Explainer

വോട്ടിന് പണം ആരോപണം: ശോഭ സുരേന്ദ്രനെ കാത്തിരിക്കുന്ന നിയമക്കുരുക്കുകളും രാഷ്ട്രീയ പ്രത്യാഘാതങ്ങളും

തിരഞ്ഞെടുപ്പ് അഴിമതിയും നിയമനടപടികളും; സമാന കേസുകൾ നൽകുന്ന സൂചനകളെന്ത്?

Madism Desk

ശക്തമായ ത്രികോണ മത്സരം കാരണം രാഷ്ട്രീയ കേരളത്തിൻറെ കണ്ണും കാതും കവര്‍ന്ന പാലക്കാട് നിയോജക മണ്ഡലം ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് മറ്റൊരു കാരണത്താൽ കൂടിയാണ്. ബിജെപി എ ക്ലാസ് മണ്ഡലമായി വിലയിരുത്തുന്ന ഇവിടെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെതിരെയുള്ള 'വോട്ടിന് പണം' ആരോപണം പാലക്കാടൻ ചൂടിനെ മറികടന്ന് വലിയ നിയമപരമായ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. സ്ഥാനാർത്ഥിക്കെതിരെ നേരിട്ട് ഇത്തരം ഒരു ആരോപണം ഉയരുന്നത് തെരഞ്ഞെടുപ്പ് ഫലത്തെ തന്നെ ബാധിക്കാവുന്ന അതീവ ഗുരുതരമായ വിഷയമാണ്.

വിവാദ വീഡിയോയും ശോഭയുടെ വിശദീകരണവും

പാലക്കാട് കണ്ണാടിയിലെ വീടുകളിൽ വോട്ടഭ്യർത്ഥനയ്ക്ക് എത്തിയപ്പോൾ ശോഭ സുരേന്ദ്രൻ വോട്ടർമാർക്ക് പണം നൽകിയെന്നാരോപിക്കുന്ന വീഡിയോ ദൃശ്യങ്ങൾ രാഷ്ട്രീയ എതിരാളികളാണ് പുറത്തുവിട്ടത്. ഒരു വീഡിയോയിൽ പണം നൽകിയ കാര്യം ശോഭ തന്നെ സമ്മതിക്കുന്ന രീതിയിലുള്ള ദൃശ്യങ്ങളുണ്ടെന്നതാണ് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങൾ അവര്‍ പൂർണ്ണമായും നിഷേധിച്ചു. രാഷ്ട്രീയമായ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും വ്യക്തിപരമായ ചില സഹായങ്ങളെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നുമാണ് ഇക്കാര്യത്തിൽ ശോഭയുടെ വാദം.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾ

പരാതിയുമായി കോണ്‍ഗ്രസ് രംഗത്തെത്തിയതോടെ പന്ത് ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കോർട്ടിലാണ്. പാലക്കാട് ആർഡിഒയും റിട്ടേണിങ് ഓഫീസറുമായ ഡി. വേണുഗോപാലിന് മുന്നിൽ ശോഭ സുരേന്ദ്രൻ കഴിഞ്ഞ ദിവസം ഹാജരായി തന്റെ ഭാഗം വിശദീകരിച്ചിരുന്നു. കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ശിവൻ മഠത്തിലിനൊപ്പമാണ് അവർ ഹാജരായത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വീകരിക്കുന്ന പ്രാഥമിക നടപടികൾ ശോഭയുടെയും പാലക്കാടിന്റെയും അന്തിമ ഫലത്തിന്റെ കാര്യത്തിൽ നിർണ്ണായകമാകും. അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യമാണെന്ന് ആർഡിഒ അറിയിച്ചതായാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന സൂചനകൾ.

നിയമം എന്തുപറയുന്നു?

തെരഞ്ഞെടുപ്പിൽ വോട്ടർമാരെ പണം നൽകി പ്രലോഭിപ്പിക്കുന്നത് ഭാരതീയ ന്യായ സംഹിത പ്രകാരവും ജനപ്രാതിനിധ്യ നിയമപ്രകാരവും അതീവ ഗുരുതരമായ കുറ്റമാണ്.

ഭാരതീയ ന്യായ സംഹിത (BNS): ഭാരതീയ ന്യായ സംഹിത പ്രകാരം തിരഞ്ഞെടുപ്പിലെ കൈക്കൂലി ശിക്ഷാർഹമായ കുറ്റമാണ്. കുറ്റം തെളിക്കപ്പെട്ടാൽ ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം.

ജനപ്രാതിനിധ്യ നിയമം: 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ 123-ാം വകുപ്പ് പ്രകാരം വോട്ടർമാരെ പണം നൽകി സ്വാധീനിക്കുന്നത് 'അഴിമതി' (Corrupt Practice) എന്ന ഗണത്തിലാണ് വരുന്നത്. കുറ്റം തെളിഞ്ഞാൽ വിജയം കോടതിക്ക് റദ്ദാക്കാം. കൂടാതെ ആറ് വർഷത്തേക്ക് അയോഗ്യത കൽപ്പിക്കാനും നിയമം അനുശാസിക്കുന്നു.

സമാനമായ കേസുകൾ: സുരേഷ് ഗോപിയും കെ.എം. ഷാജിയും

തിരഞ്ഞെടുപ്പ് അട്ടിമറികളും പ്രലോഭനങ്ങളും സംബന്ധിച്ച കോടതി ഇടപെടലുകൾ വ്യക്തമാക്കുന്നതാണ് ഈ കേസുകൾ

സുരേഷ് ഗോപി കേസ് (2024): തൃശൂരിലെ സുരേഷ് ഗോപിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കണമെന്ന ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതചിഹ്നങ്ങൾ ഉപയോഗിച്ചും മതവികാരം ഇളക്കിവിട്ടും വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും, വോട്ടർമാർക്ക് പണവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തുവെന്നുമാണ് ആരോപണം. കേസ് തള്ളണമെന്ന സുരേഷ് ഗോപിയുടെ ആവശ്യം നിരാകരിച്ച കോടതി, അദ്ദേഹം വിചാരണ നേരിടണമെന്ന് വ്യക്തമാക്കിയത് ഏറെ പ്രാധാന്യമർഹിക്കുന്നു.

കെ.എം. ഷാജി കേസ് (2016): അഴീക്കോട് മണ്ഡലത്തിൽ വർഗീയ ധ്രുവീകരണം നടത്തി വോട്ട് പിടിച്ചെന്ന പരാതിയിൽ 2018-ൽ ഹൈക്കോടതി ഷാജിയെ അയോഗ്യനാക്കിയിരുന്നു. വിജയം അസാധുവാക്കിയ കോടതി ആറ് വർഷത്തേക്ക് വിലക്കും ഏർപ്പെടുത്തി. പിന്നീട് സുപ്രീം കോടതിയിൽ നിന്ന് ഭാഗികമായ സ്റ്റേ ലഭിച്ചെങ്കിലും, നിയമസഭയിലെ വോട്ടെടുപ്പുകളിൽ പങ്കെടുക്കാനോ ആനുകൂല്യങ്ങൾ കൈപ്പറ്റാനോ ഷാജിക്ക് സുപ്രീം കോടതി അനുമതി നൽകിയിരുന്നില്ല.

ഭരണി കുമാർ കേസ്: 2010 ഒക്ടോബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ പറളി പഞ്ചായത്തിലെ എട്ടാം വാർഡിൽ നിന്ന് മത്സരിച്ച സ്ഥാനാർത്ഥിയായിരുന്നു ഭരണി കുമാർ. വോട്ടർമാർക്ക് പണവും വസ്ത്രങ്ങളും നൽകി സ്വാധീനിക്കാൻ ശ്രമിച്ചു എന്നതായിരുന്നു ഇദ്ദേഹത്തിനെതിരെയുള്ള പ്രധാന ആരോപണം.തിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ചുവെങ്കിലും, വോട്ടർമാരെ സ്വാധീനിക്കാൻ അഴിമതി കാണിച്ചു എന്ന് കാണിച്ച് എതിർ സ്ഥാനാർത്ഥി കോടതിയെ സമീപിച്ചു. പാലക്കാട് പ്രിൻസിപ്പൽ മുൻസിഫ് കോടതി വോട്ടർമാരെ പണം നൽകി സ്വാധീനിച്ചു എന്നത് ശരിവെക്കുകയും ഭരണി കുമാറിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കുകയും ചെയ്തു. കേരള മുനിസിപ്പാലിറ്റി/പഞ്ചായത്ത് രാജ് നിയമങ്ങളിലെ അഴിമതിയുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരമാണ് ഇദ്ദേഹത്തെ അയോഗ്യനാക്കിയത്.

ശോഭ സുരേന്ദ്രനെതിരെയുള്ള ആരോപണം വോട്ടർമാരെ നേരിട്ട് പണം നൽകി സ്വാധീനിച്ചു എന്നതായതിനാൽ, തിരഞ്ഞെടുപ്പ് കമ്മീഷൻ സമർപ്പിക്കുന്ന റിപ്പോർട്ട് അതീവ നിർണ്ണായകമാണ്. പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കമ്മീഷൻ കണ്ടെത്തുകയോ കോടതി നടപടികളിലേക്ക് പ്രശ്നം നീങ്ങുകയോ ചെയ്താൽ അത് തിരഞ്ഞെടുപ്പ് ഫലത്തെയും സ്ഥാനാർത്ഥിയുടെ യോഗ്യതയെയും ഒരുപോലെ ബാധിക്കും.

English Summary: Shobha Surendran note-for-vote controversy in Palakkad raises serious legal and political questions under Indian election laws, BJP Kerala strategy at risk amid bribery allegations and ongoing investigation