മാനസികാരോഗ്യ പ്രശ്നങ്ങൾ വെറും മാനസികാവസ്ഥാ വ്യതിയാനങ്ങള്‍ എന്നതിനപ്പുറം വ്യക്തികളെ നിത്യരോഗികളാക്കി മാറ്റിയേക്കുമെന്ന് അന്താരാഷ്ട്ര മെഡിക്കൽ ജേണലായ 'ദി ലാൻസെറ്റ്' പഠനം. ലോകമെമ്പാടും ആളുകളെ ഭിന്നശേഷിത്വത്തിലേക്കും (Disability) മറ്റ് ശാരീരിക ബുദ്ധിമുട്ടുകളിലേക്കും തള്ളിവിടുന്ന ഘടകങ്ങളിൽ ഇന്ന് മാനസികാരോഗ്യ പ്രശ്നങ്ങളാണ് മുൻപന്തിയിൽ നിൽക്കുന്നത്. ആഗോളതലത്തിലെ മൊത്തം ഭിന്നശേഷി കണക്കുകളുടെ 17 ശതമാനത്തിലധികം പങ്കും മാനസിക രോഗങ്ങൾ മൂലമാണ് ഉണ്ടാകുന്നത്. മാനസികാരോഗ്യ പ്രശ്നങ്ങൾ ഇനി ഒരുകാലത്തും രണ്ടാംകിട ആരോഗ്യപ്രശ്നമായി തള്ളിക്കളയാനാകില്ലെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
ആഗോളതലത്തിൽ മനുഷ്യന്റെ ഉൽപ്പാദന ക്ഷമതയെയും വിദ്യാഭ്യാസത്തെയും ജീവിതനിലവാരത്തെയും സാരമായി ബാധിക്കുന്ന ഒന്നായി മാനസികാരോഗ്യ വെല്ലുവിളികൾ മാറിയിട്ടുണ്ടെന്ന് പഠനം സാക്ഷ്യപ്പെടുത്തുന്നു. ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസസ് പ്രോജക്റ്റിന്റെ ഭാഗമായി 204 രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം, 2023-ഓടെ ലോകത്താകെ 120 കോടിയോളം ആളുകൾ വിവിധ തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകളോടെയാണ് ജീവിക്കുന്നത്. ഇത് ലോകജനസംഖ്യയിൽ ഏഴിൽ ഒരാൾക്ക് എന്ന നിരക്കിലാണ്. 1990-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ രോഗബാധിതരുടെ എണ്ണത്തിൽ 95.5 ശതമാനത്തിന്റെ, അതായത് ഏകദേശം ഇരട്ടി വർധനവാണ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിൽ ഉണ്ടായിരിക്കുന്നത്.
ഹൃദ്രോഗം, അർബുദം തുടങ്ങിയ മാരക ശാരീരിക രോഗങ്ങളെക്കാൾ കൂടുതൽ വർഷങ്ങൾ മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തെയും പ്രവർത്തനങ്ങളെയും നഷ്ടപ്പെടുത്താൻ ഇവ കാരണമാകുന്നു. ഉത്കണ്ഠാ രോഗങ്ങളും കടുത്ത വിഷാദരോഗവുമാണ് ഇതിൽ ഏറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്നത്. 15 മുതൽ 19 വയസ്സ് വരെയുള്ള കൗമാരക്കാരിലാണ് രോഗഭാരം ഏറ്റവും കൂടുതലായി കാണപ്പെടുന്നത് എന്നതും സ്ത്രീകളിൽ പുരുഷന്മാരേക്കാൾ കൂടുതൽ രോഗാനിരക്ക് ഉണ്ടെന്നതും അവസ്ഥയുടെ ഗൗരവം വർധിപ്പിക്കുന്നു
ആഗോളതലത്തിൽ മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നവരിൽ 62 കോടി സ്ത്രീകളും 55.2 കോടി പുരുഷന്മാരുമാണുള്ളത്. നിത്യേനയുള്ള അമിത ഉത്കണ്ഠ ഭയം, ഉറക്കമില്ലായ്മ, പെട്ടെന്നുണ്ടാകുന്ന പരിഭ്രാന്തി എന്നിവയിലേക്ക് നയിക്കുമ്പോൾ, വിഷാദരോഗം മനുഷ്യന്റെ ദൈനംദിന ജീവിതത്തെയും പാടെ തകർക്കുന്നു. കൗമാരപ്രായത്തിൽ തുടങ്ങുന്ന ഇത്തരം പ്രശ്നങ്ങൾ കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ അത് മുതിർന്ന പ്രായത്തിലേക്കും നീളാൻ സാധ്യതയേറെയാണ്.
സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം, ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ, ഏകാന്തത, കുടുംബത്തിലെ അസ്വാരസ്യങ്ങൾ എന്നിവയാണ് കൗമാരക്കാരെയും യുവാക്കളെയും മാനസിക രോഗങ്ങളിലേക്ക് തള്ളിവിടുന്ന പ്രധാന കാരണങ്ങളായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. രോഗപ്രതിരോധ സംവിധാനങ്ങളും കൗൺസിലിങ് സേവനങ്ങളും ശക്തമാക്കിയില്ലെങ്കിൽ വരും വർഷങ്ങളിൽ സ്ഥിതി ഇതിലും ഭീകരമാകുമെന്നാണ് ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്.
English Summary:
A published in The Lancet warns that mental health disorders are now among the leading worldwide. Researchers say anxiety, depression, and related disorders are productivity, education, and quality of life, especially among teenagers and young adults.