Lifestyle

ബ്രാൻഡിങ് അല്ല, പാക്കറ്റിൽ എന്താണെന്ന് നോക്കി വാങ്ങും! പരസ്യങ്ങളെ കൈവിട്ട് ഉപഭോക്താക്കൾ

ജിമ്മിൽ പോകുന്നവർക്കും കായികതാരങ്ങൾക്കും മാത്രമുള്ളതാണ് പ്രോട്ടീൻ എന്ന ചിന്താഗതി മാറി

Madism Desk

ഇന്ത്യക്കാരുടെ ലഘുഭക്ഷണ ശീലങ്ങലിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ പ്രകടമാകുന്നതായി പുതിയ സർവേ റിപ്പോർട്ട്. കേവലം ആരോഗ്യകരമായ ഭക്ഷണങ്ങൾ എന്നതിനപ്പുറം, ലഘുഭക്ഷണങ്ങളിലെ ചേരുവകൾ കൃത്യമായി പരിശോധിക്കാനും ശുദ്ധീകരിച്ച പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഉപഭോക്താക്കൾ കൂടുതൽ ശ്രദ്ധിക്കുന്നുണ്ടെന്ന് 'ഇന്ത്യ ഹെൽത്തി സ്നാക്കിങ് സർവേ (IHSS) 2026' വ്യക്തമാക്കുന്നു. ഫാംലിയും (Farmley) ഇന്ത്യ ഹെൽത്തി സ്നാക്കിങ് സമ്മിറ്റും സംയുക്തമായാണ് ഈ പഠനം പുറത്തുവിട്ടത്.

ആരാണ് ഒരു ഉൽപ്പന്നത്തെ പ്രൊമോട്ട് ചെയ്യുന്നത് എന്നതിനേക്കാൾ, തങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ എന്തൊക്കെ അടങ്ങിയിട്ടുണ്ടെന്ന് കൃത്യമായി മനസ്സിലാക്കാനാണ് ഇന്നത്തെ ഉപഭോക്താക്കൾ കൂടുതൽ താല്പര്യപ്പെടുന്നത്

മെട്രോ നഗരങ്ങൾ മുതൽ ചെറുപട്ടണങ്ങൾ വരെയുള്ള ആറായിരത്തിലധികം ആളുകളിൽ നിന്ന് ഓൺലൈനായും കോർപ്പറേറ്റ് ഓഫീസുകൾ, കോളജ് കാമ്പസുകൾ എന്നിവ കേന്ദ്രീകരിച്ച് നേരിട്ടും വിവരങ്ങൾ ശേഖരിച്ചാണ് സർവേ തയ്യാറാക്കിയത്.

പരസ്യങ്ങളിലൂടെയോ പ്രശസ്തരായ വ്യക്തികളുടെ പിന്തുണയിലൂടെയോ അല്ല, മറിച്ച് സുതാര്യതയിലൂടെയാണ് ഉപഭോക്താക്കൾക്കിടയിൽ ഇന്ന് ഒരു ബ്രാൻഡിന്റെ വിശ്വാസ്യത വളരുന്നതെന്നാണ് ഈ റിപ്പോർട്ടിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തൽ. ലഘുഭക്ഷണ പാക്കറ്റുകളിൽ ചേരുവകൾ വ്യക്തമായി രേഖപ്പെടുത്തുന്നത് ഒരു ബ്രാൻഡിലുള്ള തങ്ങളുടെ വിശ്വാസത്തെ സ്വാധീനിക്കുന്നുണ്ടെന്ന് സർവേയിൽ പങ്കെടുത്തവരിൽ 86 ശതമാനം പേരും അഭിപ്രായപ്പെട്ടു.

ഉൽപ്പന്നങ്ങൾ വാങ്ങാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നായി ഈ സുതാര്യത മാറിയിരിക്കുന്നു. ആരാണ് ഒരു ഉൽപ്പന്നത്തെ പ്രൊമോട്ട് ചെയ്യുന്നത് എന്നതിനേക്കാൾ, തങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ എന്തൊക്കെ അടങ്ങിയിട്ടുണ്ടെന്ന് കൃത്യമായി മനസ്സിലാക്കാനാണ് ഇന്നത്തെ ഉപഭോക്താക്കൾ കൂടുതൽ താല്പര്യപ്പെടുന്നത് എന്നാണ് ഈ കണ്ടെത്തൽ സൂചിപ്പിക്കുന്നത്.

ആർത്തവകാല പോഷകാഹാരങ്ങൾക്ക് ഡിമാൻഡ്:

സ്ത്രീകളുടെ ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട് വലിയൊരു വിപണി സാധ്യതയാണ് ഇന്ത്യയിൽ തുറക്കപ്പെടുന്നത്. സർവേയിൽ പങ്കെടുത്ത സ്ത്രീകളിൽ പകുതിയിലധികം പേരും (52%) ആർത്തവകാലത്തെ ശാരീരിക ആവശ്യങ്ങളെ പിന്തുണയ്ക്കുന്ന രീതിയിൽ പ്രത്യേകം തയ്യാറാക്കിയ ലഘുഭക്ഷണങ്ങൾ വാങ്ങാൻ താല്പര്യപ്പെടുന്നു.

പ്രോട്ടീൻ ഇനി ആഡംബരമല്ല:

ജിമ്മിൽ പോകുന്നവർക്കും കായികതാരങ്ങൾക്കും മാത്രമുള്ളതാണ് പ്രോട്ടീൻ എന്ന ചിന്താഗതി മാറി. സർവേയിൽ പങ്കെടുത്ത 62% പേരും ദൈനംദിന ലഘുഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ പ്രോട്ടീന്റെ അളവ് ഒരു പ്രധാന ഘടകമായി കണക്കാക്കുന്നു.

പ്രകൃതിദത്ത മധുരത്തിന് മുൻഗണന:

ശുദ്ധീകരിച്ച പഞ്ചസാരയോടുള്ള വിമുഖത ഉപഭോക്താക്കളിൽ വ്യക്തമാണ്. 61% പേരും ശർക്കരയോ ഈന്തപ്പഴമോ ചേർത്ത് മധുരമിട്ട ലഘുഭക്ഷണങ്ങളാണ് ഇഷ്ടപ്പെടുന്നത്. അതേസമയം, സ്റ്റീവിയ പോലുള്ള സീറോ-കലോറി കൃത്രിമ മധുരങ്ങൾ ഇഷ്ടപ്പെടുന്നത് 13% മാത്രമാണ്. 33% ആളുകൾ റിഫൈൻഡ് പഞ്ചസാരയെ തങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രധാന വില്ലനായി കാണുന്നു.

കുട്ടികളുടെ ആരോഗ്യത്തിനായി കൂടുതൽ പണം ചിലവഴിക്കാം:

കുട്ടികൾക്ക് ആരോഗ്യകരമായ ഭക്ഷണം നൽകുന്ന കാര്യത്തിൽ വിലയൊരു തടസ്സമല്ലെന്ന് മാതാപിതാക്കൾ വ്യക്തമാക്കുന്നു. 59% മാതാപിതാക്കളും കുട്ടികൾക്കായി രാസവസ്തുക്കൾ കുറഞ്ഞതും പോഷകസമൃദ്ധവുമായ ഭക്ഷണങ്ങൾക്കായി കൂടുതൽ പണം ചിലവഴിക്കാൻ തയ്യാറാണ്.

ക്വിക്ക് കൊമേഴ്‌സ് ആപ്പുകളുടെ സ്വാധീനം:

ഓൺലൈൻ വഴി വേഗത്തിൽ ലഘുഭക്ഷണങ്ങൾ വാങ്ങാൻ ആളുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളെയാണ്. ഇതിൽ ബ്ലിങ്കിറ്റ് (31%), സെപ്‌റ്റോ (16%), ഇൻസ്റ്റാമാർട്ട് (15%) എന്നിവയ്ക്കാണ് മുൻഗണന. എങ്കിലും പരമ്പരാഗത കടകളിൽ നിന്ന് നേരിട്ട് കണ്ട് വാങ്ങുന്ന രീതി ഇപ്പോഴും 35% ആളുകൾ തുടരുന്നുണ്ട്.

കേവലം കലോറി കുറഞ്ഞ ഭക്ഷണം എന്നതിനപ്പുറം, തങ്ങളുടെ ജീവിതശൈലിക്കും കൃത്യമായ ആരോഗ്യ ലക്ഷ്യങ്ങൾക്കും ഇണങ്ങുന്ന ഉൽപ്പന്നങ്ങളാണ് പുതിയ കാലത്ത് ഇന്ത്യക്കാർ തിരഞ്ഞെടുക്കുന്നത് എന്ന് ഈ സർവേ റിപ്പോർട്ട് അടിവരയിടുന്നു.

The India Healthy Snacking Survey 2026, conducted by Farmley and the India Healthy Snacking Summit, surveyed over 6,000 participants across Indian metros and tiered cities. The findings reveal a major shift in consumer behavior: Indians are moving beyond basic calorie counting and actively seeking out nutritional functionality, clean ingredients, and life-stage-specific snacks.