Explainer

എന്താണ് വെനിസ്വേലയെ ദുരന്തഭൂമിയാക്കിയ 'സീസ്മിക് ഡബ്ലെറ്റ്'? സംഭവിച്ചത് അപൂര്‍വ പ്രതിഭാസം, രാജ്യത്ത് അടിയന്തരാവസ്ഥ

ഭൂകമ്പത്തിന്റെ ആഘാതം അയല്‍രാജ്യമായ കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടയില്‍ വരെ അനുഭവപ്പെട്ടു. കാരക്കാസ്, മിരാന്‍ഡ, ലാ ഗൈ്വറ, അരഗ്വ, കാരാബോബോ, ഫാല്‍ക്കണ്‍ എന്നീ വടക്കന്‍-മധ്യ സംസ്ഥാനങ്ങളെയാണ് ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ചത്.

Madism Desk

വെനിസ്വേലന്‍ തലസ്ഥാനമായ കാരക്കാസിനെ വിറപ്പിച്ചു കൊണ്ട് വെറും 39 സെക്കന്‍ഡുകളുടെ ഇടവേളയില്‍ ഉണ്ടായ രണ്ട് ശക്തമായ ഭൂചലനങ്ങളെത്തുടര്‍ന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. വെനിസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് ആണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാര്യം അറിയിച്ചത്. ദുരന്തത്തില്‍ ഇതുവരെ കുറഞ്ഞത് 32 പേര്‍ മരിക്കുകയും 700-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞതിനെത്തുടര്‍ന്ന് വന്‍ രക്ഷാപ്രവര്‍ത്തനമാണ് പ്രദേശത്ത് പുരോഗമിക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മാരകമായ പ്രകൃതിദുരന്തങ്ങളിലൊന്നായി ഇത് മാറിയേക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സംഭവിച്ചത് എന്ത്?

ബുധനാഴ്ച രാത്രി വൈകി കാരക്കാസിന് 160 കിലോമീറ്റര്‍ പടിഞ്ഞാറ് ഭാഗത്തായി റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനം അനുഭവപ്പെട്ടു. ഇതിന് തൊട്ടുപിന്നാലെ, വെറും 39 സെക്കന്‍ഡുകള്‍ക്ക് ശേഷം 7.5 തീവ്രതയുള്ള രണ്ടാമത്തെ ശക്തമായ ഭൂചലനവും ഉണ്ടായി. യുഎസ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) ഇതിനെ ഒരു 'സീസ്മിക് ഡബ്ലെറ്റ്' (Seismic Doublte - സമാന തീവ്രതയുള്ള രണ്ട് ഭൂകമ്പങ്ങള്‍ ഒന്നിനുപിറകെ ഒന്നായി വരുന്നത്) എന്നാണ് വിശേഷിപ്പിച്ചത്.

1900-ന് ശേഷം വെനിസ്വേലയിലോ അതിന്റെ തീരത്തോ ഉണ്ടാകുന്ന ഏറ്റവും വലിയ ഭൂകമ്പമാണിത്. പ്രാഥമിക കണക്കുകള്‍ പ്രകാരം മരണസംഖ്യ 10,000 മുതല്‍ 1,00,000 വരെ ഉയര്‍ന്നേക്കാമെന്ന് യുഎസ്ജിഎസ് ആശങ്ക പ്രകടിപ്പിക്കുന്നു. രാഷ്ട്രീയ സാമ്പത്തിക അരക്ഷിതാവസ്ഥ നേരിടുന്ന രാജ്യത്തിന് ഈ ദുരന്തം കനത്ത പ്രഹരമായി. ദുരന്തത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുശോചനം രേഖപ്പെടുത്തുകയും വെനിസ്വേലയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ അമേരിക്ക സന്നദ്ധമാണെന്ന് അറിയിക്കുകയും ചെയ്തു.

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം

യുഎസ്ജിഎസിന്റെ റിപ്പോര്‍ട്ട് പ്രകാരം, ആദ്യത്തെ 7.2 തീവ്രതയുള്ള ഭൂചലനം യാരാകുയ് സംസ്ഥാനത്തെ സാന്‍ ഫെലിപ്പെയ്ക്ക് 24 കിലോമീറ്റര്‍ അകലെയാണ് ഉണ്ടായത്. അയല്‍ സംസ്ഥാനമായ കാരാബോബോയിലെ മൊറോണിന് സമീപമാണ് 7.5 തീവ്രതയുള്ള രണ്ടാമത്തെ ഭൂചലനം ഉണ്ടായത്. ഭൂകമ്പത്തിന്റെ ആഘാതം അയല്‍രാജ്യമായ കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടയില്‍ വരെ അനുഭവപ്പെട്ടു. കാരക്കാസ്, മിരാന്‍ഡ, ലാ ഗൈ്വറ, അരഗ്വ, കാരാബോബോ, ഫാല്‍ക്കണ്‍ എന്നീ വടക്കന്‍-മധ്യ സംസ്ഥാനങ്ങളെയാണ് ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ചത്. എന്നാല്‍, രാജ്യത്തെ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങളെ ഭൂകമ്പം ബാധിച്ചിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 1900-ല്‍ സാന്‍ നാര്‍സിസോയില്‍ ഉണ്ടായ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 21 പേര്‍ കൊല്ലപ്പെടുകയും കാരക്കാസിന്റെ ചില ഭാഗങ്ങള്‍ തകരുകയും ചെയ്തിരുന്നു.

ദുരന്തത്തിന് കാരണമായത് എന്ത്?

കരീബിയന്‍, തെക്കേ അമേരിക്കന്‍ ടെക്‌റ്റോണിക് പ്ലേറ്റുകളുടെ അതിര്‍ത്തിയിലാണ് വെനിസ്വേല സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഭൂകമ്പ സാധ്യത വളരെക്കൂടുതലുള്ള പ്രദേശമാണിത്. പ്ലേറ്റുകള്‍ തിരശ്ചീനമായി പരസ്പരം ഉരസുമ്പോഴുണ്ടാകുന്ന 'സ്‌ട്രൈക്ക്-സ്ലിപ്പ് ഫോള്‍ട്ടിങ്' (Strike-slip faulting) ആണ് ഈ ശക്തമായ ഭൂകമ്പത്തിന് കാരണമായതെന്ന് യുഎസ്ജിഎസ് വ്യക്തമാക്കുന്നു. ആദ്യമുണ്ടായ ഭൂചലനത്തെ 'ഫോര്‍ഷോക്ക്' (Foreshock- പ്രധാന ഭൂകമ്പത്തിന് മുന്നോടിയായുള്ള ചലനം) എന്നും, രണ്ടാമതുണ്ടായ ചലനത്തെ 'മെയിന്‍ഷോക്ക്' (Mainshock- പരമ്പരയിലെ ഏറ്റവും വലിയ ഭൂകമ്പം) എന്നുമാണ് ശാസ്ത്രജ്ഞര്‍ തരംതിരിച്ചിരിക്കുന്നത്. ഇവ രണ്ടും ചേര്‍ന്ന് അതീവ സങ്കീര്‍ണ്ണമായ ഒരു 'സീസ്മിക് ഡബ്ലെറ്റ്' രൂപപ്പെടുകയായിരുന്നു. ഇനിയും ശക്തമായ തുടര്‍ച്ചലനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും യുഎസ്ജിഎസ് മുന്നറിയിപ്പ് നല്‍കുന്നു.

ഇരട്ട ഭൂകമ്പം ഇത്രയധികം നാശനഷ്ടം ഉണ്ടാക്കിയത് എന്തുകൊണ്ട്?

സാധാരണ ഭൂകമ്പങ്ങള്‍ക്ക് ശേഷം ഉണ്ടാകുന്ന ചെറിയ തുടര്‍ ചലനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, 'ഡബ്ലെറ്റ് ഭൂകമ്പങ്ങളില്‍' സമാന തീവ്രതയുള്ള രണ്ട് വലിയ ചലനങ്ങളാണ് വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഉണ്ടാകുന്നത്. ഇത്തരം പ്രതിഭാസങ്ങള്‍ അപൂര്‍വ്വവും അതീവ അപകടകരവുമാണ്. ഇവ ഭൂമി കുലുങ്ങുന്നതിന്റെ ദൈര്‍ഘ്യവും അതിന്റെ വ്യാപ്തിയും ഇരട്ടിയാക്കുന്നു. 2016-ല്‍ 'നേച്ചര്‍ ജിയോസയന്‍സ്' മാസികയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ആദ്യ ചലനത്തില്‍ തന്നെ ദുര്‍ബലമായിക്കഴിഞ്ഞ കെട്ടിടങ്ങളും മറ്റ് നിര്‍മ്മിതികളും സെക്കന്‍ഡുകള്‍ക്കകം ഉണ്ടാകുന്ന രണ്ടാമത്തെ വലിയ ചലനത്തെ പ്രതിരോധിക്കാന്‍ കഴിയാതെ പൂര്‍ണ്ണമായും തകര്‍ന്നടിയുന്നു. ഇതാണ് വെനിസ്വേലയില്‍ ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചതും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയതും. 1997-ല്‍ പാകിസ്താനില്‍ ഉണ്ടായ ഹര്‍ണായി ഭൂകമ്പത്തെ വിശകലനം ചെയ്താണ് നേച്ചര്‍ ജിയോസയന്‍സ് പഠന റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

Venezuela has declared a nationwide state of emergency after two powerful earthquakes struck the country within just 39 seconds of each other, causing widespread destruction, fatalities, and injuries. The rare seismic event, known as a "seismic doublet," shook the capital Caracas and several northern states, leaving at least 32 people dead and more than 700 injured. Rescue teams are continuing search operations amid fears that the death toll could rise significantly.