ശബരിമലയിൽ 10 മുതൽ 50 വയസ്സുവരെ യുവതികളുടെ പ്രവേശനം അനുവദിച്ച 2018-ലെ സുപ്രീം കോടതി വിധി തെറ്റെന്നു കേന്ദ്ര സർക്കാർ. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയായതിനാൽ യുവതി പ്രവേശന വിലക്ക് ന്യായമാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സമർപ്പിച്ച ലിഖിത വാദത്തിൽ കേന്ദ്രം ചൂണ്ടിക്കാട്ടി. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഈ ആചാരം ദശലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ വിശ്വാസത്തിന്റെ ഭാഗമാണ്.
ഒന്നോ രണ്ടോ വ്യക്തികളുടെ ആവശ്യത്തിനുവേണ്ടി ഈ ആചാരത്തിൽ കോടതി ഇടപെടരുതെന്നും യുവതിപ്രവേശനം അനുവദിച്ചാൽ ക്ഷേത്രത്തിലെ ആരാധനാ സ്വഭാവം തന്നെ മാറിമറിയുമെന്നും കേന്ദ്രം അറിയിച്ചു. ആരാധനാമൂർത്തിയുടെ സ്വത്വവും വ്യക്തിത്വവും പരിശോധിക്കാൻ കോടതികൾക്ക് അധികാരമില്ലെന്നും വിദേശ രാജ്യങ്ങളിലെ വിധികൾ ഇന്ത്യയിൽ പകർത്തുന്നത് ശരിയല്ലെന്നുമുള്ള നിലപാട് കേന്ദ്രം വ്യക്തമാക്കി.
ശബരിമല ക്ഷേത്രത്തിലെ യുവതിപ്രവേശന വിലക്ക് 1991-ൽ കേരള ഹൈക്കോടതി ശരിവെച്ചിരുന്നു. 2006-ൽ ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. 2018 സെപ്റ്റംബർ 28-ന് 5-ജഡ്ജി ബെഞ്ച് 4:1 ഭൂരിപക്ഷത്തോടെ വിലക്ക് ഭരണഘടനാവിരുദ്ധമെന്ന് വിധിച്ചു. ക്ഷേത്രത്തിലെ ആചാരം ഭരണഘടനയുടെ അനുച്ഛേദം 25(1) ലംഘിക്കുന്നതാണെന്നായിരുന്നു ഭൂരിപക്ഷ വീക്ഷണം.
വിധിക്കെതിരെ നിരവധി പുനപ്പരിശോധന ഹർജികൾ സമർപ്പിക്കപെട്ടിരുന്നു. ഈ ഹർജികൾ 2019-ൽ സുപ്രീം കോടതി അനുവദിച്ച് വിശാല ബെഞ്ചിന് റഫർ ചെയ്തു. പിന്നീട് ഏഴോ അതിലധികമോ ജഡ്ജിമാരുടെ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. കോവിഡ് മഹാമാരിയും മറ്റ് കാരണങ്ങളാലും കേസ് വർഷങ്ങളോളം തടസ്സപ്പെട്ടു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒൻപതംഗ ഭരണഘടനാ ബെഞ്ചാണ് കേസ് ഇന്നു മുതൽ വിശദമായി പരിഗണിക്കുക. ഒൻപതു വരെ പുനപ്പരിശോധന ഹർജികൾ അനുകൂലിക്കുന്നവരുടെ വാദങ്ങൾ, 14 മുതൽ 16 വരെ എതിർക്കുന്നവരുടെ വാദങ്ങൾ, ഏപ്രിൽ 21നു വിയോജന സത്യവാങ്മൂലങ്ങൾ, 22-ന് അമിക്കസ് ക്യൂറിയുടെ അവസാന സമർപ്പണങ്ങൾ എന്നിങ്ങനെയാണ് വാദംകേൾക്കൾ ഷെഡ്യൂൾ നിശ്ചയിച്ചിരിക്കുന്നത്.
സങ്കീർണമായ നടപടിക്രമങ്ങളിലൂടെയാണ് കേസ് മുന്നോട്ടുപോകുന്നത്. 2018-ലെ വിധിക്കുശേഷം അൻപതിലധികം പുനപ്പരിശോധന ഹർജികൾ സമർപ്പിക്കപ്പെട്ടു. 2019-ൽ റിവ്യൂ അനുവദിച്ചെങ്കിലും വാദംകേൾക്കൽ വൈകി. 2020 ഫെബ്രുവരിയിലാണ് അവസാനമായി കാര്യമായി പരിഗണിച്ചത്. തുടർന്ന് കേസ് ഏഴംഗ ബെഞ്ചിലേക്ക് റഫർ ചെയ്തു.
ഒൻപതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കാനും ഏപ്രിൽ ഏഴു മുതഷ മുതൽ വാദം കേൾക്കൽ ആരംഭിക്കാനും ഈ വർഷം ഫെബ്രുവരി 16-നാണ് സുപ്രീം കോടതി തീരുമാനമെടുത്തത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസ് ബി.വി. നാഗരത്ന, എം.എം. സുന്ദരേഷ്, അഹ്സാനുദ്ദീൻ അമാനുള്ള, ആരവിന്ദ് കുമാർ, എ.ജി. മസീഹ്, പി.ബി. വരാലെ, ആർ. മഹാദേവൻ, ജോയ്മാല്യ ബാഗ്ചി എന്നിവരാണ് അംഗങ്ങൾ. .
2018-ലെ സുപ്രീം കോടതി വിധി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ശക്തമായി മുന്നോട്ടുവന്നത് ഏറെ വിവാദമായിരുന്നു. ശബരിമലയിൽ ദർശനം നടത്താൻ തയാറായ യുവതികൾക്ക് പൊലീസ് സംരക്ഷണമൊരുക്കി. 2019 ജനുവരിയിൽ ബിന്ദു അമ്മിണിയും കനകദുർഗയും സന്നിധാനത്തെത്തിയത് വലിയ ഭൂകമ്പത്തിനാണ് തിരികൊളുത്തിയത്.
ഇപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ സർക്കാർ നിലപാട് മൃദുവാക്കി. മാർച്ച് 2026-ൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, യുവതി പ്രവേശനം 'ഒഴിച്ചുകൂടാനാവാത്ത മതാചാരം' ആണോ എന്ന് തീരുമാനിക്കാൻ മുൻപ് ഹിന്ദു മത പണ്ഡിതരുടെയും സാമൂഹിക പരിഷ്കർത്താക്കളുടെയും അഭിപ്രായം തേടണമെന്നുംഭക്തരുടെയും യുവതികളുടെയും മുൻകാല അനുഭവങ്ങൾ പരിഗണിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ഈ മലക്കം മറിച്ചിലും രാഷ്ട്രീയ ഗോദയിൽ ഏറെ തിരയിളക്കം സൃഷ്ടിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് കോടതിക്കു മുമ്പാകെ അറിയിച്ചിരുക്കുന്നതും ആചാരസംരക്ഷണത്തിന് അനുകൂല നിലപാടാണ്.
2018 സെപ്റ്റംബർ 28-ന് വിധി വന്നതുമുതൽ കേരളം സംഘർഷഭൂമിയായി. 'സേവ് സബരിമല' പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നൂറുകണക്കിനുപ് തെരുവിലിറങ്ങി. കോടതി വിധി വന്നയുടൻ യുവതിപ്രവേശനത്തെ സ്വാഗതം ചെയ്ത ബിജെപിയും മറ്റു സംഘപരിവാർ സംഘടനകളും പുതിയ സാഹചര്യത്തിൽ സംസ്ഥാനത്ത് രാഷ്ട്രീയനേട്ടത്തിനുള്ള സുവർണാവസരം മുന്നിൽകണ്ട് നിലപാടിൽ മലക്കംമറിഞ്ഞു. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ഉൾപ്പെടെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും സംഘർഷങ്ങളുണ്ടായി. മാധ്യമപ്രവർത്തകരെയും പൊലീസിനെയും ആക്രമിച്ച സംഭവങ്ങളുണ്ടായി. ഒക്ടോബർ 2018 മുതൽ ജനുവരി 2019 വരെ നീണ്ട ഹർത്താലുകളും പ്രതിഷേധങ്ങളും സംസ്ഥാനത്തെ പിടിച്ചുകുലുക്കി.
2019 ജനുവരി മൂന്നിനർ രണ്ട് യുവതികൾ ക്ഷേത്രത്തിൽ പ്രവേശിച്ചതോടെ പ്രശനം സങ്കീർണമായി. പിന്നീടുണ്ടായ പ്രതിഷേധ സമരങ്ങളിൽ നൂറുകണക്കിന് ആളുകൾ അറസ്റ്റ് ചെയ്യപ്പെട്ടു. വനിതാമതിലുമായി സർക്കാർ രംഗത്തെത്തിയപ്പോൾ ഭജനയുൾപ്പെടെയുള്ള പ്രതിഷേധങ്ങളുമായാണ് ഒരു വിഭാഗം ആളുകൾ തെരുവിലിറങ്ങിയത്. ബിജെപി, കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും സമരത്തിന് പിന്തുണ നൽകി. ഈ സമരങ്ങൾ ലക്ഷക്കണക്കിന് ഭക്തരെ ഒന്നിപ്പിച്ചതോടൊപ്പം വലിയ തോതിലുള്ള സാമൂഹിക-രാഷ്ട്രീയ ധ്രുവീകരണത്തിനും കാരണമായി. ഇത് 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടിയായി.
ലിംഗസമത്വവും മതാചാര സ്വാതന്ത്ര്യവും തമ്മിലുള്ള സംഘർഷത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി തുടരുകയാണ് ശബരിമല യുവതിപ്രവേശന കേസ്. നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുൻപ് സുപ്രീംകോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ കേസിനു വലിയ രാഷ്ട്രീയ പ്രാധാന്യം കൈവന്നിരിക്കുന്നത്. ഇന്നു മുതൽ ഒൻപതംഗ ബെഞ്ച് വാദം കേൾക്കുന്ന കേസിൽ, ആചാരം സംരക്ഷിക്കണമെന്ന വാദമാണ് കേന്ദ്രം ഉയർത്തിയിരിക്കുന്നത്. അതേസമയം വിഷയത്തിൽ 'വിശാല ചർച്ച' ആവശ്യമാണെന്ന താരതമ്യേന സുരക്ഷിത നിലപാടിലാണ് സംസ്ഥാന സർക്കാർ.
വിശ്വാസങ്ങളെ മാനിച്ചുകൊണ്ട് ഭരണഘടനയിലെ അടിസ്ഥാന മൂല്യങ്ങളും സംരക്ഷിക്കുന്ന ഒരു സന്തുലിതമായ തീരുമാനം ഒമ്പത് ജഡ്ജി ബെഞ്ച് എടുക്കുമെന്നാണ് പ്രതീക്ഷ ആചാര സംരക്ഷണത്തെ അനുകൂലിക്കുന്നവരുടെ പ്രതീക്ഷ. അതേസമയം 2018ലെ വിധി സുപ്രീംകോടതി മുറുകെപ്പിടിക്കുമെന്ന പ്രതീക്ഷയിലാണ് യുവതിപ്രവശനെത്തെ അനുകൂലിക്കുന്നവർ. ഭരണഘടനയുടെ മതസ്വാതന്ത്ര്യത്തിന്റെ പരിധിയും 'എസൻഷ്യൽ റിലീജിയസ് പ്രാക്ടീസ്' എന്ന ആശയത്തിന്റെ വ്യാപ്തിയും ഈ കേസ് വ്യക്തമാക്കുമെന്ന് പ്രത്യാശയിലാണ് നിയമ വിദഗ്ധർ.
English Summary: The Supreme Court review on Sabarimala women entry sees the central government defending age restrictions, citing centuries-old Ayyappa traditions and devotees’ beliefs.