

'ന്യൂ നോർമൽ' എന്ന പ്രയോഗം ലോകത്ത് കൂടുതൽ പ്രചാരം നേടിയത് കോവിഡ് പടർന്നുപിടിച്ചതോടെയായിരുന്നു. സമ്പദ് വ്യവസ്ഥ തകർന്നുതരിപ്പണമായ അന്നത്തെ സാഹചര്യത്തിലൂടെ കടന്നുപോകുകയാണ് വീണ്ടും ലോകരാജ്യങ്ങൾ. ഇറാനെതിരെ അമേരിക്കയും ഇസ്രായേലും തുടരുന്ന യുദ്ധം നീളുമ്പോൾ അതിന്റെ കെടുതികൾ ലോകമെങ്ങും അടുക്കളകളിലേക്കും ബാധിക്കുന്നു.
ലോകത്തിലെ ഏറ്റവും നിർണായക ജലപാതയായ ഹോർമൂസ് കടലിടുക്ക് അടഞ്ഞതോടെ ആഗോളതലത്തിൽ ഇന്ധന പ്രതിസന്ധി രൂക്ഷമായതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ഭൂരിഭാഗവും കടത്തുന്ന ഈ ജലപാത അടഞ്ഞതോടെ ഫോസിൽ ഇന്ധന വിതരണത്തിൽ വലിയ തടസ്സം ഉണ്ടായി. ഇതിന്റെ ഫലമായി ലോകവ്യാപകമായി ഇന്ധനവില കുത്തനെ ഉയർന്നു. ഇത് സമ്പദ്‌വ്യവസ്ഥയിലെ ആഘാതം ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രതിസന്ധി മറികടക്കാൻ വിവിധ രാജ്യങ്ങൾ ഇന്ധന റേഷനിങ് ഉൾപ്പെടെയുള്ള വ്യത്യസ്ത നടപടികൾക്കു നിർബന്ധിതമായിരിക്കുകയാണ്. വർധിച്ചുവരുന്ന ചെലവുകൾ നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സർക്കാരുകളുടെ ഈ നീക്കം.
ഇന്ധനവില വർധന നേരിട്ട് ഗതാഗതച്ചെലവ് കൂട്ടുകയും അതിലൂടെ അവശ്യവസ്തുക്കൾ ഉൾപ്പെടെയുള്ള സാധനങ്ങളുടെ വില ഉയരുകയും ചെയ്തു. ഈ പ്രതിസന്ധി ലോകമെങ്ങും പാചകവാതകത്തിന്റെയും ആഹാരവസ്തുക്കളുടെയും ലഭ്യതക്കുറവും വിലവർധനയും പ്രതിഫലിപ്പിച്ച് വീടുകളിലേക്ക് എത്തിത്തുടങ്ങിയെന്നതാണ് വസ്തുത.
വ്യവസായ ഉൽപ്പാദനം ചെലവേറിയതായതോടെ പല രാജ്യങ്ങളിലും വളർച്ചാനിരക്ക് താഴ്ന്നേക്കുമെന്ന ആശങ്ക ശക്തമായി. വിമാനയാത്ര, ഷിപ്പിങ്, ലോജിസ്റ്റിക്സ് മേഖലകൾക്ക് വലിയ ആഘാതമാണ് നേരിടേണ്ടി വന്നത്. ഫോസിൽ ഇന്ധന ആശ്രിതത്വം കൂടുതലുള്ള രാജ്യങ്ങളിൽ വൈദ്യുതി ഉൽപ്പാദന ചെലവും ഉയർന്നു. ചില രാജ്യങ്ങൾ വൈദ്യുതി ഉപയോഗ നിയന്ത്രണവും ഇന്ധന റേഷനിങ്ങും പരിഗണിക്കേണ്ടിവന്നു.
വിപണിയിലെ സമ്മർദ്ദം കുറയ്ക്കുന്നതിനായി 40 കോടി ബാരൽ എണ്ണ, അന്താരാഷ്ട്ര ഊർജ ഏജൻസി (ഐഇഎ) തങ്ങളുടെ തന്ത്രപരമായ കരുതൽ ശേഖരത്തിൽനിന്ന് വിപണിയിലെത്തിച്ചിട്ടുണ്ട്. എന്നിട്ടും പ്രതിസന്ധിക്കു ചെറിയ പരിഹാരം പോലുമാവുന്നില്ല. വിമാനയാത്രകൾ പരമാവധി കുറയ്ക്കുക, വാഹനങ്ങൾ കുറഞ്ഞ വേഗതയിൽ ഓടിക്കുക തുടങ്ങിയ ഊർജ സംരക്ഷണ നിർദേശങ്ങൾ ഏജൻസി മുന്നോട്ടുവച്ചിരിക്കുകയാണ്. യുദ്ധം വിവിധ രാജ്യങ്ങളിൽ സൃഷ്ടിച്ച പ്രതിസന്ധികളും അവ മറികടക്കാൻ സർക്കാർ സ്വീകരിക്കുന്ന പ്രധാന നടപടികളും പരിശോധിക്കാം:
പ്രതിസന്ധി നിയന്ത്രിക്കാൻ വിവിധ രാജ്യങ്ങൾ വ്യത്യസ്ത നടപടികളാണ് സ്വീകരിച്ചത്. ശ്രീലങ്കയിൽ ഇന്ധന റേഷനിങ്ങിനൊപ്പം ജോലി ആഴ്ചയിൽ നാല് ദിവസം എന്ന സംവിധാനം നടപ്പാക്കി. വിയറ്റ്നാം സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നിർദ്ദേശിച്ചു. തായ്‌ലാൻഡ് എസി ഉപയോഗം നിയന്ത്രിക്കുകയും ലഘുവസ്ത്രധാരണം പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ജപ്പാനും ദക്ഷിണകൊറിയയും കൽക്കരി ഉപയോഗ നിയന്ത്രണങ്ങളിൽ ഇളവ് നൽകി. യൂറോപ്യൻ യൂണിയൻ പുനരുപയോഗ ഊർജത്തിലേക്കുള്ള മാറ്റം വേഗത്തിലാക്കണമെന്ന് ആവർത്തിച്ചു, എന്നാൽ ചില രാജ്യങ്ങൾ കൽക്കരി ഉപയോഗത്തിലേക്ക് മടങ്ങി. യുകെ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങൾ പൗരന്മാർക്ക് ഇന്ധനച്ചെലവിന് സാമ്പത്തിക സഹായവും പ്രഖ്യാപിച്ചു.
അമേരിക്ക ആഭ്യന്തര എണ്ണ ഉൽപ്പാദനം വർധിപ്പിക്കാൻ നീക്കങ്ങൾ ശക്തമാക്കി. അതേസമയം, സബ്‌സിഡികൾ വർദ്ധിപ്പിക്കുന്നതിനോ ബില്ലുകൾ അടയ്ക്കാൻ ബുദ്ധിമുട്ടുന്ന കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനോ ഫെഡറൽ സർക്കാർ ഇതുവരെ തയാറായിട്ടില്ല.
ശുദ്ധീകരിച്ച എണ്ണ ഉൽപ്പന്നങ്ങളെ ആശ്രയിക്കുന്ന ആഫ്രിക്കൻ രാജ്യങ്ങൾ കാർഷികരംഗത്തെ പ്രതിസന്ധിയെ തുറിച്ചുനോക്കുകയാണ്. ഇന്ധലഭ്യതയിലെ കുറവ് മൂലം രാസവളം വിലയിലെ കുതിച്ചുചാട്ടമാണ് ഈ രാജ്യങ്ങൾക്കു മുൻപിലെ വെല്ലുവിളി. വർദ്ധിച്ച ഊർജ ചെലവുകളും ഗൾഫിൽ നിന്നുള്ള കയറ്റുമതിയിലെ കുറവും വളത്തിന്റെ വിലയെ ബാധിക്കുന്നു.
ദക്ഷിണാഫ്രിക്ക ഒരു മാസത്തേക്ക് ഇന്ധന ലെവി കുറച്ചു. തന്ത്രപ്രധാനമായ ഇന്ധന ശേഖരം ശക്തിപ്പെടുത്താൻ ടാൻസാനിയ കഴിഞ്ഞ മാസം ഊർജ മന്ത്രാലയത്തിന് നിർദ്ദേശം നൽകി. എത്യോപ്യ പ്രത്യേക ഇന്ധന സബ്‌സിഡി അവതരിപ്പിച്ചു, ഇന്ധനത്തിൽ എത്തനോൾ കലർത്തുന്നത് വർദ്ധിപ്പിക്കാൻ പദ്ധതിയിടുകയാണ് സിംബാബ്‌വെ. തലസ്ഥാനമായ ജൂബയിൽ ദക്ഷിണ സുഡാൻ വൈദ്യുതി റേഷൻ ഏർപ്പെടുത്തി. മൗറീഷ്യസാവട്ടെ, അത്യാവശ്യമല്ലാത്ത ആവശ്യങ്ങൾക്കുള്ള വൈദ്യുതിയിൽ നിയന്ത്രണം ഏർപ്പെടുത്തി.
ഏഷ്യൻ രാജ്യങ്ങളെയാണ് ഊർജ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചത്. പ്രതിസന്ധി മറികടക്കാൻ കൽക്കരി നിലയലങ്ങളെ പ്രധാന വൈദ്യുത സ്രോതസായി വീണ്ടും പരിഗണിക്കാൻ തയാറെടുക്കുകയാണ് ഏഷ്യൻ രാജ്യങ്ങൾ. ഏഷ്യൻ രാജ്യങ്ങൾ, പ്രത്യേകിച്ച് ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണകൊറിയ എന്നിവ ഹോർമൂസ് വഴിയുള്ള ഇറക്കുമതിയിലാണ് ആശ്രയം പുലർത്തുന്നത്. ഇതോടെ ഇവിടങ്ങളിൽ വിലവർധനയും വിതരണ അനിശ്ചിതത്വവും കൂടുതൽ രൂക്ഷമായതാണ് പുതിയ നീക്കത്തിനു കാരണം.
ഇന്ത്യയിൽ കൽക്കരി അധിഷ്ഠിത വൈദ്യുതി നിലയങ്ങൾ പൂർണശേഷയിൽ പ്രവർത്തിപ്പിക്കാൻ കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്. പെട്രോൾ, ഡീസൽ വില വർധന ഗതാഗതം മുതൽ കാർഷിക മേഖലയുവരെ വ്യാപകമായ സ്വാധീനം ചെലുത്തി. വളം, ഭക്ഷ്യവസ്തു, നിർമ്മാണ മേഖലകളിൽ ചെലവ് വർധന വ്യക്തമായി പ്രതിഫലിച്ചു.
ജപ്പാൻ കാര്യക്ഷമത കുറഞ്ഞ കൽക്കരി നിലയങ്ങൾ വീണ്ടും വൈദ്യുതി വിപണിയുടെ ഭാഗമാക്കാൻ ഒരുങ്ങുകയാണ്. കൽക്കരി വൈദ്യുതിയുടെ പരിധി ദക്ഷിണ കൊറിയ പിൻവലിക്കുകയും ആസൂത്രിതമായ ഘട്ടംഘട്ടമായി നിർത്തലാക്കാൻ കാലതാമസം പ്രഖ്യാപിക്കുകയും ചെയ്തു. ബംഗ്ലാദേശ്, തായ്‌ലൻഡ്, ഫിലിപ്പീൻസ് എന്നിവയും ഏറ്റവും കൽക്കരിയിൽനിന്നുള്ള വൈദ്യുതി ഉൽപ്പാദനം വർദ്ധിപ്പിക്കുകയാണ്.
അതേസമയം, ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ചൈനയെ, അയൽ രാജ്യങ്ങളെ അപേക്ഷിച്ച് പ്രതിസന്ധി കാര്യമായി ബാധിച്ചിട്ടില്ല. ഫോസിൽ, ആണവ, പുനരുപയോഗ സ്രോതസ്സുകളിൽനിന്നുള്ള ഊർജോൽപ്പാദനം ചൈന അടുത്തിടെ വളരെയധികം വർധിപ്പിച്ചിരുന്നു. കൂടാതെ വലിയ തന്ത്രപ്രധാന എണ്ണ ശേഖരം വികസിപ്പിച്ചെടുത്തിട്ടുമുണ്ട്.
കേരളത്തിൽ ഇന്ധനവില ഉയർന്നത് ഗതാഗതച്ചെലവ് കുത്തനെ വർധിപ്പിച്ചു. മത്സ്യബന്ധന മേഖലയ്ക്ക് ഡീസൽ വിലവർധന വലിയ തിരിച്ചടിയായി. കാർഷിക മേഖലയിലും ഉൽപ്പാദന ചെലവ് കൂടിയതോടെ കർഷകർ പ്രതിസന്ധിയിലായി. ടൂറിസം മേഖലയിലും യാത്രാചെലവ് കൂടിയതോടെ ഇടിവ് രേഖപ്പെടുത്താനുള്ള സാധ്യത ഉയർന്നു. കുടുംബ ബജറ്റുകളിൽ വരെ ഇന്ധനവില വർധനയുടെ പ്രതിഫലം പ്രകടമായി. സംസ്ഥാനവ്യാപകമായി ഒട്ടേറെ ഹോട്ടലുകളും ചായക്കടകളും പൂട്ടി. തുറന്നിരിക്കുന്ന ഹോട്ടലുകളിലും ബേക്കറികളിലും സ്ഥിരം വിഭവങ്ങളിൽ പലതും ലഭ്യമല്ല.
അമേരിക്കയെയും ഇസ്രായേലിനെയും പാഠം പഠിപ്പിക്കാൻ ഇറാൻ ഹോർമൂസ് കടലിടുക്ക് അടച്ചതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള എണ്ണക്കപ്പലുകളുടെ സഞ്ചാരം നിലച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. വിപണിയിൽ ആവശ്യത്തിനൊത്ത വിതരണമില്ലാതായതോടെ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നു. ചില വിപണികളിൽ ബാരലിന് വില പെട്ടെന്ന് ഉയർന്നത് പണപ്പെരുപ്പ സമ്മർദ്ദവും വർധിപ്പിച്ചു.
അന്താരാഷ്ട്ര ഊർജ ഏജൻസി (ഐഇഎ) വിപണിയിലെ സമ്മർദ്ദം കുറയ്ക്കാൻ അംഗരാജ്യങ്ങളുടെ തന്ത്രപ്രധാന ശേഖരങ്ങളിൽ നിന്ന് ഏകദേശം 40 കോടി ബാരൽ എണ്ണ പുറത്തുവിട്ടെങ്കിലും ആവശ്യത്തിനൊത്ത പരിഹാരം കണ്ടെത്താനായിട്ടില്ല. കടൽഗതാഗത ഇൻഷുറൻസ് നിരക്കുകളും കുത്തനെ ഉയർന്നത് വ്യാപാരച്ചെലവുകൾ കൂട്ടി.
പേർഷ്യൻ ഗൾഫിനെയും അറബിക്കടലിനെയും ബന്ധിപ്പിക്കുന്ന ഇടുങ്ങിയ കടൽപാതയാണ് ഹോർമൂസ് കടലിടുക്ക്. സൗദി അറേബ്യ, ഇറാൻ, യുഎഇ, ഇറാഖ്, ഖത്തർ തുടങ്ങിയ പ്രധാന എണ്ണ ഉൽപ്പാദക രാജ്യങ്ങളിൽനിന്നുള്ള കച്ചവട എണ്ണയും പ്രകൃതിവാതകവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടത്തുന്ന പ്രധാന മാർഗമാണ് ഇത്. ലോകത്തെ മൊത്തം എണ്ണ ഗതാഗതത്തിന്റെ ഏകദേശം 20–25 ശതമാനം ഈ പാതയിലൂടെ സഞ്ചരിക്കുന്നു. പ്രത്യേകിച്ച് ഏഷ്യയിലേക്ക് പോകുന്ന എണ്ണയുടെ ഭൂരിഭാഗവും ഈ വഴിയാണ് എത്തുന്നത്. അതിനാൽ ഈ കടലിടുക്ക് പ്രവർത്തനരഹിതമാകുമ്പോൾ അതിന്റെ ആഘാതം ലോകവ്യാപകമായി അനുഭവപ്പെടുന്നു.
ഹോർമൂസ് കടലിടുക്ക് അടച്ചുപൂട്ടലിലൂടെ ഉണ്ടായ ഇന്ധന പ്രതിസന്ധി ഒരു താൽക്കാലിക വിപണി ആഘാതമല്ല, മറിച്ച് ആഗോള സമ്പദ്‌വ്യവസ്ഥയെ പുനർക്രമീകരിക്കാൻ ഇടയാക്കുന്ന നിർണായക ഘട്ടമാണ്. ഈ പ്രതിസന്ധിയുടെ ദീർഘകാല പ്രത്യാഘാതങ്ങൾ പല തലങ്ങളിലായി പ്രകടമാകാൻ സാധ്യതയുണ്ട്.
ആഗോള വ്യാപാര ശൃംഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാം. എണ്ണയുടെ ഗതാഗതം കൂടുതൽ സുരക്ഷിതമായ പാതകളിലേക്ക് മാറാൻ ശ്രമം നടക്കും. ഇതിന്റെ ഭാഗമായി പൈപ്പ്‌ലൈൻ പ്രോജക്റ്റുകൾ, ബദൽ കടൽപാതകൾ, പുതിയ ലജിസ്റ്റിക് കരാറുകൾ എന്നിവയ്ക്ക് പ്രാധാന്യം വർധിക്കും. എന്നാൽ ഇത് നടപ്പിലാക്കാൻ സമയം ആവശ്യമായതിനാൽ ഇടക്കാലത്ത് വിലസ്ഥിരത കൈവരിക്കുന്നത് ബുദ്ധിമുട്ടായിരിക്കും.
ഡോളർ ആധിപത്യത്തിലും എണ്ണവിപണിയിലും മാറ്റങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. ചില രാജ്യങ്ങൾ ഡോളർ ആശ്രയം കുറച്ച് പ്രാദേശിക കറൻസികളിൽ എണ്ണ വ്യാപാരം നടത്താൻ ശ്രമിക്കാം. ഇതിലൂടെ ആഗോള സാമ്പത്തിക ശക്തി സമവാക്യങ്ങളിൽ മാറ്റം സംഭവിക്കാനിടയുണ്ട്. പുനരുപയോഗ ഊർജ മേഖലയിലേക്ക് വേഗത്തിലുള്ള മാറ്റം ഇനി നിർബന്ധിതമാകും. സോളാർ, കാറ്റാടി, ഹൈഡ്രജൻ ഊർജ പദ്ധതികൾക്ക് കൂടുതൽ നിക്ഷേപം ലഭിക്കാം.
ഈ പ്രതിസന്ധി ആഗോള ശക്തികളുടെ രാഷ്ട്രീയ-സൈനിക സമീപനത്തെയും സ്വാധീനിക്കും. സമുദ്രപാതകളുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ സൈനിക സാന്നിധ്യം, പുതിയ സഖ്യങ്ങൾ, തന്ത്രപരമായ ഇടപെടലുകൾ എന്നിവ വർധിക്കാനിടയുണ്ട്. ഇതോടെ ഭാവിയിൽ കൂടുതൽ സംഘർഷ സാധ്യതകളും ഉയരാം.
English Summary: The closure of the strategic Hormuz Strait amid the Iran war has triggered a global fuel crisis, sharply raising oil and gas prices. Asian countries face severe impacts, while nations worldwide implement energy-saving measures, boost fossil fuel production, and accelerate renewable energy adoption to mitigate the crisis.