പ്രതിമാസം 80,000 രൂപ സമ്പാദിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്, രാജ്യത്തെ ഏറ്റവും ഉയര്ന്ന വരുമാനമുള്ള 10 ശതമാനം ആളുകളുടെ കൂട്ടത്തിലാണ് നിങ്ങളുടെ സ്ഥാനം. കേള്ക്കുമ്പോള് വലിയൊരു നേട്ടമായി തോന്നാമെങ്കിലും, ആഗോള തലത്തിലെ സാമ്പത്തിക കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള് ഈ വരുമാനം തുച്ഛമാണ്. വേള്ഡ് ബാങ്കിന്റെ 2026-ലെ 'പോവര്ട്ടി ആന്ഡ് ഇനീക്വാലിറ്റി പ്ലാറ്റ്ഫോം' പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള് പ്രകാരം, ലോകത്തിലെ വികസിത രാജ്യങ്ങളിലെ ഏറ്റവും പാവപ്പെട്ട 10% ആളുകള് ജീവിക്കുന്നതിനേക്കാള് താഴ്ന്ന സാമ്പത്തിക സാഹചര്യത്തിലാണ് ഇന്ത്യയിലെ ഈ 'മുന്നിര 10%' ആളുകള് കഴിയുന്നത്.
ഇന്ത്യയുടെ ഇക്കണോമിക് സര്വേയിലെയും വേള്ഡ് ബാങ്കിലെയും വിവരങ്ങള് വിശകലനം ചെയ്യുമ്പോള്, 2021-ലെ പര്ച്ചേസിംഗ് പവര് അടിസ്ഥാനമാക്കി ഇന്ത്യയിലെ ഉയര്ന്ന വരുമാനക്കാരായ 10% ആളുകള് ദിവസേന ശരാശരി 951 രൂപ ചെലവഴിച്ചാണ് ജീവിക്കുന്നത്. എന്നാല് യു.എസ്, കാനഡ, ജര്മ്മനി, ഓസ്ട്രേലിയ തുടങ്ങിയ വികസിത രാജ്യങ്ങളില് ഏറ്റവും പാവപ്പെട്ട 10% ജനങ്ങള് പോലും പ്രതിദിനം ഏകദേശം 2,377- 2,948 രൂപ ചെലവഴിക്കുന്നുണ്ട്. അതായത് ഇന്ത്യയില് സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബങ്ങളില് ഉള്ളവര് പോലും ഉയര്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ ഏറ്റവും വരുമാനം കുറഞ്ഞ ജനവിഭാഗത്തിന്റെ ജീവിതനിലവാരത്തേക്കാള് ഏറെ താഴെയാണ് ജീവിക്കുന്നത് എന്ന് സാരം.
എന്നാല് ഇത്തരം താരതമ്യങ്ങള്ക്ക് ചില പരിമിതികളുണ്ടെന്ന് ബാങ്ക് ഓഫ് ബറോഡയിലെ ചീഫ് ഇക്കണോമിസ്റ്റായ മദന് സബ്നാവിസ് ചൂണ്ടിക്കാണിക്കുന്നു. 'ഒരേ തുക ഉപയോഗിച്ച് വ്യത്യസ്ത രാജ്യങ്ങളില് വാങ്ങാന് കഴിയുന്ന സാധനങ്ങളുടെ അളവില് വ്യത്യാസമുണ്ട്. ഉദാഹരണത്തിന്, അമേരിക്കയില് ഒരു ബര്ഗറിന് 5 ഡോളര് (500 രൂപ) വരുമ്പോള് ഇന്ത്യയില് അത് 150-200 രൂപയ്ക്ക് ലഭിക്കും. എങ്കിലും, അന്താരാഷ്ട്ര തലത്തില് നമ്മുടെ മൊത്തത്തിലുള്ള വരുമാന നിലവാരം എത്രത്തോളം താഴെയാണെന്ന് ഇത് വ്യക്തമാക്കുന്നു. സമ്പദ്വ്യവസ്ഥയുടെ മറുഭാഗത്ത്, ഇന്ത്യയിലെ ഏറ്റവും പാവപ്പെട്ട 10% ആളുകളുടെ പ്രതിദിന ചിലവ് ഒരാള്ക്ക് ഏകദേശം 285 നിരക്കിലാണ് ആരംഭിക്കുന്നത്.
സമ്പത്തിലെ അസമത്വം
വേള്ഡ് ബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോര്ട്ട് പ്രകാരം ഇന്ത്യയുടെ ഗിനി സൂചിക (ഒരു രാജ്യത്തെ ജനങ്ങള്ക്കിടയിലുള്ള വരുമാനത്തിലെയും സമ്പത്തിലെയും അസമത്വം അളക്കാന് ഉപയോഗിക്കുന്ന പ്രധാനപ്പെട്ട സാമ്പത്തിക അളവുകോല്) 23 ആണ്. 2011-12ല് ഇത് 28.8 ആയിരുന്നു. എങ്കിലും വരുമാനത്തിന്റെയും സമ്പത്തിന്റെയും കാര്യത്തില് രാജ്യത്ത് വലിയ അസമത്വം നിലനില്ക്കുന്നുണ്ട്. വേള്ഡ് ഇന്ഈക്വാലിറ്റി റിപ്പോര്ട്ട് അനുസരിച്ച്, ഇന്ത്യയിലെ മുന്നിര 10% ആളുകള് രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ 58 ശതമാനവും ദേശീയ സമ്പത്തിന്റെ 65 ശതമാനവും കൈവശം വച്ചിരിക്കുന്നു. എന്നാല് ജനസംഖ്യയിലെ താഴെതട്ടിലുള്ള 50% ആളുകള്ക്ക് ദേശീയ വരുമാനത്തിന്റെ 15% മാത്രമേ ലഭിക്കുന്നുള്ളൂ. 2023-ല്, ഏറ്റവും ഉയര്ന്ന വരുമാനമുള്ള 10% ആളുകള് ഏറ്റവും താഴെയുള്ള 10% ആളുകളേക്കാള് 13 ഇരട്ടി വരുമാനം ഉണ്ടാക്കി.
തൊഴിലും യഥാര്ത്ഥ വരുമാനവും
2017-നും 2023-നും ഇടയില് 13.4 കോടി പുതിയ തൊഴിലവസരങ്ങള് സൃഷ്ടിക്കപ്പെടുകയും ഗ്രാമീണ മേഖലയിലെ സ്ത്രീ പങ്കാളിത്തം ഉയരുകയും ചെയ്തെങ്കിലും ജോലികളുടെ ഉല്പ്പാദനക്ഷമതയും യഥാര്ത്ഥ വരുമാനവും ഗണ്യമായി വര്ദ്ധിച്ചിട്ടില്ല. മാത്രമല്ല പുതിയ തൊഴിലവസരങ്ങളില് ഭൂരിഭാഗവും ഉല്പ്പാദനക്ഷമത കുറഞ്ഞ മേഖലകളിലാണ് ഉണ്ടായിട്ടുള്ളത്. ഗ്രാമീണ മേഖലയിലെ യുവതികള്ക്കിടയില് തൊഴില്ലായ്മ നിരക്ക് 14.6%-ല് നിന്ന് 15.9% ആയി ഉയര്ന്നത് ആശങ്കയുണര്ത്തുന്ന കാര്യമാണ്. കൂടാതെ, ഇന്ത്യയിലെ ദരിദ്ര ജനസംഖ്യയുടെ 57 ശതമാനവും ഉത്തര്പ്രദേശ് മുതല് പശ്ചിമ ബംഗാള് വരെയുള്ള ഭൂമിശാസ്ത്രപരമായ മേഖലയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
ഭാവിയിലെ വെല്ലുവിളികള്
വികാസ് ഭാരത് കാഴ്ചപ്പാട് അനുസരിച്ച് 2047-ഓടെ ഇന്ത്യയ്ക്ക് ഒരു വികസിത രാജ്യമായി മാറണമെങ്കില് ആളോഹരി വരുമാനം ഏകദേശം 18,99,310 രൂപയായി ഉയര്ത്തേണ്ടതുണ്ട്. ഇതിനായി വരും പതിറ്റാണ്ടുകളില് പ്രതിവര്ഷം യഥാര്ത്ഥ ജി.ഡി.പി വളര്ച്ച ശരാശരി 7.8% ആയി ഇന്ത്യ നിലനിര്ത്തണമെന്ന് ലോക ബാങ്ക് വ്യക്തമാക്കുന്നു. ഐ.ടി പോലുള്ള സേവന മേഖലകള് വളരുമ്പോഴും തൊഴിലധിഷ്ഠിതമായ നിര്മ്മാണ മേഖലകളില് കൂടുതല് മുന്നേറ്റമുണ്ടായാല് മാത്രമേ വലിയൊരു വിഭാഗം ജനങ്ങള്ക്ക് കാര്ഷിക മേഖലയില് നിന്ന് മെച്ചപ്പെട്ട വേതനമുള്ള തൊഴിലുകളിലേക്ക് മാറാന് സാധിക്കൂ. ചുരുക്കത്തില് സാമ്പത്തിക വിടവ് നികത്താനും ജനങ്ങളുടെ ജീവിതാവസ്ഥ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്ത്താനും ഉല്പ്പാദനക്ഷമതയുള്ള തൊഴിലവസരങ്ങള് സൃഷ്ടിക്കുക മാത്രമാണ് ഏക മാര്ഗം.
An Indian earning ₹80,000 a month may belong to the country's top 10% of earners, yet their standard of living remains significantly below that of even the poorest 10% in several developed countries, according to data cited from the World Bank's 2026 Poverty and Inequality Platform. Based on purchasing power parity (PPP) figures for 2021, India's top 10% reportedly spent an average of ₹951 per person per day, compared with approximately ₹2,377–₹2,948 among the poorest 10% in countries such as the United States, Canada, Germany and Australia. Economists caution that differences in local prices make direct comparisons difficult, but the figures highlight India's relatively low income levels.