കടുത്ത വേനൽച്ചൂടിന് ശമനമേകിക്കൊണ്ട് എത്തുന്ന മഴക്കാലം വലിയൊരാശ്വാസമാണ്. എന്നാൽ, മൺസൂൺ കാലത്ത് വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പുതിയ ഫാഷനോ ഇഷ്ടനിറങ്ങളോ മാത്രം നോക്കി വസ്ത്രങ്ങൾ വാങ്ങുന്നതിന് പകരം, കാലാവസ്ഥയ്ക്ക് അനുയോജ്യമായ തുണിത്തരങ്ങൾ തിരഞ്ഞെടുക്കാൻ കൂടി ശ്രദ്ധിക്കണം.
മഴക്കാലത്തെ ഉയർന്ന ഈർപ്പവും ചൂടും നിറഞ്ഞ കാലാവസ്ഥയിൽ ശരീരത്തിന് ആശ്വാസവും സുഖവും നൽകുന്ന വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. ഇതിനായി വായുസഞ്ചാരം ഉറപ്പാക്കുകയും പെട്ടെന്ന് ഉണങ്ങുകയും ചെയ്യുന്ന കോട്ടൺ, റയോൺ, ലിനൻ ബ്ലെൻഡുകൾ എന്നിവ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും ഉചിതം. അതേസമയം, വെള്ളം വലിച്ചെടുക്കുന്നതും വായുസഞ്ചാരം തടസ്സപ്പെടുത്തുന്നതുമായ കട്ടി കൂടിയ തുണിത്തരങ്ങൾ ഈ സമയത്ത് പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്
ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
ഈ കാലാവസ്ഥയിൽ വായുസഞ്ചാരം സുഗമമാക്കാനും വിയർപ്പ് എളുപ്പത്തിൽ വലിച്ചെടുക്കാനും കോട്ടൺ വസ്ത്രങ്ങൾ വളരെ മികച്ചതാണ്. എന്നാൽ കോട്ടണിനെ അപേക്ഷിച്ച് മഴക്കാലത്ത് കൂടുതൽ പ്രായോഗികം റയോൺ വസ്ത്രങ്ങളാണ്. നനഞ്ഞാൽ വേഗത്തിൽ ഉണങ്ങുമെന്നതും ചുളിവുകൾ വീഴാനുള്ള സാധ്യത കുറവാണെന്നതുമാണ് ഇതിന് കാരണം. ശരീരത്തോട് ചേർന്നുനിൽക്കുന്ന മൃദുവായ സ്വഭാവവും മനോഹരമായ ലുക്കും റയോൺ വസ്ത്രങ്ങളെ മഴക്കാല വാർഡ്രോബുകളിലെ താരമാക്കി മാറ്റുന്നു. കുർത്തകൾ, കോ-ഓർഡ് സെറ്റുകൾ എന്നിവയ്ക്ക് ഇത് പ്രത്യേകിച്ചും അനുയോജ്യമാണ്. ദീർഘദൂര യാത്രകൾക്കും ഓഫീസ് ഉപയോഗത്തിനും യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഇത്തരം വസ്ത്രങ്ങൾ നിങ്ങൾക്ക് ധരിക്കാവുന്നതാണ്.
ഒഴിവാക്കേണ്ട തുണിത്തരങ്ങൾ
കട്ടി കൂടിയ ഡെനിം: ജീൻസ് പോലെയുള്ള കട്ടിയുള്ള ഡെനിം വസ്ത്രങ്ങൾ പെട്ടെന്ന് വെള്ളം വലിച്ചെടുക്കുകയും ഉണങ്ങാൻ മണിക്കൂറുകൾ എടുക്കുകയും ചെയ്യും. നനഞ്ഞാൽ ഇവയുടെ ഭാരം കൂടുന്നത് കാരണം നടക്കാൻ വരെ ബുദ്ധിമുട്ടാകും.
വെൽവെറ്റ്: അന്തരീക്ഷത്തിലെ ഈർപ്പം വേഗത്തിൽ വലിച്ചെടുക്കുന്ന വെൽവെറ്റ് വസ്ത്രങ്ങൾ ഉണങ്ങാൻ വളരെ ബുദ്ധിമുട്ടാണ്.
കട്ടി കൂടിയ പോളിസ്റ്റർ: ഇവ പെട്ടെന്ന് ഉണങ്ങുമെങ്കിലും, അന്തരീക്ഷത്തിൽ ഈർപ്പമുള്ള ദിവസങ്ങളിൽ ശരീരത്തിൽ ചൂട് നിലനിർത്തുകയും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും.
സിൽക്ക്: മഴവെള്ളം വീണാൽ സിൽക്ക് വസ്ത്രങ്ങളിൽ എളുപ്പത്തിൽ പാടുകൾ വീഴാൻ സാധ്യതയുണ്ട്. അതുകൊണ്ട് മഴക്കാലത്ത് ഇവ ഒഴിവാക്കുന്നതാണ് നല്ലത്.
ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങൾ
വല്ലാതെ ഇടുങ്ങിയ വസ്ത്രങ്ങൾ ഈ സമയത്ത് തീർത്തും ഒഴിവാക്കുക. നനയുമ്പോൾ ഇവ ശരീരത്തോട് ഒട്ടിപ്പിടിച്ച് അസ്വസ്ഥതയുണ്ടാക്കും. മാത്രമല്ല, വായുസഞ്ചാരം കുറയുന്നത് ഫംഗൽ അണുബാധകൾക്കും ചൊറിച്ചിലിനും കാരണമായേക്കാം. വസ്ത്രങ്ങളുടെ നീളവും രൂപവും മഴക്കാലത്തിന് അനുയോജ്യമാകണം. നിലത്തിഴയുന്ന നീളൻ മാക്സികൾ, വീതിയേറിയ പലാസോകൾ, ലോങ് കുർത്തകൾ എന്നിവ റോഡിലെ ചെളിയും വെള്ളവും എളുപ്പത്തിൽ വലിച്ചെടുക്കും. അതിനാൽ, കണങ്കാലിന് മുകളിൽ നിൽക്കുന്ന കുർത്തകളും പാന്റ്സുകളും ഉപയോഗിക്കുന്നത് വസ്ത്രത്തിൽ ചെളി പുരളുന്നത് ഒഴിവാക്കാൻ സഹായിക്കും.
തുകൽ (Leather), കാൻവാസ് എന്നിവ കൊണ്ടുള്ള ചെരുപ്പുകൾ മഴവെള്ളം തട്ടിയാൽ പെട്ടെന്ന് കേടാകും. ഇവ ഉണങ്ങാൻ ഏറെ സമയമെടുക്കുന്നതിനാൽ കാലുകളിൽ ഈർപ്പം നിലനിൽക്കാനും രോഗങ്ങൾക്കും കാരണമാകും. ഇതിനുപകരമായി വാട്ടർപ്രൂഫ് ആയ റബ്ബർ, ക്രോക്സ് അല്ലെങ്കിൽ തെന്നി വീഴാത്ത (Slip-resistant) ചെരുപ്പുകൾ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്.
stay comfortable and healthy during the rainy season through strategic clothing choices. Experts recommend prioritizing lightweight, breathable, and quick-drying fabrics like cotton, rayon, and linen blends while strictly avoiding heavy denim, velvet, thick polyester, and delicate silk that trap moisture and heat. For practical commuting, the guide advises wearing relaxed fits, choosing shorter hemlines (like ankle-length trousers) to avoid street puddles, and pairing outfits with safe, waterproof footwear.