ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ദ്ധിക്കുന്നതും ഭൗമരാഷ്ട്രീയ തര്‍ക്കങ്ങളും കാരണം ഇന്ത്യന്‍ രൂപ കനത്ത തകര്‍ച്ചയാണ് നേരിടുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 96.96 വരെ എത്തിയിരുന്നു. രൂപയുടെ ഈ പതനം തടയാനും ഇന്ത്യന്‍ ബാങ്കിങ് മേഖലയിലെ പണക്ഷാമം പരിഹരിക്കാനുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ ഒരു അടിയന്തര നടപടി സ്വകരിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി 5 ബില്യണ്‍ യുഎസ് ഡോളറിന്റെ (ഏകദേശം 43,000 കോടി രൂപ) 'ഡോളര്‍-രൂപ ബൈ/സെല്‍ സ്വാപ്പ്' ലേലം ആര്‍ബിഐ വിജയകരമായി പൂര്‍ത്തിയാക്കി. വിപണിയില്‍നിന്ന് പ്രതീക്ഷിച്ചതിലും ഇരട്ടി ആവശ്യക്കാരാണ് (9.80 ബില്യണ്‍ ഡോളറിന്റെ ബിഡുകള്‍) ഈ ലേലത്തിനായി എത്തിയത്.
ലളിതമായി പറഞ്ഞാല്‍, റിസര്‍വ് ബാങ്കും രാജ്യത്തെ വാണിജ്യ ബാങ്കുകളും തമ്മില്‍ നിശ്ചിത കാലയളവിലേക്ക് നടത്തുന്ന ഒരു താല്കാലിക കറന്‍സി ഇടപാടാണിത്. ഇതില്‍ പ്രധാനമായും രണ്ട് ഘട്ടങ്ങളാണുള്ളത്: ഒന്നാം ഘട്ടം, കമേഴ്സ്യല്‍ ബാങ്കുകള്‍ തങ്ങളുടെ കൈവശമുള്ള യുഎസ് ഡോളര്‍ റിസര്‍വ് ബാങ്കിന് നല്‍കുന്നു. പകരം നിലവിലെ വിപണി നിരക്കനുസരിച്ച് തുല്യമായ ഇന്ത്യന്‍ രൂപ ആര്‍ബിഐ ബാങ്കുകള്‍ക്ക് കൈമാറും. (ഇതോടെ ബാങ്കുകളുടെ പക്കല്‍ ബിസിനസ്സ് ആവശ്യങ്ങള്‍ക്ക് ധാരാളം രൂപ ലഭ്യമാകുന്നു). രണ്ടാം ഘട്ടം (മൂന്നു വര്‍ഷത്തിനുശേഷം): കൃത്യം മൂന്ന് വര്‍ഷം കഴിയുമ്പോള്‍ (2029 മേയ് മാസത്തില്‍) ഇതേ ബാങ്കുകള്‍ ആര്‍ബിഐക്ക് രൂപ തിരികെ നല്‍കി, തങ്ങളുടെ ഡോളര്‍ മുന്‍കൂട്ടി നിശ്ചയിച്ച നിരക്കില്‍ തിരികെ വാങ്ങണം.
ഒരു ഉദാഹരണം പറഞ്ഞാല്‍ ബാങ്കുകള്‍ തങ്ങളുടെ ഡോളര്‍ ആര്‍ബിഐയുടെ ലോക്കറില്‍ മൂന്നു വര്‍ഷത്തേക്ക് പണയം വെച്ച് രൂപ വായ്പ എടുക്കുന്നത് പോലെയാണിത്. ഇതിലൂടെ ആര്‍ബിഐ പുതിയ പണം അച്ചടിക്കുന്നില്ല, പകരം വിപണിയിലുള്ള പണത്തെ പുനഃക്രമീകരിക്കുകയാണ് ചെയ്യുന്നത്.
രൂപയുടെ മൂല്യം കുത്തനെ ഇടിയുമ്പോള്‍ ആര്‍ബിഐ സാധാരണയായി ചെയ്യുന്ന കാര്യം, തങ്ങളുടെ ഫോറെക്‌സ് റിസര്‍വിലുള്ള ഡോളര്‍ വിപണിയിലേക്കു വില്‍ക്കുകയെന്നതാണ്. വിപണിയില്‍ ഡോളറിന്റെ ലഭ്യത കൂടുമ്പോള്‍ ഡോളറിന്റെ വില കുറയുകയും രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ സാധിക്കുകയും ചെയ്യും. ഈ രീതിയില്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി 53 ബില്യണ്‍ ഡോളറിലധികമാണ് ആര്‍ബിഐ വിപണിയില്‍ വിറ്റഴിച്ചത്.
എന്നാല്‍ ഇതിനൊരു ദോഷവശമുണ്ട്. ആര്‍ബിഐ ഡോളര്‍ വില്‍ക്കുമ്പോള്‍ വിപണിയില്‍ നിന്നുള്ള രൂപ ആര്‍ബിഐയുടെ കൈകളിലേക്ക് തിരിച്ചെത്തും. ഇത് തുടര്‍ച്ചയായി സംഭവിക്കുമ്പോള്‍ ബാങ്കിങ് സിസ്റ്റത്തില്‍ ഇന്ത്യന്‍ രൂപയുടെ കടുത്ത ക്ഷാമം അനുഭവപ്പെടും. ബാങ്കുകളില്‍ പണമില്ലാതെ വന്നാല്‍ ലോണ്‍ പലിശ നിരക്കുകള്‍ കുത്തനെ ഉയരുകയും അത് സമ്പദ്വ്യവസ്ഥയെ ബാധിക്കുകയും ചെയ്യും.ഈ പ്രതിസന്ധി മറികടക്കാനാണ് 'കറന്‍സി സ്വാപ്പ്' ഉപയോഗിക്കുന്നത്. ഇതിലൂടെ ബാങ്കുകളിലേക്ക് ഒരേസമയം 43,000 കോടിയോളം രൂപ എത്തിക്കാന്‍ ആര്‍ബിഐക്ക് സാധിച്ചു.
ഈ നീക്കം രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് പെട്ടെന്നൊരു ആശ്വാസം നല്‍കിയിട്ടുണ്ട്. ലേല വാര്‍ത്ത പുറത്തുവന്നതോടെ രൂപ 96.96 എന്ന താഴ്ന്ന നിരക്കില്‍നിന്നു 95.69 ലേക്ക് ശക്തമായി തിരിച്ചുവന്നു. അതായത് താല്കാലികമായി രൂപയുടെ തകര്‍ച്ചയ്ക്കു ബ്രേക്ക് വീഴും. ആര്‍ബിഐയുടെ ഡോളര്‍ റിസര്‍വ് ശക്തമായി തുടരും. ബാങ്ക് പലിശ നിരക്കുകള്‍ വിപണിയില്‍ പണലഭ്യത കൂടിയതിനാല്‍ പലിശ നിരക്കുകള്‍ അനിയന്ത്രിതമായി ഉയരുന്നത് തടയാനാകും. അതുപോലെ എണ്ണ ഇറക്കുമതി ചെയ്യുന്ന കമ്പനികള്‍ക്കും വ്യാപാരികള്‍ക്കും ഡോളര്‍ വാങ്ങാനുള്ള ചിലവ് കുറയും.
ചുരുക്കത്തില്‍ റിസര്‍വ് ബാങ്കിന്റെ ഈ ഇടപെടല്‍ വിപണിക്ക് വലിയ ആശ്വാസമാണ്. എങ്കിലും രൂപയുടെ ഭാവി പൂര്‍ണമായും സുരക്ഷിതമാണെന്ന് പറയാറായിട്ടില്ല. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് താഴെ നില്‍ക്കുകയാണെങ്കില്‍ ഇന്ത്യന്‍ ഓഹരി വിപണിയും രൂപയും വലിയ തകര്‍ച്ചകളില്ലാതെ മുന്നോട്ടു പോകും. എന്നാല്‍ മിഡില്‍ ഈസ്റ്റിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വീണ്ടും വഷളാകുകയും എണ്ണവില കുതിക്കുകയും ചെയ്താല്‍ രൂപയ്ക്കുമേലുള്ള സമ്മര്‍ദ്ദം വീണ്ടും ശക്തമായേക്കാം.
English summary:
The Reserve Bank of India introduced a $5 billion dollar-rupee currency swap to support the falling rupee and improve liquidity in the banking system amid rising crude oil prices and global geopolitical tensions. Through this mechanism, commercial banks temporarily exchange US dollars for Indian rupees, helping the RBI stabilize the currency without printing new money. The move has provided short-term relief by strengthening the rupee, easing liquidity pressures, and helping control interest rates, though future stability will still depend on global oil prices and geopolitical developments.