Health

പാക്കറ്റുകളിലെ ലേബലുകള്‍ വെറുതെയല്ല, നോക്കി വാങ്ങിയാല്‍ ആരോഗ്യം സംരക്ഷിക്കാം

2050-ഓടെ ലോകജനസംഖ്യയിലെ പകുതിയിലധികം പേരും അമിതവണ്ണത്തിന്റെ പിടിയിലാകുമെന്ന് പ്രമുഖ ആരോഗ്യ മാസികയായ ലാൻസെറ്റ്

Madism Desk

നമ്മുടെ ഭക്ഷണശീലങ്ങളെ നിയന്ത്രിക്കുന്നതിൽ ജീവിത ശൈലിയും വലിയ പങ്ക് വഹിക്കുന്നുണ്ട്. ആകർഷകമായ പായ്ക്കറ്റുകളിൽ എത്തുന്ന അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളാണ് ഇന്ന് വിപണി കീഴടക്കിയിരിക്കുന്നത്. ഇത്തരം ഭക്ഷണങ്ങളുടെ അമിത ഉപയോഗം ലോകമെമ്പാടും അമിതവണ്ണവും മറ്റ് അനുബന്ധ ആരോഗ്യപ്രശ്നങ്ങളും വർദ്ധിപ്പിക്കാൻ കാരണമാകുന്നു. 2050-ഓടെ ലോകജനസംഖ്യയിലെ പകുതിയിലധികം പേരും അമിത വണ്ണത്തിന്റെ പിടിയിലാകുമെന്ന് പ്രമുഖ ആരോഗ്യ ജേണലയായ ലാൻസെറ്റ് മുന്നറിയിപ്പ് നൽകുന്നു.

ഭക്ഷണപ്പൊതികൾക്ക് പുറത്തുള്ള വിവരങ്ങൾ കൃത്യമായി വായിച്ചു മനസ്സിലാക്കാത്തത് ആരോഗ്യത്തെ നേരിട്ട് സ്വാധീനിക്കുന്നുണ്ടെന്ന് മിക്കവരും മനസിലാക്കുന്നില്ല. ലേബലിങ്ങിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ പോലും ആളുകളുടെ വാങ്ങൽ രീതിയിൽ വലിയ വ്യത്യാസമുണ്ടാക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന്, ചിലിയിൽ പഞ്ചസാരയും ഉപ്പും കൂടുതലുള്ള ഭക്ഷണങ്ങളിൽ കറുത്ത ലേബലുകൾ നിർബന്ധമാക്കിയതോടെ ഇത്തരം ഉൽപ്പന്നങ്ങളുടെ വിൽപനയിൽ ഏകദേശം 24 ശതമാനത്തോളം കുറവുണ്ടായി. യൂറോപ്പിലെ 'നുട്രി-സ്കോർ' പോലെയുള്ള ലളിതമായ വർണാഭമായ അടയാളങ്ങൾ, സാധാരണക്കാർക്ക് ഭക്ഷണത്തിന്റെ ഗുണനിലവാരം പെട്ടെന്ന് തിരിച്ചറിയാൻ സഹായകമാകുന്നുണ്ട്

ഭക്ഷണത്തെക്കുറിച്ചുള്ള കൃത്യമായ അറിവും ബോധവൽക്കരണവും നൽകിയാൽ ജനങ്ങളുടെ ഭക്ഷണരീതിയിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും. യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ നടത്തിയ പഠനമനുസരിച്ച്, ശരിയായ മാർഗ്ഗനിർദ്ദേശങ്ങൾ ലഭിച്ചവർ അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളുടെ ഉപയോഗം നാലിലൊന്നായി കുറച്ചതായി കണ്ടെത്തി. ഇത് അവരുടെ ശാരീരികക്ഷമത വർദ്ധിപ്പിക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിച്ചു. കേവലം നിയന്ത്രണങ്ങൾ കൊണ്ട് മാത്രം മാറ്റം സാധ്യമല്ലെന്നും, വ്യക്തികളുടെ സ്വഭാവരൂപീകരണത്തിൽ ഇടപെടുന്ന രീതിയിലുള്ള പരിശീലനങ്ങൾ അത്യാവശ്യമാണെന്നും ഈ പഠനം വ്യക്തമാക്കുന്നു.

ഒപ്പം വിപണന തന്ത്രങ്ങളെ മറികടന്ന് ആരോഗ്യകരമായ തിരഞ്ഞെടുപ്പുകൾ നടത്താൻ കൃത്യമായ നിയമനിർമ്മാണങ്ങളും വിദ്യാഭ്യാസവും ഒരേപോലെ ആവശ്യമാണ്. ഭക്ഷണ ലേബലുകൾ പരിഷ്കരിക്കുക, പോഷകാഹാരത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക, സർക്കാർ തലത്തിൽ ശക്തമായ നയങ്ങൾ രൂപീകരിക്കുക എന്നിവയിലൂടെ മാത്രമേ വരാനിരിക്കുന്ന ആരോഗ്യ പ്രതിസന്ധികളെ നേരിടാൻ സാധിക്കൂ

English Summary: Ultra-processed packaged foods are increasingly shaping modern diets, often leading consumers toward unhealthy choices through misleading marketing and unclear labeling. Understanding food labels, nutritional scores, and ingredient warnings can help people make smarter decisions and reduce obesity-related health risks.