സൗന്ദര്യവും ബുദ്ധിയും കലയും ഒത്തുചേർന്നാൽ അതിനെ എന്ത് വിളിക്കും? അതിനുള്ള മനോഹരമായ ഉത്തരമാണ് 19 വയസ്സുകാരിയായ കസിയ ലിസ് മെജോ. ജയ്പൂരിൽ അരങ്ങേറിയ മിസ്സ് യൂണിവേഴ്സ് ഇന്ത്യ 2026-ൽ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിയ 52 സുന്ദരിമാരെ പിന്തള്ളിയാണ് കേരളത്തിന്റെ സ്വന്തം കസിയ സ്വപ്നകിരീടം സ്വന്തമാക്കിയത്. വെറുമൊരു മോഡൽ മാത്രമല്ല ഈ മിടുക്കി. ഒരേസമയം നിയമപഠനവും കലയും ഫാഷൻ ലോകവും ഒരുമിച്ചുകൊണ്ടുപോകുന്ന ഒരു അത്ഭുത പ്രതിഭ കൂടിയാണ് കസിയ.
മാവേലിക്കര സ്വദേശികളായ മെജോ എബ്രഹാമിന്റെയും സുജ മെജോയുടെയും മകളായ കസിയ കുട്ടിക്കാലം ചെലവിട്ടതും വളർന്നതുമെല്ലാം അബുദാബിയിലാണ്. നിലവിൽ ബെംഗളൂരുവിൽ നിയമപഠനം നടത്തുന്ന കസിയയുടെ ഇപ്പോഴത്തെ താമസം കൊച്ചിയിലാണ്. മോഡലിങിലും സൗന്ദര്യമത്സരങ്ങളിലും താത്പര്യം പ്രകടിപ്പച്ചു തുടങ്ങിയ കസിയയെ കാത്തിരുന്നത് വലിയ നേട്ടങ്ങളായിരുന്നു. ഇപ്പോൾ ദേശീയ തലത്തിൽ കിരീടമണിഞ്ഞതോടെ, വരുന്ന നവംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന 75-ാമത് മിസ്സ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഈ മലയാളി പെൺകുട്ടിയാകും.
അരക്ഷിതാവസ്ഥകളിൽ നിന്നുള്ള ഉയിർത്തെഴുന്നേൽപ്പ്
പുറമെ കാണുന്ന തിളക്കങ്ങൾക്കപ്പുറം കസിയയുടെ ഈ നേട്ടത്തിന് മറ്റൊരു മാനം കൂടിയുണ്ട്. തന്റെ രൂപത്തെ കുറിച്ച് കടുത്ത അരക്ഷിതാവസ്ഥ ഉണ്ടായിരുന്ന ഒരു കാലം തനിക്കുണ്ടായിരുന്നുവെന്ന് കസിയ തുറന്നു പറഞ്ഞിട്ടുണ്ട്. ഫിൽറ്ററുകൾ ഇല്ലാതെ സ്വന്തം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ പോലും മടിച്ചിരുന്നു ഒരു പെൺകുട്ടിയിൽ നിന്നാണ്, സ്വയം വിശ്വാസമർപ്പിച്ച് കസിയ ഇന്ന് ലോകവേദിയിലേക്ക് നടന്നു കയറുന്നത്. മാനസികാരോഗ്യം, വ്യക്തിത്വ വികസനം എന്നീ വിഷയങ്ങളിൽ ഇന്ന് ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ശക്തമായി ശബ്ദമുയർത്തുന്ന വ്യക്തി കൂടിയാണ് കസിയ.
കസിയയുടെ ലോകം ഫാഷൻ റാമ്പുകളിൽ മാത്രം ഒതുങ്ങുന്നില്ല. നിയമ വിദ്യാർഥിയായ കസിയ കഴിഞ്ഞ 12 വർഷമായി ക്ലാസിക്കൽ ഡാൻസ് അഭ്യസിക്കുന്നുണ്ട്. ഇതിനുപുറമെ, മികച്ചൊരു ഗായികയും വയലിൻ, ഡ്രംസ് തുടങ്ങിയ വാദ്യോപകരണങ്ങൾ വായിക്കുന്നതിൽ വിദഗ്ധയുമാണ് അവർ. മമ്മൂട്ടി നായകനായ മലയാള ചിത്രം ഷൈലോക്കിലൂടെ അഭിനയരംഗത്തും ഇതിനോടകം കസിയ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
കഠിനാധ്വാനത്തിന്റെ നാൾവഴികൾ
ഈ കിരീടനേട്ടം ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല. തന്റെ 17-ാം വയസ്സിൽ 'മിസ്സ് ടീൻ ദിവ 2024' ആയി തിരഞ്ഞെടുക്കപ്പെട്ട കസിയ, 2025-ലെ 'മിസ്സ് ടീൻ ഇന്റർനാഷണൽ' വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ഫസ്റ്റ് റണ്ണറപ്പാവുകയും ചെയ്തു. ഈ വർഷമാദ്യം നടന്ന മത്സരത്തിൽ 'മിസ്സ് യൂണിവേഴ്സ് കേരള 2026' പട്ടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായും കസിയ ചരിത്രം കുറിച്ചു. ആ വിജയക്കുതിപ്പാണ് ഇപ്പോൾ ദേശീയ കിരീടത്തിൽ എത്തിനിൽക്കുന്നത്.
"ലോകത്തിന്റെ നെറുകയിൽ എത്തിയതുപോലെയാണ് എനിക്കിപ്പോൾ തോന്നുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി ഞാൻ ഇതിനായി കഠിനാധ്വാനം ചെയ്യുകയായിരുന്നു..." കിരീടമണിഞ്ഞ നിമിഷം സന്തോഷാശ്രുക്കളോടെ കസിയ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. മുൻ ലോകസുന്ദരി സുഷ്മിത സെൻ, ഉർവശി റൗട്ടേല, സെലീന ജെയ്റ്റ്ലി തുടങ്ങിയ പ്രമുഖർ ഉൾപ്പെട്ട ജൂറിയാണ് ജയ്പൂരിൽ വെച്ച് പുതിയ ഇന്ത്യൻ സുന്ദരിയെ തിരഞ്ഞെടുത്തത്.
ഒരു സാധാരണ ടീനേജുകാരിയിൽ നിന്ന് ഇന്ത്യയുടെ മുഴുവൻ പ്രതീക്ഷയും പേറുന്ന ലോകസുന്ദരി പട്ടത്തിലേക്കുള്ള കസിയയുടെ യാത്ര വലിയൊരു പ്രചോദനമാണ്. രാജ്യാന്തര സൌന്ദര്യ വേദിയിൽ ഇന്ത്യയുടെയും കേരളത്തിന്റെയും അഭിമാനമായി കസിയ ലോകകിരീടം ചൂടുമെന്ന പ്രതീക്ഷയിലാണ് രാജ്യം.
19-year-old law student and model Kaziah Liz Mejo from Kerala has won the Miss Universe India 2026 crown in Jaipur, triumphing over 52 finalists. Growing up in Abu Dhabi, she is a multi-talented artist with 12 years of classical dance training, musical skills, and an acting credit in the Malayalam film Shylock. Having previously won Miss Universe Kerala 2026 and finished as first runner-up at Miss Teen International 2025, Kaziah will now represent India at the 75th Miss Universe pageant in Puerto Rico in November.