ചിലരെ മാത്രം കൊതുകുകൾ എപ്പോഴും കടിക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? അത് വെറുതെ സംഭവിക്കുന്നതല്ല! നമ്മുടെ ശരീരം പുറത്തുവിടുന്ന ചില സൂചനകൾ പിന്തുടർന്നാണ് കൊതുകുകള്‍ എത്തുന്നത്. മനുഷ്യർ ശ്വസിക്കുമ്പോൾ പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡ് ദൂരത്തുനിന്നുതന്നെ തിരിച്ചറിയാൻ കൊതുകുകൾക്ക് പ്രത്യേക കഴിവുണ്ട്. അതുകൊണ്ടുതന്നെ, വായു ശ്വസിക്കുന്നതിലൂടെ കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് പുറത്തുവിടുന്ന ശാരീരിക വലുപ്പമുള്ളവരും കഠിനമായി അധ്വാനിക്കുന്നവരും കൊതുകുകളുടെ പ്രധാന ലക്ഷ്യമായി മാറുന്നു. ഇതിനുപുറമെ, ചർമ്മത്തിലുണ്ടാകുന്ന ചൂടും വിയർപ്പിലടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് പോലുള്ള രാസവസ്തുക്കളും അവരെ പെട്ടെന്ന് ആകർഷിക്കുന്നു. ചുരുക്കത്തിൽ, ഓരോ വ്യക്തിയുടെയും മെറ്റബോളിസം പ്രവർത്തനങ്ങളും ശരീര പ്രകൃതിയും നൽകുന്ന ജൈവികമായ അടയാളങ്ങളാണ് അവരെ കൊതുകുകളുടെ സ്ഥിരം ഇരകളാക്കുന്നത്.
ചർമ്മത്തിലെ ബാക്ടീരിയകളും വസ്ത്രധാരണവും
ശരീരത്തിലെ വിയർപ്പിന് നേരിയ മണമില്ലെങ്കിലും, ചർമ്മത്തിലുള്ള ബാക്ടീരിയകൾ വിയർപ്പിനെ വിഘടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ലാക്റ്റിക് ആസിഡ്, അമോണിയ തുടങ്ങിയവ കൊതുകുകളെ ആകർഷിക്കുന്നു. ഓരോ വ്യക്തിയുടെയും ചർമ്മത്തിലുള്ള ബാക്ടീരിയകളുടെ വ്യത്യാസമനുസരിച്ച് ഈ ഗന്ധത്തിലും മാറ്റമുണ്ടാകാം. കൂടാതെ, ഇരുണ്ട നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് കൊതുകുകൾക്ക് നമ്മളെ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും. പ്രഭാതത്തിലും സന്ധ്യാസമയത്തുമാണ് കൊതുകുകൾ സാധാരണയായി കൂടുതൽ സജീവമാകുന്നത് എന്നതിനാൽ ഈ സമയങ്ങളിൽ പുറത്തിറങ്ങുന്നത് കടിയേൽക്കാനുള്ള സാധ്യത കൂടുതലാണ്.
രക്തഗ്രൂപ്പും കൊതുകും തമ്മിലുള്ള ബന്ധം
ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് 'O' ഗ്രൂപ്പ് രക്തമുള്ളവരെ കൊതുകുകൾ കടിക്കാൻ കൂടുതൽ സാധ്യതയുണ്ടെന്നാണ്. 'A' ഗ്രൂപ്പുകാരെ അപേക്ഷിച്ച് ഇവർ കൊതുകുകളെ കൂടുതൽ ആകർഷിക്കുന്നുമുണ്ട്. കൂടാതെ, ഗർഭിണികൾക്ക് ഉയർന്ന ശരീരതാപനില ഉള്ളതിനാലും അവർ കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് പുറത്തുവിടുന്നതിനാലും കൊതുകുകൾ അവരെയും വേഗത്തിൽ ആക്രമിക്കുന്നു. മദ്യപാനം, കഠിനമായ വ്യായാമം എന്നിവയും ശരീരതാപനിലയും വിയർപ്പും വർദ്ധിപ്പിക്കുന്നതിലൂടെ നിങ്ങളെ ആക്കി മാറ്റിയേക്കാം. വ്യായാമത്തിന് ശേഷം കുളിക്കുന്നത് ഒരു പരിധിവരെ ഈ സാധ്യത കുറയ്ക്കാൻ സഹായിക്കും.
മലേറിയ പ്രതിരോധവും മുൻകരുതലുകളും
കൊതുകുകടി വെറുമൊരു ശല്യമല്ല, മറിച്ച് മലേറിയ പോലുള്ള മാരക രോഗങ്ങൾ പടരാനുള്ള പ്രധാന കാരണമാണ്. രോഗബാധയുള്ള പെൺ അനോഫിലിസ് കൊതുകുകൾ വഴിയാണ് മലേറിയ പകരുന്നത്. വീടിന് ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക, കൊതുകുവലകൾ ഉപയോഗിക്കുക, നീളൻ കൈയുള്ള വസ്ത്രങ്ങൾ ധരിക്കുക എന്നിവയിലൂടെ മലേറിയയെ പ്രതിരോധിക്കാം. ശാസ്ത്രീയമായ പ്രതിരോധ മാർഗ്ഗങ്ങളും കടിയേൽക്കാതിരിക്കാനുള്ള മുൻകരുതലുകളും സ്വീകരിക്കുന്നതാണ് മലേറിയയിൽ നിന്ന് രക്ഷ നേടാനുള്ള ഏക വഴി.
English Summary: Mosquitoes are attracted to certain individuals due to biological factors like carbon dioxide emission, body heat, sweat chemicals, and even blood group. Understanding these factors is crucial, especially on World Malaria Day, to prevent mosquito bites and reduce the risk of diseases like malaria