Health

ഭീതിയായി ഹാന്തവൈറസ്, ആഗോളതലത്തില്‍ ജാഗ്രതാ നിര്‍ദേശം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രോഗവ്യാപനം തടയാൻ കർശന നടപടികളുമായി ആരോഗ്യവകുപ്പ്. എലിപ്പനി വിഭാഗത്തിൽപ്പെടുന്ന വൈറസ് ബാധയെന്ന് സംശയം

Madism Desk

അര്‍ജന്റീനയില്‍ നിന്ന് യാത്ര തിരിച്ച 'എം.വി ഹോണ്ടിയസ്' എന്ന ഡച്ച് കപ്പലിലെ യാത്രക്കാരില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ഹന്താവൈറസ് ബാധയുടെ ആശങ്കയില്‍ ലോകം. ഹന്താവൈറസ് ബാധയില്‍ ആഗോളതലത്തില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. കോവിഡ്-19 പോലെ ഹന്താവൈറസ് ഒരു മഹാമാരിയായി പടരാന്‍ സാധ്യതയില്ലെന്ന് ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അദാനോം ഗബ്രിയേസസ് വ്യക്തമാക്കുമ്പോഴും പ്രതിരോധ നടപടികള്‍ ശക്തമാക്കാനാണ് നിലവിലെ നിര്‍ദേശം.

വൈറസ് ബാധ ആദ്യം കണ്ടെത്തിയ കപ്പലിലെ എട്ട് യാത്രക്കാര്‍ക്ക് രോഗം ബാധിച്ചതായും ഇതില്‍ മൂന്ന് പേര്‍ മരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. കപ്പലില്‍ ജീവനക്കാരായി രണ്ട് ഇന്ത്യക്കാരും ഉണ്ടെന്നാണ് വിവരം. ഇവരുടെ ആരോഗ്യനിലയെക്കുറിച്ച് നിലവില്‍ ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

രോഗബാധിതരായ യാത്രക്കാര്‍ വിവിധ രാജ്യങ്ങളിലേക്ക് മടങ്ങിയെന്ന സാഹചര്യമാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. നെതര്‍ലന്‍ഡ്സ്, സിംഗപ്പൂര്‍, സ്വിറ്റ്സര്‍ലന്‍ഡ്, സൗത്ത് ആഫ്രിക്ക, അമേരിക്ക എന്നീ അഞ്ച് രാജ്യങ്ങളില്‍ കര്‍ശന നിരീക്ഷണവും തുടരുകയാണ്. കപ്പലിലുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലാണ്.

രോഗ ബാധയുടെ ഉറവിടം

എലികളിലൂടെയാണ് ഈ വൈറസ് പ്രധാനമായും മനുഷ്യരിലേക്ക് പടരുന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ എലികളുടെ ഉമിനീരോ കാഷ്ഠമോ കലര്‍ന്ന പൊടിപടലങ്ങള്‍ ശ്വസിക്കുന്നത് വഴിയാണ് കപ്പലില്‍ രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. 1970-കളില്‍ ദക്ഷിണ കൊറിയയിലെ ഹന്താന്‍ നദീതീരത്ത് കണ്ടെത്തിയതിനാലാണ് ഈ വൈറസിന് 'ഹന്താവൈറസ്' എന്ന പേര് ലഭിച്ചത്.

ഹന്താവൈറസ് കുടുംബത്തിൽപ്പെട്ട വൈറസുകൾ പ്രധാനമായും മനുഷ്യന്റെ ശ്വാസകോശത്തെയും വൃക്കകളെയുമാണ് ബാധിക്കുന്നത്. ഇതിൽ ശ്വാസകോശത്തെ ബാധിക്കുന്ന 'ഹന്താവൈറസ് പൾമണറി സിൻഡ്രോം' (HPS) ഏറെ അപകടകാരിയാണ്. 40 ശതമാനമാണ് വൈറസ് ബാധിച്ചവരുടെ മരണ സാധ്യത.

ഈ രോഗം ബാധിക്കുന്നവരിൽ ഏകദേശം 40 ശതമാനം പേരും മരണപ്പെടാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ പറയുന്നത്. പ്രധാനമായും വടക്കേ അമേരിക്കയിലും തെക്കേ അമേരിക്കയിലുമാണ് ഈ രോഗാവസ്ഥ കൂടുതൽ കണ്ടുവരുന്നത്. ലോകമെമ്പാടുമായി പ്രതിവർഷം ഇത്തരത്തിലുള്ള ഇരുന്നൂറോളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുമുണ്ട്. 2025-ൽ പ്രശസ്ത നടൻ ജീൻ ഹാക്ക്മാന്റെ ഭാര്യ ബെറ്റ്‌സി അരക്കാവ ന്യൂ മെക്സിക്കോയിൽ വച്ച് ഈ വൈറസ് ബാധിച്ചാണ് മരിച്ചത്.

രോഗ ലക്ഷണങ്ങൾ, പ്രതിരോധം

വൈറസ് ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ അറിയാൻ സാധിക്കുക ഒരുമാസത്തോളം സമയം എടുത്താണ്. തുടക്കത്തിൽ പനി, കടുത്ത ക്ഷീണം തുടങ്ങിയ സാധാരണ ഫ്ലൂ ലക്ഷണങ്ങളാണ് അനുഭവപ്പെടുക. എന്നാൽ രോഗം മൂർച്ഛിക്കുന്നതോടെ ശ്വാസതടസ്സം, ചുമ, ശ്വാസകോശത്തിൽ വെള്ളം നിറയുക തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകും. നിലവിൽ ഹന്താവൈറസ് ബാധയ്ക്ക് പ്രത്യേക മരുന്നുകളോ വാക്സിനുകളോ ലഭ്യമല്ല. കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് മികച്ച പരിചരണം നൽകുക എന്നതാണ് ഏക പോംവഴി. എലികൾ വസിക്കുന്ന സ്ഥലങ്ങൾ വൃത്തിയാക്കുമ്പോൾ വായു ശ്വസിക്കുന്നത് ഒഴിവാക്കാൻ മാസ്ക് ധരിക്കേണ്ടത് അനിവാര്യമാണ്.

English Summary: A suspected hantavirus outbreak linked to rodent exposure on a Netherlands cruise ship has reportedly caused three deaths, with additional passengers under treatment. Health authorities have issued strict safety advisories as hantavirus, primarily spread through rodent-contaminated particles, can severely affect the lungs and kidneys.