സ്ത്രീകളുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഘട്ടമാണ് മെനോപോസ് അഥവാ ആർത്തവവിരാമം. അണ്ഡാശയങ്ങളിൽ ഈസ്ട്രജൻ ഉൾപ്പെടെയുള്ള ഹോർമോണുകളുടെ ഉത്പാദനം കുറയുന്ന ജൈവിക പ്രക്രിയയാണിത്. തുടർച്ചയായി 12 മാസം ആർത്തവം ഉണ്ടാകാതിരിക്കുകയും അതിന് മറ്റ് കാരണങ്ങൾ ഇല്ലാതിരിക്കുകയും ചെയ്യുമ്പോഴാണ് മെനോപോസ് ഘട്ടം ആണെന്ന് സ്ഥിരീകരിക്കുന്നത്. സാധാരണയായി മെനോപോസ് 45 മുതൽ 55 വയസ്സിനിടയിലാണ് സംഭവിക്കുന്നത്. 40 വയസ്സിന് മുമ്പ് ആർത്തവവിരാമം സംഭവിച്ചാൽ വൈദ്യപരിശോധന ആവശ്യമാണ്.
സ്ത്രീകളിൽ ആർത്തവവിരാമത്തോടനുബന്ധിച്ച് ശാരീരികവും മാനസികവുമായ പല ലക്ഷണങ്ങളും ഉണ്ടാകാം. എന്നാൽ എല്ലാ സ്ത്രീകളിലും ഒരേ ലക്ഷണങ്ങൾ ആയിരിക്കണമെന്നില്ല. ആർത്തവം ക്രമരഹിതമാകുക, ചൂട് അനുഭവപ്പെടുക, രാത്രിയിൽ അമിതമായി വിയർക്കുക, ഉറക്കം തടസ്സപ്പെടുക, ദേഷ്യം, മാനസിക സമ്മർദം എന്നിവ അനുഭവപ്പെടുക, ലൈംഗികബന്ധത്തിൽ അസ്വസ്ഥതയും വേദനയും ഉണ്ടാവുക, തുടങ്ങിയവയാണ് മെനോപോസിന്റെ പ്രധാന ലക്ഷണങ്ങൾ. ചിലർക്ക് കാര്യമായ ബുദ്ധിമുട്ടുകളൊന്നുമില്ലാതെയും മെനോപോസ് കടന്നുപോകാം.
മെനോപോസ് സമയത്ത് ഹോർമോൺ മാറ്റങ്ങൾ കാരണം സ്ത്രീകളിൽ പല ശാരീരിക-മാനസിക മാറ്റങ്ങൾ പ്രകടമാവാം. ഈ ഘട്ടത്തിൽ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതും കൃത്യമായ ആരോഗ്യപരിചരണം ഉറപ്പാക്കുന്നതും പ്രധാനമാണ്. കാൽസ്യം, വിറ്റാമിൻ ഡി, പ്രോട്ടീൻ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. നടത്തം, പേശികൾക്ക് ബലം നൽകുന്ന വ്യായാമങ്ങൾ എന്നിവ ശീലമാക്കുക. ദിവസവും 7 മുതൽ 9 മണിക്കൂർ വരെ ഉറങ്ങാൻ ശ്രമിക്കുക. രക്തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ, എല്ലുകളുടെ ആരോഗ്യം എന്നിവയ്ക്ക് ആവശ്യമായ പരിശോധനകൾ നടത്തുക.
മെനോപോസ് ഒരു രോഗമല്ല, ജീവിതത്തിലെ സ്വാഭാവിക ഘട്ടമാണ്. എന്നാൽ ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കുറയുന്നതോടെ എല്ലുകളുടെ ബലക്കുറവ്, മൂത്ര-യോനി സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർധിക്കാം. മെനോപോസ് സ്ഥിരീകരിച്ചതിനുശേഷം ചെറിയ അളവിൽ പോലും യോനിരക്തസ്രാവം ഉണ്ടായാൽ ഡോക്ടറെ കാണണം. ലക്ഷണങ്ങൾ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടെങ്കിൽ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.
മെനോപോസ് കാലത്ത് രക്തസമ്മർദം, രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ തുടങ്ങിയവ പരിശോധിക്കുന്നത് പ്രധാനമാണ്. പ്രായത്തിനും വ്യക്തിഗത അപകടസാധ്യതകൾക്കും അനുസരിച്ച് സ്തനാർബുദം, ഗർഭാശയ കാൻസർ, എല്ലുകളുടെ സാന്ദ്രത എന്നിവയ്ക്കുള്ള പരിശോധനകളും നടത്തണം.
ദൈന്യംദിന ജീവിതത്തില് ചില വ്യത്യാസങ്ങളും മെനോപോസ് ഘട്ടത്തില് വരുത്തണം. പഴങ്ങൾ, പച്ചക്കറികൾ, പയർവർഗങ്ങൾ, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയ സമീകൃതാഹാരം കഴിക്കുക. പതിവായി നടക്കുകയും അനുയോജ്യമായ വ്യായാമങ്ങളും ചെയ്യുക. മതിയായ ഉറക്കം ഉറപ്പാക്കുക. പുകവലി ഒഴിവാക്കുകയും മദ്യപാനം പരിമിതപ്പെടുത്തുകയും ചെയ്യുക. ആരോഗ്യകരമായ രീതിയിൽ ശരീരഭാരം നിലനിർത്താൻ ശ്രമിക്കുക.
ഈ ഘട്ടത്തെ സാമൂഹ്യമായി നോക്കിക്കാണുകയും വേണം. മെനോപോസ് സംബന്ധിച്ച ബുദ്ധിമുട്ടുകൾ തുറന്നുപറയാനും ആവശ്യമായ ചികിത്സ തേടാനും ഓരോ സ്ത്രീക്കും അവസരം ലഭിക്കണം. കൂടാതെ മെനോപോസ് അവസ്ഥ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ സ്ത്രീകൾക്ക് ലഭ്യമാക്കുകയും വേണം. ആവശ്യമെങ്കില് ആർത്തവവിരാമത്തിന് മുമ്പുള്ള പെരിമെനോപോസ് ഘട്ടം മുതൽ ആരോഗ്യപ്രവർത്തകരുടെ സഹായം തേടാൻ മടിക്കരുത്. ജോലിസ്ഥലങ്ങളിലും ആരോഗ്യകേന്ദ്രങ്ങളിലും സ്ത്രീകൾക്ക് സ്വകാര്യതയും വിവേചനരഹിതമായ പരിചരണവും ഉറപ്പാക്കേണ്ടതുണ്ട്.
Menopause is a natural stage in a woman’s life that brings hormonal changes and may affect physical and mental health. Maintaining a balanced diet, exercising regularly, getting adequate sleep, managing stress, and maintaining a healthy weight are essential during this period. Women should also monitor bone health, blood pressure, blood sugar, and cholesterol levels and undergo age-appropriate health screenings. Medical advice is important for managing troublesome symptoms, and any vaginal bleeding after menopause should be evaluated by a doctor.