ടാറ്റൂ ചെയ്താൽ സർക്കാർ ജോലിക്ക് അപേക്ഷിക്കാൻ പറ്റില്ലേ? കാലങ്ങളായി നമുക്കുള്ള ഒരു സംശയമാണിത്. ഈ വിഷയത്തിലിപ്പോൾ ഒരു വിവാദവും ഉടലെടുത്തിരിക്കുകയാണ്. ഡൽഹി ഹൈക്കോടതിയുടെ പുതിയ ഒരു ഉത്തരവാണ് വിവാദത്തിന് ആധാരം.
കയ്യിൽ ടാറ്റൂ കുത്തിയതിന്റെ പേരിൽ രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥരുടെ പ്രമോഷൻ മരവിപ്പിച്ച നടപടി ശരിവച്ചിരിക്കുകയാണ് ഡൽഹി ഹൈക്കോടതി. ഇവർ മെഡിക്കലി അൺഫിറ്റ് ആണെന്ന് വിധിക്കുകയും ചെയ്തു. ടാറ്റൂ നീക്കിയാലും കാര്യമില്ലെന്നായിരുന്നു കോടതി ഉത്തരവിന്റെ സാരം.
അസിസ്റ്റന്റ് കമാൻഡന്റ് റാങ്കിലേക്കുള്ള എൽഡിസിഇ പരീക്ഷയ്ക്കായി അപേക്ഷിച്ച രണ്ട് ഉദ്യോഗസ്ഥർക്കാണ് ഡൽഹി ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി ഉണ്ടായിരിക്കുന്നത്. സെലക്ഷൻ പ്രക്രിയയുടെ എല്ലാ ലെവലും ഇരുവരും വിജയിച്ചെങ്കിലും വലതുകയ്യിൽ ടാറ്റൂ ഉണ്ടെന്ന കാരണത്താൽ മെഡിക്കലി അൺഫിറ്റ് എന്ന് കാട്ടി തഴയപ്പെട്ടു. തുടർന്ന് ഇരുവരും ശസ്ത്രക്രിയയിലൂടെ ടാറ്റൂ നീക്കം ചെയ്തെങ്കിലും കാര്യമുണ്ടായില്ല.
ആഭ്യന്തരമന്ത്രാലയത്തിന്റെ മാനദണ്ഡങ്ങളനുസരിച്ച് വലതുകൈ സല്യൂട്ടിന് ഉപയോഗിക്കേണ്ടതിനാൽ ടാറ്റൂ അനുവദനീയമല്ലെന്ന് കാട്ടി പ്രമോഷൻ തടഞ്ഞു. പിന്നാലെ ഇരുവരും കോടതിയെ സമീപിക്കുകയായിരുന്നു.
സിആർപിഎഫിൽ ചേർന്നത് മുതൽ ടാറ്റൂ ഉണ്ടെന്നും പ്രമോഷന് തടസ്സമെന്ന് അറിയിച്ചപ്പോൾ തന്നെ നീക്കം ചെയ്തുവെന്നും ഇരുവരും കോടതിയിൽ വാദിച്ചു. എന്നാൽ പ്രമോഷൻ അനുവദിക്കണമെന്ന ഹർജി കോടതി അംഗീകരിച്ചില്ല.
പ്രമോഷന് അപേക്ഷിക്കുമ്പോൾ തന്നെ ഉദ്യോഗസ്ഥരുടെ കയ്യിൽ ടാറ്റൂ ഉണ്ടായിരുന്നുവെന്നും അപേക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ക്രമസമാധാനപാലകർ തന്നെ അച്ചടക്കം ലംഘിക്കുന്നതും അതിന് വേണ്ടി വാദിക്കുന്നതും അംഗീകരിക്കാനാവില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ടാറ്റൂ പിന്നീട് നീക്കം ചെയ്താലും നിരുത്തരവാദിത്തപരമായ പെരുമാറ്റം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി കൂട്ടിച്ചേർത്തു. എന്നിരുന്നാലും അടുത്ത പരീക്ഷയിൽ ഇരുവർക്കും അപേക്ഷിക്കാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.
സുരക്ഷാ സേനയിൽ ടാറ്റൂ പറ്റില്ലേ?
സുരക്ഷാ ഉദ്യോഗസ്ഥർക്ക് ടാറ്റൂ അനുവദനീയമല്ലെന്ന് നിയമം പറയുന്നില്ല. പക്ഷേ ശരീരത്തിൽ എവിടെയൊക്കെ ടാറ്റൂ ചെയ്യാം എന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ ആഭ്യന്തരമന്ത്രാലയം മുന്നോട്ട് വയ്ക്കുന്നുണ്ട്. സല്യൂട്ടിന് ആവശ്യമില്ലാത്ത ഇടത് കയ്യിന്ർറെ ഉള്ളിലോ പുറത്തോ ചെറിയ ടാറ്റൂ പതിക്കുന്നത് കൊണ്ട് കുഴപ്പമില്ല. അതേസമയം, വലതുകൈ, മുഖം, കഴുത്ത് എന്നിവിടങ്ങളിൽ ടാറ്റൂ അനുവദനീയമല്ല.
സിഎപിഎഫിന്റെ (സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സ്) ബാഹ്യരൂപവും ഏകീകൃതസ്വഭാവവും സൈനിക അച്ചടക്കത്തിന്റെ ഭാഗമായാണ് കണക്കാക്കുന്നത്.
ഔദ്യോഗിക ചുമതലകളിലും ഔപചാരിക ചടങ്ങുകളിലും ഏറ്റവും കൂടുതൽ ദൃശ്യമാകുന്നത് സല്യൂട്ട് ചെയ്യാനുപയോഗിക്കുന്ന വലതുകൈയാണ്. അതിനാൽ തന്നെ, നിർദ്ദിഷ്ട പരിധികൾക്കുള്ളിൽ നിന്നുകൊണ്ട് ശരീരത്തിൽ മറ്റ് ഭാഗങ്ങളിൽ ടാറ്റൂകൾ അനുവദനീയമാണെങ്കിൽ പോലും, വലതുകൈയിൽ ടാറ്റൂ ചെയ്യുന്നത് മാർഗ്ഗനിർദ്ദേശങ്ങൾ വിലക്കുന്നു.
ഈ വേർതിരിവ് അംഗീകരിച്ചാണ് ഹൈക്കോടതി, അധികാരികൾ നിലവിലുള്ള നിയമങ്ങൾ നടപ്പാക്കുക മാത്രമാണ് ചെയ്തതെന്ന് വിധിച്ചിരിക്കുന്നത്.
എല്ലാ സർക്കാർ ജോലിക്കും ഒരേ നിയമമോ?
സർക്കാർ ജോലികളിൽ ഓരോന്നിനും ഓരോ തിരഞ്ഞെടുപ്പ് നിയമങ്ങളാണ്. സിഎപിഎഫ്, അസം റൈഫിൾസ് എന്നീ സേനകൾക്ക് ആഭ്യന്തരമന്ത്രാലയത്തിന്റെ കർശനമായ ടാറ്റൂ വിലക്കുണ്ട്. കേന്ദ്ര സായുധ സേനകളും ടാറ്റൂകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്, എങ്കിലും ഈ നിയമങ്ങൾ ഓരോ സേനാവിഭാഗത്തിനും റാങ്കുകൾക്കുമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.
യുപിഎസ്‌സി സിവിൽ സർവീസസ്, എസ്എസ്‌സി റിക്രൂട്ട്‌മെന്റുകൾ, ബാങ്കിംഗ് ജോലികൾ അല്ലെങ്കിൽ സംസ്ഥാന സർക്കാർ തസ്തികകൾ പോലുള്ള മിക്ക സിവിൽ സർക്കാർ ജോലികളിലും, പ്രത്യേക റിക്രൂട്ട്‌മെന്റ് വിജ്ഞാപനത്തിലോ സർവീസ് ചട്ടത്തിലോ എടുത്തു പറയാത്ത പക്ഷം, ടാറ്റൂകൾ ഉണ്ടെന്ന കാരണത്താൽ മാത്രം ഉദ്യോഗാർത്ഥികളെ അയോഗ്യരാക്കാറില്ല.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, എല്ലാ സർക്കാർ ജോലികൾക്കും ഒരുപോലെ ബാധകമാകുന്ന ഒരൊറ്റ 'ടാറ്റൂ നിയമം' നിലവിലില്ല.
എന്നിരുന്നാലും ഏത് തസ്തികയിലേക്കാണോ അപേക്ഷിക്കുന്നത്, ആ പോസ്റ്റിലേക്കുള്ള മെഡിക്കൽ മാനദണ്ഡങ്ങൾ കൃത്യമായി അറിഞ്ഞിരിക്കണം. നിലവിലെ കേസിൽ ഒരു ഗസറ്റഡ് പോസ്റ്റിലേക്കുള്ള അപേക്ഷ ആയിരുന്നു എന്നതിനാലാണ് കോടതി സിആർപിഎഫ് ഉദ്യോഗസ്ഥരുടെ ഹർജി തള്ളിയത്.
ഓരോ പ്രമോഷൻ അല്ലെങ്കിൽ പുതിയ റിക്രൂട്ട്‌മെന്റ് പ്രക്രിയയിലും, ആ ഘട്ടത്തിൽ ബാധകമായ യോഗ്യതാ മാനദണ്ഡങ്ങൾ ഉദ്യോഗാർത്ഥികൾ പൂർത്തിയാക്കണമെന്ന് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Can having a tattoo prevent you from applying for a government job? It's a question many people have had for years. The issue has now sparked fresh controversy following a recent order by the Delhi High Court. The court upheld the decision to withhold the promotions of two CRPF personnel because they had tattoos on their hands. It also ruled that they were medically unfit for promotion. According to the court, even removing the tattoos would not change the decision.