Explainer

മോദി, ആർഎസ്എസ് പരാമർശങ്ങൾ ഒഴിവാക്കണമെന്ന് പെൻഗ്വിൻ: വിട്ടുവീഴ്ചയില്ലെന്ന് സോണിയ, പുസ്തകം ഇന്ത്യയിൽ ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരിക്കും

ഈ മൂന്നോ നാലോ സുപ്രധാന ഭാ​ഗങ്ങൾ ഒഴിവാക്കാനോ, എഡിറ്റ് ചെയ്യാനോ ആണ് പെൻ​ഗ്വിൻ ഇന്ത്യ ആവശ്യപ്പെട്ടത്.

Madism Desk

സോണിയ ​ഗാന്ധിയുടെ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയായ ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ് ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്നത്. ലോകമെമ്പാടും നവംബർ 10ന് പെൻ​ഗ്വിൻ റാൻഡം ഹൗസിന്റെ ഉപസ്ഥാപനമായ ആൽഫ്രഡ് എ ക്നോഫ് ഈ പുസ്തകം പുറത്തിറക്കുമ്പോൾ, ഇന്ത്യയിലെ പ്രസാധന അവകാശത്തിൽ നിന്നും പെൻ​ഗ്വിൻ ഇന്ത്യ പിന്മാറിയതാണ് പുതിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആർഎസ്എസിനെയും കുറിച്ചുള്ള ചില വിമർശനാത്മക പരാമർശങ്ങളും, മോദി സർക്കാരിന്റെ കാലത്ത് ഇന്ത്യയിലേക്ക് ചൈന നടത്തിയ കടന്നുകയറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പുസ്തകത്തിൽ നിന്നും ഒഴിവാക്കാൻ പ്രസാധകർ ആവശ്യപ്പെട്ടെന്നും എന്നാൽ സോണിയ ഗാന്ധി ഇതിന് വഴങ്ങിയില്ലെന്നുമാണ് പുറത്തുവരുന്ന പ്രധാന വിവരം. തന്റെ ജീവിതകഥയിൽ യാതൊരുവിധത്തിലുള്ള മാറ്റങ്ങളും വരുത്താനോ സത്യങ്ങൾ മറച്ചുവെക്കാനോ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് അവർ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചകളെ കുറിച്ചും അദ്ദേഹത്തെക്കുറിച്ചുള്ള തന്റെ വ്യക്തിപരമായ വിലയിരുത്തലുകളും സോണിയ ​ഗാന്ധി പുസ്തകത്തിൽ വളരെ വിശദമായി തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. 2004ൽ ​ഗുജറാത്തിൽ നടന്ന ഒരു റാലിയിൽ മോദി തന്നെ ജേഴ്സി പശു എന്ന് വിളിച്ച് അധിക്ഷേപിച്ച കാര്യങ്ങളും ഇതിൽ തുറന്നെഴുതിയിട്ടുണ്ട്. കൂടാതെ മറ്റ് പ്രധാനമന്ത്രിമാരുമായും മോദിയെ താരതമ്യം ചെയ്യുന്ന ചില ഭാ​ഗങ്ങളും പുസ്തകത്തിലുണ്ട്.

ഇന്ത്യ-ചൈന അതിർത്തിയിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ നടന്ന ചൈനീസ് കടന്നുകയറ്റങ്ങളെ കുറിച്ചുള്ള നിശിതമായ വിമർശനങ്ങളും ആർഎസ്എസിനെതിരെയുള്ള ചില പരാമർശങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഈ മൂന്നോ നാലോ സുപ്രധാന ഭാ​ഗങ്ങൾ ഒഴിവാക്കാനോ, എഡിറ്റ് ചെയ്യാനോ ആണ് പെൻ​ഗ്വിൻ ഇന്ത്യ ആവശ്യപ്പെട്ടത്. താൻ എഴുതുന്നത് വെറും കഥയല്ലെന്നും തന്റെ ജീവിതത്തിൽ സംഭവിച്ച യാഥാർത്ഥ്യങ്ങളാണെന്നും വ്യക്തമാക്കിക്കൊണ്ട് അവർ ഈ ആവശ്യങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞു.

ഈ സംഭവത്തോടെ പെൻ​ഗ്വിൻ ഇന്ത്യക്കെതിരെ രൂക്ഷ​മായ വിമർശനങ്ങളുമായി കോൺ​ഗ്രസ് നേതാക്കൾ രം​ഗത്തെത്തിയിട്ടുണ്ട്. പുസ്തകത്തിലെ വിവരങ്ങൾ തിരുത്താൻ ആവശ്യപ്പെട്ടതിന് പിന്നിൽ കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള ഇടപെടലുകളും കടുത്ത സമ്മർദ്ദവുമുണ്ടെന്നാണ് മുതിർന്ന നേതാക്കളായ അശോക് ​ഗെലോട്ട്, കമൽനാഥ് തുടങ്ങിയവർ ആരോപിക്കുന്നത്. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള നീക്കങ്ങളുടെ ഭാ​ഗമാണിതെന്നും ലോകമെമ്പാടും യാതൊരു മാറ്റങ്ങളുമില്ലാതെ പ്രസിദ്ധീകരിക്കുന്ന ഒരു പുസ്തകം ഇന്ത്യയിൽ മാത്രം വെട്ടിത്തിരുത്താൻ ആവശ്യപ്പെടുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും കോൺ​ഗ്രസ് ഉന്നയിച്ചു.

സത്യങ്ങളെ മൂടിവെക്കാനും സെൻസർ ചെയ്യാനുമുള്ള ഭരണകൂടത്തിന്റെ ശ്രമമാണ് ഇതിന് പിന്നിൽ. മുൻ പ്രതിപക്ഷ നേതാവും യുപിഎ അധ്യക്ഷയുമായിരുന്ന ഒരു മുതിർന്ന നേതാവ് എന്ത് എഴുതണം, എന്ത് എഴുതരുത് എന്ന് തീരുമാനിക്കുന്നത് പ്രസാധകരല്ലെന്നും ഇതിന് പിന്നിലെ ബാഹ്യ ഇടപെടലുകൾ വളരെ വ്യക്തമാണെന്നും കോൺഗ്രസ് ആരോപിക്കുന്നു.

എന്നാൽ, പുസ്തകത്തിലെ എഡിറ്റിങ്ങുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്നാണ് കരാർ റദ്ദായതെന്ന വാർത്തകൾ പെൻ​ഗ്വിൻ ഇന്ത്യ നിഷേധിച്ചിട്ടുണ്ട്. പുസ്തകത്തിലെ വസ്തുതകൾ പരിശോധിക്കുന്നതും മാറ്റങ്ങൾ നിർദേശിക്കുന്നതും ഒരു പ്രസാധകർ എന്ന നിലയിൽ തങ്ങളുടെ അവകാശവും ഉത്തരവാദിത്തവുമാണെന്നും ഇത് പ്രസിദ്ധീകരണ രം​ഗത്തെ സാധാരൻ നടപടിക്രമം മാത്രമാണെന്നുമാണ് അവർ നൽകുന്ന വിശദീകരണം. പുസ്തകം പ്രസിദ്ധീകരിക്കാൻ തങ്ങൾക്ക് താല്പര്യമുണ്ടായിരുന്നു എന്നും പ്രസാധകർ പറയുന്നു. എന്നാൽ ഈ വാദത്തെ കോൺഗ്രസ് പൂർണ്ണമായും തള്ളിക്കളഞ്ഞു. പെൻഗ്വിൻ അവരുടെ ആഗോള പതിപ്പിൽ ഈ പുസ്തകം യാതൊരു മാറ്റങ്ങളുമില്ലാതെ പ്രസിദ്ധീകരിക്കുമ്പോൾ, ഇന്ത്യയിലെ പ്രസാധകർ മാത്രം 'വസ്തുതാ പരിശോധന' എന്ന് പറഞ്ഞ് മാറ്റങ്ങൾ ആവശ്യപ്പെടുന്നത് തികച്ചും പരിഹാസ്യമാണെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി.

ഇന്ത്യ- ചൈന ബന്ധത്തെക്കുറിച്ചും ഇന്ത്യൻ അതിർത്തിയിലേക്കുള്ള ചൈനയുടെ കടന്നുകയറ്റത്തെ കുറിച്ചുമുള്ള പുസ്തകത്തിലെ പരാമർശങ്ങളാണ് പെൻ​ഗ്വിൻ ഇന്ത്യയെ ചൊടിപ്പിച്ച മറ്റൊരു പ്രധാനകാര്യം. യഥാർത്ഥ നിയന്ത്രണ രേഖയിലെ ചൈനീസ് കടന്നുകയറ്റത്തിൽ കേന്ദ്ര സർക്കാർ കള്ളം പറയുകയാണെന്ന് ആരോപിച്ച് സോണിയ ​ഗാന്ധിയും രാഹുൽ ​ഗാന്ധിയും നിരന്തരം രം​ഗത്തുവരാറുണ്ട്. ഇതിനോട് ചേർത്ത് വായിക്കേണ്ട മറ്റൊരു പ്രധാന സംഭവം മുൻ കരസേന മേധാവി ജനറൽ എം എം നരവനെയുടെ ഇതുവരെ പ്രസിദ്ധികരിക്കാത്ത ആത്മകഥയുമായി ബന്ധപ്പട്ട് ഉണ്ടായതാണ്. ശ്രദ്ധേയമായ കാര്യം നരവനെയുടെ ഈ പുസ്തകം പ്രസിദ്ധീകരിക്കാൻ ചുമതലപ്പെടുത്തിയിരുന്നതും ഇതേ പെൻഗ്വിൻ ഇന്ത്യയെ തന്നെയായിരുന്നു എന്നതാണ്.

കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ബജറ്റ് സമ്മേളനത്തിൽ നരവനെയുടെ ഈ പുസ്തകവുമായി ബന്ധപ്പെട്ട് വലിയ പ്രതിപക്ഷ പ്രതിഷേധങ്ങളാണ് പാർലമെന്റിൽ അരങ്ങേറിയത്. നരവനെയുടെ പുസ്തകത്തിലെ ചില ഭാ​ഗങ്ങൾ ഉദ്ധരിച്ചുള്ള ഒരു മാ​ഗസിൻ ലേഖനത്തെ കുറിച്ച് സംസാരിക്കാൻ രാഹുൽ ​ഗാന്ധി ശ്രമിച്ചെങ്കിലും ചട്ടങ്ങൾ ചൂണ്ടിക്കാട്ടി സ്പീക്കർ ഓം ബിർളയും മുതിർന്ന മന്ത്രിമാരും അത് തടഞ്ഞു. ചൈനീസ് സൈന്യം നമ്മുടെ അതിർത്തി കടന്നുവന്ന നിർണായക സമയത്ത് തീരുമാനങ്ങളെടുക്കാൻ പ്രധാനമന്ത്രി കരസേനാ മേധാവിയെ കാത്തുനിൽക്കാൻ പ്രേരിപ്പിച്ചെന്നും, ഒടുവിൽ 'നിങ്ങൾക്ക് ഉചിതമെന്ന് തോന്നുന്നത് ചെയ്യുക' എന്ന് മാത്രമാണ് പ്രധാനമന്ത്രി പറഞ്ഞതെന്നും രാഹുൽ ഗാന്ധി അന്ന് ആരോപിച്ചിരുന്നു.

രാഷ്ട്രീയ നേതൃത്വം തങ്ങളെ ഒറ്റപ്പെടുത്തിയെന്ന തോന്നൽ സൈന്യത്തിനുണ്ടായെന്ന് ഈ പുസ്തകം വെളിപ്പെടുത്തുന്നുണ്ട്. അന്ന് പാർലമെന്റിന് പുറത്ത് നരവനെയുടെ പുസ്തകവുമായി എത്തിയ രാഹുൽ ഗാന്ധി, പ്രധാനമന്ത്രി പാർലമെന്റിൽ വന്നാൽ താനിത് അദ്ദേഹത്തിന് നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ചൈനീസ് വിഷയത്തിൽ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന പുസ്തകങ്ങളോട് പെൻഗ്വിൻ ഇന്ത്യ കാണിക്കുന്ന ഈ വിമുഖത വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

പെൻ​ഗ്വിൻ പിന്മാറിയതോടെ ഹാർപ്പർ കോളിൻസ് ആയിരിക്കും സോണിയ ​ഗാന്ധിയുടെ പുസ്തകം ഇനി ഇന്ത്യയിൽ പ്രസിദ്ധീകരിക്കുക. അന്താരാഷ്ട്ര പതിപ്പിൽ സോണിയ ​ഗാന്ധിയുടെ മുഖം വ്യക്തമാക്കുന്ന ക്ലോസ് അപ്പ് ചിത്രമാണ് കവറെങ്കിൽ, ഇന്ത്യൻ പതിപ്പിൽ രാജീവ് ​ഗാന്ധി പകർത്തിയ സാരിയുടുത്തുള്ള സോണിയയുടെ ചിത്രമായിരിക്കും കവർ പേജിൽ ഉണ്ടാവുക എന്നാണ് പുറത്തുവരുന്ന വിവരം.

Sonia Gandhi’s upcoming memoir, Belonging: A Journey of Love, faced a major hurdle in India after Penguin Random House India (PRHI) withdrew from the publishing deal. The breakdown occurred because Gandhi firmly refused PRHI’s requests to remove or edit critical passages concerning Prime Minister Narendra Modi, the RSS, and the government's handling of Chinese border incursions. While PRHI claimed the edits were standard "fact-checking," Congress leaders alleged severe political pressure to censor facts. The situation mirrors recent controversies surrounding the delayed publication of former Army Chief MM Naravane’s memoir, which also touched upon Chinese border issues. HarperCollins is now expected to publish the Indian edition, featuring a cover photograph taken by former PM Rajiv Gandhi.