അൾട്രാ പ്രോസസ്ഡ് ഫുഡ് അഥവാ അമിതമായി സംസ്കരിച്ച ഭക്ഷണ പഥാർത്ഥങ്ങൾ മനുഷ്യന്റെ ആരോഗ്യത്തിന് എത്രത്തോളം ഹാനികരമാണെന്ന് ശാസ്ത്രം പലവട്ടം തെളിയിച്ചതാണ്. അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗങ്ങൾ തുടങ്ങി ക്യാൻസറിന് വരെ കാരണമാകുന്ന ഈ ജങ്ക് ഫുഡുകളെ നിയന്ത്രിക്കാൻ ലോകമെമ്പാടുമുള്ള സർക്കാരുകൾ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇത്തരം നയങ്ങളെയും നിയന്ത്രണങ്ങളെയും കോടതി കയറ്റി അട്ടിമറിക്കുകയാണ് ലോകത്തെ വമ്പൻ ഭക്ഷ്യോൽപ്പാദക കമ്പനികളെന്ന് 'ദി ഗാർഡിയൻ' നടത്തിയ പുതിയ അന്വേഷണത്തിൽ വെളിപ്പെടുന്നു.
''എല്ലാ മാർഗങ്ങളും പരാജയപ്പെട്ടാഷ കോടതിയെ സമീപിക്കുക'', എന്ന തന്ത്രമാണ് കൊക്കകോളയും പെപ്സികോയും നെസ്‌ലെയും അടങ്ങുന്ന വൻകിട കമ്പനികൾ ഇപ്പോൾ പയറ്റുന്നത്. കുട്ടികളുടെയും മുതിർന്നവരുടെയും ആരോഗ്യം സംരക്ഷിക്കാൻ സർക്കാരുകൾ കൊണ്ടുവരുന്ന നിയമങ്ങളെ ദുർബലപ്പെടുത്താനോ വൈകിപ്പിക്കാനോ ആണ് ഈ വ്യവഹാരങ്ങൾ ഉപയോഗിക്കുന്നത്.
അക്കാദമിക് വിദഗ്ധർ, ലൈറ്റ് ഹൗസ് റിപ്പോർട്ട്‌സ്, വിവിധ ഭൂഖണ്ഡങ്ങളിലെ മാധ്യമ പ്രവർത്തകർ എന്നിവരുമായി ചേർന്ന് ദി ഗാർഡിയൻ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. 2010 മുതൽ 2025 വരെയുള്ള കാലയളവിൽ അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളെ നിയന്ത്രിക്കാൻ ശ്രമിച്ച മെക്സിക്കോ, കൊളംബിയ, ബ്രസീൽ, യുഎസ്, യുകെ എന്നീ അഞ്ച് രാജ്യങ്ങളിലായി സർക്കാരുകൾക്കെതിരെ 235 കേസുകളാണ് ഫയൽ ചെയ്യപ്പെട്ടിരിക്കുന്നത്.
ഭക്ഷണപാക്കറ്റുകൾക്ക് പുറത്ത് അവയിലെ ആരോഗ്യപരമായ മുന്നറിയിപ്പുകൾ നൽകുക, ജങ്ക് ഫുഡ് പരസ്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക, ഉയർന്ന നികുതി ചുമത്തുക തുടങ്ങിയ നയങ്ങൾക്കെതിരെയാണ് കമ്പനികൾ പ്രധാനമായും കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതിൽ 193 കേസുകളും ഫയൽ ചെയ്യപ്പെട്ടിരിക്കുന്നത് മെക്സിക്കോയിലാണ്. കൊളംബിയയിൽ 18-ഉം ബ്രസീലിൽ 17-ഉം കേസുകളുണ്ട്.
പല കേസുകളിലും പരാതിക്കാർ ആരെന്നത് കോടതികൾ രഹസ്യമാക്കി വെച്ചിട്ടുണ്ടെങ്കിലും പുറത്തുവന്ന വിവരങ്ങൾ പ്രകാരം നാലിലൊന്ന് കേസുകളും ഫയൽ ചെയ്തിരിക്കുന്നത് ഫുഡ് കോർപ്പറേഷനുകളോ അവരുടെ പ്രതിനിധി സംഘടനകളോ ആണ്. കൊക്കകോള, പെപ്സികോ, മൊണ്ടെലസ് (Mondelēz), കെല്ലോഗ്സ് (Kellogg's), ഡാനോൺ (Danone), ഫെറെറോ (Ferrero), സിഗ്‌നൂക്ക്സ് (Xignux), ഹാർട്ട്‌ലാൻഡ് ഫുഡ് പ്രൊഡക്ട്സ് ഗ്രൂപ്പ് എന്നീ എട്ട് വമ്പൻ കമ്പനികളാണ് ഇതിൽ മുന്നിൽ നിൽക്കുന്നത്.
തീർപ്പാക്കപ്പെട്ട ഭൂരിഭാഗം കേസുകളിലും (75 ശതമാനത്തോളം) കമ്പനികൾ പരാജയപ്പെടുകയും സർക്കാരുകൾക്ക് അനുകൂലമായ വിധികൾ വരുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ വ്യവഹാരങ്ങൾ സർക്കാരിന്റെ നിയന്ത്രണങ്ങളെ വർഷങ്ങളോളം വൈകിപ്പിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. ഗാർഡിയന്റെ കണക്കുകൾ പ്രകാരം ഈ നിയമ പോരാട്ടങ്ങളെല്ലാം കൂടി എടുത്തത് ഏകദേശം 600 വർഷത്തെ കോടതി സമയമാണ്.
സർക്കാരുകളുടെ സുപ്രധാനമായ ആരോഗ്യ നയങ്ങൾ നടപ്പിലാക്കുന്നത് കാലതാമസം വരുത്തുക, സർക്കാരുകളെയും ആരോഗ്യ വിദഗ്ധരെയും സങ്കീർണ്ണവും ചെലവേറിയതുമായ വ്യവഹാരങ്ങളിൽ കുടുക്കിയിടുക, മറ്റു രാജ്യങ്ങളെ സമാനമായ നിയമങ്ങൾ കൊണ്ടുവരുന്നതിൽ നിന്നും ഭയപ്പെടുത്തുക എന്നിവയാണ് കമ്പനികളുടെ പ്രധാന ലക്ഷ്യമെന്ന് ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ പബ്ലിക് ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ പ്രൊഫസറായ മരിയോൺ നെസ്‌ലെ ചൂണ്ടിക്കാട്ടുന്നു. പൊതുജനാരോഗ്യ നടപടികൾ അനാരോഗ്യകരമായ ഉൽപ്പന്നങ്ങളുടെ വിൽപ്പന കുറയ്ക്കുന്നുണ്ടെന്ന് ഈ വ്യവഹാരങ്ങൾ തന്നെ തെളിയിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
പുകയില കമ്പനികളുടെ അതേ തന്ത്രം
പതിറ്റാണ്ടുകൾക്ക് മുൻപ് പുകയില കമ്പനികൾ പയറ്റിയ അതേ തന്ത്രമാണ് ഇന്ന് അൾട്രാ പ്രോസസ്ഡ് ഫുഡ് കമ്പനികൾ പിന്തുടരുന്നതെന്ന് വിദഗ്ധർ പറയുന്നു. സിഗരറ്റ് പാക്കറ്റുകളിൽ ചിത്രങ്ങളോട് കൂടിയ ആരോഗ്യ മുന്നറിയിപ്പുകൾ നൽകണമെന്ന നിയമം വന്നപ്പോൾ, അതിനെതിരെ ലോകമെമ്പാടും കോടതികളിൽ പുകയില കമ്പനികൾ കേസുകൾ നൽകിയിരുന്നു. ഇത് നിയമങ്ങൾ നടപ്പാക്കുന്നത് വർഷങ്ങളോളം വൈകിപ്പിച്ചു. സമാനമായ രീതിയിൽ, വ്യവഹാരങ്ങളെ ഉപയോഗിച്ച് തങ്ങളുടെ കച്ചവടം സുരക്ഷിതമാക്കാനാണ് ഭക്ഷ്യ ഭീമന്മാരും ശ്രമിക്കുന്നത്.
പൊതുജനങ്ങൾക്ക് മുന്നിൽ തങ്ങൾ ആരോഗ്യകരമായ മാറ്റങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴാണ് കോർപ്പറേറ്റ് കമ്പനികൾ കോടതികളിൽ സർക്കാരുകളെ പ്രതിരോധത്തിലാക്കുന്നത്. യുകെ പോലെയുള്ള രാജ്യങ്ങളിൽ കേസുകളുടെ ഭയം കാരണം ഉദ്യോഗസ്ഥർ പുതിയ നിയമങ്ങൾ കൊണ്ടുവരാൻ ഭയക്കുകയാണെന്ന് 'അൾട്രാ-പ്രോസസ്ഡ് പീപ്പിൾ' എന്ന പുസ്തകത്തിന്റെ രചയിതാവ് ക്രിസ് വാൻ ട്യൂലെക്കൻ പറയുന്നു. വ്യവഹാരങ്ങളെ ഭയന്ന് നടപടികൾ വൈകിപ്പിക്കുന്നത് ഭാവിയിൽ വലിയ ആരോഗ്യ ദുരന്തങ്ങൾക്ക് വഴിവെക്കുമെന്ന മുന്നറിയിപ്പാണ് വിദഗ്ധർ ലോകത്തിന് നൽകുന്നത്.
A global investigation by The Guardian, in collaboration with academic institutions and the non-profit newsroom Lighthouse Reports, has revealed that the world’s biggest ultra-processed food (UPF) companies are using aggressive legal strategies to obstruct public health policies. Between 2010 and 2025, food giants filed 235 lawsuits against governments across five countries—Mexico, Colombia, Brazil, the US, and the UK—challenging regulations such as front-of-pack warning labels, junk food taxes, and marketing restrictions. While publicly claiming to support healthy consumer choices, companies like Coca-Cola, PepsiCo, Mondelēz, and Kellogg's are actively using courts to weaken, delay, or overturn health policies.