Health

രാജ്യത്ത് സ്ത്രീകളിൽ കുടവയർ വർദ്ധിക്കുന്നു; ഫാറ്റി ലിവർ മുതല്‍ സ്നാർബുദം വരെ ഉണ്ടായേക്കും, ജാഗ്രതാ നിർദേശവുമായി പുതിയ പഠനം

30 മുതൽ 49 വയസ്സ് വരെയുള്ള സ്ത്രീകളിലാണ് കുടവയർ വർധിക്കുന്നത്

Madism Desk

ഇന്ത്യയിലെ സ്ത്രീകളിൽ വയറിന് ചുറ്റുമുള്ള അമിതവണ്ണം (Abdominal Obesity) പുരുഷന്മാരേക്കാൾ വേഗത്തിൽ വർദ്ധിക്കുന്നതായി പുതിയ പഠനങ്ങൾ. 30 മുതൽ 49 വയസ്സുവരെയുള്ള പത്ത് സ്ത്രീകളിൽ അഞ്ചിലധികം പേർക്ക് ഈ ആരോഗ്യപ്രശ്നമുണ്ടെന്നാണ് കണ്ടെത്തൽ. നഗരവൽക്കരണം, ഉയർന്ന വരുമാനം, പ്രായം, മാംസാഹാര ശീലങ്ങൾ എന്നിവ ഈ പ്രവണതയ്ക്ക് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രമേഹം, മെറ്റബോളിക് സിൻഡ്രോം തുടങ്ങിയവയെക്കുറിച്ചുള്ള ഗവേഷണ പഠനങ്ങളിലാണ് പുതിയ വിവരങ്ങൾ ഉള്‍കൊണ്ടിരിക്കുന്നത്.

മുതിർന്നവരിൽ മാത്രമല്ല, കൗമാരക്കാരിലും പ്രത്യേകിച്ച് പെൺകുട്ടികളിലും വയറിന് ചുറ്റും കൊഴുപ്പ് അടിയുന്ന സാഹചര്യം കണ്ടുവരുന്നത് ഗൗരവകരമാണെന്ന് പഠനം വ്യക്തമാക്കുന്നു. കുട്ടിക്കാലത്തെ പോഷകാഹാരക്കുറവും, ജീവിതശൈലീ മാറ്റങ്ങളുമാണ് ഇതിന് കാരണമാകുന്നത്. ഹൃദ്രോഗം, വൃക്കരോഗങ്ങൾ, ടൈപ്പ്-2 പ്രമേഹം, ഫാറ്റി ലിവർ, സ്തനാർബുദം തുടങ്ങിയ മാരകമായ അസുഖങ്ങളിലേക്ക് നയിക്കാവുന്ന മെറ്റബോളിക് എമർജൻസിയായിട്ടാണ് വിദഗ്ധർ ഇതിനെ വിലയിരുത്തുന്നത്.

ശരീരഭാരവും ഉയരവും തമ്മിലുള്ള അനുപാതമായ ബി.എം.ഐ (BMI) നോക്കി മാത്രം ഇന്ത്യക്കാരുടെ പൊണ്ണത്തടി കണക്കാക്കുന്നത് കൃത്യമാകില്ലെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നുണ്ട്. കുറഞ്ഞ ബി.എം.ഐ ഉള്ള ഏഷ്യൻ വംശജരിൽ പോലും ഉയർന്ന അളവിൽ ശരീരകൊഴുപ്പ് കാണപ്പെടാറുണ്ട്. അതിനാൽ, ആന്തരിക അവയവങ്ങളായ കരൾ, പാൻക്രിയാസ് എന്നിവയ്ക്ക് ചുറ്റും അടിയുന്ന കൊഴുപ്പ് അളക്കാൻ അരവണ്ണവും (Waist circumference) ഉയരവും തമ്മിലുള്ള അനുപാതം പരിശോധിക്കുന്നതാണ് ഉചിതം.

നേരത്തെ നഗരങ്ങളിലും സമ്പന്നരിലും മാത്രം കണ്ടുവന്നിരുന്ന ഈ പ്രശ്നം ഇപ്പോൾ ഗ്രാമപ്രദേശങ്ങളിലേക്കും ഇടത്തരക്കാരിലേക്കും പടരുകയാണ്. ദേശീയ കുടുംബാരോഗ്യ സർവ്വേ (NFHS-5) പ്രകാരം രാജ്യത്ത് 40 ശതമാനം സ്ത്രീകളിലും 12 ശതമാനം പുരുഷന്മാരിലും വയറിന് ചുറ്റുമുള്ള അമിതവണ്ണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു ടേപ്പ് ഉപയോഗിച്ച് ലളിതമായി അളക്കാവുന്ന ഈ രീതിയിലൂടെ രോഗസാധ്യതകൾ നേരത്തെ തിരിച്ചറിയാനും കൃത്യമായ ജീവിതശൈലീ മാറ്റങ്ങളിലൂടെ ആരോഗ്യം വീണ്ടെടുക്കാനും സാധിക്കും

English Summary: A new study shows abdominal obesity is rising faster among Indian women than men, especially in the 30–49 age group. Experts warn that belly fat increases the risk of diabetes, heart disease and fatty liver, and suggest waist-to-height ratio as a better indicator than BMI.