Explainer

യുഡിഎഫ് ഭയക്കുന്നത് പത്തനംതിട്ടയെ!; അമിത ആത്മവിശ്വാസത്തിൽ ഇടതുപക്ഷം

പരമ്പരാ​ഗത ക്രിസ്ത്യൻ വോട്ടുകളും ശബരിമലയിലേത് ഉൾപ്പെടെ വിഷയങ്ങൾ സ്വാധീനിക്കപ്പെടാറുള്ള ഭൂരിപക്ഷ വോട്ട് ബാങ്കുകളുമാണ് പത്തനംതിട്ടയുടെ രാഷ്ട്രീയ ഭാവിയെ നിർണയിച്ചുപോരുന്നത്

Meera Thilakan

കേരളം നിയമസഭ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോൾ, തുടർഭരണ ആത്മവിശ്വാസത്തോടെ ഇടതുപക്ഷവും, ഭരണം തിരികെപ്പിടിക്കാൻ ഐക്യ ജനാധിപത്യ മുന്നണിയും ഒരുങ്ങിക്കഴിഞ്ഞു. ഭരണ വിരുദ്ധ തരം​ഗമുണ്ടെന്ന ആത്മവിശ്വാസം യുഡിഎഫ് പാളയത്തിലുണ്ടെങ്കിലും ചില ജില്ലകളിൽ കോൺ​ഗ്രസിനും ഘടക കക്ഷികൾക്കും മുന്നിലുള്ളത് ആശവഹമായ കണക്കുകളല്ല. ഇത്തരത്തിൽ ബാലികേറമലയായി യുഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ ഏറ്റവും പ്രധാനം പത്തനംതിട്ടയാണ്. വടക്ക്, കോൺ​ഗ്രസ് പതറുന്ന ജില്ലകളിൽ മുസ്ലിം ലീ​ഗിന്റെ പ്രകടനം രക്ഷയ്ക്കെത്താറുണ്ട്. എന്നാൽ പത്തനംതിട്ടയിൽ അത്തരമൊരു സഖ്യകക്ഷി ശക്തിയും കോൺ​ഗ്രസിനില്ല.

1982 നവംബർ 1നാണ്, കേരളത്തിലെ 13മത് ജില്ലയായി പത്തനംതിട്ട രൂപീകൃതമാകുന്നത്. 2642 ചതുരശ്ര കിലോമീറ്റർ വിസ്‌തീർണമുള്ള ജില്ലയിൽ, 2 റവന്യൂ ഡിവിഷനുകളും 6 താലൂക്കുകളും, 9 ബ്ലോക്കുകളും, 57 ഗ്രാമപ്പഞ്ചായത്തുകളും 4 നഗരസഭകളും ഉൾക്കൊള്ളുന്നുണ്ട്. ജില്ലയിൽ തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂർ എന്നീ അഞ്ച് നിയമസഭാ മണ്ഡലങ്ങളാണുള്ളത്. പരമ്പരാ​ഗത ക്രിസ്ത്യൻ വോട്ടുകളും ശബരിമലയിലേത് ഉൾപ്പെടെ വിഷയങ്ങൾ സ്വാധീനിക്കപ്പെടാറുള്ള ഭൂരിപക്ഷ വോട്ട് ബാങ്കുകളുമാണ് പത്തനംതിട്ടയുടെ രാഷ്ട്രീയ ഭാവിയെ നിർണയിച്ചുപോരുന്നത്.

തിരുവല്ല

യുഡിഎഫ് സഖ്യത്തിന് വലിയ പിന്തുണ ലഭിക്കാത്ത മണ്ഡലങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് തിരുവല്ല. 2006 മുതൽ ജെഡിഎസ് നേതാവ് മാത്യു ടി തോമസിലൂടെ എൽഡിഎഫ് കോട്ടയായി ചരിത്രമാണ് മണ്ഡലത്തിനുള്ളത്. ഏഴാം തവണയും മാത്യു ടി തോമസ് പോരിനിറങ്ങുമ്പോൾ പാർട്ടി ചിഹ്നത്തെക്കാൾ വ്യക്തി പ്രഭാവം വിജയം ഉറപ്പിക്കുമെന്നാണ് വിലയിരുത്തൽ. 1987 ൽ തിരുവല്ലയിൽ നിന്ന് ആദ്യം നിയമസഭയിലെക്കെത്തുന്ന അദ്ദേഹം പിന്നീട് 2006, 2011, 2016, 2021 തിരഞ്ഞെടുപ്പുകളിലും വിജയിച്ചു കയറി. കേരളത്തിന്റെ ജലവിഭവ വകുപ്പ് മന്ത്രിയും ജനപ്രിയനുമായ അദ്ദേഹത്തിന് വലിയ സ്വീകാര്യതയാണ് മണ്ഡലത്തിലുള്ളത്. 1991 മുതൽ 2003 ലെ ഉപതിരഞ്ഞെടുപ്പ് വരെ കേരള കോൺഗ്രസിനൊപ്പം നിന്നുരുന്ന മണ്ഡലം പിന്നീട് മാത്യു ടി തോമസിലേക്ക് എത്തുകയായിരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം കേരള കോൺഗ്രസിനോട് വലിയ പോരാട്ടം നടന്ന മണ്ഡലമാണിത്. 2021ൽ കുഞ്ഞി കോശി പോളിനോട് 11000 വോട്ടുകളുടെ ഭൂരിപക്ഷമാണ് മാത്യു ടി തോമസ് ഉറപ്പിച്ചത്. 2016 ൽ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ ജോസഫ് എം പുതുശ്ശേരിയോടുള്ള കടുത്ത പോരാട്ടത്തിനൊടുവിൽ, 8262 വോട്ടുകളുടെ ഭൂരിപക്ഷവും അദ്ദേഹം ഉറപ്പിച്ചിരുന്നു. കഴിഞ്ഞ തവണ മാണി ഗ്രൂപ്പിന്റെ വോട്ടുകൾ നൽകിയ ആശ്വാസം ഇത്തവണയും മാത്യു ടി തോമസിന് ഗുണമാവുമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. എന്നാൽ, കാലങ്ങളായുള്ള ഭരണത്തിലെ നീരസവും, ഭരണവിരുദ്ധ വികാരവും തിരുവല്ലയിൽ യുഡിഎഫ് ഉയർത്തിക്കാട്ടുമെന്നാണ് വിലയിരുത്തൽ.

2026ലെ പോരിനിവർ

എൽഡിഎഫ്- മാത്യു ടി തോമസ്

യുഡിഎഫ് - അഡ്വ. വർഗീസ് മാമ്മൻ

എൻഡിഎ- അനൂപ് ആൻറണി

റാന്നി

1996 മുതൽ 2021 വരെ ഇടതുപക്ഷത്തിന് സ്വന്തമായ മണ്ഡലമാണിത്. 1991ലാണ് അവസാനമായി കോൺഗ്രസിന് വിജയം നൽകിയത്. 2021ലെ തിരഞ്ഞെടുപ്പിൽ വലിയൊരു ഭൂരിപക്ഷം എൽഡിഎഫിന് ആവിശ്യപ്പെടാനാവാത്ത മണ്ഡലമാണ് റാന്നി. 1285 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രമോദ് നാരായണൻ, കോൺഗ്രസിന്റെ റിങ്കു ചെറിയനോട് മത്സരിച്ച് വിജയം ഉറപ്പിച്ചത്. 1996 മുതൽ 2016 വരെ രാജു എബ്രഹാമിലൂടെ സിപിഐഎം നേടി കൊണ്ടിരുന്ന മണ്ഡലത്തിൽ 2016ൽ, 14596 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇടതുപക്ഷം സ്വന്തമാക്കിയത്. എന്നാൽ 2011ൽ കോൺഗ്രസിന്റെ പീലിപ്പോസ്‌ തോമസിനോട് 6614 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സിപിഐഎം മണ്ഡലം പിടിച്ചെടുത്തത്. 2021ലെ സ്ഥാനാർത്ഥി തന്നെ ഇത്തവണയും മത്സരത്തിനിറങ്ങുമ്പോൾ, ഭൂരിപക്ഷം ഉയർത്താനുള്ള തയ്യാറെടുപ്പുകളാണ് ഇത്തവണ പാർട്ടി തീരുമാനിച്ചിട്ടുള്ളത്.

കോൺ​ഗ്രസിന്റെ പ്രത്യശാസ്ത്ര സംവാദ വേദികളിൽ സ്ഥിര സാന്നിധ്യമായ പഴകുളം മധുവിനെയാണ് ഇത്തവണ യുഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്. നേരത്തെ ബിജെപി-സിപിഐഎം ഡീൽ ആരോപണം നേരിട്ട മണ്ഡലം കൂടിയാണ് റാന്നി. പഴകുളം മധുവിനെ തോൽപ്പിക്കാൻ എൻഡിഎ ദുർബല സ്ഥാനാർത്ഥിയെ നിർത്തിയെന്നും ആരോപണമുണ്ട്. അതേസമയം കഴിഞ്ഞ തവണത്തെ നേരിയ ഭൂരിപക്ഷം ഭരണവിരുദ്ധ തരം​ഗത്തിൽ സിപിഐഎമ്മിന് നഷ്ടപ്പെടുമെന്നാണ് കോൺ​ഗ്രസ് പാളയത്തിന്റെ വിലയിരുത്തൽ.

2026 ലെ പോരിനിവർ

എൽഡിഎഫ്- പ്രമോദ് നാരായണൻ

യുഡിഎഫ് - പഴകുളം മധു

എൻഡിഎ (ട്വന്റി 20) - തോമസ് കെ സാമുവേൽ

ആറന്മുള

കോൺഗ്രസിന് പത്തനംതിട്ട ജില്ലയിൽ കടുത്ത മത്സരം ഉറപ്പിക്കാവുന്ന, ഇഞ്ചോടിഞ്ച് പോരാട്ടം ജനങ്ങൾക്ക് കാണാൻ കഴിയുന്ന മണ്ഡലമാണ് ആറന്മുള. സിപിഐഎമ്മും കോൺഗ്രസിനും ഒരുപോലെ പിന്തുണ നൽകി വന്ന മണ്ഡലങ്ങളിലൊന്ന്.! 2011ലും 2001ലും എല്ലാം കോൺഗ്രസ് വിജയിച്ചു കയറിയ മണ്ഡലം കൂടിയാണിത്. 2016 ലാണ് ഇപ്പോഴത്തെ കേരളത്തിന്റെ ആരോഗ്യമന്ത്രി വീണ ജോർജിലൂടെ ഇടതുപക്ഷം ആറന്മുള പിടിച്ചെടുക്കുന്നത്. ഇതോടെ ആറന്മുളയുടെ രാഷ്ട്രീയം മാറി മറഞ്ഞു.

നിലവിൽ ആരോഗ്യരംഗത്തെ പ്രശ്നങ്ങളും, ഭരണത്തിലെ വീഴ്ചകളും ചൂണ്ടിക്കാണിച്ചാവും യു ഡിഎഫ് തിരഞ്ഞെടുപ്പ് ​ഗോദയിലിറങ്ങുക. കൂടാതെ, അബിൻ വർക്കിക്ക് യുവാക്കൾക്കിടയിലെ സ്വീകാര്യതയും വിജയം ഉറപ്പിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. 2016ൽ കോൺഗ്രസിന്റെ കെ ശിവദാസൻ നായരുമായി നടന്ന തിരഞ്ഞെടുപ്പിൽ 7646 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ വീണ ജോർജ്, 2021 ൽ കെ ശിവദാസൻ നായരുമായി തന്നെ 19003 വോട്ടുകളുടെ ഭൂരിപക്ഷം ഉറപ്പിച്ചിരുന്നു.

അതേസമയം മറ്റു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയത്തിൽ നിന്നും വ്യത്യസ്തമായി സാമുദായിക വോട്ടുകൾ ഉറപ്പിക്കാൻ ബിജെപി ശ്രമിക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണിത്. ഇത്തവണ കുമ്മനം രാജശേഖരനാണ് ആറന്മുളയിൽ പോരിനിറങ്ങുന്നത്. ബിജെപിയുടെ സാമ്പ്രദായിക വോട്ടുകളെല്ലാം കുമ്മനം അനായാസം പെട്ടിയിലാക്കുമെന്നതിൽ സംശയവുമില്ല.

2026 ലെ പോരിനിവർ

എൽഡിഎഫ്- വീണ ജോർജ്

യുഡിഎഫ് - അബിൻ വർക്കി

എൻഡിഎ - കുമ്മനം രാജശേഖരൻ

കോന്നി

പത്തനംതിട്ട ജില്ലയിലെ കോൺഗ്രസിന് മുൻ‌തൂക്കം നൽകിയിരുന്ന മണ്ഡലനങ്ങളിലൊന്നാണ് കോന്നി. 1996 മുതൽ 2016 വരെ കോൺഗ്രസ് തട്ടകമായിരുന്നു കോന്നി. അടൂർ പ്രകാശ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ വിധി മാറിയ മണ്ഡലത്തിൽ, ഇത്തവണ ഇഞ്ചോടിഞ്ച് മത്സര സാധ്യത തള്ളിക്കളയാൻ കഴിയില്ല. 2016 ൽ 20748 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ കോൺഗ്രസിന്, ഉപതിരഞ്ഞെടുപ്പിൽ 9953 വോട്ടുകളുടെ തോൽവി സംഭവിച്ചപ്പോൾ ഇടതിന്റെ കെ യു ജനീഷ് കുമാർ മണ്ഡലത്തിൽ സ്ഥാനം ഉറപ്പിച്ചു. എന്നാൽ 2021ൽ ഭൂരിപക്ഷം 8508 വോട്ടുകളിലേക്ക് എത്തിക്കാൻ യുഡിഎഫ് സാധിച്ചിട്ടുണ്ട്. കോന്നിയിൽ യുഡിഎഫിന്റെ പഴയ പ്രതാപം തിരിച്ചു പിടിക്കാനായില്ലെങ്കിൽ മണ്ഡലത്തിന്റെ രാഷ്ട്രീയ ചരിത്രം മാറി മറയും. അതുകൊണ്ടുതന്നെ കോൺഗ്രസിന്റെ വേരോട്ടത്തിന് പത്തനംതിട്ടയിൽ സാധ്യതയുള്ള മണ്ഡലത്തിൽ പുതിയ തന്ത്രങ്ങളായാണ് യുഡിഎഫ് എത്തുക. രാഷ്ട്രീയ അങ്കത്തിൽ ജനങ്ങൾക്കിടയിൽ സ്വീകാര്യനായ സതീഷ് കൊച്ചുപറമ്പിലിനെ യുഡിഎഫ് കളത്തിലിറക്കിയതിനു പിന്നിലും പദ്ധതികളുണ്ടേക്കുമെന്ന് വ്യക്തം.

2026 ലെ പോരിനിവർ

എൽഡിഎഫ്- കെ യു ജനീഷ് കുമാർ

യുഡിഎഫ് - പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ

എൻഡിഎ (ബിജെഡിഎസ്)- ടി പി സുന്ദരേശൻ

അടൂർ

കോന്നിയെപ്പോലെ തിരിച്ചു പിടിക്കാമെന്ന് യുഡിഎഫിന് ആത്മവിശ്വാസമുള്ള മണ്ഡലമാണ് അടൂർ. 1991 മുതൽ 2006 വരെ കോൺഗ്രസിന്റെ വിജയിപ്പിച്ച മണ്ണ് സിപിഐഎമ്മിനോട് അനുഭാവം കാണിച്ചത് 2011ലാണ്. ഇത്തവണ ത്രികോണ മത്സരം നടക്കാനിടയുള്ള മണ്ഡലം കൂടിയാണ് അടൂർ. കഴിഞ്ഞ തിരഞ്ഞെടുപ്പിന് സിപിഐഎമ്മിന് ലഭിച്ചത് 2919 ഭൂരിപക്ഷം മാത്രമാണ്. മണ്ഡലം സിറ്റിംഗ് എംഎൽഎ ആയ ചിറ്റയം ഗോപകുമാറിനെ മാറ്റിയ എൽഡിഎഫ് ഇടത് വിജയം ആവർത്തിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ്. അതേസമയം അഡ്വ. സി വി ശാന്തകുമാർ എന്ന പുതിയമുഖത്തിനെ പരീക്ഷിച്ച് മണ്ഡലം തിരികെ പിടിക്കാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നത്.

2026 ലെ പോരിനിവർ

എൽഡിഎഫ്- പ്രിജി കണ്ണൻ

യുഡിഎഫ് - അഡ്വ. സി വി ശാന്തകുമാർ

എൻഡിഎ - അഡ്വ. പന്തളം പ്രതാപൻ

English Summary: Pathanamthitta is shaping up as a crucial battleground in the Kerala Assembly elections. The LDF seeks to maintain its stronghold, while the UDF faces challenges due to weak alliance support and stiff competition in several constituencies