Explainer

അറബ് രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇസ്രയേലിന് സ്ഥാനം; പശ്ചിമേഷ്യന്‍ സമാധാന നീക്കങ്ങള്‍ക്കിടെ അബ്രഹാം കരാര്‍ വിപുലീകരണത്തിന് ട്രംപ്

ജൂതമതം, ഇസ്ലാം, ക്രിസ്തുമതം എന്നിവയുടെ പൊതുവായ അബ്രഹാമിക് വേരുകളുടെ പേരില്‍ നാമകരണം ചെയ്യപ്പെട്ട കരാര്‍ 2020 ഓഗസ്റ്റില്‍ പ്രഖ്യാപിക്കുകയും സെപ്റ്റംബര്‍ 15 ന് വാഷിങ്ടണില്‍ വച്ച് ഒപ്പുവയ്ക്കുയും ചെയ്തിരുന്നു.

Madism Desk

ഇറാനുമായി ബന്ധപ്പെട്ട പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലും വിവിധ അറബ് രാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം ഉറപ്പിക്കാൻ അബ്രഹാം അക്കോര്‍ഡ്‌സ് വീണ്ടും ഉയര്‍ത്തി യുഎസ്. മുസ്ലീം ഭൂരിപക്ഷ, അറബ് രാഷ്ട്രങ്ങളോട് അബ്രഹാം ഉടമ്പടികള്‍ വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഹ്വാനം ചെയ്തു. ഇറാന്‍- യുഎസ്, ഇസ്രയേല്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ മുന്‍ കയ്യെടുത്ത് നടത്തുന്ന ചര്‍ച്ചകള്‍ക്കിടെയാണ് അബ്രഹാം കരാര്‍ ശക്തിപ്പെടുത്താനുള്ള ട്രംപിന്റെ നീക്കം.

അബ്രഹാം കരാര്‍

ജൂതമതം, ഇസ്ലാം, ക്രിസ്തുമതം എന്നിവയുടെ പൊതുവായ അബ്രഹാമിക് വേരുകളുടെ പേരില്‍ നാമകരണം ചെയ്യപ്പെട്ട കരാര്‍ 2020 ഓഗസ്റ്റില്‍ പ്രഖ്യാപിക്കുകയും സെപ്റ്റംബര്‍ 15 ന് വാഷിങ്ടണില്‍ വച്ച് ഒപ്പുവയ്ക്കുയും ചെയ്തിരുന്നു. ഇതോടെ ജോര്‍ദാനുശേഷം ഇസ്രയേലിനെ ഔദ്യോഗികമായി അംഗീകരിച്ച ആദ്യത്തെ അറബ് രാജ്യങ്ങളായി യുഎഇയും ബഹ്റൈനും മാറുകയായിരുന്നു. പിന്നാലെ സുഡാനും മൊറോക്കോയും ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ സമ്മതിച്ചു.

ട്രംപ് വീണ്ടും അധികാരത്തിലെത്തിതോടെ 2025 ജൂലൈയില്‍, സിറിയ , ലെബനന്‍ , സൗദി അറേബ്യ എന്നിവയെ ഉള്‍പ്പെടുത്തി കരാറുകള്‍ വികസിപ്പിക്കാന്‍ നീക്കം നടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 2025 ഡിസംബറില്‍, ഇസ്രയേല്‍ സൊമാലിലാന്‍ഡിനെ ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിച്ചതിന് പിന്നാലെ കരാര്‍ വിപൂലീകരിച്ചതായി നെതന്യാഹുവും പ്രഖ്യാപിച്ചു. ഇസ്രയേല്‍, യുഎഇ, ബഹ്റൈന്‍, മൊറോക്കോ, സുഡാന്‍, കസാക്കിസ്ഥാന്‍ എന്നിലയാണ് കരാറിലെ ഔദ്യോഗിക അംഗങ്ങള്‍.

ഇറാന്റെ വര്‍ദ്ധിച്ചുവരുന്ന പ്രാദേശിക സ്വാധീനത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍, വ്യാപാരം, നിക്ഷേപം, പ്രതിരോധ സഹകരണം, തന്ത്രപരമായ ഏകോപനം എന്നിവയ്ക്കാണ് കരാര്‍ മുന്‍ഗണന നല്‍കിയത്. 1979-ല്‍ ഈജിപ്ത് ഇസ്രയേലിനെ അംഗീകരിച്ചതിനുശേഷവും 1994-ല്‍ ജോര്‍ദാന്‍ പിന്തുടര്‍ന്നതിനുശേഷവും ഏറ്റവും വലിയ അറബ്-ഇസ്രയേല്‍ നയതന്ത്ര മുന്നേറ്റമായിട്ടാണ് കരാറുകള്‍ വ്യാപകമായി കാണപ്പെട്ടത്.

ട്രംപിന്റെ നീക്കം

സ്വന്തം സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ച പോസ്റ്റിലാണ് ട്രംപ് അബ്രഹാം കരാരിനെ കുറിച്ച് പരാമര്‍ശിച്ചത്. കരാര്‍ രാജ്യങ്ങള്‍ക്ക് സാമ്പത്തിക, സാമൂഹിക ഉണര്‍വ്' നല്‍കി. മിഡില്‍ ഈസ്റ്റിന് കരുത്തും, സമാധാനവും നല്‍കാന്‍ അബ്രഹാം കരാറുകള്‍ മികച്ചതാണെന്നുമായിരുന്നു ട്രൂത്ത് സോഷ്യലിലെ ട്രംപിന്റെ അവകാശവാദം. ഇറാന്‍ സമാധാന ചര്‍ച്ചകളുമായി ബന്ധപ്പെട്ടാണ് അബ്രഹാം കരാര്‍ വിപുലീകരിക്കാന്‍ ട്രംപ് നീക്കം നടത്തുന്നത്.

'ഇറാന്‍ ഇസ്ലാമിക് റിപ്പബ്ലിക്കുമായുള്ള ചര്‍ച്ചകള്‍ നന്നായി പുരോഗമിക്കുന്നു! കരാറിലെത്തുന്നത് പരാജയപ്പെട്ടാല്‍ യുദ്ധത്തിലേക്ക് മടങ്ങാം. എന്നാല്‍ പ്രത്യാഘാതങ്ങള്‍ ഭീകരമായിരിക്കും എന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

ഇറാനുമായി ഒരു കരാറിലെത്തിയാല്‍ പിറകെ സൗദി അറേബ്യയും ഖത്തറും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അബ്രഹാം കരാറില്‍ ചേരണം. അത് മറ്റ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങള്‍ പിന്തുടരുമെന്നും ട്രംപ് പറഞ്ഞു. ഇറാന്‍ തന്നെ കരാറിന്റെ ഭാഗമാകാനുള്ള സാധ്യതയും അദ്ദേഹം ഉയര്‍ത്തിക്കാട്ടി. അറബ് രാഷ്ട്രങ്ങളിലെ നേതാക്കളുമായി സംസാരിച്ചിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി, പാകിസ്ഥാന്‍ ആര്‍മി ചീഫ് അസിം മുനീര്‍, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസി, ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍, ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ എന്നിവരുമായി ഈ വിഷയം ചര്‍ച്ച ചെയ്തതായി ട്രംപ് പറഞ്ഞു. മേഖലയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കരാര്‍ ഇതാണെന്ന് വിശേഷിപ്പിച്ച ട്രംപ്, കൂടുതല്‍ രാജ്യങ്ങളിലേക്ക് കരാറുകള്‍ വ്യാപിപ്പിക്കാന്‍ തന്റെ പ്രതിനിധികളോട് നിര്‍ദ്ദേശിച്ചതായി പറഞ്ഞു.

എതിര്‍പ്പുയര്‍ത്തി പാകിസ്ഥാന്‍, സൗദിക്കും അതൃപ്തി

'പലസ്തീന്‍ ഇല്ലാതെ ഇസ്രയേല്‍ സാധാരണവല്‍ക്കരണം സാധ്യമല്ല' എന്നാണ് ട്രംപിന്റെ അവകാശവാദത്തില്‍ സൗദി അറേബ്യയുടെ നിലപാട്. വിഷയത്തില്‍ സൗദി ഔദ്യോഗികമായി പ്രതികരിച്ചില്ലെങ്കിലും കരാര്‍ ആടിച്ചേല്‍പ്പിക്കാന്‍ ആകില്ലെന്ന നിലപാടാണ് ഭരണ കൂടത്തിനുള്ളതെന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പരസ്യ പ്രതികരണവുമായി പാകിസ്ഥാന്‍

ഡോണള്‍ഡ് ട്രംപിന്റെ ആഹ്വാനം പരസ്യമായി തള്ളുകയാണ് പാകിസ്ഥാന്‍. ഇസ്രയേലുമായി ബന്ധപ്പെട്ട പ്രത്യയശാസ്ത്ര നിലപാടിന് വിരുദ്ധമായ ഒരു കരാറിലും ഇസ്ലാമാബാദ് പിന്തുണയ്ക്കില്ലെന്ന് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പ്രതികരിച്ചു. ഇസ്രയേലുമായുള്ള ഇടപെടലിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പറയുന്ന വാക്ക് പാലിക്കാന്‍ കഴിയാത്ത ആളുകളുമായി എങ്ങനെ ചര്‍ച്ച സാധ്യമാകും. ഇത്തരം ഒരു നീക്കം പാകിസ്ഥാന്‍ അംഗീകരിക്കുന്നില്ലെന്നും, തങ്ങളുടെ വിദേശകാര്യ നയം ചൂണ്ടിക്കാട്ടി പാക് പ്രതിരോധ മന്ത്രി അറിയിച്ചു.

1967-ന് മുമ്പുള്ള അതിര്‍ത്തികളെ അടിസ്ഥാനമാക്കി കിഴക്കന്‍ ജറുസലേം തലസ്ഥാനമാക്കി ഒരു സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സൃഷ്ടിച്ചതിനുശേഷം മാത്രമേ നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ കഴിയൂ എന്നും പാകിസ്ഥാന്‍ വ്യക്തമാക്കുന്നു.

2020-ല്‍ അബ്രഹാം ഉടമ്പടി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം യുഎഇ, ബഹ്റൈന്‍ തുടങ്ങിയ അടുത്ത ഗള്‍ഫ് സഖ്യകക്ഷികള്‍ ഇസ്രയേലുമായി സാധാരണ ബന്ധം സ്ഥാപിക്കാന്‍ തയ്യാറായപ്പോഴും പാകിസ്ഥാന്‍ വിരുദ്ധ നിലപാട് സ്വീകരിച്ചിരുന്നു. 2020-ല്‍ അന്നത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കരാര്‍ നിരസിച്ചിരുന്നു.

English Summary: Amid rising tensions in West Asia linked to Iran, the United States has renewed efforts to expand the Abraham Accords, which aim to normalize diplomatic ties between Israel and Arab nations. US President Donald Trump called for stronger initiatives to widen the agreement among Muslim-majority Arab countries. Trump’s renewed push comes at a time when Pakistan is reportedly engaging in diplomatic discussions to help ease the Iran-US and Iran-Israel conflicts.