Health

സ്‌ട്രോക്ക് ചികിത്സയില്‍ പുതിയ വഴിതിരിവ്; 72 മണിക്കൂറിന് ശേഷവും രക്തക്കട്ട നീക്കം ചെയ്യുന്നത് ജീവന്‍ രക്ഷിച്ചേക്കാമെന്ന് പഠനം

തലച്ചോറിലെ ഏതെങ്കിലും ഭാഗത്തേക്കുള്ള രക്തയോട്ടം രക്തം കട്ടപിടിച്ച് തടസ്സപ്പെടുമ്പോഴാണ് ഇസ്‌കെമിക് സ്‌ട്രോക്ക് അഥവാ രക്തയോട്ടം തടസ്സപ്പെട്ടതുമൂലമുള്ള പക്ഷാഘാതം ഉണ്ടാകുന്നത്

Madism Desk

മസ്തിഷ്‌കാഘാത രോഗലക്ഷണങ്ങള്‍ തുടങ്ങി 24 മുതല്‍ 72 മണിക്കൂറിന് ശേഷമാണ് ചികിത്സ ആരംഭിക്കുന്നതെങ്കിലും, തലച്ചോറിലെ രക്തക്കട്ട നീക്കം ചെയ്യുന്നത് ചില രോഗികളെ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ സഹായിക്കുമെന്ന് പഠനം. മരുന്നുകളും മറ്റ് പരിചരണങ്ങളും മാത്രം ലഭിച്ചവരേക്കാള്‍, രക്തക്കട്ട നീക്കം ചെയ്ത രോഗികള്‍ക്ക് 90 ദിവസത്തിന് ശേഷം മികച്ച ആരോഗ്യപുരോഗതിയുണ്ടായതായി ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം കണ്ടെത്തി.

അത്യാധുനിക ബ്രെയിന്‍ ഇമേജിങ് ആണ് ഈ ചികിത്സയില്‍ പ്രധാനം. തലച്ചോറിലെ വീണ്ടെടുക്കാന്‍ കഴിയുന്ന ടിഷ്യൂസ് ഇനിയും ബാക്കിയുണ്ടെന്നും രക്തയോട്ടം പുനസ്ഥാപിക്കുന്നത് പ്രയോജനം ചെയ്യുമെന്നും തിരിച്ചറിയാന്‍ ബ്രെയിന്‍ ഇമേജിങ് സഹായിക്കുന്നു. എന്നിരുന്നാലും ചികിത്സാരീതി നടപ്പാക്കിയ ഗ്രൂപ്പില്‍ തലച്ചോറിലെ രക്തസ്രാവം, മരണം എന്നിവയുടെ സാധ്യത വര്‍ദ്ധിച്ചതായി പഠനം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത് രോഗികളെ കൃത്യമായി തിരഞ്ഞെടുക്കേണ്ടതിന്റെയും വിദഗ്ധ പരിശോധനയുടെയും ആവശ്യകതയെ എടുത്തു കാണിക്കുന്നു.

എന്താണ് ഇസ്‌കെമിക് സ്‌ട്രോക്ക്

തലച്ചോറിലെ ഏതെങ്കിലും ഭാഗത്തേക്കുള്ള രക്തയോട്ടം രക്തം കട്ടപിടിച്ച് തടസ്സപ്പെടുമ്പോഴാണ് ഇസ്‌കെമിക് സ്‌ട്രോക്ക് അഥവാ രക്തയോട്ടം തടസ്സപ്പെട്ടതുമൂലമുള്ള പക്ഷാഘാതം ഉണ്ടാകുന്നത്. ഓക്‌സിജനും പോഷകങ്ങളും കൃത്യമായി ലഭിക്കാതെ വരുമ്പോള്‍ തലച്ചോറിലെ കോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാന്‍ തുടങ്ങുന്നു. ഇതാണ് പിന്നീട് രക്തം കട്ടപിടിക്കുന്നതിലേയ്ക്ക് നയിക്കുന്നത്. സംസാരിക്കാനുള്ള ബുദ്ധിമുട്ട്, ശരീരത്തിന്റെ ഒരു വശത്ത് തളര്‍ച്ച അല്ലെങ്കില്‍ തളര്‍വാതം, ചലനശേഷിയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍, മരണം എന്നിവ ഇതിന്റെ പ്രത്യാഘാതങ്ങളില്‍ ഉള്‍പ്പെടാം.

രക്തക്കട്ട നീക്കം ചെയ്യുന്ന ഈ പ്രക്രിയ എന്താണ്?

മെക്കാനിക്കല്‍ ത്രോംബെക്ടമി എന്ന് വൈദ്യശാസ്ത്രപരമായി അറിയപ്പെടുന്ന ഈ ചികിത്സയില്‍, തലച്ചോറിലെ തടസ്സപ്പെട്ട ധമനിയില്‍ നിന്ന് രക്തക്കട്ട നീക്കം ചെയ്യുന്നു. കൈത്തണ്ടയിലോ തുടയിലോ ഉള്ള രക്തക്കുഴലിലൂടെ ഒരു നേര്‍ത്ത ട്യൂബ് കടത്തിവിട്ട് തടസ്സമുള്ള ഭാഗത്തേക്ക് എത്തിക്കുന്നു. തുടര്‍ന്ന് പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് രക്തക്കട്ട നീക്കം ചെയ്യുകയും രക്തയോട്ടം പുനസ്ഥാപിക്കുകയും ചെയ്യുന്നു. പക്ഷാഘാതം ബാധിച്ച ചില രോഗികള്‍ക്ക് നല്‍കുന്ന അംഗീകൃത ചികിത്സാ രീതിയാണിത്. എന്നാല്‍, രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങി 24 മണിക്കൂറിന് ശേഷം ഈ പ്രക്രിയ ചെയ്യുമ്പോള്‍ ലഭിക്കുന്ന പ്രയോജനങ്ങള്‍ ഇതുവരെ വ്യക്തമായിരുന്നില്ല.

24 മണിക്കൂറിന് ശേഷമുള്ള ചികിത്സയെക്കുറിച്ച് പഠനം

സ്‌ട്രോക്ക് ഉണ്ടായി ദിവസങ്ങള്‍ക്ക് ശേഷവും രോഗികള്‍ക്ക് രക്തക്കട്ട നീക്കം ചെയ്യുന്നതിലൂടെ പ്രയോജനം ലഭിക്കുമോ എന്നതായിരുന്നു പ്രധാനം പഠനവിഷയം. സ്‌കാന്‍ പരിശോധനയില്‍ തലച്ചോറിലെ ചില കോശങ്ങള്‍ വീണ്ടെടുക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ രോഗികളെയാണ് പഠനത്തിനായി ഉപയോഗപ്പെടുത്തിയത്. ചൈനയിലെ പ്രത്യേക സ്‌ട്രോക്ക് സെന്ററുകളിലായിരുന്നു ഈ പരീക്ഷണം. തലച്ചോറിന്റെ മുന്‍ഭാഗത്തേക്ക് രക്തമെത്തിക്കുന്ന പ്രധാന ധമനിയില്‍ തടസ്സമുള്ള 336 രോഗികളെ പഠനത്തിനായി ഉപയോഗിച്ചു.

168 രോഗികള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് മെഡിക്കല്‍ പരിചരണത്തോടൊപ്പം രക്തക്കട്ട നീക്കം ചെയ്യല്‍ ചികിത്സയും നല്‍കി. 168 രോഗികള്‍ക്ക് ഈ ശസ്ത്രക്രിയയില്ലാതെ മെഡിക്കല്‍ പരിചരണം മാത്രം നല്‍കി. സ്‌ട്രോക്ക് ലക്ഷണങ്ങള്‍ തുടങ്ങിയതിനു ശേഷം അല്ലെങ്കില്‍ രോഗിക്ക് കുഴപ്പമൊന്നുമില്ലായിരുന്നു എന്ന് അവസാനമായി അറിഞ്ഞ സമയത്തിനും ചികിത്സാ ഗ്രൂപ്പിലേക്ക് മാറ്റിയതിനും ഇടയിലുള്ള ശരാശരി സമയം 38.5 മണിക്കൂറായിരുന്നു. 90 ദിവസത്തിന് ശേഷം ഗവേഷകര്‍ രോഗികളുടെ ആരോഗ്യപുരോഗതിയും സുരക്ഷാ ഫലങ്ങളും താരതമ്യം ചെയ്തു.

മെഡിക്കല്‍ പരിചരണം മാത്രം ലഭിച്ചവരേക്കാള്‍ രക്തക്കട്ട നീക്കം ചെയ്യലിന് വിധേയരായ രോഗികള്‍ക്ക് 90 ദിവസത്തിന് ശേഷം മെച്ചപ്പെട്ട ശാരീരിക പുരോഗതിയുണ്ടായി. വൈകല്യത്തിന്റെ അളവും രോഗികള്‍ക്ക് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം കൈകാര്യം ചെയ്യാന്‍ കഴിയുമെന്നും നോക്കിയാണ് ഗവേഷകര്‍ പുരോഗതി വിലയിരുത്തിയത്. സ്‌ട്രോക്ക് വന്ന് ഒരു ദിവസത്തിലേറെ കഴിഞ്ഞാണെങ്കിലും തിരഞ്ഞെടുക്കപ്പെട്ട രോഗികള്‍ക്ക് രക്തക്കട്ട നീക്കം ചെയ്യുന്നത് പ്രയോജനം ചെയ്യുമെന്നാണ് ഈ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും, വൈകി ചികിത്സിക്കുന്ന എല്ലാ രോഗികളും മെച്ചപ്പെടുമെന്നോ ഈ ചികിത്സാരീതി പൂര്‍ണ്ണമായ സുഖം പ്രാപിക്കല്‍ ഉറപ്പുനല്‍കുന്നുവെന്നോ ഇതിനര്‍ത്ഥമില്ല.

രക്തക്കട്ട നീക്കം ചെയ്യലിന് വിധേയരായ രോഗികളില്‍ 4.8% പേര്‍ക്ക് ചികിത്സയ്ക്ക് ശേഷം രക്തസ്രാവമുണ്ടായി. എന്നാല്‍ സാധാരണ പരിചരണം ലഭിച്ച ഗ്രൂപ്പില്‍ ആര്‍ക്കും രക്തസ്രാവം ഉണ്ടായില്ല. രക്തക്കട്ട നീക്കം ചെയ്യല്‍ ചികിത്സ ലഭിച്ചവരില്‍ മരണനിരക്ക് 6% ആയിരുന്നു, എന്നാല്‍ മെഡിക്കല്‍ പരിചരണം മാത്രം ലഭിച്ചവരില്‍ ഇത് 1.8% മാത്രമായിരുന്നു. അതേസമയം, പരമ്പരാഗത ചികിത്സാ സമയപരിധിക്ക് പുറത്ത് ആശുപത്രിയില്‍ എത്തുന്ന സ്‌ട്രോക്ക് രോഗികളെ ഡോക്ടര്‍മാര്‍ക്ക് എങ്ങനെ ചികിത്സിക്കാം എന്നതിനെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് ഈ കണ്ടെത്തലുകള്‍ കൂടുതല്‍ കരുത്ത് പകരുമെന്നണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്.

A new study published in The New England Journal of Medicine suggests that removing blood clots from the brain 24 to 72 hours after the onset of stroke symptoms may improve recovery in selected patients with ischaemic stroke. The study involved 336 patients in China who had blockages in major arteries supplying the front of the brain. Researchers found that patients who underwent mechanical thrombectomy alongside standard medical care showed better physical recovery and functional outcomes after 90 days than those who received medical care alone. Advanced brain imaging helped identify patients with potentially recoverable brain tissue who could benefit from the procedure. However, the treatment group also had higher rates of brain bleeding and death, highlighting the importance of careful patient selection and specialist assessment. The findings suggest that selected stroke patients may benefit from clot removal beyond the conventional treatment window, although the procedure does not guarantee recovery and carries significant risks.