കണ്ണ് ചിമ്മി തുറക്കുന്ന വേഗത്തിലാണ് സൈബര്‍ ലോകത്ത് പുതിയ ഡേറ്റിംഗ് ലേബലുകള്‍ പ്രത്യക്ഷപ്പെടുന്നത്. കാഷ്വല്‍ ഡേറ്റിംഗ്, സീരിയസ് ഡേറ്റിംഗ്, എക്‌സ്‌ക്ലൂസീവ് ഡേറ്റിംഗ്, ബ്ലൈന്‍ഡ് ഡേറ്റ്, '6-7' ഡേറ്റിംഗ് തുടങ്ങി പലവിധ ഡേറ്റിംഗ് രീതികള്‍ ഇന്ന് പ്രചാരത്തിലുണ്ട്. ഇപ്പോഴിതാ ഈ നിരയിലേയ്ക്ക് പുതിയൊരു രീതി കൂടി എത്തിയിരിക്കുകയാണ്- ഗ്ലൂയിങ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, പരസ്പര മാനസിക പൊരുത്തമില്ലാത്ത ബന്ധത്തില്‍ ശാരീരിക അടുപ്പം നിലനിര്‍ത്തുന്നതിനെയാണ് ഗ്ലൂയിങ് എന്നുപറയുന്നത്.
മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ വ്യക്തികള്‍ക്കിടയിലെ ബന്ധം വഷളായിക്കൊണ്ടിരിക്കുമ്പോഴും ശാരീകബന്ധം നിലനിര്‍ത്തുന്ന അവസ്ഥയാണ് ഗ്ലൂയിങ്. പങ്കാളികള്‍ തമ്മില്‍ വഴക്കുകളും വൈകാരിക അകല്‍ച്ചയും വര്‍ധിച്ച് ബന്ധം തകര്‍ച്ചയുടെ വക്കിലെത്തുമ്പോള്‍ അതില്‍നിന്ന് മാന്യമായി ഇറങ്ങിപ്പോകുന്നതിന് പകരം കൃത്രിമമായ വഴികളിലൂടെ ആ ബന്ധത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കുന്ന ഒരു പ്രവണതയാണിത്. ദമ്പതിമാര്‍ക്കിടയിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പകരം എല്ലാം ഭംഗിയായി പോകുന്നെന്ന് നടിക്കുന്ന ഒരവസ്ഥ. ഒരുപക്ഷെ, വേര്‍പിരിഞ്ഞാല്‍ ഉണ്ടാകുന്ന ഒറ്റപ്പെടല്‍, പുതിയൊരു പങ്കാളിയെ കണ്ടെത്താനുള്ള മടി എന്നിവയായിരിക്കാം തൃപ്തികരമല്ലാത്ത ബന്ധത്തില്‍ തുടരാന്‍ പലരെയും നിര്‍ബന്ധിതരാക്കുന്നത്.
വിശ്വാസവും ആശയവിനിമയവും വൈകാരികമായ അടുപ്പവും നഷ്ടപ്പെട്ട ഒരു ബന്ധത്തില്‍, ശാരീരിക ബന്ധം മാത്രം ശക്തമായി തുടരുന്നത് വലിയ ആശയക്കുഴപ്പങ്ങള്‍ക്ക് വഴിതെളിക്കും. ശാരീരിക അടുപ്പം ഉള്ളതുകൊണ്ട് മാത്രം തങ്ങളുടെ ബന്ധം ഭദ്രമാണെന്ന് ഒരാള്‍ കരുതുമ്പോള്‍, മറുവശത്ത് പങ്കാളി ആഗ്രഹിക്കുന്നത് വൈകാരികമായ പിന്തുണയായിരിക്കാം. ഇത്തരം ഘട്ടങ്ങളില്‍ പരസ്പരം തെറ്റിദ്ധരിക്കപ്പെടുകയും അത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വ്യക്തികളുടെ മാനസികാരോഗ്യത്തെ കഠിനമായി ബാധിക്കുകയും ചെയ്യും.
മനസ്സിലുള്ള കാര്യങ്ങള്‍ തുറന്നു സംസാരിക്കുന്നതിന് പകരം മൗനം പാലിക്കുക, ഉള്ളില്‍ ദേഷ്യം വെച്ചുപുലര്‍ത്തുക, പങ്കാളിയെ പ്രീതിപ്പെടുത്താന്‍ വേണ്ടി മാത്രം സ്വന്തം ആഗ്രഹങ്ങളും വ്യക്തിത്വവും ബലികഴിക്കുക എന്നിവ ഇതിന്റെ ഭാഗമായി സംഭവിക്കാം. ഫലത്തില്‍, സന്തോഷത്തിന് പകരം ഭയവും ഉത്കണ്ഠയും മാത്രമായിരിക്കും ആ ബന്ധത്തില്‍ അവശേഷിക്കുക. ഏതൊരു ബന്ധത്തിലും തിരിച്ചറിവാണ് പ്രധാനം.
ലൈംഗികബന്ധം ഊഷ്മളമാണെങ്കില്‍ പോലും വൈകാരികമായ പിന്തുണ കിട്ടുന്നില്ലെന്നോ ഏകാന്തത അനുഭവപ്പെടുന്നുണ്ടെന്നോ തോന്നുന്നുവെങ്കില്‍, അവിടെ ലൈംഗികത ഒരു ആത്മബന്ധത്തിന്റെ തെളിവല്ലെന്ന് തിരിച്ചറിയണം. പരസ്പരം വഴക്കടിക്കുമ്പോള്‍, അതിനുള്ള യഥാര്‍ത്ഥ കാരണം കണ്ടെത്തി പരിഹരിക്കുന്നതിന് പകരം പ്രശ്‌നം മറക്കാന്‍ ലൈംഗികതയെ ഒരു മാര്‍ഗ്ഗമായി ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. ആ ശാരീരിക അടുപ്പം കുറയുന്ന നിമിഷങ്ങളില്‍ വലിയ അരക്ഷിതാവസ്ഥ തോന്നുന്നുവെങ്കില്‍, ബന്ധത്തിന്റെ സ്ഥിതി ഒന്നുകൂടി വിലയിരുത്തുന്നത് നന്നായിരിക്കും.
തീര്‍ച്ചയായും പരസ്പര സ്‌നേഹം കൂട്ടാനും, ബന്ധങ്ങള്‍ ദൃഢമാക്കാനും, മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ശാരീരിക അടുപ്പം അത്യാവശ്യമാണ്. എന്നാല്‍ തകര്‍ച്ചയുടെ വക്കിലെത്തിയ ഒരു ബന്ധത്തെ താല്‍ക്കാലികമായി പിടിച്ചുനിര്‍ത്താനുള്ള പ്രതിവിധിയായി അതിനെ ഉപയോഗിക്കുമ്പോഴാണ് അത് അപകടകരമായി മാറുന്നത്. അതുകൊണ്ട്, ഒരുമിച്ച് കൂടുതല്‍ സമയം ചെലവഴിച്ചും വിഷമമുണ്ടാക്കുന്ന വിഷയങ്ങളില്‍ പോലും തുറന്ന സംഭാഷണങ്ങള്‍ നടത്തിയും പ്രതിസന്ധി ഘട്ടങ്ങളില്‍ പരസ്പരം താങ്ങായി നിന്നുകൊണ്ട് ബന്ധത്തിന്റെ ആഴം മനസ്സിലാക്കാന്‍ ശ്രമിക്കുക. 'ശാരീരിക അടുപ്പത്തിനപ്പുറം ഞങ്ങള്‍ക്കിടയില്‍ എന്താണുള്ളത്?' എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം കണ്ടെത്തുന്നത് ദമ്പതികള്‍ക്ക് വലിയ വ്യക്തത നല്‍കും. ആവശ്യമെങ്കില്‍ ഒരു റിലേഷന്‍ഷിപ്പ് കൗണ്‍സിലറുടെയോ തെറാപ്പിസ്റ്റിന്റെയോ സഹായം തേടാനും മടിക്കരുത്.
Gluing is an emerging dating trend in which couples maintain physical intimacy despite emotional distance, unresolved conflicts and a deteriorating relationship. Instead of addressing their problems or ending the relationship, partners may use physical closeness to temporarily hold things together, often driven by fear of loneliness or reluctance to find a new partner. While physical intimacy can strengthen relationships and reduce stress, relying on it to mask deeper emotional issues can lead to misunderstandings, insecurity, anxiety and emotional distress. A relationship may appear stable on the surface while lacking trust, communication and emotional support.