Explainer

ഹാരപ്പന്‍ നാഗരികതയുടെ അടയാളം 'ഡാന്‍സിങ് ഗേളി'ന് വസ്ത്രം; പാഠപുസ്തകത്തിൽ ചരിത്രം തിരുത്തുന്ന എന്‍സിഇആര്‍ടി

നാലിഞ്ച് ശില്‍പ്പത്തെ കുറച്ചുകാലമായി 'വസ്ത്രം ധരിപ്പിക്കാന്‍' നടക്കുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയാണ് എൻസിഇആർടിയുടെ ഇപ്പോഴത്തെ നടപടി

Madism Desk

ലോകപ്രശസ്തമായ ഹാരപ്പന്‍ നാഗരികതയുടെ ഏറ്റവും പ്രധാനപ്പെട്ട അടയാളങ്ങളിലൊന്നായ 'ഡാന്‍സിങ് ഗേള്‍' (Dancing Girl) ശില്‍പ്പത്തെ പുതിയ പാഠപുസ്തകത്തില്‍ വസ്ത്രം ധരിപ്പിച്ച രീതിയില്‍ എന്‍സിഇആര്‍ടി ചിത്രീകരിച്ചതിനെച്ചൊല്ലി വിവാദം പുകയുയാണ്. മൂന്നു പതിറ്റാണ്ടിലേറെയായി യഥാര്‍ത്ഥ രൂപത്തില്‍ പുസ്തകങ്ങളില്‍ അച്ചടിച്ചുവന്നിരുന്ന ചിത്രം, ഒന്‍പതാം ക്ലാസിലെ പുതിയ കലാവിദ്യാഭ്യാസ പാഠപുസ്തകമായ 'മധുരിമ'യിലെ ആദ്യ അധ്യായത്തിലാണ് തിരുത്തലുകളോടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശില്‍പ്പത്തിന്റെ തോളില്‍നിന്ന് താഴോട്ടുള്ള ഭാഗം നിഴലുകള്‍ (Shaded) ഉപയോഗിച്ച് മറച്ചാണ് പുതിയ ചിത്രമെന്നും ഇത് ശില്‍പ്പം വസ്ത്രം ധരിച്ചിരിക്കുന്നുവെന്ന തെറ്റായ ധാരണ ഉണ്ടാക്കുന്നതാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നഗ്‌നതയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഭയന്നാണ് എന്‍സിഇആര്‍ടി അധികൃതര്‍ ഇത്തരം തിരുത്തലുകള്‍ക്കു മുതിരുന്നതെന്ന് പുതിയ എന്‍സിഇആര്‍ടി സമിതിയിലെ ചരിത്രകാരന്മാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു

വിവാദത്തിന്റെ പശ്ചാത്തലം

ചരിത്രപരമായ ഈ നാലിഞ്ച് ശില്‍പ്പത്തെ കുറച്ചുകാലങ്ങളായി 'വസ്ത്രം ധരിപ്പിക്കാന്‍' നടക്കുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തേതെന്നാണ് ഉയരുന്ന വിമര്‍ശനം. 2023ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത അന്താരാഷ്ട്ര മ്യൂസിയം എക്‌സ്‌പോയുടെ ഔദ്യോഗിക ചിഹ്നമായി 'ഡാന്‍സിങ് ഗേള്‍' ശില്‍പ്പത്തിന്റെ വലിയൊരു രൂപം അവതരിപ്പിച്ചിരുന്നു. എന്നാല്‍ അന്നത്തെ വലിയ പ്രതിമയില്‍ ചരിത്രവസ്തുതകള്‍ക്ക് നിരക്കാത്ത രീതിയില്‍ വസ്ത്രങ്ങള്‍ കൂട്ടിച്ചേര്‍ത്തത് വലിയ വിവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു. ചരിത്രത്തോടും സ്ത്രീശരീരത്തോടും കാണിക്കുന്ന അനാദരവാണ് ഇതെന്നായിരുന്നു അന്ന് കലാവിമര്‍ശകര്‍ പ്രതികരിച്ചത്.

വിവാദങ്ങളെ ഭയന്ന് എന്‍സിഇആര്‍ടി

നഗ്‌നതയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഭയന്നാണ് എന്‍സിഇആര്‍ടി അധികൃതര്‍ ഇത്തരം തിരുത്തലുകള്‍ക്കു മുതിരുന്നതെന്ന് പുതിയ എന്‍സിഇആര്‍ടി സമിതിയിലെ ചരിത്രകാരന്മാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. സിന്ധുനദീതട സംസ്‌കാരത്തെക്കുറിച്ചുള്ള അധ്യായത്തിന്റെ തുടക്കത്തില്‍ ഈ ചിത്രം വെക്കുന്നതിനെ എന്‍സിഇആര്‍ടി എതിര്‍ത്തിരുന്നുവെന്നാണ് ആറാം ക്ലാസിലെ പുതിയ സോഷ്യല്‍ സയന്‍സ് പാഠപുസ്തക വികസന സമിതി അധ്യക്ഷനായ ചരിത്രകാരന്‍ മിഷേല്‍ ഡാനിനോ വെളിപ്പെടുത്തിയത്.

ശില്‍പ്പം നഗ്‌നമായതിനാല്‍ അത് കുട്ടികളില്‍ വിവാദമുണ്ടാക്കിയേക്കാമെന്നതായിരുന്നു കാരണം. എന്നാല്‍ ഈ ശില്‍പ്പം കുട്ടികള്‍ക്കു കാണാന്‍ അനുയോജ്യമല്ലെങ്കില്‍ നാഷണല്‍ മ്യൂസിയത്തില്‍ കുട്ടികളെ പ്രവേശിപ്പിക്കരുതെന്ന് പറയേണ്ടി വരുമെന്ന് ഡാനിനോ അധികൃതരെ ഓര്‍മിപ്പിച്ചു. ഒടുവില്‍ വിട്ടുവീഴ്ചകളുടെ ഭാഗമായി ചിത്രത്തിന്റെ വലുപ്പം കുറച്ച് പുസ്തകത്തിന്റെ ഉള്ളിലെ പേജുകളിലേക്കു മാറ്റുകയായിരുന്നു.

എന്നാല്‍ പുതിയ ചിത്രത്തിലെ ഈ മാറ്റങ്ങള്‍ നഗ്‌നത മറയ്ക്കാന്‍ വേണ്ടിയുള്ളതാണോയെന്ന ചോദ്യത്തിന്, ഇതിന് പിന്നില്‍ പ്രത്യേക കാരണങ്ങള്‍ ഒന്നും തനിക്കറിയില്ലെന്നാണ് എന്‍സിഇആര്‍ടി ഡയറക്ടര്‍ ദിനേശ് പ്രസാദ് സക്ലാനി പ്രതികരിച്ചത്. ചരിത്രപരമായ പുരാവസ്തുക്കളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കോ സദാചാര ബോധങ്ങള്‍ക്കോ വേണ്ടി വികലമാക്കുന്നത് വരുംതലമുറയ്ക്ക് തെറ്റായ ചരിത്രബോധം നല്‍കുമെന്ന ആശങ്കയിലാണ് ചരിത്രകാരന്മാരും അധ്യാപകരും.

ഇതിനു മുന്‍പ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം, മുഗള്‍ ചരിത്രം, രാജ്യത്തെ ജനകീയ സമരങ്ങള്‍ എന്നിവയെല്ലാം പാഠപുസ്തകങ്ങളില്‍നിന്ന് വെട്ടിമാറ്റിയതോ തിരുത്തിയതോ ആയ നടപടികള്‍ വലിയ വിവാദങ്ങള്‍ക്കു കാരണമായിരുന്നു

സമൂഹമാധ്യമങ്ങളിലും സാംസ്‌കാരിക ലോകത്തും വലിയ പ്രതിഷേധം

ചരിത്രത്തെയും കലയെയും സദാചാരത്തിന്റെ കണ്ണടയിലൂടെ മാത്രം നോക്കിക്കാണുന്ന അധികാരികളുടെ ഇടുങ്ങിയ ചിന്താഗതിക്കെതിരെ സമൂഹമാധ്യമങ്ങളിലും സാംസ്‌കാരിക ലോകത്തും ഇപ്പോള്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുന്‍പ്, സിന്ധുനദീതട സംസ്‌കാരത്തിലെ മനുഷ്യര്‍ പുലര്‍ത്തിയിരുന്ന സ്വതന്ത്രമായ ചിന്താഗതിയെയും സ്ത്രീ സങ്കല്‍പ്പങ്ങളെയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഭരണകൂടം ഭയപ്പെടുന്നുവെന്നത് കൗതുകകരവും അതേസമയം ലജ്ജാകരവുമാണെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. ചരിത്ര വസ്തുതകളെ വികലമാക്കുന്നതിലൂടെ കുട്ടികള്‍ക്ക് തെറ്റായ അറിവാണ് നല്‍കുന്നതെന്നും, ഇത് വരുംതലമുറയോട് ചെയ്യുന്ന വലിയൊരു അനീതിയാണെന്നും ചരിത്ര വിദ്യാര്‍ത്ഥികളും വിമര്‍ശിക്കുന്നു.

ചരിത്രവസ്തുതകളെ ഭയക്കുന്നവർ

ദേശീയ പാഠപുസ്തകങ്ങളില്‍നിന്ന് ചരിത്രപരമായ വസ്തുതകളും ശാസ്ത്രീയ സത്യങ്ങളും വ്യവസ്ഥാപിതമായി നീക്കം ചെയ്യപ്പെടുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് 'ഡാന്‍സിങ് ഗേള്‍' ശില്‍പ്പത്തിന്മേല്‍ നടന്ന ഈ കടന്നുകയറ്റം. ഇതിനു മുന്‍പ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം, മുഗള്‍ ചരിത്രം, രാജ്യത്തെ ജനകീയ സമരങ്ങള്‍ എന്നിവയെല്ലാം പാഠപുസ്തകങ്ങളില്‍നിന്ന് വെട്ടിമാറ്റിയതോ തിരുത്തിയതോ ആയ നടപടികള്‍ വലിയ വിവാദങ്ങള്‍ക്കു കാരണമായിരുന്നു. ചരിത്രത്തെ വസ്തുനിഷ്ഠമായി പഠിപ്പിക്കുന്നതിനു പകരം, തങ്ങളുടെ രാഷ്ട്രീയസദാചാര അജണ്ടകള്‍ക്കനുസൃതമായി അതിനെ മാറ്റിയെഴുതാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് നടക്കുന്നതെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ ആരോപിക്കുന്നു.

പാഠപുസ്തകത്തിലെ ഈ മാറ്റം അന്താരാഷ്ട്ര തലത്തിലും ഇന്ത്യന്‍ പുരാവസ്തു ഗവേഷണ രംഗത്തിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പ്പിക്കും എന്നതില്‍ തര്‍ക്കമില്ല. ലോകമെമ്പാടുമുള്ള ചരിത്രകാരന്മാരും ഗവേഷകരും ഒരുപോലെ ആദരിക്കുന്ന ഒരു പുരാവസ്തുവിനെ, കേവലം വസ്ത്രധാരണത്തിന്റെ പേരില്‍ രൂപമാറ്റം വരുത്തുന്നത് ആഗോള തലത്തില്‍ തന്നെ ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയെ പരിഹാസ്യമാക്കുമെന്നു വിമർശകർ ചൂണ്ടിക്കാട്ടുന്നു. ചരിത്രത്തെ അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ ഉള്‍ക്കൊള്ളാനും അതില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുമുള്ള ആര്‍ജ്ജവമാണ് ഒരു ഭരണകൂടം കാണിക്കേണ്ടതെന്നും അല്ലാതെ പുരാതന ശില്‍പ്പങ്ങള്‍ക്ക് വസ്ത്രം ധരിപ്പിച്ചല്ല സദാചാരം സംരക്ഷിക്കേണ്ടതെന്നും വിമർശകർ പറയുന്നു.

എന്താണ് 'ഡാന്‍സിങ് ഗേള്‍' ശിൽപ്പം

മൊഹന്‍ജൊദാരോയില്‍നിന്ന് 1926ല്‍ പ്രശസ്ത പുരാവസ്തു ഗവേഷകന്‍ ഏണസ്റ്റ് മക്കേ കണ്ടെടുത്ത ഈ വെങ്കല ശില്‍പ്പം കേവലമൊരു നഗ്‌നരൂപമല്ല, മറിച്ച് ആ കാലഘട്ടത്തിലെ ഉന്നതമായ ലോഹശാസ്ത്രത്തിന്റെയും (Metallurgy) കലാവൈഭവത്തിന്റെയും ഉത്തമ ഉദാഹരണമാണ്. മെഴുക് ഉരക്കിക്കളഞ്ഞ് ലോഹം ഒഴിച്ച് രൂപങ്ങള്‍ നിര്‍മിക്കുന്ന 'ലോസ്റ്റ് വാക്‌സ്' (Lost-wax casting) രീതിയിലാണ് ഈ നാല് ഇഞ്ച് പ്രതിമ നിര്‍മിച്ചിരിക്കുന്നത്. കൈകളില്‍ നിറയെ വളകളും കഴുത്തില്‍ മാലയും ധരിച്ച്, ഒരു കൈ ഇടുപ്പില്‍ കുത്തി തികഞ്ഞ ആത്മവിശ്വാസത്തോടെ നില്‍ക്കുന്ന ഈ പെണ്‍രൂപം അന്നത്തെ സ്ത്രീകളുടെ സാമൂഹിക പദവിയെയും സ്വാതന്ത്ര്യത്തെയുമാണ് പ്രതിഫലിപ്പിക്കുന്നത്. ഈ ചരിത്രപരമായ ഔന്നിത്യത്തെയാണ് വെറും നഗ്‌നത മാത്രമായി ചുരുക്കിക്കാണാന്‍ അധികൃതര്‍ ശ്രമിക്കുന്നത്.

A controversy has erupted after the NCERT modified the image of the famous Harappan 'Dancing Girl' sculpture in the new Class 9 Art Education textbook, 'Madhurima'. The sculpture, which was printed in its original unclad form for over three decades, is now depicted with shading from the shoulders down. National media reports state that this alteration creates a false impression that the historical artifact is clothed, leading to widespread criticism.