ഇന്ത്യയിൽ കഴിഞ്ഞ 70 വർഷത്തിനിടെ സ്ത്രീസാക്ഷരതയിൽ വലിയ പുരോഗതിയുണ്ടായിട്ടുണ്ട്. എന്നിട്ടും അത് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കുന്നതിൽ കാര്യമായ മാറ്റമുണ്ടാക്കിയിട്ടില്ല. സ്ത്രീകൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെങ്കിലും അതോടൊപ്പം തൊഴിൽ അവസരങ്ങളും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കാൻ കഴിയുന്നില്ലെന്നാണ് സാമ്പത്തിക ശാസ്ത്ര വിദഗ്ധയായ സരിക യച്ചൂരി നടത്തിയ പഠനം പറയുന്നത്. 1951-ൽ ഇന്ത്യയിലെ സ്ത്രീസാക്ഷരത 8.86 ശതമാനം മാത്രമായിരുന്നെങ്കിൽ 2011-ൽ അത് 64.63 ശതമാനമായി ഉയർന്നിട്ടുണ്ട്.
നഗരങ്ങളിൽ സ്ത്രീസാക്ഷരത 79.11 ശതമാനത്തിലെത്തി. രാജ്യത്ത് ഏറ്റവും സ്ത്രീസാക്ഷരതയുള്ള സംസ്ഥാനം കേരളമാണ്. രാജസ്ഥാനിലാണ് ഏറ്റവും കുറവ്. സ്ത്രീകൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നത് അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം മെച്ചപ്പെടുത്താനും ശിശുമരണങ്ങൾ കുറയ്ക്കാനും കുടുംബാസൂത്രണത്തെക്കുറിച്ച് കൂടുതൽ അറിയാനും സഹായിക്കുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. ബിഹാറിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 4.1 ശതമാനമാണ്. ബിഹാറിലെ കൃഷിഭൂമിയുടെ ലഭ്യതക്കുറവും, കാർഷികേതര മേഖലകളിൽ തൊഴിലവസരങ്ങൾ ഇല്ലാത്തതും സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കുറയാൻ കാരണമാകുന്നു. ഛത്തീസ്ഗഢിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 50 ശതമാനമാണ്. ഇവിടെ തൊഴിൽ പങ്കാളിത്തം കൂടുതലായി കാണപ്പെടുന്നത് പ്രധാനമായും കാർഷിക മേഖലയിലും അസംഘടിത മേഖലയിലുമാണ്.
വിദ്യാഭ്യാസം കുറഞ്ഞ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ സ്ത്രീകൾക്ക് കുടുംബം നോക്കാനായി ജോലിക്ക് പോവേണ്ടത് ആവശ്യമായിവരുന്നു, അതിനാൽ അവർ മറ്റ് ജോലി ചെയ്യാൻ നിർബന്ധിതരാകുന്നു. ഇടത്തരം കുടുംബങ്ങളിൽ പുരുഷന്മാരുടെ വരുമാനം കൊണ്ട് കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്ന സാഹചര്യം ഉണ്ടാകുന്നു. അതുകൊണ്ട് വിദ്യാഭ്യാസം നേടിയാൽ പോലും തൊഴിൽ ചെയ്യാതെ കുട്ടികളെ നോക്കുക, വീട്ടുജോലികൾ ചെയ്യുക തുടങ്ങിയ ഉത്തരവാദിത്തങ്ങൾ സ്ത്രീകൾ ഏറ്റെടുക്കുന്നു.
പഠനം നിർത്തുന്ന പെൺകുട്ടികളുടെ എണ്ണവും കൂടിവരികയാണ്. പ്രൈമറി ക്ലാസുകളിൽ 4.1 ശതമാനവും അപ്പർ പ്രൈമറി തലത്തിൽ 4.5 ശതമാനവും സെക്കൻഡറി തലത്തിൽ 17.8 ശതമാനവും പെൺകുട്ടികൾ ഓരോ വർഷവും പഠനം നിർത്തുന്നു. പ്രത്യേകിച്ച് ഹൈസ്കൂൾ തലത്തിൽ പഠനം ഉപേക്ഷിക്കുന്ന പെൺകുട്ടികളുടെ എണ്ണം കൂടുതലാണ്. ഇത് പെൺകുട്ടികളുടെ ഉപരിപഠനത്തെ ബാധിക്കുന്നു. വിദ്യാഭ്യാസം നേടാൻ കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിൽ കേന്ദ്ര സർക്കാർ വിജയിച്ചെങ്കിലും സ്ത്രീകൾക്ക് ജോലി ലഭിക്കാനും പുതിയ സാധ്യതകൾ നൽകാനും കൂടുതൽ ശ്രദ്ധ നൽകണമെന്ന് ഗവേഷക ചൂണ്ടിക്കാണിക്കുന്നു.
സ്ത്രീകളുടെ വിദ്യാഭ്യാസത്തിലെ വളർച്ച രാജ്യത്തിന്റെ പുരോഗതിക്ക് വളരെ പ്രധാനമാണ്. എന്നാൽ വിദ്യാഭ്യാസം നേടുന്നതുകൊണ്ട് മാത്രം സ്ത്രീകളുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാകുന്നില്ല. സ്വന്തമായി വരുമാനം കണ്ടെത്താനും ജോലിക്ക് പോകാനും കഴിയുമ്പോഴാണ് സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിന്റെ യഥാർഥ ഗുണം ലഭിക്കുന്നതെന്ന് പഠനം അടിവരയിടുന്നു. പെൺകുട്ടികൾക്ക് പഠനം നൽകുന്നതിനൊപ്പം പഠനം പൂർത്തിയാക്കാനും പുതിയ കഴിവുകൾ നേടാനും ജോലി കണ്ടെത്താനും കഴിയണം. വിദ്യാഭ്യാസം നേടിയിട്ടും വീട്ടുജോലികളും കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളും കാരണം പല സ്ത്രീകൾക്കും ജോലിക്ക് പോകാൻ കഴിയുന്നില്ല. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനും സ്ത്രീകൾക്ക് ജോലി ചെയ്യാൻ അനുയോജ്യമായ സാഹചര്യം ഒരുക്കാനും കഴിയണം എന്ന നിര്ദേശവും പഠനം മുന്നോട്ട് വെക്കുന്നുണ്ട്.
സ്ത്രീകൾക്കായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, തൊഴിൽ പരിശീലനം നൽകുക തുടങ്ങിയ കാര്യങ്ങൾക്കും പ്രാധാന്യം നൽകണം. ജോലിയും കുടുംബജീവിതവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്ന സാഹചര്യവും ഉണ്ടാകണം. സ്വന്തം വരുമാനം കണ്ടെത്താനും കുടുംബത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്താനും സ്ത്രീകൾക്ക് കഴിയണം. സ്ത്രീകൾ വിദ്യാഭ്യാസം നേടുന്നതിനൊപ്പം സാമ്പത്തികമായി സ്വതന്ത്രരാകുകയും തൊഴിൽ മേഖലയിൽ സജീവമാകുകയും ചെയ്യുമ്പോഴാണ് യഥാർഥത്തിൽ വിദ്യാഭ്യാസ പുരോഗതി ഉണ്ടാകുന്നത്. അതുകൊണ്ട് സ്ത്രീകളുടെ വിദ്യാഭ്യാസത്തിനൊപ്പം തൊഴിലും സാമ്പത്തിക സ്വാതന്ത്ര്യവും ഉറപ്പാക്കാനുള്ള നടപടികൾക്കും കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ടെന്നും പഠനം നിര്ദേശിക്കുന്നു.
Female literacy in India has increased significantly from 8.86% in 1951 to 64.63% in 2011. However, this progress has not translated into higher female workforce participation. A study highlights the gap between women's education and employment, pointing to factors such as family responsibilities, lack of suitable job opportunities and limited skill development. It stresses the need for better employment opportunities, vocational training and policies that promote women's financial independence and economic empowerment.