹായം അനുവദിക്കണമെന്ന് ഇസ്രായേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

1,000-ത്തിലധികം സംഭവങ്ങളുമായി ലിബിയയും 473 സംഭവങ്ങളുമായി ഉക്രെയ്‌നുമാണ് പട്ടികയില്‍ തൊട്ടുപിന്നില്‍. ഉക്രെയ്‌നില്‍ ജനവാസ മേഖലകള്‍ക്കും മാനുഷിക സഹായങ്ങള്‍ സൂക്ഷിക്കുന്ന വെയര്‍ഹൗസുകള്‍ക്കും നേരെ ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ്. ഖാര്‍കിവ് മേഖലയിലെ ഒരു കിന്റര്‍ഗാര്‍ട്ടനും കുട്ടികള്‍ക്കുള്ള സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന വെയര്‍ഹൗസും ബോംബാക്രമണത്തില്‍ തകര്‍ക്കപ്പെട്ടു.

ലോകത്തിലെ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധി നേരിടുന്ന സുഡാനില്‍ ഉപരോധങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതോടെ, ഉപരോധം എന്നത് ആധുനിക യുദ്ധതന്ത്രമായി തിരിച്ചെത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം പടിഞ്ഞാറന്‍ മേഖലയായ ഡാര്‍ഫറില്‍, 15 ട്രക്കുകളടങ്ങുന്ന യുഎന്‍ വാഹനവ്യൂഹം ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന്, ക്ഷാമം ബാധിച്ച എല്‍ ഫാഷര്‍ നഗരത്തിലേക്ക് എത്തേണ്ടിയിരുന്ന സഹായം തടസ്സപ്പെട്ടു. യെമനിലാകട്ടെ, ഹൂതികളുടെ ഒരു മാസം നീണ്ട ഉപരോധം കാരണം തായിസ് നഗരത്തിലെ 8,00,000 ആളുകള്‍ ഭക്ഷണവും വെള്ളവുമില്ലാതെ നരഗ ജീവിതം നയിക്കുകയാണ്.

അന്താരാഷ്ട്ര സമൂഹത്തിന്റെ ഉത്തരവാദിത്തം

അന്താരാഷ്ട്ര സഹകരണത്തിലുണ്ടായ തകര്‍ച്ചയും മാറിക്കൊണ്ടിരിക്കുന്ന യുദ്ധതന്ത്രങ്ങളും രൂക്ഷമാകുന്ന കാലാവസ്ഥാ പ്രതിസന്ധിയും മാനുഷിക സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. ഗസ്സയില്‍ 2024 ഏപ്രിലിനും ഡിസംബറിനും ഇടയില്‍ അടിയന്തര സഹായങ്ങള്‍ എത്തിക്കാനുള്ള അപേക്ഷകളില്‍ 55% മാത്രമാണ് അംഗീകരിക്കപ്പെട്ടത്. സംഘര്‍ഷങ്ങളില്‍ അകപ്പെട്ട കുട്ടികള്‍ക്ക് ജീവന്‍രക്ഷാ സഹായങ്ങള്‍ കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ യുകെ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ തങ്ങളുടെ നയതന്ത്ര സ്വാധീനം ഉപയോഗിക്കണമെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.

The deliberate denial of life-saving humanitarian aid to children in conflict zones has increased 16-fold over the past decade, according to an analysis by Save the Children. UN-verified figures show that reported cases of aid denial rose from 509 in 2015 to 8,322 last year, highlighting the growing use of humanitarian assistance as a weapon of war. Denial of aid, which accounted for just two per cent of violations against children in conflict zones a decade ago, now represents more than one-fifth of such violations. Around 589 million children, or nearly one in four children worldwide, are living in conflict zones, the highest figure recorded since data collection began in 1990.