സാര്‍വദേശീയ നിലവാരം പരിഗണിച്ച് വിലയിരുത്തിയാല്‍ പോലും ആരോഗ്യമേഖലയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച പ്രദേശമാണ് കേരളം. ഏറ്റവും പ്രധാനപ്പെട്ട സൂചികകളായ മാതൃമരണനിരക്കിലും ശിശുമരണനിരക്കിലും വികസിതരാജ്യങ്ങളോടൊപ്പം കേരളം എത്തിക്കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല എല്ലാ ജനവിഭാഗങ്ങള്‍ക്കും പ്രദേശ-സാമൂഹ്യാവസ്ഥാവ്യത്യാസമില്ലാതെ ആരോഗ്യസേവനം ലഭ്യവുമാണ്. വികസിതരാജ്യങ്ങളുമായി തട്ടിച്ച് നോക്കുമ്പോള്‍ കേരളത്തിലെ ആരോഗ്യചെലവ് ആപേക്ഷികമായി കുറവുമാണ്. ഇതെല്ലാം പരിഗണിച്ച് സാമൂഹ്യനീതിയിലും തുല്യതയിലും അധിഷ്ഠിതമായ ചെലവ് കുറഞ്ഞ മികച്ച ആരോഗ്യം (Good Health at Low Cost, Good Health with Social Justice and Equity) എന്നാണ് കേരള ആരോഗ്യമാതൃകയെ അന്താരാഷ്ട്ര ഏജന്‍സികള്‍ വിശേഷിപ്പിക്കാറുള്ളത്.
കേരളത്തിനു ആരോഗ്യമേഖലയിലെ ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത് നീതിയുക്തമായ സാമൂഹിക മാറ്റങ്ങളിലൂടെയാണ്. മികച്ച വിദ്യാഭ്യാസ നിലവാരം പ്രത്യേകിച്ച് സ്ത്രീകളിലെ ഉയര്‍ന്ന സാക്ഷരത, ആഹാരസാധനങ്ങളുടെ മികച്ച പൊതുവിതരണ സമ്പ്രദായം, ഗ്രാമീണദാരിദ്ര്യം ഒരു പരിധിവരെ അവസാനിപ്പിച്ച ഭൂപരിഷ്കരണം, തൊഴിലെടുത്ത് ജീവിക്കുന്നവരുടെ അവകാശബോധം, വികേന്ദ്രീകൃത ഭരണസംവിധാനം, എല്ലാവിഭാഗം ജനങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കും ലഭ്യമായ പൊതുജനാരോഗ്യസംവിധാനം എന്നിവയിലൂടെയാണ് പ്രധാനമായും കേരളത്തിനു ആരോഗ്യമേഖലയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞത്.
സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട ഇടത്തരം ആശുപത്രികളും മിഷനറി ആശുപത്രികളും കേരള ആരോഗ്യമേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ വലിയ പങ്കുവഹിച്ച് വരുന്നുണ്ട്. ആധുനിക കാലത്ത് പോലും മാതൃമരണനിരക്ക് കുറച്ച് കൊണ്ടുവരുന്നതില്‍ സ്വകാര്യ ആശുപത്രികള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. പൊതുജനാരോഗ്യസംവിധാനം ശക്തിപ്പെട്ടിട്ടൂണ്ടെങ്കിലും രോഗാതുരതയുടെ വര്‍ധന പൊതുജനാരോഗ്യമേഖലയെ വലിയ സമ്മര്‍ദ്ദത്തിന് വിധേയമാക്കിയിരിക്കുന്നു.
നിയന്ത്രണവിധേയമില്ലാതെ വന്‍കിട സ്വകാര്യചികിത്സാമേഖല വളര്‍ന്നുവരുന്നു. ഇതിന്റെ ഫലമായി സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെയും ആരോഗ്യചെലവ് വര്‍ധിച്ചുവരുന്നു. ആരോഗ്യപരിപാലനത്തിലൂടെ ആയുസ്സ് നിലനിര്‍ത്താന്‍ കഴിയുമെങ്കിലും രോഗാതുരത ഉയര്‍ന്ന് നില്ക്കുന്ന സമൂഹത്തിന്റെ ജീവിതഗുണത (Quality of Life) കുറവായിരിക്കും. സ്വകാര്യ ആരോഗ്യ ചെലവ് വര്‍ധിച്ച് വരുന്നതിന്റെ ഫലമായി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ആരോഗ്യസേവനം നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടാവും. ഉയര്‍ന്ന രോഗാതുരതയും ചികിത്സാചെലവുമുള്ള രാജ്യമായ അമേരിക്കയിലെ ലോകമെമ്പാടും വിമര്‍ശിക്കപ്പെടുന്ന ആരോഗ്യമാതൃകയിലേക്ക് കേരളം എത്തിയിരിക്കയാണോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.
വര്‍ധിച്ചുവരുന്ന ആരോഗ്യ ചെലവ്
ദേശീയ ഹെല്‍ത്ത് അക്കൗണ്ട്സ് കണക്കനുസരിച്ച് രാജ്യത്ത് പ്രതിശീര്‍ഷ ആരോഗ്യചെലവ് ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. 2018-19 ലെ കണക്കനുസരിച്ച് മൊത്തം ആരോഗ്യചെലവ് 34,548 കോടി രൂപയാണെന്ന് കണക്കാക്കിയിട്ടുണ്ട്. ഇത് സംസ്ഥാനവരുമാനത്തിന്റെ (Gross State Domestic Product), 1.1 % വും പൊതുചെലവിന്റെ (General Government Expenditure) 7.4% വും വരും. എന്നാല്‍ ഇതില്‍ സര്‍ക്കാര്‍ചെലവ് 8,676 കോടി മാത്രമാണ് 25.11%. 68.60 ശതമാനം വരുന്ന 23,702 കോടി രൂപ ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള സ്വകാര്യചെലവാണ് (Out Of Pocket Expenditure: OOPE). അതായത് മൊത്തം പ്രതിശീര്‍ഷചെലവ് 9871 രൂപയാണെങ്കിലും.
ഇതില്‍ 2479 രൂപമാത്രമാണ് സര്‍ക്കാര്‍ ചെലവ് ശേഷം 6,772 രൂപയും ജനങ്ങളുടെ സ്വകാര്യചെലവാണ്. ആരോഗ്യമേഖലയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച തമിഴ്നാടിന്റെ 2018-19 ലെ മൊത്തം ആരോഗ്യചെലവ് 32,767 കോടിയും അതില്‍ 46.9% ശതമാനം സര്‍ക്കാര്‍ ചെലവുമാണ്. തമിഴ്നാട്ടിലെ പ്രതിശീര്‍ഷ സ്വകാര്യആരോഗ്യചെലവ് 1,909 രൂപയാണ് - 44.3%. കേരളത്തില്‍ 68.6% വരുന്ന 6,772 രൂപയും. 2013-14 ലെ കണക്കനുസരിച്ച് സംസ്ഥാനത്തിന്റെ മൊത്തം ആരോഗ്യചെലവ് 25,000 കോടി രൂപയായിരുന്നു. ഇതില്‍ 6000 കോടി യായിരുന്നു സര്‍ക്കാര്‍ ചെലവ് (24%). ഈ കാലയളവില്‍ പ്രതിശീര്‍ഷ ചെലവ് 7636 രൂപ ആയിരുന്നപ്പോള്‍ സര്‍ക്കാര്‍ ചെലവ് 1765 മാത്രമായിരുന്നു.
അതായത് 76 ശതമാനത്തോളമായിരുന്നു സ്വകാര്യചെലവ്. 2013-14 മായി തട്ടിച്ച് നോക്കുമ്പോള്‍ കേരളത്തില്‍ ആരോഗ്യമേഖലയിലെ സര്‍ക്കാര്‍ചെലവ് വര്‍ധിക്കുകയും സ്വകാര്യചെലവ് കുറയുകയും ചെയ്തിട്ടുണ്ടെങ്കിലും രാജ്യത്ത് ആരോഗ്യമേഖലയില്‍ ഏറ്റവുമധികം സ്വകാര്യചെലവുള്ള സംസ്ഥാനമായി കേരളം ഇപ്പോഴും തുടരുകയാണ്. 1996 ലെ ജനകീയാസൂത്രണം, 2006 ലെ അടിസ്ഥാന സൗകര്യ-മാനുഷികവിഭവ വികസനം, 2016 ലെ ആര്‍ദ്രം മിഷന് എന്നിങ്ങനെ വിവിധ സംരംഭങ്ങളിലൂടെ സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ വലിയ കുതിച്ചുചാട്ടം നടന്നിട്ടുണ്ട്. ഇതിന്റെയെല്ലാം ഫലമായി സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സക്ക് പോകുന്നവരുടെ എണ്ണം 30 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും മികച്ചനിലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കിയിട്ടൂള്ളതും കേരളത്തിലാണ്. എന്നിട്ടും എന്തുകൊണ്ടാണ് കേരളത്തില്‍ സ്വകാര്യ ആരോഗ്യചെലവ് വളരെ ഉയര്‍ന്ന് നില്‍ക്കുന്നതെന്നത് ഗൗരവമായ പഠനത്തിന് വിഷയമാക്കുകയും പരിഹാരം മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യേണ്ടതാണ്.
ആരോഗ്യമേഖലയിലെ വര്‍ധിച്ചുവരുന്ന വിദേശനിക്ഷേപം
കേരളത്തിന്റെ ആരോഗ്യമേഖല ഇന്ന് വലിയ വെല്ലുവിളി നേരിടുകയാണ്. കഴിഞ്ഞ കുറച്ചുകാലമായി നമ്മുടെ സ്വകാര്യ ആശുപത്രികളില്‍ വിദേശനിക്ഷേപം കുതിച്ചുയരുന്നു. അമേരിക്കന്‍ പ്രമുഖ കോര്‍പ്പറേറ്റുകള്‍ കമ്പനികളായ KKR (Kohlberg Kravis Roberts), Blackstone, TPG Growt,h, Blackstone Inc, TPG തുടങ്ങിയവ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളിലെ ഓഹരികള്‍ വാങ്ങി നിയന്ത്രണം കൈക്കലാക്കി വരുന്നു.
കേരളം എന്തുകൊണ്ട്?
കേരളത്തില്‍ ആരോഗ്യമേഖലമാത്രമാണ് വിദേശനിക്ഷേപത്തിന്റെ ഏകലക്ഷ്യം എന്നതും ശ്രദ്ധേയമാണ്. മറ്റൊരു മേഖലയിലും പ്രതീക്ഷിച്ച വിദേശനിക്ഷേപം കടന്ന് വന്നിട്ടില്ല, ആരോഗ്യമേഖലയില്‍ മാത്രമായി വിദേശനിക്ഷേപം വര്‍ധിച്ച് വരുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ട്:
കേരളത്തിലെ വര്‍ദ്ധിച്ചുവരുന്ന രോഗാതുരത
ജീവിതശൈലീരോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍, മാനസികരോഗങ്ങള്‍, വാഹനാപകടങ്ങള്‍ എന്നിവ കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്നു. വയോജനങ്ങളുടെ എണ്ണം കൂടുന്നതോടെ രോഗാതുരത ഇനിയും ഉയരുമെന്ന് വിദേശ ഏജന്‍സികള്‍ മനസ്സിലാക്കുന്നു. ഈ രോഗാതുരതയെ ഒരു 'ചാകര'യായി കണ്ടാണ് അവര്‍ കേരളത്തിലേക്ക് എത്തുന്നത്.
സാമ്പത്തിക ശേഷിയുള്ള ഉപഭോക്താക്കള്‍
ചികിത്സയ്ക്കായി പണം മുടക്കാന്‍ (Disposable income) കഴിവുള്ളവരുമായ ഒരു വലിയ വിഭാഗം കേരളത്തിലുണ്ട്. സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചുവരുന്നു. ഇതെല്ലാം എന്ത് ചെലവും വഹിച്ച് ആശുപത്രിയിലെത്താന്‍ സന്നദ്ധതയുള്ളവരുടെ എണ്ണം നിരന്തരം വർദ്ധിച്ച് വരുന്നു.
ചികിത്സാകേന്ദ്രങ്ങളുടെ ലഭ്യത
(Availability and Accessibility of Medical Care)
കേരളത്തില്‍ പിന്നാക്ക ജില്ലകളില്‍ പോലും സ്വകാര്യ ആശുപത്രികളുടെ സാന്നിധ്യമുണ്ട്. യാത്രാ സൗകര്യമുള്ളതിനാല്‍ ഇവിടെ എത്തുകയും എളുപ്പമാണ്.
അമേരിക്കന്‍ മാതൃക അനിവാര്യമോ ?
കേരള ആരോഗ്യമേഖല അമേരിക്കന്‍ മാതൃകയിലേക്ക് മാറുമോ എന്ന ആശങ്ക ഉയരാനുള്ള സാഹചര്യം നിലനിക്കുന്നുണ്ടെങ്കിലും അതു അനിവാര്യമായ ഒന്നായി കരുതേണ്ടതില്ല. കേരളത്തില്‍ നിന്നു വ്യത്യസ്ഥമായി പൂര്‍ണ്ണമായും സ്വകാര്യവല്‍ക്കരിക്കപ്പെട്ട ആരോഗ്യസംവിധാനമാണ് അമേരിക്കയിലുള്ളത്. സ്വകാര്യ ഇന്‍ഷ്വറന്‍സിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യമേഖല സംവിധാനം നിലനില്‍ക്കുന്നത്. ഏകദേശം 2.5 കോടി മുതല്‍ 2.6 കോടി വരെ ആളുകള്‍ക്ക് യാതൊരുവിധ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുമില്ല. ഈ ഗുരുതരമായ പ്രശ്നം പരിഹരിക്കാനാണ് അഫോര്‍ഡബിള്‍ കെയര്‍ ആക്റ്റ് (Affordable Care Act - ACA) അഥവാ ഒബാമ കെയര്‍ ശ്രമിക്കുന്നത്. കൂടുതല്‍ ആളുകള്‍ക്ക് താങ്ങാനാവുന്ന ചെലവില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഒബാമ കെയര്‍ നടപ്പിലാക്കിയതിനുശേഷം, ഇന്‍ഷുറന്‍സ് ഇല്ലാത്തവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.
അമേരിക്കയില്‍ നിന്നും വ്യത്യസ്തമായ സുശക്തമായ പൊതുജനാരോഗ്യ സംവിധാനം കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. കോവിഡ് മഹാമാരിയെ നേരിടുന്നതില്‍ അമേരിക്ക പരാജയപ്പെട്ടപ്പോള്‍ കേരളത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഉചിതമായ ചികിത്സ നല്കാന് കഴിഞ്ഞു. മാതൃമല്ല ആരോഗ്യ ഇന്‍ഷ്വറന്‍സിന്റെ കാര്യത്തിലും അമേരിക്കയില്‍ നിന്നും വ്യത്യസ്തമായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കാരുണ്യ, മെഡിസെപ് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ കേരളത്തില്‍ വലിയൊരു പരിധിവരെ പൊതുജനങ്ങള്‍ക്ക് ആശ്വാസകരമായി നിലനില്‍ക്കുന്നുണ്ട്. കേരളം നേരിട്ടുവരുന്ന ആരോഗ്യപ്രതിസന്ധികള്‍ ഉചിതമായ നയരൂപീകരണത്തിലൂടെയും ഇടപെടലുകളിലൂടെയും മുറിച്ചുകടക്കാനായാല് അമേരിക്കന്‍ മാതൃകയിലേക്കോ എന്ന ചോദ്യം അപ്രസക്തമാവും.
കേരളത്തിന്റെ ആരോഗ്യമേഖല നേരിടുന്ന പ്രതിസന്ധികള്‍ മറികടക്കാന്‍ നയപരമായ ചില ഇടപെടലുകള്‍ അനിവാര്യമാണ്. പ്രാഥമിക - ദ്വിതീയ ചികിത്സക്ക് ഊന്നല്‍ നല്കി കുടുംബഡോക്ടര് മാതൃക പിന്തുടര്ന്ന് പ്രവര്‍ത്തിച്ച് വരുന്ന ഇടത്തരം ചെറുകിട സ്വകാര്യ ആശുപത്രികളെ സര്‍ക്കാര്‍ പ്രാഥമികാരോഗ്യ ശൃംഖലയൂമായി ബന്ധിപ്പിക്കുന്ന കാര്യം സപരിഗണിക്കാവുന്നതാണ്. അതോടൊപ്പം ഇപ്പോള്‍ വന്‍കിട സ്വകാര്യ ആശുപത്രികളുമായി മത്സരത്തിലേര്പ്പേട്ടുവരുന്ന സഹകരണ ആശുപത്രി മേഖല, കേരളീയരുടെ വര്‍ധിച്ചു വരുന്ന രോഗാതുരത കുറക്കുന്നതിനായി മുതിര്‍ന്ന പൗരന്മാടെ സമഗ്ര ആരോഗ്യപരിപാലനം ലക്ഷ്യമാക്കികൊണ്ടുള്ള ജീരിയാട്രിക്ക്സ് പരിപാലനത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ആശുപത്രികള്‍ എന്നിവ സ്ഥാപിക്കുന്നതിനു ഊന്നല്‍ നല്കാന് ശ്രമിക്കേണ്ടതാണ്.
രോഗാതുരതയും ആരോഗ്യചെലവും കുറക്കുക
ആരോഗ്യ വിദ്യാഭ്യാസം, രോഗപ്രതിരോധം, ആരോഗ്യ പരിപോഷണം, പ്രാരംഭഘട്ടത്തില്‍ തന്നെ രോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കല്‍ തുടങ്ങിവയ്ക്ക് പ്രാധാന്യം നല്‍കണം. വര്‍ധിച്ച് വരുന്ന രോഗാതുരത നിയന്ത്രിക്കാതെ സംസ്ഥാനത്തിന് ഇനി മുന്നോട്ട് പോവാനാവില്ല. വിജയകരമായി നടപ്പിലാക്കിയ സമ്പൂര്‍ണ്ണ സാക്ഷരതായജ്ഞം പോലെ, രോഗപ്രതിരോധവും ആരോഗ്യ വിദ്യാഭ്യാസവും ലക്ഷ്യമിട്ട് എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ച് ഒരു ജനകീയ ആരോഗ്യ വിദ്യാഭ്യാസ പ്രസ്ഥാനം വളര്‍ത്തിയെടുക്കണം. മിക്ക ദീര്‍ഘസ്ഥായി രോഗങ്ങളുടെയും ആരംഭം കുറിക്കുന്നത് ചെറുപ്പകാലത്തായതുകൊണ്ട് കുട്ടിക്കാലത്ത് തന്നെ രോഗപ്രതിരോധം ഉറപ്പുവരുത്താന്‍ സ്കൂള്‍ ആരോഗ്യപദ്ധതി വിദ്യാഭ്യാസ ആരോഗ്യവകുപ്പുകള്‍ സംയുക്തമായി നടപ്പിലാക്കണം. സ്കൂള്‍ ആരോഗ്യപദ്ധതി കോളേജുകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതും പരിഗണിക്കേണ്ടതാണ്.
1996 ലെ ജനകീയാസൂത്രണം, 2006 ലെ അടിസ്ഥാന സൗകര്യ-മാനുഷികവിഭവ വികസനം, 2016 ലെ ആര്‍ദ്രം മിഷന് എന്നിങ്ങനെ വിവിധ സംരംഭങ്ങളിലൂടെ സര്ക്കാര്ആരോഗ്യമേഖലയില് വലിയ കുതിച്ച് ചാട്ടം നടന്നിട്ടുണ്ട്. 2011 ലെ സര്‍ക്കാര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്ലാത്ത ജില്ലകളിലെല്ലാം മെഡിക്കല്‍ കോളേജുകള്‍ ആരംഭിച്ചു. സര്‍ക്കാര്‍ മേഖല കൂടുതല്‍ വിപുലീകരിച്ച് പൊതു ആശുപത്രികള്‍ അവശ്യാനുസരണമില്ലാത്ത ജില്ലകളില്‍ അവ ലഭ്യമാക്കണം. പുതുതായി ആരംഭിച്ച മെഡിക്കല്‍ കോളേജുകള്‍ എല്ലാം പ്രവര്‍ത്തന ക്ഷമമാക്കണം.
കേരളത്തിന്റെ ആരോഗ്യമേഖല നേരിടുന്ന പ്രതിസന്ധികള്‍ മറികടക്കാന്‍ നയപരമായ ചില ഇടപെടലുകള്‍ അനിവാര്യമാണ്. പ്രാഥമിക- ദ്വിതീയ ചികിത്സക്ക് ഊന്നല്‍ നല്കി കുടുംബഡോക്ടര് മാതൃക പിന്തുടര്ന്ന് പ്രവര്‍ത്തിച്ച് വരുന്ന ഇടത്തരം ചെറുകിട സ്വകാര്യ ആശുപത്രികളെ സര്‍ക്കാര്‍ പ്രാഥമികാരോഗ്യ ശ്രംഖലയൂമായി ബന്ധിപ്പിക്കുന്ന കാര്യം പരിഗണിക്കാവുന്നതാണ്. അതോടൊപ്പം ഇപ്പോള്‍ വന്‍കിട സ്വകാര്യ ആശുപത്രികളുമായി മത്സരത്തിലേര്പ്പേട്ടുവരുന്ന സഹകരണ ആശൂപത്രി മേഖല കേരളീയരുടെ വര്‍ധിച്ച് വരുന്ന രോഗാതുരത കുറക്കുന്നതിനായി മുതിര്‍ന്ന പൗരന്മാരുടെ സമഗ്ര ആരോഗ്യപരിപാലനം ലക്ഷ്യമാക്കികൊണ്ടുള്ള ജീരിയാട്രിക്സ് പരിപാലനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ആശുപത്രികള്‍ സ്ഥാപിക്കുന്നതിനു ഊന്നല്‍ നല്കാന് ശ്രമിക്കേണ്ടതാണ്.
ഇതോടൊപ്പം ഇടക്കാല കരുതല്‍ നടപടിയെന്ന നിലയില്‍ സര്‍ക്കാര്‍ ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമതയോടെ ഏകോപിച്ച് നടപ്പിലാക്കുകയും വേണം. രോഗാതുരതയും ആരോഗ്യചെലവും കുറക്കുക, സ്വകാര്യമേഖലയെ സാമൂഹിക നിയന്ത്രണത്തിനു വിധേയമാക്കുക. രോഗപ്രതിരോധത്തിനും ആരോഗ്യവിദ്യഭ്യാസത്തിനും ഊന്നല്‍ നല്‍കികൊണ്ടുള്ള ജനകീയ പദ്ധതികള്‍ നടപ്പിലാക്കുക, സര്‍ക്കാര്‍ ആശുപത്രി ചികിത്സാ സൗകര്യങ്ങള്‍ വിപുലീകരിക്കുക എന്നീ നയങ്ങള്‍ നടപ്പിലാക്കുന്നതിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.
ആരോഗ്യമേഖലയിലെ സ്വാഗതാര്ഹങ്ങളായ പദ്ധതികള്‍
1996ല്‍ നടപ്പിലാക്കിയ ജനകീയാസൂത്രണത്തിന്റെ ഭാഗമായി സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് താഴെത്തട്ടിലുള്ള ആരോഗ്യസ്ഥാപനങ്ങളുടെ ചുമതല നല്‍കിയതോടെ ഉയര്‍ന്ന തലത്തിലുള്ള മെഡിക്കല്‍ കോളേജുകളിലും മറ്റ് സ്ഥാപനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആരോഗ്യവകുപ്പിനു കഴിഞ്ഞു. ഒരേസമയം ആരോഗ്യവകുപ്പിന്റെ കീഴില്‍ മുകള്‍തട്ടിലുള്ള ആശുപത്രികളും അനുബന്ധ സ്ഥാപനങ്ങളും, പഞ്ചായത്തുകളുടെ മേല്‍ നോട്ടത്തില്‍ താഴെതട്ടിലുള്ള ആരോഗ്യ സ്ഥാപനങ്ങളും മെച്ചപ്പെടാന്‍ തുടങ്ങി. 2006 ൽ സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളില്‍ വലിയ വര്‍ധനയുണ്ടായി. കാത്ത് ലാബുപോലുള്ള സാങ്കേതിക വിദ്യകള്‍ ജില്ലാതലത്തിലും ഡയാലിസിസി സംവിധാനം താലൂക്ക് തലത്തിലും ലഭ്യമാക്കി. സ്പെഷ്യലിറ്റി സൂപ്പര്‍ സ്പെഷ്യലിറ്റി തലത്തില്‍ ഡോക്ടര്‍മാരുടെയും മറ്റ് അനുബന്ധ ജീവനക്കാരുടെയും ലഭ്യതയില്‍ വലിയ വര്‍ധനയുണ്ടായി. ഏത് സ്വകാര്യ സൂപ്പര്‍ സ്പെഷ്യലിറ്റി ആശുപത്രികളോടും കിടപിടിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ ആധുനികചിത്സാ ലഭ്യതയുടെ കാര്യത്തില്‍ വികസിച്ചു. 2016 ല്‍ ആരംഭിച്ച ആര്‍ദ്രം മിഷന് സര്‍ക്കാര്‍ ആശുപത്രികള്‍ അടിസ്ഥാന സൌകര്യങ്ങളും മനുഷ്യവിഭവശേഷിയും കൂടുതല്‍ മെച്ചപ്പെടുത്തി.
ഇതോടൊപ്പം കാരുണ്യ ആരോഗ്യ സുരക്ഷ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി (കാസ്പ്) പ്രകാരം സംസ്ഥാനത്തെ ദരിദ്രരും സര്‍ക്കാര്‍ ആശുപത്രികളിലോ സര്‍ക്കാര്‍ എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലോ ചികിത്സക്കായി ഓരോ വര്‍ഷവും അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്കു അഞ്ച് ലക്ഷം രൂപ വരെയുള്ള ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. കാന്‍സര്‍ തുടങ്ങിയ ഗുരുതര രോഗങ്ങളൂള്ളവര്ക്കായി പ്രത്യേക സാമ്പത്തിക സഹായ പദ്ധതികളും നടപ്പിലാക്കിവരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അവരുടെ ആശ്രിതരായവര്ക്കുമുള്ള മെഡിസെപ് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കിതുടങ്ങിയിട്ടുണ്ട്. ഇതിലൂടെ ജീവനക്കാരും പെന്ഷന്കാരുമടങ്ങിയ പത്ത് ലക്ഷംപേര്‍ക്കും അവരുടെ ആശ്രിതരായ ഇരുപത് ലക്ഷംപേര്‍ക്കും ആരോഗ്യപരിരക്ഷ ലഭിക്കും ബി പി എല്‍ വിഭാഗത്തില്‍ പെട്ട 41 ലക്ഷം കുടുംബാംഗങ്ങള്‍ക്ക് കാസ്പ് (KASP: Karunya Arogya Suraksha Padhathi) പദ്ധതിയിലൂടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് നടന്ന് വരുന്നുണ്ട്. മെഡിസെപ്പും കാസ്പും ചേര്‍ന്ന് ഏതാണ്ട് രണ്ടു കോടിയിലേറെ പേര്‍ക്കാണ് ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കാന്‍ പോകുന്നത്.
സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെയാണ് രണ്ട് പദ്ധതികളും നടപ്പിലാക്കുന്നത്. സര്‍ക്കാര്‍ മേഖലയെ സ്വകാര്യവല്‍ക്കരണത്തിലേക്ക് നയിക്കുന്ന സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തത്തിന്റെ (PPP) സ്ഥാനത്ത് പൊതുജനാരോഗ്യമേഖലയെ ശക്തിപ്പെടുത്തി സാധാരണക്കാര്‍ക്ക് ചികിത്സ ഉറപ്പാക്കുന്ന സര്‍ക്കാര്‍-സ്വകാര്യ സഹകരണത്തിന്റെ (Public Private Co-Operation) മികച്ച മാതൃകകളാണ് ഈ പദ്ധതികള്‍.
പൊതുജനാരോഗ്യ ഇടപെടലുകള്‍ പ്രധാനം
മെഡിക്കല്‍ കോളേജുകളിലെ സാമൂഹ്യാരോഗ്യവിഭാഗം, അച്യുതമേനോന് സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസ്, കാസര്‍ഗോഡ് കേന്ദ്രസര്‍വകലാശാലയിലെ സാമൂഹ്യാരോഗ്യവിഭാഗം ഇവിടെയെല്ലാം ലഭ്യമായ നൂറുകണക്കിനുള്ള പൊതുജനാരോഗ്യവിദഗ്ദരുടെ തീരെ പ്രയോജനപ്പെടുത്താന്‍ നമുക്ക് കഴിയുന്നില്ല. കേരളം നേരിടുന്ന ആരോഗ്യപ്രതിസന്ധികളെ സംബന്ധിച്ച് കൂടുതല്‍ സൂക്ഷ്മപഠനങ്ങള്‍ നടത്തുന്നതിനും പൊതുജനാരോഗ്യ ഇടപെടലിനുമായി ഇവരുടെ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയണം. വിവിധ ജില്ലകളിലുള്ള സര്‍ക്കാര്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകളും പൊതുജനാരോഗ്യ സ്ഥാപനങ്ങളും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രോജക്ടും മറ്റും തയ്യാറാക്കാന്‍ അവരെ സഹായിക്കാനുള്ള പ്രവര്‍ത്തന പരിപാടി തയ്യാറാക്കണം.
വിഷമവൃത്തത്തില്പ്പെടുന്ന കേരള ആരോഗ്യ മേഖല
വിദേശ ഏജന്‍സികളുടെ നിയന്ത്രണത്തിലേക്ക് പോകുന്ന മിക്ക ആശുപത്രികളും ഡോക്ടര്‍മാരുടെ നിയന്ത്രണത്തില്‍ ഉള്ളവയായിരുന്നു. ഡോക്ടര്‍മാര്‍ക്ക് ആശുപത്രികളുടെ നിയന്ത്രണം നഷ്ടപ്പെടുന്നതിനു പുറമേ ആശുപത്രികളിൽ സേവനം അനുഷ്ടിക്കുന്ന ജൂനിയര്‍ ഡോക്ടര്‍മാരും നഴ്സുമാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും സേവനസുരക്ഷ നഷ്ടപ്പെട്ട് കൂടുതല്‍ ചൂഷണത്തിനു വിധേയരാക്കപ്പെടുന്ന സാഹചര്യവും ഉടലെടുക്കും.
ഈ ഗുരുതരമായ സാഹചര്യത്തെ നേരിടാന്‍ ദീര്‍ഘകാല, ഹ്രസ്വകാല ആരോഗ്യനയങ്ങള്‍ രൂപീകരിക്കേണ്ടത് അത്യാവശ്യമാണ്. രോഗ ചികിത്സയോടൊപ്പം രോഗപ്രതിരോധത്തിനും പ്രാധാന്യം നല്കി രോഗാതുരത കുറക്കാന്‍ ഊര്‍ജ്ജിത ശ്രമം ആരംഭിക്കുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടത്. വിജയകരമായി നടപ്പിലാക്കിയ സമ്പൂര്‍ണ്ണ സാക്ഷരതായജ്ഞം പോലെ, രോഗപ്രതിരോധവും ആരോഗ്യ വിദ്യാഭ്യാസവും ഒരു ജനകീയപ്രസ്ഥാനമായി വളര്‍ത്തിയെടുക്കണം.
മിക്ക ദീര്‍ഘസ്ഥായി രോഗങ്ങളുടെയും ആരംഭം കുറിക്കുന്നത് ചെറുപ്പകാലത്തായത് കൊണ്ട് കുട്ടിക്കാലത്ത് തന്നെ രോഗപ്രതിരോധം ഉറപ്പുവരുത്താന്‍ സ്കൂള്‍ ആരോഗ്യപദ്ധതി വിദ്യാഭ്യാസ ആരോഗ്യവകുപ്പുകള്‍ സംയുക്തമായി നടപ്പിലാക്കണം. സ്കൂള്‍ ആരോഗ്യപദ്ധതി കോളേജുകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതും പരിഗണിക്കേണ്ടതാണ്. സ്വകാര്യ ആശുപത്രികളിലെ ചികിത്സയുടെ കാര്യത്തില്‍ ചികിത്സാമാനദണ്ഡങ്ങളും പെരുമാറ്റ ചട്ടങ്ങളും വേണ്ടത്ര നിലവിലില്ല, സ്വകാര്യആശുപത്രികൾ രോഗികളുടെ മേല്‍ അമിതഭാരം ചുമത്തുന്ന സ്ഥിതി മാറ്റിയെടുക്കാന്‍ ചികിത്സാ മാനദണ്ഡങ്ങളും പെരുമാറ്റചട്ടങ്ങളും ആവിഷ്കരിക്കയും ചികിത്സാഫീസുകള് നിശ്ചയിക്കയും വേണം. ക്ളിനിക്കല്‍ എസ്റ്റാബ്ളിഷ്മെന്റ് ആക്ടില്‍ ഇതെല്ലാം പെടുത്താവുന്നതാണ്. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് വിപുലീകരിച്ച് ചികിത്സാ മാനദണ്ഡങ്ങളും ചികിത്സാ ഫീസും അതിന്റെ പരിധിയില്‍ കൊണ്ടുവരണം.
പൊതുജനാരോഗ്യ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുണം. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളും മറ്റും വലിയതോതില്‍ വര്‍ധിച്ചതിന്റെ ഫലമായി കുറഞ്ഞത് 30-35 ശതമാനം ജനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രി സേവനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇത് ഇനിയും വര്‍ധിപ്പിച്ച് ഘട്ടം ഘട്ടമായി അന്‍പത് ശതമാനമായിട്ടെങ്കിലും ഉയര്‍ത്താന്‍ കഴിയണം. നമ്മുടെ ആരോഗ്യമേഖലയെ ലാഭക്കൊതിയുള്ള കോര്‍പ്പറേറ്റുകളുടെ കൈകളിലേക്ക് വിട്ടുകൊടുക്കാതെ, പൊതുജനാരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തേണ്ടിയിരിക്കുന്നു.