Explainer

സാധാരണക്കാരന് ഷോക്ക്, വൈദ്യുതി ബോര്‍ഡുകൾക്ക് ഇടിത്തീ; സോളാര്‍ വിപ്ലവത്തിന് തുരങ്കംവയ്ക്കുന്ന കേന്ദ്ര നയംമാറ്റം ആർക്കുവേണ്ടി?

സര്‍ക്കാര്‍ പദ്ധതികൾക്കും വന്‍കിട സൗരോര്‍ജ പദ്ധതികൾക്കും ഇന്ത്യയില്‍ നിര്‍മിച്ച സോളാര്‍ സെല്ലുകള്‍ തന്നെ ഉപയോഗിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത പ്രാദേശികവല്‍ക്കരണ നിബന്ധന വെല്ലുവിളി

Madism Desk

ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ചെലവില്‍ ഹരിതോര്‍ജം എത്തിക്കുകയെന്നതായിരുന്നു രാജ്യത്തെ സോളാര്‍ വിപ്ലവത്തിന്റെ ലക്ഷ്യം. എന്നാൽ ആ ലക്ഷ്യം കനത്ത തിരിച്ചടിയെ അഭിമുഖീകരിക്കുകയാണിപ്പോൾ. സര്‍ക്കാര്‍ പദ്ധതികൾക്കും വന്‍കിട സൗരോര്‍ജ പദ്ധതികൾക്കും ഇന്ത്യയില്‍ നിര്‍മിച്ച സോളാര്‍ സെല്ലുകള്‍ തന്നെ ഉപയോഗിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത പ്രാദേശികവല്‍ക്കരണ നിബന്ധനയാണ് വെല്ലുവിളിയായിരിക്കുന്നത്. വ്യവസായ ലോകത്തിന്റെ കടുത്ത എതിര്‍പ്പുകളെയും നിബന്ധനയുടെ കാലാവധി നീട്ടിനല്‍കണമെന്ന ആവശ്യങ്ങളെയും അവഗണിച്ചുകൊണ്ട് ഏകപക്ഷീയമായി നടപ്പിലാക്കിയ ഈ നയം, ഒടുവില്‍ സാധാരണക്കാരന്റെ വൈദ്യുതി ബില്ല് വര്‍ധിപ്പിക്കുന്നതിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുന്നത്.

ചൈനീസ് ഇറക്കുമതി സെല്ലുകള്‍: വാട്ട് പീക്കിന് 14 മുതല്‍ 14.5 രൂപ വരെ മാത്രം. ഇന്ത്യന്‍ തദ്ദേശീയ സെല്ലുകള്‍: വാട്ട് പീക്കിന് ഏകദേശം 28രൂപയോളം.

ഉപഭോക്താക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന അധികച്ചെലവ്

ഇതുവരെ കുറഞ്ഞ നിരക്കില്‍ ലഭ്യമായിരുന്ന ചൈനീസ് സോളാര്‍ സെല്ലുകളുടെ ഇറക്കുമതിക്ക് പൂട്ടിട്ടതാണ് ഈ വിലക്കയറ്റത്തിന് പിന്നിലെ പ്രധാന കാരണം. സോളാര്‍ പാനലിന്റെ ആകെ ചെലവിന്റെ വലിയൊരു പങ്ക് വരുന്നത് ഈ സെല്ലുകള്‍ക്കാണ്. വിലയിലെ അന്തരം പരിശോധിച്ചാല്‍ ഈ നയത്തിന്റെ പ്രത്യാഘാതം വ്യക്തമാകും:

ചൈനീസ് ഇറക്കുമതി സെല്ലുകള്‍: വാട്ട് പീക്കിന് 14 മുതല്‍ 14.5 രൂപ വരെ മാത്രം.

ഇന്ത്യന്‍ തദ്ദേശീയ സെല്ലുകള്‍: വാട്ട് പീക്കിന് ഏകദേശം 28രൂപയോളം.

ചൈനീസ് ഉല്‍പ്പന്നങ്ങളെക്കാള്‍ ഇരട്ടി വിലയാണ് ആഭ്യന്തര സെല്ലുകള്‍ക്ക് ഇന്ത്യന്‍ കമ്പനികള്‍ ഈടാക്കുന്നത്. ഈ വലിയ തുക ഡെവലപ്പര്‍മാര്‍ക്ക് സോളാര്‍ പ്രോജക്ടുകളുടെ നിര്‍മാണച്ചെലവ് വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുന്നു. നിര്‍മ്മാണച്ചെലവ് ഇരട്ടിയാകുമ്പോള്‍ അതിന്റെ ഭാരം കമ്പനികള്‍ സോളാര്‍ വൈദ്യുതി വാങ്ങുന്ന കെ എസ് ഇ ബി ഉള്‍പ്പെടെയുള്ള സംസ്ഥാന വൈദ്യുതി ബോര്‍ഡുകളുടെ മേല്‍ അടിച്ചേല്‍പ്പിക്കും. സ്വാഭാവികമായും വൈദ്യുതി ബോര്‍ഡുകള്‍ ഈ നഷ്ടം നികത്താന്‍ സാധാരണ ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാകും.

വൈദ്യുതി നിരക്കില്‍ 40 ശതമാനത്തിലധികം വര്‍ധനവ്

പുതിയ നിബന്ധന തദ്ദേശീയ നിബന്ധന വിപണിയെ എങ്ങനെ ദോഷകരമായി ബാധിച്ചുവെന്നത് നിലവിലെ നിരക്കുകളില്‍നിന്ന് വ്യക്തമാണ്. പുതിയ നയം മുന്‍കൂട്ടിക്കണ്ട് കഴിഞ്ഞ മാസങ്ങളില്‍ നടന്ന ലേലങ്ങളിലെല്ലാം സോളാര്‍ വൈദ്യുതി നിരക്കുകള്‍ കുത്തനെ ഉയര്‍ന്നു. യൂണിറ്റിന് രണ്ടു രൂപ നിരക്കില്‍ ലഭ്യമായിരുന്ന സോളാര്‍ വൈദ്യുതിയുടെ വില പെട്ടെന്ന് മൂന്നു രൂപ കടന്നത് രാജ്യത്തെ പുനരുപയോഗ ഊര്‍ജ വിപണിയെ ഞെട്ടിച്ചിരിക്കുകയാണ്. ഈ വിലക്കയറ്റം സംസ്ഥാന വൈദ്യുതി ബോര്‍ഡുകളുടെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കുക മാത്രമല്ല, വന്‍കിട വ്യവസായങ്ങളുടെ പ്രവര്‍ത്തനച്ചെലവ് കൂട്ടാനിടയാക്കുന്നതു മൂലം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റത്തിനും വഴിവെക്കുകയും ചെയ്യും.

2030-ഓടെ 500 ജിഗാവാട്ട് ഹരിതോർജം കൈവരിക്കുമെന്ന ഇന്ത്യയുടെ ആഗോള പ്രഖ്യാപനത്തിന് ഈ ധൃതിപിടിച്ചുള്ള തീരുമാനം തിരിച്ചടിയാകും

കുത്തകവല്‍ക്കരണവും ചെറുകിടക്കാരുടെ തകര്‍ച്ചയും

ഇന്ത്യയില്‍ സോളാര്‍ പാനൽ അസംബിള്‍ ചെയ്യാനുള്ള ശേഷി 175 ജിഗാവാട്ട് ഉണ്ടെങ്കിലും അതിനകത്തു വെക്കാനുള്ള സെല്ലുകള്‍ നിര്‍മിക്കാനുള്ള ശേഷി വെറും 31 ജിഗാവാട്ട് മാത്രമാണ്. കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യ 45 ജിഗാവാട്ടിന്റെ സൗരോര്‍ജ പദ്ധതികൾ സ്ഥാപിച്ച സ്ഥാനത്താണിത്. ഈ വലിയ സപ്ലൈ-ഡിമാന്‍ഡ് വിടവ് വിപണിയില്‍ സോളാര്‍ ഘടകങ്ങളുടെ കടുത്ത ക്ഷാമത്തിനും കരിഞ്ചന്തയ്ക്കും കാരണമാകുന്നുണ്ട്. ഈ നയം വിപണിയില്‍ വന്‍കിട കമ്പനികളുടെ കുത്തകവല്‍ക്കരണത്തിന് വഴിവെക്കുന്നുവെന്നതാണ് ഏറ്റവും ആശങ്കാജനകമായ കാര്യം. അദാനി സോളാര്‍, ടാറ്റ പവര്‍, വാരി തുടങ്ങിയ വലിയ സംയോജിത കമ്പനികള്‍ക്ക് സ്വന്തമായി സെല്‍ നിര്‍മാണ ശാലകളുള്ളതിനാല്‍ ഈ പ്രതിസന്ധി മറികടക്കാന്‍ സാധിക്കും. എന്നാല്‍, ചൈനയില്‍നിന്ന് സെല്ലുകള്‍ ഇറക്കുമതി ചെയ്ത് പാനലുകള്‍ മാത്രം നിര്‍മിച്ചുവന്നിരുന്ന രാജ്യത്തെ ആയിരക്കണക്കിന് ചെറുകിട-ഇടത്തരം പാനല്‍ നിര്‍മാതാക്കള്‍ അസംസ്‌കൃത വസ്തുക്കള്‍ ലഭിക്കാതെ പൂട്ടലിന്റെ വക്കിലാണ്.

സാങ്കേതിക പിന്നാക്കാവസ്ഥയും ഹരിത ലക്ഷ്യങ്ങളിലെ തിരിച്ചടിയും

ഇന്ത്യന്‍ കമ്പനികള്‍ നിലവില്‍ ഉല്‍പ്പാദിപ്പിക്കുന്ന സെല്ലുകളില്‍ ഭൂരിഭാഗവും കാര്യക്ഷമത കുറഞ്ഞ, പഴയ 'പേര്‍ക്ക്' (PERC) സാങ്കേതികവിദ്യയിലുള്ളതാണ്. ആഗോളതലത്തില്‍ വന്‍ സ്വീകാര്യതയുള്ള, ഉയര്‍ന്ന കാര്യക്ഷമതയുള്ള പുതിയ 'ടോപ്‌കോണ്‍' സാങ്കേതികവിദ്യയിലുള്ള സെല്ലുകള്‍ ഇന്ത്യയില്‍ വെറും 6-7 ജിഗാവാട്ട് മാത്രമാണ് നിര്‍മിക്കുന്നത്. ഉയര്‍ന്ന സാങ്കേതികവിദ്യയ്ക്കായി വിദേശ വിപണികളെ ആശ്രയിക്കുന്നത് തടഞ്ഞതോടെ, ഇന്ത്യയിലെ പുതിയ സോളാര്‍ പ്രോജക്ടുകളുടെ ഗുണനിലവാരവും കാര്യക്ഷമതയും കുറയുമെന്ന കടുത്ത വിമര്‍ശനവും ഉയരുന്നുണ്ട്. 2030-ഓടെ 500 ജിഗാവാട്ട് ഹരിതോർജം കൈവരിക്കുമെന്ന ഇന്ത്യയുടെ ആഗോള പ്രഖ്യാപനത്തിന് ഈ ധൃതിപിടിച്ചുള്ള തീരുമാനം തിരിച്ചടിയാകും.

English Summary: India's solar energy revolution, aimed at providing affordable green power to consumers, is facing a major challenge due to the Central Government's strict localization policy. The mandate requires government-backed and large-scale solar projects to use solar cells manufactured within India. Despite strong opposition from industry stakeholders and requests to extend the compliance deadline, the policy has been implemented without relaxation. Experts warn that the restriction could increase project costs, potentially leading to higher electricity tariffs for consumers and slowing the pace of solar energy expansion.