മെഡിക്കൽ ടെസ്റ്റുകൾക്ക് എഐയെ ആശ്രയിക്കുന്ന, വർധിച്ചുവരുന്ന പ്രവണതയ്ക്കെതിരെ മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ. പാൻക്രിയാറ്റിക്ക് ക്യാൻസർ ആണെന്ന എഐ മെഡിക്കൽ റിപ്പോട്ടറുമായി വന്ന 40കാരിയുടെ അനുഭവം ചൂണ്ടിക്കാട്ടി, എൻഡോക്രൈനോളജിസ്റ്റായ ഡോ.ഹേമ വെങ്കിട്ടരാമൻ പങ്കുവച്ച കുറിപ്പാണിപ്പോൾ വൈറലാവുന്നത്.
ക്യാൻസർ സ്കാനിംഗിനായി 20,000 രൂപയുടെ എഐ സ്ക്രീനിംഗ് ആണ് രോഗിക്ക് ഒരു പ്രശസ്ത ക്ലിനിക്ക് സജസ്റ്റ് ചെയ്തത്. ഇതവരെ മാനസികമായി തളർത്തി. തുടർന്ന് ഫലം തെറ്റാണെന്ന് തെളിയിക്കാൻ 10,000 രൂപ മുടക്കി മറ്റ് ടെസ്റ്റുകൾ നടത്തേണ്ടി വന്നു.
ഡോക്ടറുടെ വാക്കുകൾ പ്രകാരം, CA19-9 എന്ന രക്തപരിശോധനാ മാർക്കറിന്റെ അളവ് നേരിയ തോതിൽ ഉയർന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് സ്ത്രീയ്ക്ക് പാൻക്രിയാറ്റിക് കാൻസർ ഉണ്ടായിരിക്കാമെന്ന് എഐ സ്ക്രീനിംഗ് ടെസ്റ്റിൽ അറിയിച്ചത്. പാൻക്രിയാസ് സംബന്ധമായ ചില രോഗങ്ങളുമായി ഈ മാർക്കർ ചിലപ്പോൾ ബന്ധപ്പെട്ടിരിക്കാറുണ്ട്. എന്നാൽ, നടത്തിയ സ്കാനുകളുടെ ഫലം സാധാരണ നിലയിലായിരുന്നു.
പ്രീമിയം സ്ക്രീനിംഗ് പദ്ധതിയുടെ ഭാഗമായാണ് പരിശോധന നടത്തിയതെന്ന് തോന്നിക്കുന്ന ഒരു ബുക്ക്‌ലെറ്റ് കൈവശം വെച്ചാണ് രോഗി തന്റെ അടുത്തെത്തിയതെന്ന് ഡോ. ഹേമ പറയുന്നു.
തുടർന്ന് ഒരു ഓങ്കോളജിസ്റ്റിന്റെ പരിശോധനയ്ക്കും കൂടുതൽ സ്കാനുകൾക്കും ശേഷം രോഗിക്ക് കാൻസർ ഇല്ലെന്ന് ഉറപ്പുവരുത്താനായി. എന്നാൽ ഈ ആശ്വാസം ലഭിക്കുന്നതിന് രോഗിക്ക് അധിക സാമ്പത്തിക ചെലവും മാനസിക സമ്മർദവും സഹിക്കേണ്ടി വന്നുവെന്നും ഡോക്ടർ അഭിപ്രായപ്പെട്ടു.
കാൻസർ സ്‌ക്രീനിങ് എന്നത് വളരെ ഗൗരവമേറിയ കാര്യമാണെന്നും സൂക്ഷ്മമായ പരിശോധനകൾ ആവശ്യമാണെന്നുമാണ് ഡോക്ടർ കുറിക്കുന്നത്. വിദഗ്ദ്ധരുടെ മേൽനോട്ടമില്ലാതെ ഒരു ടെസ്റ്റും ചെയ്യരുതെന്നും എന്ത് അസുഖം വന്നാലും ആദ്യം ഡോക്ടറെയാണ് കാണേണ്ടതെന്നും അവർ വ്യക്തമാക്കി. അതിന് പകരം മെഷിനൂകളേയും ലാബുകളേയും ആശ്രയിച്ചാൽ ഇതായിരിക്കും സ്ഥിതിയെന്നും അവർ ചൂണ്ടിക്കാട്ടി.
പാൻക്രിയാസിനെക്കുറിച്ച് പരാമർശമുണ്ടെന്ന കാരണത്താൽ മാത്രം രോഗിയെ തന്റെ അടുത്തേക്ക് റഫർ ചെയ്തതെന്തിനാണെന്നും ഡോക്ടർ ചോദിക്കുന്നുണ്ട്. കാൻസർ സ്ക്രീനിംഗ് എന്നത് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ സൂക്ഷ്മമായി രൂപകൽപ്പന ചെയ്ത നടപടിക്രമങ്ങളും വിദഗ്ധരുടെ വിലയിരുത്തലും ആവശ്യമായ ഒരു മേഖലയാണെന്ന് അവർ ചൂണ്ടിക്കാട്ടി.
ഈ സംഭവം മുന്നറിയിപ്പായി ചൂണ്ടിക്കാട്ടിയ ഡോ. ഹേമ അത്യാധുനിക സാങ്കേതികവിദ്യയും ആഡംബര ആരോഗ്യപരിചരണ അനുഭവവും വാഗ്ദാനം ചെയ്യുന്ന വിപുലമായ സ്ക്രീനിംഗ് പാക്കേജുകൾ തിരഞ്ഞെടുക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടണമെന്ന് ജനങ്ങളോട് അഭ്യർഥിച്ചു.
Summary: Health experts are warning against the growing trend of relying on AI for medical tests. A post shared by endocrinologist Dr Hema Venkataraman, highlighting the experience of a woman in her 40s who received an AI-generated report suggesting she had pancreatic cancer, has now gone viral. A reputed clinic had recommended an AI-based cancer screening package costing Rs 20,000, which left the patient emotionally distressed. She later had to spend another Rs 10,000 on additional tests to prove that the diagnosis was incorrect.