Health

വിറ്റാമിൻ പരിശോധനകൾ: സോഷ്യൽ മീഡിയ ട്രെൻഡോ?

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വിറ്റാമിൻ പരിശോധനകൾ; ഡി, ബി12 കുറവുകളും പരിശോധനയുടെ ആവശ്യകതയും അറിയാം.

Madism Desk

ശരീരത്തിലെ വിറ്റാമിൻ കുറവുകൾ കണ്ടെത്താനുള്ള പരിശോധനകൾക്ക് ഇപ്പോൾ വലിയ പ്രചാരമാണ്. പ്രത്യേകിച്ച് വിറ്റാമിൻ ഡി, ബി12 എന്നിവയുടെ പരിശോധനകളിൽ യുവാക്കൾക്കിടയിലും താൽപര്യം വർധിച്ചുവരുന്നു. സോഷ്യൽ മീഡിയയിൽ രക്തപരിശോധനാ റിപ്പോർട്ടുകളും അനുഭവങ്ങളും പങ്കുവെക്കുന്നത് ഈ പ്രവണതയ്ക്ക് കൂടുതൽ ശ്രദ്ധ നൽകുന്നുമുണ്ട് . എന്നാല്‍, ആരോഗ്യബോധത്തിന്റെ ഭാഗമായാണോ അതോ സോഷ്യൽ മീഡിയ ട്രെൻഡിന്റെ സ്വാധീനത്തിലാണോ ആളുകൾ പരിശോധനകൾ നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്.

എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് പ്രധാനമാണ് വിറ്റാമിന്‍ ഡി. സൂര്യപ്രകാശം വിറ്റാമിൻ ഡി ലഭിക്കുന്നതിന്റെ പ്രധാന ഉറവിടമാണെങ്കിലും പലരിലും ഇതിന്റെ കുറവ് കാണപ്പെടുന്നു. വീടിനുള്ളിലും ഓഫീസുകളിലും കൂടുതൽ സമയം ചെലവഴിക്കുന്ന ജീവിതശൈലി, സൂര്യപ്രകാശം ഏൽക്കുന്നതിലെ കുറവ്, മറ്റ് ആരോഗ്യഘടകങ്ങൾ എന്നിവ ഇതിന് കാരണങ്ങളാകാം.

നാഡീവ്യവസ്ഥയുടെ പ്രവർത്തനത്തിനും ചുവന്ന രക്താണുക്കളുടെ ഉൽപാദനത്തിനും ബി12 ആവശ്യമാണ്. മാംസം, മത്സ്യം, മുട്ട, പാൽ തുടങ്ങിയവ ഇതിന്റെ പ്രധാന ഭക്ഷ്യസ്രോതസ്സുകളാണ്. സസ്യാഹാരം മാത്രം കഴിക്കുന്നവർക്കും ശരീരത്തിൽ ബി12 പ്രശ്നമുള്ളവർക്കും കുറവുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ക്ഷീണം, ബലഹീനത, തലകറക്കം, കൈകാലുകളിൽ മരവിപ്പ്, മുടികൊഴിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ ചിലപ്പോൾ വിറ്റാമിൻ കുറവുമായി ബന്ധപ്പെട്ടിരിക്കാം. എന്നാൽ ഇത്തരം ലക്ഷണങ്ങൾ മറ്റ് ആരോഗ്യപ്രശ്നങ്ങൾ മൂലവും ഉണ്ടാകാം. അതിനാൽ ലക്ഷണങ്ങൾ മാത്രം അടിസ്ഥാനമാക്കി വിറ്റാമിൻ കുറവ് സ്ഥിരീകരിക്കാനാവില്ല.

രക്തപരിശോധനയിലൂടെ വിറ്റാമിൻ ഡി, ബി12 എന്നിവയുടെ നില കണ്ടെത്താനാകും. എന്നാൽ എല്ലാവർക്കും പതിവായി ഇത്തരം പരിശോധനകൾ ആവശ്യമില്ല. ആരോഗ്യസ്ഥിതി, ലക്ഷണങ്ങൾ, ഭക്ഷണരീതി, മറ്റ് അപകടസാധ്യതകൾ എന്നിവ പരിഗണിച്ചാണ് ഡോക്ടർ പരിശോധന നിർദേശിക്കുന്നത്. പരിശോധനയില്ലാതെ സ്വയം വിറ്റാമിൻ ഗുളികകൾ കഴിക്കുന്നതും ഒഴിവാക്കണം. ചില വിറ്റാമിനുകൾ അമിതമായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാകാം.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:

  • ശരീരത്തിലെ മാറ്റങ്ങൾ ശ്രദ്ധിക്കുക. 

  • ആവശ്യമായ പരിശോധനകൾ ഡോക്ടറുടെ നിർദേശപ്രകാരം നടത്തുക. 

  • സ്വയം രോഗനിർണയവും അനാവശ്യ സപ്ലിമെന്റ് ഉപയോഗവും ഒഴിവാക്കുക. 

  • ക്ഷീണം, ബലഹീനത, മുടികൊഴിച്ചിൽ എന്നിവ വിറ്റാമിൻ കുറവിന്റെയോ മറ്റ് ആരോഗ്യപ്രശ്നങ്ങളുടെയോ ലക്ഷണമാകാം. ലക്ഷണങ്ങൾ മാത്രം നോക്കി വിറ്റാമിന്‍റെ കുറവ് സ്ഥിരീകരിക്കാനാവില്ല.

  • വിറ്റാമിൻ ഡി, ബി12 കുറവറിയാൻ രക്തപരിശോധന സഹായിക്കും. എന്നാൽ, പരിശോധന ആരോഗ്യസ്ഥിതിക്കനുസരിച്ചാകണം. 

  • വിറ്റാമിൻ സപ്ലിമെന്റുകൾ ആവശ്യമായവർക്ക് ഗുണകരമാണ്. എന്നാൽ ഡോക്ടറുടെ നിർദേശമില്ലാതെ അമിതമായി ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം

  • ഡോക്ടറുടെ നിർദേശമില്ലാതെ സപ്ലിമെന്റുകൾ കഴിക്കുന്നത് ഒഴിവാക്കണം.

  • സോഷ്യൽ മീഡിയ വിവരങ്ങളെ മാത്രം ആശ്രയിച്ച് ആരോഗ്യതീരുമാനങ്ങൾ എടുക്കരുത്.

Vitamin D and B12 deficiency tests are gaining popularity, especially among young people. Social media such as instagram and facebook has increased awareness, but experts recommend testing and taking supplements only based on medical advice.