Health

60 വയസിന് മുകളിലുള്ള കാന്‍സര്‍ രോഗികള്‍ക്ക് പ്രത്യേക ചികിത്സാ പ്രോട്ടോക്കോള്‍; പുതിയ മാര്‍ഗനിര്‍ദേശവുമായി വിദഗ്ധര്‍

ജെറിയാട്രിക് പരിശോധനയിലൂടെ സുരക്ഷിതവും ഫലപ്രദവുമായ കാൻസർ ചികിത്സ

Madism Desk

ഇന്ത്യയില്‍ ആദ്യമായി, 60 വയസും അതിന് മുകളിലും പ്രായമുള്ള എല്ലാ കാന്‍സര്‍ രോഗികള്‍ക്കും ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് ജെറിയാട്രിക് അസസ്മെന്റ് ( പ്രായമായവരുടെ ശാരീരിക, മാനസിക ആരോഗ്യനില സമഗ്രമായി വിലയിരുത്തുന്ന പരിശോധന ) വിലയിരുത്തല്‍ നടത്തണമെന്ന് ഇന്ത്യന്‍ ഓങ്കോളജിസ്റ്റുകളും ജെറിയാട്രീഷ്യന്‍മാരും. പ്രത്യേകിച്ച് കീമോതെറാപ്പിക്ക് മുമ്പ് രോഗിയുടെ പ്രായവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളും ചികിത്സ സ്വീകരിക്കാനുള്ള ശാരീരികശേഷിയും വിലയിരുത്തണമെന്ന് പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ജേണല്‍ ഓഫ് ജെറിയാട്രിക് ഓങ്കോളജില്‍ പ്രസിദ്ധീകരിച്ച ഈ ശുപാര്‍ശകള്‍ ഇന്ത്യയിലെ ആദ്യ ജെറിയാട്രിക് ഓങ്കോളജി മാര്‍ഗനിര്‍ദേശങ്ങളാണ്. മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ ന്യൂഡല്‍ഹിയിലെ എയിംസും രാജ്യത്തെ മറ്റ് പ്രമുഖ കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളിലെ വിദഗ്ധരും ചേര്‍ന്നാണ് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്. മെഡിക്കല്‍ ഓങ്കോളജിസ്റ്റുകള്‍, ജെറിയാട്രീഷ്യന്‍മാര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, ഡയറ്റീഷ്യന്‍മാര്‍, സൈക്കോ-ഓങ്കോളജിസ്റ്റുകള്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍ തുടങ്ങിയ വിവിധ മേഖലകളിലെ വിദഗ്ധരും ഇതിന്റെ ഭാഗമായിരുന്നു.

കീമോതെറാപ്പിക്ക് മുമ്പ് പരിശോധന

60 വയസിന് മുകളിലുള്ള എല്ലാ കാന്‍സര്‍ രോഗികള്‍ക്കും ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് സമഗ്രമായ ജെറിയാട്രിക് പരിശോധന നടത്തണമെന്നാണ് നിര്‍ദേശം. ചികിത്സയ്ക്കിടെ രോഗിയില്‍ മാറ്റമുണ്ടായിട്ടുണ്ടോ എന്ന് മനസ്സിലാക്കാന്‍ ഏകദേശം മൂന്ന് മാസത്തിന് ശേഷം വീണ്ടും പരിശോധന നടത്താനും പറയുന്നു. ശാരീരിക ക്ഷമത, പോഷകാഹാര നില, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍, വീഴാനുള്ള സാധ്യത, ഒന്നിലധികം മരുന്നുകളുടെ ഉപയോഗം, ഓര്‍മയും ബുദ്ധിശേഷിയും, വിഷാദം, ഉത്കണ്ഠ, കീമോതെറാപ്പിയുടെ പാര്‍ശ്വഫലങ്ങള്‍, കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണ തുടങ്ങിയവയും വിലയിരുത്തലിന്റെ ഭാഗമാകും.

പ്രായം മാത്രം മാനദണ്ഡമാകരുത്

കാന്‍സര്‍ ചികിത്സയില്‍ രോഗിയുടെ പ്രായം മാത്രം അടിസ്ഥാനമാക്കി തീരുമാനമെടുക്കരുതെന്നാണ് വിദഗ്ധരുടെ പ്രധാന നിര്‍ദേശം. പകരം രോഗിയുടെ പൊതുവായ ആരോഗ്യനില, ശാരീരിക ക്ഷമത, ചികിത്സ സഹിക്കാനുള്ള ശേഷി എന്നിവ പരിഗണിക്കണം. ഇന്ത്യയില്‍ തൃതീയതല കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ചികിത്സ തേടുന്ന രോഗികളില്‍ മൂന്നിലൊന്നിലധികം 60 വയസിന് മുകളിലുള്ളവരാണ്. പ്രായമായ ജനസംഖ്യ വര്‍ധിക്കുന്നതിനനുസരിച്ച് ഈ ശതമാനം ഇനിയും ഉയരുമെന്നാണ് വിലയിരുത്തല്‍.

ക്യാന്‍സറിനപ്പുറം രോഗിയുടെ ആരോഗ്യവും പരിഗണിക്കണം

കാന്‍സര്‍ ചികിത്സയില്‍ സാധാരണയായി ട്യൂമറിനെയും പ്രധാന അവയവങ്ങള്‍ക്ക് ചികിത്സ താങ്ങാനാകുമോ എന്നതിനെയുമാണ് പ്രധാനമായും പരിശോധിക്കുന്നത്. എന്നാല്‍ പ്രായമായ രോഗികളില്‍ പോഷകക്കുറവ്, പേശികളുടെ ബലം കുറയുക, മറ്റ് രോഗങ്ങള്‍, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, മരുന്നുകളുടെ അമിത ഉപയോഗം തുടങ്ങിയ ഘടകങ്ങളും ചികിത്സയുടെ ഫലത്തെ ബാധിച്ചേക്കാം. അതുകൊണ്ട് തന്നെ G8, VES-13, SCOPE-C പോലുള്ള പരിശോധനാ സംവിധാനങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ വിശദമായ ജെറിയാട്രിക് വിലയിരുത്തല്‍ ആവശ്യമുള്ള രോഗികളെ കണ്ടെത്താനും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

പ്രായം മാത്രം കണക്കിലെടുക്കാതെ ഓരോ രോഗിയുടെയും ആരോഗ്യനിലയും ചികിത്സ സഹിക്കാനുള്ള ശേഷിയും വിലയിരുത്തി വ്യക്തിഗത ചികിത്സാ പദ്ധതി തയ്യാറാക്കുന്നത് ചികിത്സയുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

India has released its first consensus guidelines on geriatric oncology, recommending comprehensive geriatric assessment for all cancer patients aged 60 years and above before starting treatment, especially chemotherapy. Published in the Journal of Geriatric Oncology, the guidelines emphasize evaluating physical fitness, nutrition, mental health, cognitive function, fall risk, and social support instead of relying solely on chronological age. Experts believe personalized treatment plans based on biological health can improve outcomes and reduce treatment-related complications in older adults.