Explainer

പാസ്പോര്‍ട്ട് മുതല്‍ ഗ്യാസ് ബില്‍ വരെ, ഇന്ത്യക്കാരും നിരീക്ഷണത്തില്‍; ചൈനയിലെ ക്യാമറകള്‍ വിദേശികളുടെ വ്യക്തിജീവിതത്തിലേക്ക് കടന്നുകയറുന്നത് എങ്ങനെ?

ഷാങ്ജിയാകൗയില്‍ താമസിക്കുന്ന എഴുനൂറിലധികം വിദേശികളുടെ വിവരങ്ങളും പതിനായിരത്തിലധികം രജിസ്‌ട്രേഷനുകളും ഈ ഡേറ്റാബേസില്‍ ഉണ്ടായിരുന്നു.

Madism Desk

വിദേശ പൗരന്മാരെ നിരീക്ഷിക്കാന്‍ ചൈനീസ് സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിച്ചിരുന്ന ഒരു രഹസ്യ ഡാറ്റാബേസിന്റെ വിവരങ്ങള്‍ അന്താരാഷ്ട്ര മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടിരുന്നു. ചൈനയില്‍ താമസിക്കുകയോ സന്ദര്‍ശിക്കുകയോ ചെയ്തിരുന്ന ആയിരക്കണക്കിന് വിദേശികളുടെ വ്യക്തിഗത വിവരങ്ങള്‍ ഈ ഡേറ്റാബേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നെതര്‍ലന്‍ഡ്സിലെ മാധ്യമപ്രവര്‍ത്തകന്‍ മാര്‍ക്ക് ഹോഫറാണ് ഈ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. ഈ വര്‍ഷം ആദ്യം ഒരു അജ്ഞാത വെബ്സൈറ്റ് തുറന്നപ്പോള്‍, തന്റെ പാസ്പോര്‍ട്ട് നമ്പറിനും താന്‍ മുന്‍പ് ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പറിനുമൊപ്പം സ്വന്തം ചിത്രം പ്രദര്‍ശിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു എന്ന് മാര്‍ക്ക് ഹോഫര്‍ പറഞ്ഞു.

ക്യാമറകള്‍, ഫോണ്‍ സിഗ്‌നലുകള്‍, ദേശീയ തിരിച്ചറിയല്‍ രേഖകള്‍ എന്നിവ അടങ്ങിയ ഒരു വന്‍ നിരീക്ഷണ ശൃംഖലയിലൂടെ ചൈന തങ്ങളുടെ 140 കോടി വരുന്ന പൗരന്മാരെ നേരത്തെതന്നെ നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ ചൈനയിലെത്തുന്ന വിദേശികളുടെ സ്‌കീയിങ് യാത്രകള്‍, ആശുപത്രി സന്ദര്‍ശനങ്ങള്‍, ഗ്യാസ് ബില്ലുകള്‍ തുടങ്ങിവയിലേയ്ക്ക് വരെ ഈ നിരീക്ഷണം എത്രത്തോളം ആഴത്തില്‍ എത്തുന്നുണ്ടെന്ന് സൈബര്‍ സെക്യൂരിറ്റി ഗവേഷകന്‍ കൂടിയായ മാര്‍ക്ക് ഹോഫറിന്റെ ഈ യാദൃശ്ചികമായ കണ്ടെത്തല്‍ വെളിപ്പെടുത്തുന്നു.

ക്യാമറകള്‍ക്ക് പിന്നിലെ 'ഡിജിറ്റല്‍ കണ്ണ്'

'ഡൈനാമിക് കണ്‍ട്രോള്‍ പ്ലാറ്റ്ഫോം ഫോര്‍ ഓവര്‍സീസ് പേഴ്സണല്‍' എന്നാണ് ഈ വെബ്സൈറ്റിന്റെ പേര്. ഉത്തര ചൈനയിലെ സ്‌കീയിങിനും 2022-ലെ ശൈത്യകാല ഒളിമ്പിക്‌സിന്റെ സഹ ആതിഥേയത്വത്തിനും പേരുകേട്ട ഷാങ്ജിയാകൗ നഗരത്തിലെ വിദേശികളുടെ ദൈനംദിന ചലനങ്ങള്‍ പിന്തുടരാന്‍ നിര്‍മിച്ച ഈ വെബ്സൈറ്റ് പ്രശസ്ത ശാസ്ത്ര ഫിക്ഷന്‍ സിനിമയായ 'മൈനോറിറ്റി റിപ്പോര്‍ട്ടി'നെയാണ് ഓര്‍മ്മിപ്പിച്ചതെന്ന് ഹോഫര്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു. ഷാങ്ജിയാകൗയില്‍ താമസിക്കുന്ന എഴുനൂറിലധികം വിദേശികളുടെ വിവരങ്ങളും പതിനായിരത്തിലധികം രജിസ്‌ട്രേഷനുകളും ഈ ഡേറ്റാബേസില്‍ ഉണ്ടായിരുന്നു. കുറ്റവാളികള്‍, ഹോങ്കോങ്, തായ്വാന്‍ പൗരര്‍, കൂടാതെ ഷാങ്ജിയാകൗ ഒരിക്കല്‍ പോലും സന്ദര്‍ശിക്കാത്ത മുന്നൂറോളം വിദേശ മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ പേരുകള്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുന്നു.

ഈ പ്ലാറ്റ്ഫോം നിര്‍മ്മിച്ചയാള്‍ക്ക് യഥാര്‍ത്ഥ വിവരങ്ങളാണ് ലഭിച്ചിരുന്നതെന്ന് ഹോഫര്‍ പറഞ്ഞു. ഷാങ്ജിയാകൗവിലും പരിസരത്തുമുള്ള നിരവധി പൊലീസ് സ്റ്റേഷനുകള്‍ അടുത്ത കാലത്തായി ഇതില്‍ ലോഗിന്‍ ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. ഇതൊരു വിദ്യാര്‍ഥി പ്രോജക്റ്റോ അല്ലെങ്കില്‍ വെറുതെ ഒരു രസത്തിനോ ഉണ്ടാക്കിയ പ്ലാറ്റ്‌ഫോമോ അല്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ജനുവരിയിലാണ് ഹോഫര്‍ ഈ വിവരങ്ങള്‍ കണ്ടെത്തുന്നത്. അപ്പോള്‍ തന്നെ പരമാവധി ഡോറ്റ ഡൗണ്‍ലോഡ് ചെയ്‌തെടുത്തു. മെയ് മാസത്തോടെ ആ വെബ്സൈറ്റ് പൂര്‍ണ്ണമായും ഇന്റര്‍നെറ്റില്‍ നിന്ന് അപ്രത്യക്ഷമായി.

ബീജിങിലെ സ്വകാര്യ കമ്പനിയും വെബ്‌സൈറ്റും തമ്മില്‍

ലഭ്യമായ ടെന്‍ഡര്‍ രേഖകളുടെ അടിസ്ഥാനത്തില്‍, റോബോട്ടിക്‌സും നിരീക്ഷണ ഉപകരണങ്ങളും പൊലീസിന് വില്‍ക്കുന്ന ബീജിങിലെ 'ഓറിജിന്‍ ഡൈനാമിക്' എന്ന കമ്പനിയുമായി ഈ പ്ലാറ്റ്ഫോമിന് ബന്ധമുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് കണ്ടെത്തി. 2023-ല്‍, ഇതേ കമ്പനി ഏതാണ്ട് സമാനമായ ഒരു സിസ്റ്റത്തിനായി പേറ്റന്റിന് അപേക്ഷിച്ചിരുന്നു. ഔദ്യോഗിക രേഖകളില്‍ അവരിതിനെ ചൈനീസ് ഇതര പൗരന്മാര്‍ക്കുള്ള 'ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ഫേസ്' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ജിയാങ്‌സു പ്രവിശ്യയിലെ യാന്‍ചെങ് നഗരത്തിലെ പ്രാദേശിക ഭരണകൂടത്തിനും ഈ കമ്പനിയില്‍ ഓഹരി പങ്കാളിത്തമുണ്ട്.

പൊലീസ് ഈ ഡേറ്റാബേസ് യഥാര്‍ത്ഥത്തില്‍ ഉപയോഗിച്ചിരുന്നോ, എങ്ങനെയാണ് ഉപയോഗിച്ചിരുന്നത് എന്നതൊക്കെ ഇപ്പോഴും വ്യക്തമല്ല. എങ്കിലും ചൈനീസ് പൗരന്മാരല്ലാത്തവരുടെ ദൈനംദിന ജീവിതം നിരീക്ഷിക്കാന്‍ ക്യാമറകള്‍, ആശുപത്രി ഫയലുകള്‍, ഗ്യാസ് ബില്ലുകള്‍, ഫേസ് സ്‌കാനിങ് സോഫ്റ്റ്വെയറുകള്‍ എന്നിവയില്‍ നിന്നുള്ള വിവരങ്ങള്‍ അധികൃതര്‍ ശേഖരിക്കുന്നുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. ആളുകള്‍ എവിടെ പോകാനാണ് ഇഷ്ടപ്പെടുന്നത്, എപ്പോഴാണ് ഡോക്ടറെ കാണുന്നത്, ഗ്യാസിനായി എത്ര രൂപ നല്‍കുന്നു, ഏത് വിമാനങ്ങളിലാണ്, ട്രെയിനുകളിലാണ് യാത്ര ചെയ്തത്, അവരുടെ സീറ്റ് നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ വരെ ഈ സിസ്റ്റം രേഖപ്പെടുത്തിയിരുന്നു.

ഈ പേജില്‍ ലോഗിന്‍ ചെയ്യുന്ന ആര്‍ക്കും അതില്‍ നേരത്തെ തന്നെ ടൈപ്പ് ചെയ്തു വെച്ചിരുന്ന യൂസര്‍നെയിമും പാസ്വേഡും കാണാമായിരുന്നു. അതായത്, നൂറുകണക്കിന് ആളുകളുടെ വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ ഡേറ്റാബേസ് യാതൊരു സുരക്ഷയുമില്ലാതെ തുറന്നുകിടക്കുകയായിരുന്നു. അപൂര്‍ണ്ണമായ ചില കോളങ്ങളും വ്യാജ ടെക്സ്റ്റുകളും ഇതിലുണ്ടായിരുന്നു. സിസ്റ്റത്തിന്റെ നിര്‍മ്മാണം പൂര്‍ണ്ണമായിരുന്നില്ല എന്നതിന്റെ സൂചനയാണിത്.

ഓരോ രാജ്യങ്ങള്‍ക്കും പ്രത്യേക നിരീക്ഷണം

ക്യാമറകള്‍ മാത്രമല്ല ഈ പ്ലാറ്റ്ഫോമിലേക്ക് വിവരങ്ങള്‍ എത്തിച്ചിരുന്നത്. തായ്വൂ സ്‌കീ റിസോര്‍ട്ട് സന്ദര്‍ശിച്ച വിദേശികളുടെയും ചൈനക്കാരുടെയും ചിത്രങ്ങളും പേരുകളും പാസ്പോര്‍ട്ട് വിവരങ്ങളും അടങ്ങിയ പട്ടിക ഉള്‍പ്പെടെയുള്ള ബാഹ്യ വിവരങ്ങളും വെബ്‌സൈറ്റ് ഉപയോഗിച്ചിരുന്നു. ഈ സിസ്റ്റം വിദേശികളെ വിവിധ ഗ്രൂപ്പുകളായാണ് തരംതിരിച്ചിരിക്കുന്നത്. ഓസ്ട്രേലിയ, കാനഡ, ന്യൂസിലാന്‍ഡ്, ബ്രിട്ടന്‍, യുഎസ്എ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെ ഫൈവ് ഐസ് അലയന്‍സ് എന്ന ഗ്രൂപ്പിലാണ് ഉള്‍പ്പെടുത്തിയത്. ഈജിപ്ത്, ഇറാന്‍, ഇസ്രായേല്‍, മൊറോക്കോ, പാകിസ്താന്‍, സുഡാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെ പ്രത്യേകമായി നിരീക്ഷിക്കാനായി ഒരു വിഭാഗത്തിലാണ് ചേര്‍ത്തിരിക്കുന്നത്.

2019-ല്‍ വലിയ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടന്ന ഹോങ്കോങില്‍ നിന്നുള്ളവര്‍ക്കും ചൈന സ്വന്തം അവകാശവാദം ഉന്നയിക്കുന്ന തായ്വാനില്‍ നിന്നുള്ളവര്‍ക്കും പ്രത്യേകം ഫോള്‍ഡറുകള്‍ ഉണ്ടായിരുന്നു. ആക്ടിവിസ്റ്റുകള്‍, തിരയപ്പെടുന്ന കുറ്റവാളികള്‍, അല്ലെങ്കില്‍ ക്രമസമാധാനത്തിന് ഭീഷണിയാണെന്ന് അധികൃതര്‍ കരുതുന്നവര്‍ ഇവരെയൊക്കെ ഒരു വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇതിനുപുറമേ, വിദേശ വിദ്യാര്‍ഥികളെ ഒരു ഗ്രൂപ്പായും തിരിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും ഷാങ്ജിയാകൗവിലെ ഹെബെയ് നോര്‍ത്ത് യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന പാകിസ്താന്‍, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഇവരുടെ ഫയലുകളില്‍ അടിസ്ഥാന വിവരങ്ങള്‍ക്ക് പുറമെ, മതം, വിവാഹിതരാണോ, പഠിക്കുന്ന വിഷയം, ക്യാമ്പസില്‍ പ്രവേശിച്ച സമയത്തിന്റെ ക്യാമറ ദൃശ്യങ്ങള്‍ എന്നിവ പോലും കൃത്യമായി രേഖപ്പെടുത്തിയിരുന്നു.

A leaked database has revealed the extent of China's surveillance of foreign nationals living in or visiting the country. According to a report by The New York Times, the database contained personal information on thousands of foreigners, including passport details, photographs, travel records, hospital visits, gas bill payments, and movement data collected through surveillance cameras, mobile phone signals, and facial recognition systems. The system reportedly tracked more than 700 foreigners in Zhangjiakou and categorized individuals based on nationality, profession, and perceived security risks. It also contained records on journalists, students, Hong Kong and Taiwan residents, and citizens from countries including India, Pakistan, the US, the UK, Canada, Australia, and Israel.