Explainer

60 ദിവസത്തെ ഉപരോധ ഇളവും ചൈനയും: ഇറാന്‍ എണ്ണയോട് ഇന്ത്യ അകലം പാലിക്കുമോ? കാരണങ്ങള്‍ ഇതാ

ഇറാന്റെ പെട്രോളിയം മേഖലയ്ക്ക് യുഎസ് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവിടുത്തെ സാമ്പത്തിക- ബാങ്കിങ് മേഖല ഇപ്പോഴും കടുത്ത യുഎസ് ഉപരോധത്തിലാണ്. അതിനാല്‍ എണ്ണവ്യാപാരത്തില്‍ പണമിടപാടുകള്‍ക്കും ലോജിസ്റ്റിക്‌സിനും വലിയ തടസ്സങ്ങളുണ്ട്.

Madism Desk

അന്താരാഷ്ട്ര എണ്ണ വിപണിയിലേയ്ക്ക് ഇറാനിയന്‍ എണ്ണയുടെ തിരിച്ചുവരവിന് വഴിതുറന്നിരിക്കുകയാണ്. ഇറാന്റെ അസംസ്‌കൃത എണ്ണ, പെട്രോളിയം ഉല്‍പന്നങ്ങള്‍, പെട്രോകെമിക്കലുകള്‍ എന്നിവയുടെ ഉത്പാദനവും വിതരണവും വില്‍പനയും താല്‍ക്കാലികമായി അനുവദിച്ചുകൊണ്ട് യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് 60 ദിവസത്തെ ഉപരോധ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 21 വരെ നീളുന്ന ഈ ഇളവിനൊപ്പം ഇറാന്റെ തുറമുഖങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന നാവിക ഉപരോധം നീക്കുമെന്നും അമരിക്ക ഉറപ്പുനല്‍കുന്നു. വര്‍ഷങ്ങളായി പ്രധാനമായും ചൈനയിലേക്ക് മാത്രം ചുരുങ്ങിപ്പോയ തങ്ങളുടെ എണ്ണ കയറ്റുമതി ആഗോള വിപണിയിലേക്ക് വീണ്ടും വ്യാപിപ്പിക്കാന്‍ ഈ നീക്കം സഹായിക്കുമെന്നാണ് ഇറാന്റെ പ്രതീക്ഷ.

ഒരുകാലത്ത് ഇറാന്‍ അസംസ്‌കൃത എണ്ണയുടെ പ്രധാന ഉപഭോക്താവായിരുന്ന ഇന്ത്യക്ക് ഈ ഉപരോധ ഇളവ് ഒരു സുവര്‍ണ്ണാവസരമാണ് നല്‍കുന്നത്. വാണിജ്യ-വ്യാപാര ബന്ധങ്ങള്‍ പുനരാരംഭിക്കുന്നതിനായി നാഷണല്‍ ഇറാന്‍ ഓയില്‍ കമ്പനി (എന്‍ഐഒസി), ഇന്ത്യന്‍ റിഫൈനറികള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര എണ്ണക്കമ്പനികളെയും ട്രേഡിങ് ഹൗസുകളെയും യോഗങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമായി സമീപിച്ചുതുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ഈ ഇളവുകളുടെ അടിസ്ഥാനത്തില്‍ ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ സാങ്കേതിക-വാണിജ്യ സാധ്യത (Techno-Commercial Feasibility Study) പരിശോധിക്കുന്നതിനായി ഇന്ത്യന്‍ കമ്പനികള്‍ ഇറാനുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് റിഫൈനിങ് രംഗത്തെ വൃത്തങ്ങള്‍ അറിയിച്ചു.

അസംസ്‌കൃത എണ്ണ തങ്ങളുടെ റിഫൈനറികള്‍ക്ക് സാങ്കേതികമായി അനുയോജ്യമാണോ എന്നും അത് വാങ്ങുന്നത് വാണിജ്യപരമായും ലോജിസ്റ്റിക്‌സ് പരമായും പ്രായോഗികമാണോ എന്നും വിലയിരുത്തുന്ന സമഗ്രമായ പഠനമാണ് 'ടെക്‌നോ-കൊമേഴ്‌സ്യല്‍ ഫീസിബിലിറ്റി സ്റ്റഡി'. വിലക്കിഴിവില്‍ ലഭിക്കുന്ന എണ്ണ സ്വന്തമാക്കാന്‍ റിഫൈനറികള്‍ ശ്രമിക്കുന്നതിനാല്‍ അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഇറാന്റെ എണ്ണക്കപ്പലുകള്‍ ഇന്ത്യയിലേക്ക് എത്തിയേക്കാമെങ്കിലും ഇന്ത്യന്‍ എണ്ണശുദ്ധീകരണ കമ്പനികള്‍ വന്‍തോതില്‍ എണ്ണ വാങ്ങാന്‍ തല്‍ക്കാലം മുതിര്‍ന്നേക്കില്ല എന്നാണ് വ്യവസായ വിദഗ്ധര്‍ വിലയിരുത്തുന്നത്.

60 ദിവസത്തെ ഇളവിന് ശേഷമുള്ള അനിശ്ചിതത്വം

ദുര്‍ബലമായ സമാധാനക്കരാറും ഇറാന്‍ എണ്ണയുടെ ഭാവിയെക്കുറിച്ചുള്ള ദീര്‍ഘകാല വ്യക്തതയില്ലായ്മയും കാരണം ഇന്ത്യന്‍ എണ്ണശുദ്ധീകരണ കമ്പനികള്‍ അതീവ ജാഗ്രതയോടെ നീങ്ങാനേ സാധ്യതയുള്ളൂ. അമേരിക്കയുടെ ഈ ഇളവുകള്‍ ഇറാന്റെ എണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട ലോജിസ്റ്റിക്‌സ്, പണമിടപാട് വെല്ലുവിളികള്‍ പൂര്‍ണ്ണമായി പരിഹരിക്കുമോ എന്ന കാര്യത്തിലും അവ്യക്തതയുണ്ട്. ഉപരോധ ഇളവുകളുടെ കാലാവധി, വില, കിഴിവുകള്‍, പണമിടപാട്, ഇന്‍ഷുറന്‍സ്, ഷിപ്പിങ്, ലോജിസ്റ്റിക്‌സ് തുടങ്ങിയ കാര്യങ്ങളില്‍ ആയിരിക്കും ഇറാന്റെ അസംസ്‌കൃത എണ്ണ വാങ്ങാന്‍ ആഗ്രഹിക്കുന്ന റിഫൈനറികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

ഇറാന്റെ പെട്രോളിയം മേഖലയ്ക്ക് യുഎസ് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവിടുത്തെ സാമ്പത്തിക- ബാങ്കിങ് മേഖല ഇപ്പോഴും കടുത്ത യുഎസ് ഉപരോധത്തിലാണ്. അതിനാല്‍ എണ്ണവ്യാപാരത്തില്‍ പണമിടപാടുകള്‍ക്കും ലോജിസ്റ്റിക്‌സിനും വലിയ തടസ്സങ്ങളുണ്ട്. ഈ കാര്യങ്ങളിലെല്ലാം വ്യക്തത വന്നതിന് ശേഷം മാത്രമേ ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് അന്തിമ തീരുമാനമെടുക്കൂ എന്ന് റിഫൈനറി ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുഎസിന്റെ ഉപരോധങ്ങള്‍ നേരിടേണ്ടി വരുന്നത് ഒഴിവാക്കാന്‍ ഇന്ത്യന്‍ റിഫൈനറികള്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. യുഎസ് ഉപരോധമുള്ള രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ, ഗ്യാസ് വ്യാപാരങ്ങളില്‍ നിന്ന് ഇന്ത്യന്‍ കമ്പനികള്‍ വിട്ടുനില്‍ക്കാറാണ് പതിവ്.

യുഎസിന്റെ ഇളവ് പ്രധാനമായും ഇറാന്റെ എണ്ണ, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, പെട്രോകെമിക്കല്‍ കയറ്റുമതി എന്നിവയ്ക്ക് മാത്രമുള്ളതാണ്, അല്ലാതെ സാമ്പത്തിക മേഖലയ്ക്കുള്ളതല്ല. പണമിടപാടുകള്‍ ഡോളറില്‍ നടത്താന്‍ അനുവദിക്കുമെന്ന് ഇളവ് സംബന്ധിച്ച വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇത് പണമിടപാട് സംബന്ധിച്ച ചില ബുദ്ധിമുട്ടുകള്‍ എങ്കിലും പരിഹരിക്കാന്‍ സഹായിച്ചേക്കാം.

അബുദാബി ആസ്ഥാനമായുള്ള എനര്‍ജി അനലിസ്റ്റ് നതാലിയ കറ്റോണയുടെ അഭിപ്രായത്തില്‍, അസംസ്‌കൃത എണ്ണ വ്യാപാരത്തിന് താല്‍ക്കാലികമായി അനുമതി ലഭിച്ചാലും ബാങ്കിങ് മേഖല ഉപരോധത്തിലായതിനാല്‍ പണമിടപാട്, രേഖകള്‍, സെറ്റില്‍മെന്റ് എന്നിവയുമായി ബന്ധപ്പെട്ട ഫോര്‍മാലിറ്റികള്‍ ആദ്യം പരിഹരിക്കേണ്ടതുണ്ട്. ചൈനീസ് റിഫൈനറികള്‍ തങ്ങളുടെ സ്വന്തം കറന്‍സിയായ 'യുവാന്‍' ഉപയോഗിച്ചാണ് ഇറാനുമായി നേരിട്ട് ഇടപാട് നടത്തുന്നത്. എന്നാല്‍ ഈ മാതൃക പിന്തുടരാന്‍ ഇന്ത്യന്‍ റിഫൈനറികള്‍ക്ക് താല്‍പര്യമില്ല. ഇളവ് വിജ്ഞാപനത്തില്‍ ഡോളര്‍ അധിഷ്ഠിത പണമിടപാടുകള്‍ അനുവദിക്കുമെന്ന് പറയുന്നുണ്ടെങ്കിലും പ്രായോഗിക തലത്തില്‍ ഇത് എത്രത്തോളം സുഗമമാകുമെന്ന് വ്യക്തമല്ല.

മുന്‍കാല അനുഭവങ്ങള്‍

പടിഞ്ഞാറന്‍ ഏഷ്യന്‍ യുദ്ധ കാലയളവില്‍ യുഎസ് ഉപരോധ ഇളവ് നല്‍കിയിരുന്നു. ആ കാലത്തെ വാങ്ങല്‍ രീതി പരിശോധിച്ചാല്‍, ഇന്ത്യ പെട്ടെന്ന് ഇറക്കുമതി വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയില്ലെന്ന് മനസ്സിലാക്കാം. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ഏപ്രിലില്‍ ഇന്ത്യന്‍ റിഫൈനറികള്‍ വീണ്ടും ഇറാനിയന്‍ എണ്ണ വാങ്ങിയെങ്കിലും, അത് ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ വെറും 3 ശതമാനം (5,30,000 ടണ്‍) മാത്രമായിരുന്നു. അന്ന് എണ്ണക്ഷാമം പരിഹരിക്കുക എന്നതായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. എന്നാല്‍ നിലവില്‍ സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ വിതരണം സാധാരണ നിലയിലായാല്‍, ഇറാന്‍ എണ്ണ വാങ്ങുന്നതിലൂടെയുള്ള വലിയ നിയമപരമായ റിസ്‌ക് ഏറ്റെടുക്കാന്‍ ഇന്ത്യ തയ്യാറായേക്കില്ല. ഓഗസ്റ്റ് 21-ന് ശേഷമുള്ള പണമിടപാടുകള്‍ വലിയ നിയമപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍, അവസാന തീയതിയോട് അടുപ്പിച്ച് റിസ്‌ക് എടുക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ ആഗ്രഹിക്കില്ല.

ചൈനയും വിലയിലെ ആശങ്കകളും

ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ നീക്കം സാധാരണ നിലയിലാകുന്നതോടെ ചൈന വീണ്ടും ഇറാന്റെ എണ്ണയുടെ പ്രധാന വാങ്ങലുകാരായി മാറും. ചൈനീസ് ഉപഭോക്താക്കള്‍ക്കും ഇറാന്‍ വില്‍പനക്കാര്‍ക്കുമിടയില്‍ കൃത്യമായ പണമിടപാട് സംവിധാനങ്ങള്‍ നിലവിലുണ്ട്. അതിനാല്‍ ഇറാന്‍ എണ്ണ വാങ്ങണമെങ്കില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ചൈനീസ് കമ്പനികളോട് കടുത്ത മത്സരം നേരിടേണ്ടി വരും.

മറ്റൊരു പ്രധാന ഘടകം വിലയാണ്. മുന്‍പ് ഉപരോധം കാരണം വാങ്ങാന്‍ ആളില്ലാതിരുന്നതിനാലാണ് ഇറാന്‍ വിലകുറച്ച് എണ്ണ വിറ്റിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇളവ് ലഭിച്ചതോടെ ഈ വിലക്കിഴിവുകള്‍ ഗണ്യമായി കുറഞ്ഞേക്കാം. ഇത് റിഫൈനറികളുടെ ലാഭസാധ്യതയെ ബാധിക്കും. നിലവില്‍ കടലില്‍ കപ്പലുകളില്‍ സൂക്ഷിച്ചിരിക്കുന്ന 5 ദശലക്ഷം ബാരലോളം വരുന്ന ഇറാന്‍ എണ്ണ ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യയിലെത്തിക്കാന്‍ സാധിക്കുമെങ്കിലും, ഇതിനായി ചൈനയും ചിലപ്പോള്‍ യുഎസ് കമ്പനികളും രംഗത്തെത്താന്‍ സാധ്യതയുള്ളതിനാല്‍ വലിയ മത്സരം ഉണ്ടായേക്കാം.

ഇന്ത്യക്ക് സമ്മര്‍ദ്ദമില്ല

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇന്ത്യ തങ്ങളുടെ എണ്ണ ഇറക്കുമതി ഉറവിടങ്ങള്‍ ഗള്‍ഫ് മേഖലയ്ക്ക് പുറത്തേക്ക്, ഉദാഹരണത്തിന് റഷ്യ പോലുള്ള രാജ്യങ്ങളിലേക്ക് വന്‍തോതില്‍ വൈവിധ്യവല്‍ക്കരിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ ഏഷ്യന്‍ പ്രതിസന്ധിയുടെ ഘട്ടത്തില്‍ പോലും രാജ്യത്ത് ആവശ്യത്തിന് എണ്ണ ലഭ്യത ഉറപ്പാക്കാന്‍ ഇതോടെ സാധിച്ചു. ചുരുക്കത്തില്‍, ആഗോളതലത്തില്‍ എണ്ണ വിതരണത്തില്‍ കുറവുണ്ടായാല്‍ പോലും ഇറാനില്‍ നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യന്‍ റിഫൈനറികള്‍ക്ക് മേല്‍ യാതൊരുവിധ സമ്മര്‍ദ്ദവുമില്ല.

ഇന്ത്യയുടെ ഇറാന്‍ എണ്ണ ഇറക്കുമതി

ഇറാന്‍ എണ്ണ വാങ്ങുന്ന പ്രധാന രാജ്യങ്ങള്‍ക്ക് യുഎസ് നല്‍കിയിരുന്ന ഉപരോധ ഇളവ് 2019 മെയ് മാസത്തില്‍ അവസാനിച്ചതിന് ശേഷം ഇന്ത്യ ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്തിട്ടില്ല. അതിനുമുമ്പ്, ട്രംപ് അധികാരമേല്‍ക്കുന്നതിന് മുന്‍പുള്ള ഉപരോധ കാലഘട്ടങ്ങളില്‍ പോലും ഇന്ത്യ ഇറാനില്‍ നിന്ന് സ്ഥിരമായി എണ്ണ വാങ്ങിയിരുന്നു. 2009-10 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ ഇറാനില്‍ നിന്ന് 22.1 ദശലക്ഷം ടണ്‍ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇത് ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ 14.4 ശതമാനം ആയിരുന്നു. എന്നാല്‍ ഇറാനെതിരെയുള്ള അന്താരാഷ്ട്ര ഉപരോധങ്ങള്‍ കര്‍ശനമാക്കിയതോടെ ഇറക്കുമതിയുടെ അളവ് കുറഞ്ഞു വന്നു. 2010-11-ല്‍ 16.1 ദശലക്ഷം ടണ്ണായും, 2011-12-ല്‍ 14.9 ദശലക്ഷം ടണ്ണായും, 2012-13-ല്‍ 13.2 ദശലക്ഷം ടണ്ണായും, 2013-14-ല്‍ 11.3 ദശലക്ഷം ടണ്ണായും, 2014-15-ല്‍ 11.2 ദശലക്ഷം ടണ്ണായും ഇത് കുറഞ്ഞു.

തുടര്‍ന്ന് ഇറാന്‍ ആണവ കരാറിനെ തുടര്‍ന്ന് ഉപരോധങ്ങള്‍ പിന്‍വലിച്ചതോടെ ഇന്ത്യന്‍ റിഫൈനറികള്‍ ഇറാനില്‍ നിന്നുള്ള ഇറക്കുമതി വീണ്ടും വര്‍ദ്ധിപ്പിച്ചു. 2015-16-ല്‍ 13.6 ദശലക്ഷം ടണ്‍ എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്തു. 2016-17-ല്‍ ഇത് 27.1 ദശലക്ഷം ടണ്ണായി കുതിച്ചുയര്‍ന്നു. ഇതോടെ ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ വിതരണക്കാരായി ഇറാന്‍ മാറി. ഷിപ്പിങില്‍ ഇളവുകളും ദീര്‍ഘകാല ക്രെഡിറ്റ് കാലാവധിയും അനുവദിച്ച് ഇന്ത്യയുമായുള്ള എണ്ണക്കച്ചവടം പ്രോത്സാഹിപ്പിക്കാന്‍ ഇറാനും പരമാവധി ശ്രമിച്ചു. 2016-17-ല്‍ ഇന്ത്യയുടെ ആകെ അസംസ്‌കൃത എണ്ണ ഇറക്കുമതിയുടെ 12.6 ശതമാനം ഇറാനില്‍ നിന്നായിരുന്നു.

എന്നാല്‍ 2017-18-ല്‍ എണ്ണയുടെ ഇറക്കുമതി 22.6 ദശലക്ഷം ടണ്ണായി കുറഞ്ഞു. ഇറാനിലെ ഒരു വാതകപ്പാടത്തിന്റെ വികസന അവകാശത്തെച്ചൊല്ലി ഇന്ത്യയും ഇറാനും തമ്മിലുണ്ടായ തര്‍ക്കങ്ങള്‍, എണ്ണ ഇറക്കുമതി മറ്റ് രാജ്യങ്ങളിലേക്ക് വൈവിധ്യവത്കരിക്കാനുള്ള ഇന്ത്യയുടെ ശ്രമം, ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് എന്നിവയായിരുന്നു ഇറക്കുമതി കുറയാനുള്ള കാരണങ്ങള്‍. ട്രംപ് ആണവ കരാറില്‍ നിന്ന് പിന്മാറുകയും ഇറാനെതിരെ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തതോടെ എണ്ണ ഇറക്കുമതി കുത്തനെ ഇടിഞ്ഞു. 2019 മെയ് മാസത്തിന് ശേഷം ഇറാനില്‍ നിന്ന് എണ്ണ വരാതിരുന്നതിനാല്‍ 2019-20-ല്‍ ഇത് വെറും 2 ദശലക്ഷം ടണ്ണായി ചുരുങ്ങി.

The United States has announced a 60-day sanctions waiver allowing the production, sale, and export of Iranian crude oil, petroleum products, and petrochemicals until August 21. The move raises hopes for Iran to expand its oil exports beyond China and re-enter global energy markets. For India, which was once one of Iran's largest oil buyers, the waiver presents an opportunity to revive energy trade.