Health

അമിതവണ്ണത്തിനും പോഷകാഹാരക്കുറവിനും ഇടയില്‍ ഞെരുങ്ങി ഇന്ത്യ, നിശബ്ദ ആരോഗ്യ അടിയന്തരാവസ്ഥ; മുന്നറിയിപ്പുമായി ദേശീയ കുടുംബാരോഗ്യ സര്‍വേ

ആരോഗ്യ വിദഗ്ധര്‍ ഇതിനെ രാജ്യവ്യാപകമായ ഒരു 'മെറ്റബോളിക് മഹാമാരി' (Metabolic Epidemic) എന്നാണ് വിശേഷിപ്പിക്കുന്നത്

Madism Desk

ഇന്ത്യ ഒരു നിശബ്ദ ആരോഗ്യ അടിയന്തരാവസ്ഥയുടെ പിടിയിലാണെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ ദേശീയ കുടുംബാരോഗ്യ സര്‍വേ റിപ്പോര്‍ട്ട് (NFHS-6). രാജ്യത്തെ മൂന്നില്‍ ഒരു സ്ത്രീയും നാലില്‍ ഒരു പുരുഷനും അമിതഭാരമോ പൊണ്ണത്തടിയോ ഉള്ളവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ, രാജ്യത്തെ മുതിര്‍ന്ന പുരുഷന്മാരില്‍ അഞ്ചില്‍ ഒരാള്‍ വീതം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തോടും പ്രമേഹത്തോടും പോരാടുകയാണെന്നും വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ആരോഗ്യ വിദഗ്ധര്‍ ഇതിനെ രാജ്യവ്യാപകമായ ഒരു 'മെറ്റബോളിക് മഹാമാരി' (Metabolic Epidemic) എന്നാണ് വിശേഷിപ്പിക്കുന്നത്. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ മുംബൈയിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സസ് നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിച്ചാണ് 2023-24 കാലയളവില്‍ ഈ സര്‍വേ നടത്തിയത്. രാജ്യത്തെ 715 ജില്ലകളിലെ 6.79 ലക്ഷം വീടുകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

പൊണ്ണത്തടിയും പോഷകാഹാരക്കുറവും: ഇന്ത്യ നേരിടുന്ന ഇരട്ട പ്രഹരം

പൊണ്ണത്തടിയും പോഷകാഹാരക്കുറവും ഒരുപോലെയാണ് ഇന്ത്യയില്‍ പ്രതിഫലിക്കുന്നതെന്ന് സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. അമിതഭാരമോ പൊണ്ണത്തടിയോ ഉള്ള സ്ത്രീകളുടെ അനുപാതം കഴിഞ്ഞ സര്‍വേയില്‍ 24 ശതമാനം ആയിരുന്നത് പുതിയ സര്‍വേയില്‍ 30.7 ശതമാനമായി ഉയര്‍ന്നു. പുരുഷന്മാര്‍ക്കിടയില്‍ ഇത് 22.9 ശതമാനത്തില്‍ നിന്ന് 27.3 ശതമാനമായി വര്‍ദ്ധിച്ചു. അതേസമയം, സ്ത്രീകളിലെ പോഷകാഹാരക്കുറവ് 19.7 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കുറഞ്ഞപ്പോള്‍, ഭാരക്കുറവുള്ള പുരുഷന്മാരുടെ നിരക്ക് 16.2% ല്‍ നിന്ന് 19.7% ആയി ഉയര്‍ന്നു.

ഒരേ സമൂഹങ്ങളിലും ഒരേ കുടുംബങ്ങള്‍ക്കുള്ളിലും പോഷകാഹാരക്കുറവും പൊണ്ണത്തടിയും ഒരേസമയം കാണപ്പെടുന്നുണ്ട്. കലോറി കൂടിയതും എന്നാല്‍ പോഷകഗുണം കുറഞ്ഞതുമായ ഫാസ്റ്റ് ഫുഡുകളുടെ ഉപയോഗം, ശാരീരിക അധ്വാനമില്ലായ്മ, തെറ്റായ ഉറക്കരീതികള്‍, മാനസിക സമ്മര്‍ദ്ദം എന്നിവയാണ് പൊണ്ണത്തടി കൂട്ടുന്നത്. അതേസമയം, പുരുഷന്മാരില്‍ ഭാരക്കുറവുള്ള ആളുകളുടെ എണ്ണത്തിലെ വര്‍ദ്ധനവ് കാണിക്കുന്നത് ഭക്ഷണ അസമത്വവും ആരോഗ്യ പരിപാലന രംഗത്തെ പോരായ്മകളുമാണ്', ബെംഗളൂരു ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. രവികീര്‍ത്തി എം പറഞ്ഞു.

2023-ലെ ഐസിഎംആര്‍-ഇന്ത്യാബ് (ICMR-INDIAB) പഠനമനുസരിച്ച്, മുതിര്‍ന്നവരില്‍ ഏകദേശം 29% പേര്‍ക്ക് പൊണ്ണത്തടിയും, 40 ശതമാനത്തോളം പേര്‍ക്ക് അടിവയറ്റിലും ആന്തരികാവയവങ്ങള്‍ക്ക് ചുറ്റും കൊഴുപ്പ് അടിയുന്നതും ഉള്ളതായി കണ്ടെത്തിയിരുന്നു.

വില്ലനാകുന്നത് 'അള്‍ട്രാ പ്രോസസ്ഡ്' ഭക്ഷണങ്ങള്‍

കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച 2025-26 സാമ്പത്തിക സര്‍വേയിലും സമാനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2009-നും 2023-നും ഇടയില്‍ ഇന്ത്യയില്‍ അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളുടെ വില്‍പ്പന 150 ശതമാനത്തിലധികമാണ് വര്‍ദ്ധിച്ചത്. ഇതേ കാലയളവിലാണ് രാജ്യത്ത് സ്ത്രീകളിലും പുരുഷന്മാരിലും പൊണ്ണത്തടി ഇരട്ടിയായതെന്നും സാമ്പത്തിക സര്‍വേ അടിവരയിടുന്നു.

'പൊണ്ണത്തടി ഒരിക്കലും ഒറ്റയ്ക്കല്ല വരുന്നത്. ഫാറ്റി ലിവര്‍, ഹൃദ്രോഗം, സ്ലീപ്പ് അപ്നിയ (ഉറക്കത്തിലെ ശ്വാസതടസ്സം), വന്ധ്യത, ചില തരം കാന്‍സറുകള്‍ എന്നീ രോഗങ്ങള്‍ കൂടി ഇതിനോട് അനുബന്ധിച്ച് ഉണ്ടാകും. ഇത് ആരോഗ്യ സംരക്ഷണ ചെലവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും വൈകല്യങ്ങള്‍ക്കും അകാല മരണത്തിനും കാരണമാകും', മുംബൈ ആസ്ഥാനമായുള്ള പ്രമേഹരോഗ വിദഗ്ധന്‍ ഡോ. രാജീവ് കോവില്‍ പറഞ്ഞു.

'ഇന്ത്യക്കാര്‍ക്ക് കുറഞ്ഞ ശരീരഭാരത്തില്‍ തന്നെ മെറ്റബോളിക് പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇതിനെ 'തിന്‍-ഫാറ്റ് ഫിനോടൈപ്പ്' (Thin-fat phenotype) എന്നാണ് വിളിക്കുക. അതായത്, പുറമേക്ക് പൊണ്ണത്തടിയുള്ളവരായി തോന്നാത്ത, സാധാരണ ബിഎംഐ ഉള്ള വ്യക്തികളില്‍ പോലും ആന്തരികാവയവങ്ങളില്‍ കൊഴുപ്പിന്റെ അളവ് കൂടുതലായിരിക്കാം. ഇത് ഹൃദയസംബന്ധമായ അസുഖത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും', അദ്ദേഹം വിശദീകരിച്ചു.

ഗ്രാമങ്ങളും പ്രമേയത്തിന്റെ പിടിയില്‍

പ്രമേയവും അത് നിയന്ത്രിക്കാന്‍ മരുന്ന് കഴിക്കുന്നതുമായ സ്ത്രീകളുടെ അനുപാതം 13.5 ശതമാനത്തില്‍ നിന്ന് 17.8 ശതമാനമായി ഉയര്‍ന്നതായി സര്‍വേ വ്യക്തമാക്കുന്നു. പുരുഷന്മാര്‍ക്കിടയില്‍ ഇത് 15.6 ശതമാനത്തില്‍ നിന്ന് 20.9 ശതമാനമായി വര്‍ദ്ധിച്ചു. അതായത് ഇന്ത്യയിലെ അഞ്ചില്‍ ഒരു മുതിര്‍ന്ന പുരുഷന് ഇപ്പോള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമോ പ്രമേഹമോ ഉണ്ട്.

ദ്രുതഗതിയിലുള്ള നഗരവല്‍ക്കരണം, ശാരീരിക അധ്വാനമില്ലാത്ത ജീവിതശൈലി, ദീര്‍ഘനേരത്തെ സ്‌ക്രീന്‍ സമയം, ഉറക്കമില്ലായ്മ, വിട്ടുമാറാത്ത മാനസിക സമ്മര്‍ദ്ദം എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങള്‍. സാമ്പത്തിക വളര്‍ച്ച കാരണം ഭക്ഷണം എളുപ്പത്തില്‍ കിട്ടുമെങ്കിലും അതിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ലെന്ന് ഡോ. കോവില്‍ പറഞ്ഞു. ഈ ആരോഗ്യപ്രതിസന്ധി നഗരങ്ങളില്‍ മാത്രമല്ല, ചെറിയ പട്ടണങ്ങളും ഗ്രാമീണ മേഖലയിലുമുണ്ട്. ഇത് സൂചിപ്പിക്കുന്നത് ജീവിതശൈലീ രോഗങ്ങള്‍ ഒരു രാജ്യവ്യാപക പ്രതിഭാസമായി മാറിക്കഴിഞ്ഞു എന്നാണെന്നും ഡോ. കോവില്‍ പറഞ്ഞു.

കൂടാതെ, പുരുഷന്മാരിലെ മദ്യപാന ശീലം 18.7 ശതമാനത്തില്‍ നിന്ന് 18.9 ശതമാനമായി ഉയര്‍ന്നത് മെറ്റബോളിക് രോഗങ്ങളുടെ സാധ്യത വീണ്ടും വര്‍ദ്ധിപ്പിക്കുന്നു. നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ ഇത് രാജ്യത്തെ ആരോഗ്യ സംവിധാനങ്ങളെ തകര്‍ക്കുകയും വരും ദശകങ്ങളില്‍ രാജ്യത്തിന്റെ ഉല്‍പ്പാദനക്ഷമതയെ ബാധിക്കുകയും ചെയ്യുമെന്നും ഡോ. കോവില്‍ കൂട്ടിച്ചേര്‍ത്തു.

English Summary: India is facing a growing public health crisis marked by the simultaneous rise of obesity and malnutrition, according to the latest National Family Health Survey (NFHS-6) released by the Union Health Ministry. The survey found that nearly one in three women and more than one in four men in the country are now overweight or obese. At the same time, undernutrition remains a major concern, particularly among men.