Explainer

സിനിമയെ വെല്ലുന്ന റെസ്‌ക്യൂ മിഷന്‍; ഇറാന്റെ മലനിരകളില്‍ പൈലറ്റിനായി 500 മില്യണ്‍ ചെലവിട്ട് അമേരിക്ക, എല്ലാം നാടകമെന്ന് ഇറാന്‍

സിനിമയെ പോലും തോല്‍പ്പിച്ച യുഎസ് മിഷന്‍! ഇറാനില്‍ നടന്നത് ഇതാണ്

Madism Desk

ഇറാന്‍-അമേരിക്ക, ഇസ്രയേല്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ലോകം ഉറ്റുനോക്കിയ ഏറ്റവും നിര്‍ണായകമായ 48 മണിക്കൂര്‍ ഓപ്പറേഷന്‍ അവസാനിച്ചിരിക്കുകയാണ്. ഇറാന്‍ വെടിവെച്ചിട്ട യുദ്ധവിമാനത്തിലെ പൈലറ്റിനെ ജീവനോടെ രക്ഷപ്പെടുത്തിയ അമേരിക്ക, ട്രംപ് ഭരണകൂടത്തെ അതി സമ്മര്‍ദ്ദിലാക്കിയേക്കാവുന്ന ഒരു തലവേദന കൂടി പരിഹരിച്ചു. എന്നാല്‍ കോടിക്കണക്കിന് ഡോളര്‍ ചെലവിട്ട് നടത്തിയ ഓപ്പറേഷന്‍ അമേരിക്കയ്ക്ക് നല്‍കുന്ന 'പാഠം' ചെറുതല്ല.

ഇറാന്റെ മുന്നില്‍ ഇതാദ്യമായി യുഎസ് യുദ്ധവിമാനങ്ങള്‍ പരാജയപ്പെടുന്നതും ഗള്‍ഫ് മേഖലയില്‍ ഇറാന്‍ നടത്തുന്ന അതിശക്തമായ ആക്രമണവും യുദ്ധത്തിന്റെ പുതിയ മുഖം വെളിപ്പെടുത്തുന്നതാണ്. ഏറ്റവുമൊടുവില്‍ റവല്യൂഷണറി ഗാര്‍ഡ് ഇന്റല്‍ ചീഫിനെ വകവരുത്തി ഇസ്രയേലും അമേരിക്കയും മേല്‍കൈയ്ക്ക് ശ്രമിക്കുന്നുണ്ടെങ്കിലും പശ്ചിമേഷ്യയിലെ കാര്യങ്ങള്‍ അത്ര സുഖകരമല്ല.

ഇറാനില്‍ നിന്ന് രക്ഷപ്പെടുത്തിയ പൈലറ്റിന് പരുക്കേറ്റെന്ന് ട്രംപ് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ഇത് സാരമുള്ളതല്ലെന്നാണ് വിവരം. റെസ്‌ക്യൂ മിഷനില്‍ പങ്കെടുത്ത ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും ട്രംപ് സ്ഥിരീകരിക്കുന്നുണ്ട്. ഇറാന്‍ മാധ്യമങ്ങള്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏതാണ്ട് അഞ്ച് പേരെങ്കിലും ഈ ഓപ്പറേഷനിടെ കൊല്ലപ്പെട്ടിട്ടുണ്ട്. ഓപ്പറേഷന്‍ ഇരുവിഭാഗത്തിനും കനത്ത നാശനഷ്ടങ്ങളുണ്ടായതായും ഇറാന്‍ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

എന്താണ് സംഭവിച്ചത്?

ടെഹ്റാനിലെ തന്ത്രപ്രധാന മേഖലകള്‍ ആക്രമിക്കാനെത്തിയ എഫ്-15 സ്‌ട്രൈക് ഈഗിള്‍ യുദ്ധവിമാനം ഇറാന്‍ വെടിവെച്ചിട്ടതാണ് സംഭവങ്ങളുടെ തുടക്കം. അപ്രതീക്ഷിതമായി ഉണ്ടായ മിസൈല്‍ ആക്രമണത്തില്‍ വിമാനം തകര്‍ന്നു, ഇതോടെ ഇജക്ട് ചെയ്ത് രക്ഷപ്പെട്ട പൈലറ്റുമാര്‍ ഇറാന്റെ അതിര്‍ത്തിക്കുള്ളില്‍ അകപ്പെട്ടു. ആദ്യ മണിക്കൂറുകളില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു പൈലറ്റിന് അതിവേഗം രക്ഷപ്പെടുത്താന്‍ അമേരിക്കയ്ക്ക് സാധിച്ചു. എന്നാല്‍ രണ്ടാമത്തെ പൈലറ്റിന്റെ സ്ഥാനം കണ്ടുപിടിക്കാന്‍ അമേരിക്കയ്ക്ക് സാധിച്ചില്ല.

ഓപ്പറേഷന്‍ എങ്ങനെ? ആരൊക്കെ പങ്കെടുത്തു?

പൈലറ്റിനെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് പൊതുജനങ്ങളെ കൂടെ ഇറാന്‍ തിരച്ചിലില്‍ പങ്കാളികളാക്കിയിരുന്നു. ഇറാന്‍ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പൈലറ്റിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ കൂടെ ആരംഭിച്ചതോടെ അമേരിക്കന്‍ സൈന്യം കൂടുതല്‍ സമ്മര്‍ദ്ദത്തിലാവുകയും ചെയ്തു. ഇതിനിടെ റെസ്‌ക്യൂ മിഷനില്‍ പങ്കെടുത്ത ബ്ലാക്ക്‌ഹോക്ക് ഹെലികോപ്റ്ററുകള്‍ക്ക് നേരെ പലയിടത്തുനിന്നും ശക്തമായി വെടിവെപ്പുകളുണ്ടായി, ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ആറ് നേവി സീല്‍സ് കമാന്‍ഡോകളാണ് റെസ്‌ക്യൂ മിഷന് നേതൃത്വം നല്‍കിയതെന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 100ലധികം പേരുള്ള സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ട്രൂപ്പുകളും മിഷന്റെ ഭാഗമായിരുന്നു. പൈലറ്റ് ഒളിച്ചിരുന്നതിന് സമീപ പ്രദേശങ്ങളില്‍ ഇടവിട്ട സമയങ്ങളില്‍ യുദ്ധവിമാനങ്ങളില്‍നിന്ന് ബോംബ് വര്‍ഷിച്ചും ഡ്രോണ്‍ ആക്രമണം നടത്തിയും ഇറാന്‍ സൈന്യത്തിന്റെ ശ്രദ്ധതിരിച്ചു.

എച്ച് എച്ച്-60ഡബ്ല്യൂ ജോളി ഗ്രീന്‍ റെസ്‌ക്യൂ ഹെലികോപ്റ്ററുകള്‍, എ-10 വാര്‍ത്‌ഹോഗ് അറ്റാക്കിങ് ജെറ്റ്‌സ്, എച്ച്‌സി-130 റെസ്‌ക്യൂ മിഡ് എയര്‍ ടാങ്കര്‍, എഫ്-35 സ്റ്റെല്‍ത്ത് ജെറ്റ്‌സ് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളാണ് ഓപ്പറേഷന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. കോമ്പാറ്റ് ആന്റ് റെസ്‌ക്യൂ മിഷനുകള്‍ക്ക് വേണ്ടി മാത്രം പ്രത്യേക പരിശീലനം സിദ്ധിച്ച സ്‌പെഷ്യല്‍ ഫോഴ്‌സ് കമാന്‍ഡോകളാണ് മിഷനില്‍ പങ്കെടുത്തത്, ആറ് കമാന്റോകള്‍ക്ക് പുറമെ എത്ര സ്‌പെഷ്യല്‍ ഓപ്പറേറ്റീവ്‌സ് ഈ മിഷനില്‍ പങ്കെടുത്തുവെന്ന് അമേരിക്ക വെളിപ്പെടുത്തിയിട്ടില്ല.

എല്ലാം അമേരിക്കയുടെ നുണയെന്ന് ഇറാൻ

പൈലറ്റിനെ രക്ഷിച്ചുവെന്നത് വെറും നാടകം മാത്രമാണെന്നും ഉപേക്ഷിക്കപ്പെട്ട ഒരു എയര്‍സ്ട്രിപ്പില്‍ നടന്ന സൈനികാഭ്യാസം മാത്രമാണ് മിഷനെന്നുമാണ് ഇറാന്‍ പരിഹാസം. റെസ്‌ക്യൂ മിഷനിടെ ഒന്നിലധികം ഹെലികോപ്റ്ററുകളും യുദ്ധവിമാനങ്ങളും റവല്യൂഷണറി ഗാര്‍ഡ് തകര്‍ത്തുവെന്നും ടെഹ്‌റാന്‍ അവകാശപ്പെടുന്നുണ്ട്. ഇസ്രയേലീ ഡ്രോണും പ്രത്യാക്രമണത്തില്‍ തകര്‍ന്നതായി ഇറാന്‍ വ്യക്തമാക്കുന്നുണ്ട്.

ഓപ്പറേഷന്റെ ചെലവെത്ര?

ഓപ്പറേഷന് എത്ര തുക ചെലവായെന്നതു സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ല. അതേസമയം ഏകദേശം 500 മില്യണ്‍ ഡോളറാണ് അമേരിക്കയ്ക്ക് റെസ്‌ക്യൂ മിഷന് വേണ്ടി ചെലവഴിക്കേണ്ടി വന്നതെന്നു അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 30 മില്യണ്‍ ഡോളര്‍ ചെലവിട്ട് നിര്‍മ്മിച്ച യുഎസ് ഡ്രോണും 60 മില്യണ്‍ വിലയുള്ള മറ്റൊരു ഡ്രോണും മിഷനിടെ വെടിവെച്ചിട്ടുവെന്ന് ഇറാന്‍ അവകാശപ്പെടുന്നുണ്ട്.

English Summary: A high-risk U.S. rescue mission in Iran successfully saved a downed pilot after a fighter jet crash. The operation, involving special forces and advanced military technology, reportedly cost hundreds of millions of dollars and highlights the escalating tensions in West Asia.