Explainer

ലോകശക്തികളെ നിഴല്‍യുദ്ധത്തിലേക്ക് നയിക്കുന്ന ദ്വീപ്; എന്തുകൊണ്ടാണ് തായ്‌വാനുമേല്‍ ചൈന അവകാശവാദം ഉന്നയിക്കുന്നത്?

1979-ല്‍ ചൈനയ്ക്ക് അനുകൂലമായി അമേരിക്ക തായ്‌വാനുമായുള്ള ഔദ്യോഗിക ബന്ധം വിച്ഛേദിച്ചെങ്കിലും തായ്‌വാന്‍ റിലേഷന്‍സ് ആക്ട് പ്രകാരം ദ്വീപിന് സ്വയം പ്രതിരോധിക്കാനുള്ള ആയുധങ്ങളും പിന്തുണയും നല്‍കാന്‍ അമേരിക്ക ബാധ്യസ്ഥരാണ്.

Madism Desk

ഈ ആഴ്ച വാഷിംഗ്ടണില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് നടത്തുന്ന കൂടിക്കാഴ്ചയില്‍ തായ്‌വാനുള്ള ആയുധ വില്‍പ്പന ചര്‍ച്ചയായേക്കും. ആയുധ വില്‍പന അവസാനിപ്പിക്കാന്‍ അമേരിക്കയോട് ചൈന ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയെ സംബന്ധിച്ചിടത്തോളം തങ്ങളുടെ പരമാധികാരവും ഭൂപ്രദേശപരവുമായ അഖണ്ഡതയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട വിഷയമാണ് തായ്വാന്‍. ഇതില്‍ പുറത്തുനിന്നുള്ള ഒരു ശക്തിയുടെയും ഇടപെടലോ ചോദ്യം ചെയ്യലോ അനുവദിക്കില്ലെന്നാണ് ചൈനയുടെ വ്യക്തമായ നിലപാട്.

തായ്‌വാന്റെ കാര്യത്തില്‍ ചൈനയുടെ നിലപാട്

പുരാതന കാലം മുതല്‍ തായ്‌വാന്‍ തങ്ങളുടെ ഭൂപ്രദേശത്തിന്റെ ഭാഗമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. 1885 മുതല്‍ 1895 വരെ ക്വിങ് രാജവംശത്തിന് കീഴില്‍ തായ്‌വാന്‍ ഒരു പ്രവിശ്യയായിരുന്നു. തുടര്‍ന്ന് നടന്ന യുദ്ധത്തിന് ശേഷമാണ് പ്രദേശം ജപ്പാന് വിട്ടുനല്‍കിയത്. 1945-ല്‍ രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തില്‍ തായ്വാനെ റിപ്പബ്ലിക് ഓഫ് ചൈന ഗവണ്‍മെന്റിന് കൈമാറി.

1949-ല്‍ മാവോ സേതൂങ്ങിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റുകളോട് പരാജയപ്പെട്ടതിനെ തുടര്‍ന്ന് അന്നത്തെ റിപ്പബ്ലിക് ഓഫ് ചൈന ഗവണ്‍മെന്റ് തായ്വാനിലേക്ക് പലായനം ചെയ്തു. അതേവര്‍ഷം തന്നെ കമ്മ്യൂണിസ്റ്റുകള്‍ 'പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന' സ്ഥാപിക്കുകയും ചെയ്തു. അതിനാല്‍, തായ്വാന്‍ ചൈനീസ് പ്രവിശ്യയാണെന്നും ഒരു രാജ്യമാണെന്ന് അവകാശപ്പെടാന്‍ അവര്‍ക്ക് അര്‍ഹതയില്ലെന്നുമാണ് ചൈനയുടെ വാദം.

സമാധാനപരമായ പുനരേകീകരണമാണ് ആഗ്രഹിക്കുന്നതെന്ന് ചൈന പറയുന്നുണ്ടെങ്കിലും അതിനായി സൈനിക ശക്തി ഉപയോഗിക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞിട്ടില്ല. വിദേശ നേതാക്കള്‍ തായ്‌വാനുമായി നടത്തുന്ന ഏതൊരു ഉന്നതതല ഇടപെടലും തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള കടന്നുകയറ്റമായി ചൈന കണക്കാക്കുന്നു.

തായ്‌വാന്‍-അമേരിക്ക ബന്ധം

1979-ല്‍ ചൈനയ്ക്ക് അനുകൂലമായി അമേരിക്ക തായ്‌വാനുമായുള്ള ഔദ്യോഗിക ബന്ധം വിച്ഛേദിച്ചെങ്കിലും തായ്‌വാന്‍ റിലേഷന്‍സ് ആക്ട് പ്രകാരം ദ്വീപിന് സ്വയം പ്രതിരോധിക്കാനുള്ള ആയുധങ്ങളും പിന്തുണയും നല്‍കാന്‍ അമേരിക്ക ബാധ്യസ്ഥരാണ്. അതേസമയം, 'ഒറ്റ ചൈന' നയത്തിന്റെ ഭാഗമായി തായ്‌വാന്റെ പരമാധികാരത്തില്‍ യുഎസ് ഔദ്യോഗികമായി ഒരു നിലപാടും സ്വീകരിക്കുന്നുമില്ല. മാത്രമല്ല, തായ്പേയില്‍ 'അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്‍ തായ്‌വാന്‍' എന്ന പേരില്‍ യുഎസിന് ഒരു അനൗദ്യോഗിക എംബസിയുമുണ്ട്.

തായ്‌വാനിലേക്കുള്ള ആയുധ വില്‍പ്പന അവസാനിപ്പിക്കുന്നതിന് തീയതിയൊന്നും നിശ്ചയിച്ചിട്ടില്ലെന്നും ചൈനയുമായി ഇതില്‍ മുന്‍കൂര്‍ കൂടിയാലോചന നടത്താറില്ലെന്നും വ്യക്തമാക്കുന്ന സുരക്ഷാ ഉറപ്പുകള്‍ യുഎസ് നല്‍കിയിട്ടുണ്ട്. കൂടാതെ തായ്വാന്‍ പ്രസിഡന്റുമാര്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്കിടയിലുള്ള ട്രാന്‍സിറ്റുകള്‍ ആയി അമേരിക്കന്‍ മണ്ണ് ഉപയോഗിക്കുകയും യുഎസ് നിയമനിര്‍മ്മാതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യാറുണ്ട്.

അതേസമയം തന്നെ അമേരിക്കയും തായ്‌വാനും തമ്മിലുള്ള ഉന്നതതല ഇടപെടലുകളില്‍ ചൈന കടുത്ത അമര്‍ഷം രേഖപ്പെടുത്താറുണ്ട്. 2022-ല്‍ അന്നത്തെ യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി തായ്പേയ് സന്ദര്‍ശിച്ചതിന് പിന്നാലെ ചൈന ദ്വീപിന് ചുറ്റും വന്‍ സൈനികാഭ്യാസങ്ങള്‍ നടത്തുകയുണ്ടായി. ട്രംപ് ഭരണകൂടം തായ്‌വാനായി 11 ബില്യണ്‍ ഡോളറിന്റെ വന്‍ ആയുധ വില്‍പ്പന പാക്കേജ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നും ചൈന സൈനികാഭ്യാസങ്ങള്‍ നടത്തിയിരുന്നു.

തായ്‌വാന്റെ നിലപാട് എന്താണ്?

മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ജനാധിപത്യ രാജ്യമാണ് തായ്‌വാന്‍. ചൈനയുടെ പരമാധികാര അവകാശവാദങ്ങളെ ശക്തമായി നിരസിക്കുന്ന ഭരണകൂടമാണ് തായ്‌വാനിലുള്ളത്. തങ്ങള്‍ റിപ്പബ്ലിക് ഓഫ് ചൈന എന്ന് വിളിക്കപ്പെടുന്ന ഒരു സ്വതന്ത്ര രാജ്യമാണെന്നും ലോകരാജ്യങ്ങളുമായി ബന്ധപ്പെടാനും സ്വന്തം നേതാക്കളെ തിരഞ്ഞെടുക്കാനും തങ്ങള്‍ക്ക് അവകാശമുണ്ടെന്നും തായ്‌വാന്‍ പറയുന്നു. പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന ഒരു ദിവസം പോലും തായ്വാന്‍ ഭരിച്ചിട്ടില്ലെന്നും അതിനാല്‍ ദ്വീപിനെ പ്രതിനിധീകരിക്കാന്‍ അവര്‍ക്ക് അവകാശമില്ലെന്നും തായ്‌വാന്‍ അവകാശപ്പെടുന്നു.

തായ്‌വാന്‍ പ്രസിഡന്റ് ലായ് ചിംഗ്-തെ ചൈനയുമായി പലതവണ ചര്‍ച്ചകള്‍ക്ക് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ചൈന അത് നിരസിക്കുകയാണുണ്ടായത്. ലായ് ഒരു 'വിഘടനവാദി' ആണെന്ന് പറഞ്ഞ് അദ്ദേഹത്തെ 'പ്രസിഡന്റ്' എന്ന് വിശേഷിപ്പിക്കാന്‍ ചൈന വിസമ്മതിക്കുകയും ചെയ്യുന്നു. തായ്‌വാന്‍ ഇതിനകം തന്നെ ഒരു സ്വതന്ത്ര രാജ്യമായതിനാല്‍, പ്രത്യേകിച്ച് ഔദ്യോഗിക സ്വാതന്ത്ര്യം പ്രഖ്യാപിക്കേണ്ടതില്ലെന്ന് ലായ് പറഞ്ഞിട്ടുണ്ട്.

Taiwan remains one of the most sensitive issues in China-US relations, with Beijing viewing the island as a core sovereignty and territorial-integrity issue. Ahead of the planned September 24, 2026 meeting between US President Donald Trump and Chinese President Xi Jinping in Washington, Taiwan arms sales are expected to feature in discussions, with China pressing Washington to stop supplying weapons to Taipei. China traces its claim over Taiwan to its historical relationship with the island and argues that Taiwan became separated from mainland China after the Chinese Civil War in 1949. Beijing says it seeks peaceful reunification but has not ruled out the use of force. Taiwan, meanwhile, maintains its own government and democratic political system and rejects Beijing's sovereignty claim