Health

'ഡെർമറ്റോളജിക്കലി ടെസ്റ്റഡ്' എന്നാൽ സുരക്ഷിതമെന്നാണോ? ഈ ലേബലിന്റെ അർഥം അറിയാം

സെൻസിറ്റീവായതോ പെട്ടെന്ന് പ്രതികരിക്കുന്നതോ ആയ ചർമ്മമുള്ളവർ സുഗന്ധം പ്രിസർവേറ്റീവുകൾ, എന്നിവയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം.

Madism Desk

ചർമ്മസംരക്ഷണത്തിനും മേക്കപ്പിനുമായി വാങ്ങുന്ന നിരവധി ഉൽപ്പന്നങ്ങളുടെ പാക്കറ്റുകളിൽ ‘ഡെർമറ്റോളജിക്കലി ടെസ്റ്റഡ്’ എന്ന വാക്ക് കാണാം. ചർമ്മത്തിന് സുരക്ഷിതമാണെന്ന ഉറപ്പായാണ് പലരും ഇതിനെ കാണുന്നത്. എന്നാൽ ഇതുകൊണ്ട് ഒരു ഉൽപന്നതിന്റെ സുരക്ഷയോ ഫലമോ ഉറപ്പുനൽകുന്നില്ല.

ഗുരുഗ്രാമിലെ സ്കിൻസെസ്റ്റ് സ്ഥാപകയും കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റുമായ ഡോ. നൂപുർ ജെയിൻ, ‘ഡെർമറ്റോളജിക്കലി ടെസ്റ്റഡ്’ എന്ന ലേബലിന്റെ യഥാർഥ അർഥവും ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വിശദീകരിക്കുന്നു.

ഒരു ഉൽപ്പന്നം ചർമ്മത്തിൽ ഉപയോഗിക്കുമ്പോൾ അസ്വസ്ഥതയോ പ്രകോപനമോ ഉണ്ടാകുന്നുണ്ടോ എന്ന് വിലയിരുത്തുന്നതിനായി ഡെർമറ്റോളജിസ്റ്റുകളുടെ നേതൃത്വത്തിൽ പരിശോധന നടത്തിയിട്ടുണ്ടെന്നാണ് ‘ഡെർമറ്റോളജിക്കലി ടെസ്റ്റഡ്’ എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്.

എന്നാൽ, പരിശോധന നടത്തുന്ന രീതി, പങ്കെടുത്തവരുടെ എണ്ണം, പരിശോധനയുടെ ദൈർഘ്യം, സാഹചര്യങ്ങൾ, എന്നിവ വ്യത്യാസപ്പെടാം. അതിനാൽ, ‘ഡെർമറ്റോളജിക്കലി ടെസ്റ്റഡ്’ എന്ന ലേബൽ ഉള്ളതുകൊണ്ട് മാത്രം ഒരു ഉൽപ്പന്നം പൂർണമായും സുരക്ഷിതമാണെന്നോ ഫലപ്രദമാണെന്നോ കരുതരുതെന്ന് ഡോ. നൂപുർ ജെയിൻ മുന്നറിയിപ്പ് നൽകുന്നു.

‘ഡെർമറ്റോളജിക്കലി ടെസ്റ്റഡ്’, ‘ക്ലിനിക്കലി പ്രൂവൺ’ എന്നീ പദങ്ങൾ ഒരേ അർഥത്തിലല്ല ഉപയോഗിക്കുന്നത്. ഒരു ഉൽപ്പന്നം ചർമ്മത്തിന് എത്രത്തോളം അനുയോജ്യമാണെന്ന് പരിശോധിക്കുന്നതും മുഖക്കുരു, പിഗ്മെന്റേഷൻ, പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ, മുടികൊഴിച്ചിൽ തുടങ്ങിയ പ്രശ്നങ്ങളിൽ അത് ഫലപ്രദമാണെന്ന് തെളിയിക്കുന്നതും വ്യത്യസ്തമാണ്.

അതുപോലെ, ‘ഡെർമറ്റോളജിക്കലി ടെസ്റ്റഡ്’ എന്ന ലേബൽ ഉള്ളതുകൊണ്ട് മാത്രം ഒരു ഉൽപ്പന്നം അലർജി ഉണ്ടാക്കില്ല എന്ന് പറയാൻ കഴിയില്ല. ഓരോ ഉൽപ്പന്നത്തിന്റെയും ഘടനയും പരിശോധനാ ഫലങ്ങളും പ്രത്യേകം വിലയിരുത്തേണ്ടതുണ്ട്. ചർമ്മത്തിന്റെ സ്വഭാവം, ഉൽപ്പന്നങ്ങളോടുള്ള ചർമ്മത്തിന്റെ പ്രതികരണം എന്നിവ നോക്കിവേണം സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാനെന്ന് ഡോ. നൂപുർ ജെയിൻ പറയുന്നു.

മുഖക്കുരു വരാൻ സാധ്യതയുള്ളവർ സുഷിരങ്ങൾ അടയാനുള്ള സാധ്യത കുറവുള്ള ഉൽപ്പന്നങ്ങളാണോ തിരഞ്ഞെടുക്കുന്നതെന്ന് പരിശോധിക്കണം. സെൻസിറ്റീവായതോ പെട്ടെന്ന് പ്രതികരിക്കുന്നതോ ആയ ചർമ്മമുള്ളവർ സുഗന്ധം പ്രിസർവേറ്റീവുകൾ, എന്നിവയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം.

‘ഡെർമറ്റോളജിസ്റ്റ് റെക്കമെൻഡഡ്’, ‘ഡെർമറ്റോളജിസ്റ്റ് അപ്രൂവ്ഡ്’ തുടങ്ങിയ ലേബലുകളും ‘ഡെർമറ്റോളജിക്കലി ടെസ്റ്റഡ്’ എന്നതും ഒരേ അർഥമല്ല. ഒരു ചർമ്മരോഗ വിദഗ്ധൻ ഉൾപ്പെട്ടിട്ടുണ്ട് എന്നതുകൊണ്ട് മാത്രം ഉൽപ്പന്നം കൃത്യമായി പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് കരുതരുത്.

സ്കിൻകെയർ കാര്യത്തിൽ കുറച്ച് ഉൽപ്പന്നങ്ങൾ മാത്രമാണ് താൻ പിന്തുടരുന്നതെന്നാണ് ഡോ. നൂപുർ ജെയിൻ പറയുന്നത്. പാക്കറ്റിലെ ആകർഷകമായ വാക്കുകൾ കണ്ട് ഉൽപ്പന്നങ്ങൾ വാങ്ങുന്നതും ആവശ്യത്തിലധികം ഉൽപ്പന്നങ്ങൾ ഒരുമിച്ച് ഉപയോഗിക്കുന്നതും ചിലപ്പോൾ ഗുണത്തേക്കാൾ ദോഷമുണ്ടാക്കാം. ചർമ്മത്തിന് അനുയോജ്യമായ ചേരുവകൾ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ലളിതമായ ഒരു സ്കിൻകെയർ പിന്തുടരുന്നതാണ് നല്ലത്.

ഉൽപ്പന്നത്തിന്റെ മുൻവശത്തെ ലേബലുകൾ മാത്രം നോക്കി തീരുമാനമെടുക്കരുത്. പാക്കറ്റിന്റെ പിൻവശത്തുള്ള ചേരുവകളുടെ പട്ടിക, ഉപയോഗിക്കേണ്ടതിന്റെ ഉദ്ദേശ്യം, ഗുണങ്ങൾ എന്നിവ പരിശോധിക്കണം.

പുതിയ ഉൽപ്പന്നം ഉപയോഗിക്കുന്നതിന് മുമ്പ് ചെറിയൊരു ഭാഗത്ത് പരീക്ഷിക്കുന്നത് നല്ലതാണ് . പ്രത്യേകിച്ച് സെൻസിറ്റീവായ ചർമ്മമുള്ളവർ ഇക്കാര്യത്തിൽ ശ്രദ്ധിക്കണം. എന്നാൽ, പാച്ച് ടെസ്റ്റ് നടത്തിയതുകൊണ്ട് ഭാവിയിൽ അലർജിയോ ശരീരത്തിൽ മറ്റ് പ്രതികരണങ്ങളോ ഉണ്ടാകില്ലെന്ന് ഉറപ്പ് പറയാനാകില്ല.

ഓരോ വ്യക്തിയുടെയും ചർമ്മം വ്യത്യസ്തമായതിനാൽ ഒരേ ഉൽപ്പന്നം എല്ലാവരിലും ഒരേ രീതിയിലായിരിക്കില്ല പ്രതികരിക്കുക. മുഖക്കുരു, പിഗ്മെന്റേഷൻ, വാർധക്യത്തിന്റെ ലക്ഷണങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ തുടർച്ചയായി അനുഭവപ്പെടുന്നവർ ഡെർമറ്റോളജിസ്റ്റിന്റെ നിർദേശം തേടുന്നതാണ് നല്ലത്.

‘ഡെർമറ്റോളജിക്കലി ടെസ്റ്റഡ്’ എന്നത് ശ്രദ്ധിക്കേണ്ട ഒരു വിവരമാണെങ്കിലും, അത് എല്ലാ ചർമ്മപ്രശ്നങ്ങൾക്കും അനുയോജ്യമായ ഉൽപ്പന്നമാണെന്നതിനുള്ള ഉറപ്പല്ല. ഉൽപ്പന്നത്തിന്റെ ലേബലിലെ മാർക്കറ്റിങ് വാക്കുകളേക്കാൾ അതിൽ അടങ്ങിയ ഘടകങ്ങളും സ്വന്തം ചർമ്മത്തിന്റെ ആവശ്യങ്ങളും മനസ്സിലാക്കി വേണം ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ എന്ന് ഡോ. നൂപുർ ജെയിൻ ഓർമിപ്പിക്കുന്നു.

The label ‘dermatologically tested’ means a skincare product has been tested under dermatological supervision, but it does not guarantee that the product is completely safe or effective for everyone. It is different from terms like ‘clinically proven’, ‘dermatologist recommended’ and ‘hypoallergenic’. Experts advise consumers to check the ingredients, consider their skin type and concerns, and perform a patch test before using a new product. Consulting a qualified dermatologist is recommended for persistent skin problems.