Explainer

ഐടി മേഖലയെ പിടിച്ചുകുലുക്കി ട്രംപ് ഭരണകൂടം; എന്തുകൊണ്ടാണ് പ്രധാന ഇന്ത്യന്‍ ഐടി കമ്പനികളെ ഗ്രീന്‍ കാര്‍ഡ് പരിധിയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തത്

കോഗ്‌നിസന്റ്, ഇന്‍ഫോസിസ്, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, വിപ്രോ, എച്ച്‌സിഎല്‍, ക്യാപ്ജെമിനി എന്നീ ആഗോള ഐടി സേവന കമ്പനികള്‍ക്കൊപ്പം പ്രമുഖ അമേരിക്കന്‍ സാങ്കേതിക കമ്പനികളായ മൈക്രോസോഫ്റ്റ്, അഡോബ് എന്നിവയ്‌ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്

Madism Desk

2009 മുതല്‍ ഈ കമ്പനികള്‍ ഏകദേശം 30 ലക്ഷത്തോളം വിദേശ തൊഴിലാളികള്‍ക്കായി സ്ഥിരതാമസ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും 2,30,000-ത്തിലധികം എച്ച്-1ബി വിസകളും ഒരു ലക്ഷത്തിലധികം പെര്‍മനന്റ് ലേബര്‍ സര്‍ട്ടിഫിക്കേഷനുകളും കൈപ്പറ്റിയതായും അധികൃതര്‍ വ്യക്തമാക്കുന്നു. കുറഞ്ഞ ശമ്പളം നല്‍കി അമേരിക്കന്‍ ജീവനക്കാരെ ഒഴിവാക്കല്‍, വ്യാജ രേഖകള്‍ ചമയ്ക്കല്‍ തുടങ്ങിയ ദുരുപയോഗ ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണം അധികൃതര്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.അമേരിക്കയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളെ ആശങ്കയിലാഴ്ത്തി പ്രമുഖ ഐടി കമ്പനികള്‍ക്കെതിരെ കടുത്ത നടപടിയുമായി യുഎസ് ഭരണകൂടം. വിദേശ തൊഴിലാളികള്‍ക്ക് സ്ഥിരതാമസത്തിനുള്ള ഗ്രീന്‍ കാര്‍ഡ് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കാന്‍ ഉപയോഗിക്കുന്ന 'പെര്‍മനന്റ് ലേബര്‍ സര്‍ട്ടിഫിക്കേഷന്‍' പ്രോഗ്രാമില്‍ നിന്ന് ഇന്ത്യന്‍ ഐടി കമ്പനികളെ യുഎസ് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.

കോഗ്‌നിസന്റ്, ഇന്‍ഫോസിസ്, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, വിപ്രോ, എച്ച്‌സിഎല്‍, ക്യാപ്ജെമിനി എന്നീ ആഗോള ഐടി സേവന കമ്പനികള്‍ക്കൊപ്പം പ്രമുഖ അമേരിക്കന്‍ സാങ്കേതിക കമ്പനികളായ മൈക്രോസോഫ്റ്റ്, അഡോബ് എന്നിവയ്‌ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. അമേരിക്കന്‍ തൊഴിലാളികളുടെ തൊഴിലവസരങ്ങള്‍ കവര്‍ന്നാണ് വിദേശ തൊഴിലാളികളെ ഈ കമ്പനികള്‍ നിയമിച്ചതെന്നും അപേക്ഷകളില്‍ ക്രമക്കേടുകള്‍ നടന്നതായും ചൂണ്ടിക്കാണിച്ചാണ് യുഎസ് ലേബര്‍ സെക്രട്ടറിയുടെ ഉത്തരവ്.

'ലോകത്തിലെ ഏറ്റവും വലിയ ചില ഐടി ഔട്ട്സോഴ്സിംഗ് കമ്പനികളെ 'പെര്‍മനന്റ് ലേബര്‍ സര്‍ട്ടിഫിക്കേഷന്‍' പ്രോഗ്രാമില്‍ നിന്ന് ഞങ്ങള്‍ സസ്‌പെന്‍ഡ് ചെയ്യുകയാണ്. വിദേശ തൊഴിലാളികളെ അമിതമായി ആശ്രയിക്കാന്‍ ഇടയാക്കിയ തട്ടിപ്പുകള്‍ അവസാനിപ്പിക്കും. അമേരിക്കന്‍ ബിസിനസുകളില്‍ ഇനി മുതല്‍ ലോകത്തിലെ ഏറ്റവും മികച്ച സേനയായ അമേരിക്കന്‍ തൊഴിലാളികളെ തന്നെ ആദ്യ പരിഗണന നല്‍കി നിയമിക്കുന്നു എന്ന് ട്രംപ് ഭരണകൂടം ഉറപ്പാക്കും', യു.എസ് ലേബര്‍ സെക്രട്ടറി കീത്ത് സോണ്ടര്‍ലിംഗ് പറഞ്ഞു

2009 മുതല്‍ ഈ കമ്പനികള്‍ ഏകദേശം 30 ലക്ഷത്തോളം വിദേശ തൊഴിലാളികള്‍ക്കായി സ്ഥിരതാമസ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും 2,30,000-ത്തിലധികം എച്ച്-1ബി വിസകളും ഒരു ലക്ഷത്തിലധികം പെര്‍മനന്റ് ലേബര്‍ സര്‍ട്ടിഫിക്കേഷനുകളും കൈപ്പറ്റിയതായും അധികൃതര്‍ വ്യക്തമാക്കുന്നു. കുറഞ്ഞ ശമ്പളം നല്‍കി അമേരിക്കന്‍ ജീവനക്കാരെ ഒഴിവാക്കല്‍, വ്യാജ രേഖകള്‍ ചമയ്ക്കല്‍ തുടങ്ങിയ ദുരുപയോഗ ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണം അധികൃതര്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

എന്താണ് 'പെര്‍മനന്റ് ലേബര്‍ സര്‍ട്ടിഫിക്കേഷന്‍' പ്രോഗ്രാം?

തൊഴില്‍ അധിഷ്ഠിത ഗ്രീന്‍ കാര്‍ഡിനായി വിദേശ ജീവനക്കാരെ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് മുന്നോടിയായി തൊഴിലുടമകള്‍ നേടേണ്ട ലേബര്‍ സര്‍ട്ടിഫിക്കേഷന്‍ സംവിധാനമാണ് 'പെര്‍മനന്റ് ലേബര്‍ സര്‍ട്ടിഫിക്കേഷന്‍'. ഒരു വിദേശിയ്ക്ക് സ്ഥിരതാമസം നല്‍കുന്നതിനു മുമ്പ് യുഎസ് പൗരന്മാരുടെ തൊഴിലിനെയോ വേതനത്തെയോ ബാധിക്കില്ലെന്ന് ഉറപ്പാക്കലാണ് ഇതിന്റെ ലക്ഷ്യം. നിശ്ചിത വേതനം വാഗ്ദാനം ചെയ്തിട്ടും അമേരിക്കന്‍ പൌരന്മാര്‍ ജോലിക്ക് ലഭ്യമല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് കമ്പനികള്‍ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ അപേക്ഷ നല്‍കുന്നത്.

പെര്‍മനന്റ് ലേബര്‍ സര്‍ട്ടിഫിക്കേഷന്‍ അപേക്ഷ സ്വീകരിക്കുന്ന തീയതിയാണ് ജീവനക്കാരന്റെ ഗ്രീന്‍ കാര്‍ഡ് ക്യൂവിലെ സ്ഥാനം നിര്‍ണ്ണയിക്കുന്നത്. താല്‍ക്കാലികമായി ജോലി ചെയ്യാന്‍ അനുവദിക്കുന്ന എച്ച്-1ബി വിസയില്‍ നിന്ന് വ്യത്യസ്തമായി, സ്ഥിരതാമസം സാധ്യമാക്കുന്ന പ്രക്രിയയിലെ ആദ്യ പടിയാണ് പെര്‍മനന്റ് ലേബര്‍ സര്‍ട്ടിഫിക്കേഷന്‍.

ഇന്ത്യന്‍ ജീവനക്കാരെ എങ്ങനെ ബാധിക്കും?

ഈ സസ്‌പെന്‍ഷന്‍ നിലനില്‍ക്കുന്നിടത്തോളം കാലം ബാധിക്കപ്പെട്ട കമ്പനികള്‍ക്ക് തങ്ങളുടെ ജീവനക്കാര്‍ക്കായി പുതിയ പെര്‍മനന്റ് ലേബര്‍ സര്‍ട്ടിഫിക്കേഷന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സാധിക്കില്ല. ഇത് ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളില്‍ വലിയ പ്രതിസന്ധിയുണ്ടാക്കും. പെര്‍മനന്റ് ലേബര്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോസസ് ആരംഭിക്കാന്‍ കഴിയാത്തതിനാല്‍ ജീവനക്കാര്‍ക്ക് 'പ്രയോറിറ്റി ഡേറ്റ്' ലഭിക്കില്ല. നിലവില്‍ തന്നെ ദശാബ്ദങ്ങളുടെ കാത്തിരിപ്പ് നേരിടുന്ന ഇന്ത്യന്‍ അപേക്ഷകര്‍ക്ക് ഇത് പ്രക്രിയ വീണ്ടും നീണ്ടുപോകാന്‍ ഇടയാക്കും.

സാധാരണയായി ആറു വര്‍ഷമാണ് എച്ച്-1ബി വിസയുടെ പരമാവധി കാലാവധി. എന്നാല്‍ ആറു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് പെര്‍മനന്റ് ലേബര്‍ സര്‍ട്ടിഫിക്കേഷന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ വിസ കാലാവധി നീട്ടിയെടുക്കാന്‍ നിയമപ്രകാരം സാധിക്കുമായിരുന്നു. പുതിയ അപേക്ഷകള്‍ തടസ്സപ്പെട്ടതോടെ ആറു വര്‍ഷത്തോട് അടുക്കുന്ന ജീവനക്കാരുടെ വിസ പുതുക്കല്‍ അനിശ്ചിതത്വത്തിലാകും. നിലവില്‍ പെര്‍മനന്റ് ലേബര്‍ സര്‍ട്ടിഫിക്കേഷന്‍ അപേക്ഷ അംഗീകരിക്കപ്പെടുകയും ഗ്രീന്‍ കാര്‍ഡ് നമ്പറിനായി കാത്തിരിക്കുകയും ചെയ്യുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ എച്ച്-1ബി വിസ നീട്ടിയെടുക്കാനുള്ള വ്യവസ്ഥകള്‍ തടസ്സമില്ലാതെ തുടരും.

The Trump administration has reportedly suspended several major IT companies from the US Department of Labor’s Permanent Labor Certification (PERM) programme, raising concerns among thousands of Indian IT professionals working in the United States. The companies named in the report include Cognizant, Infosys, Tata Consultancy Services (TCS), Wipro, HCL, Capgemini, Microsoft and Adobe.