ആദ്യ കാഴ്ചയിൽ തന്നെ ഒരാളോട് പ്രത്യേക ആകർഷണം തോന്നിയിട്ടുണ്ടോ? സംസാരത്തിലെ ആത്മവിശ്വാസവും തമാശകളും പെരുമാറ്റത്തിലെ മികവുമെല്ലാം ഒരാളെ വീണ്ടും കാണാൻ പ്രേരിപ്പിച്ചേക്കാം. എന്നാൽ ഇത്തരത്തിൽ ആദ്യ കൂടിക്കാഴ്ചയിൽ മതിപ്പുളവാക്കുന്ന ചിലരിൽ സൈക്കോപതിക്, സാഡിസ്റ്റിക് സ്വഭാവസവിശേഷതകൾ കൂടുതലായിരിക്കാമെന്നാണ് പുതിയ പഠനം പറയുന്നത്. ജേണൽ ഓഫ് റിസർച്ച് ഇൻ പേഴ്സണാലിറ്റിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അമേരിക്കയിലെ അലബാമ സർവകലാശാലയിലെ സാമൂഹിക മനശാസ്ത്രജ്ഞനായ ബ്രാഡൻ ഹാളും സംഘവുമാണ് പഠനത്തിന് നേതൃത്വം നൽകിയത്.
129 സ്ത്രീകളും പുരുഷന്മാരും പങ്കെടുത്ത എട്ട് സ്പീഡ് ഡേറ്റിങ് പരിപാടികളിലൂടെയാണ് ഗവേഷകർ വിവരങ്ങൾ ശേഖരിച്ചത്. ഓരോ പങ്കാളിയും മൂന്ന് മിനിറ്റ് വീതമുള്ള 561 ഡേറ്റിങ് കൂടിക്കാഴ്ചകളിൽ പങ്കെടുത്തു. ഓരോ കൂടിക്കാഴ്ചയ്ക്കു ശേഷവും പങ്കാളികൾ തങ്ങളുടെ ഡേറ്റ് പങ്കാളിയെക്കുറിച്ച് വിലയിരുത്തൽ നടത്തി.
വ്യക്തിത്വത്തിലെ അഞ്ച് പ്രധാന ഘടകങ്ങളായ ബഹിർമുഖത്വം, സമ്മതമനോഭാവം, ആത്മാര്‍ഥത, ന്യൂറോട്ടിസിസം, തുറന്ന മനോഭാവം എന്നിവയായിരുന്നു പ്രധാനമായും പരിശോധിച്ചത്. ഇതിനുപുറമേ ശാരീരിക ആകർഷണീയത, ബുദ്ധിശക്തി, ലക്ഷ്യബോധം, നർമ്മബോധം, ദയ തുടങ്ങിയ സവിശേഷതകളും വിലയിരുത്തി. വീണ്ടും കാണാൻ താൽപര്യമുണ്ടോ എന്നും പങ്കാളികളോട് ചോദിച്ചു. ഡേറ്റിങ് പരിപാടികൾ ആരംഭിക്കുന്നതിന് മുമ്പ് ഓരോരുത്തരുടെയും സൈക്കോപതിക്, സാഡിസ്റ്റിക് പ്രവണതകൾ അളക്കുന്നതിനുള്ള മനശാസ്ത്ര പരിശോധനകളും നടത്തിയിരുന്നു.
പഠനത്തിലെ കണ്ടെത്തലുകൾ ഗവേഷകരെപ്പോലും അത്ഭുതപ്പെടുത്തി. സൈക്കോപതി, സാഡിസ്റ്റിക് സ്വഭാവസവിശേഷതകൾ കൂടുതലുള്ളവരെ രണ്ടാം ഡേറ്റിനായി തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി.
സൈക്കോപതിക് സ്വഭാവമുള്ളവരെ രണ്ടാം ഡേറ്റിനായി തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത 24.6 ശതമാനവും സാഡിസ്റ്റിക് സ്വഭാവമുള്ളവർക്ക് ഇത് 28.4 ശതമാനവും കൂടുതലാണെന്ന് പഠനം കണ്ടെത്തി. അതേസമയം, രണ്ടാം ഡേറ്റിനായി തിരഞ്ഞെടുക്കപ്പെടുന്നതിൽ ശാരീരിക ആകർഷണീയതയുടെ സ്വാധീനം ഈ വ്യക്തിത്വ സവിശേഷതകളേക്കാൾ ഏകദേശം ആറിരട്ടി കൂടുതലാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
ആദ്യ കൂടിക്കാഴ്ചയിൽ ഇവർ ആകർഷകരും തമാശ പറയുന്നവരും ആത്മവിശ്വാസമുള്ളവരുമായി തോന്നിയെന്നാണ് പഠനം പറയുന്നത്. അതുകൊണ്ടുതന്നെ ഇവരുടെ ചില സ്വഭാവങ്ങൾ മറ്റുള്ളവർക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. പഠനത്തിൽ പങ്കെടുത്തവരിൽ തീവ്രമായ സൈക്കോപതിക് സ്വഭാവമുള്ളവർ കുറവായിരുന്നു. കൂടാതെ, മൂന്ന് മിനിറ്റ് മാത്രം നീണ്ടുനിൽക്കുന്ന ആദ്യ കൂടിക്കാഴ്ചയിൽ ഒരാളുടെ എല്ലാ വ്യക്തിത്വ സവിശേഷതകളും പുറത്തുവരണമെന്നില്ല. പിന്നീട് ബന്ധം മുന്നോട്ടുപോകുമ്പോൾ കൂടുതൽ പ്രതികൂല സ്വഭാവങ്ങൾ പ്രകടമായേക്കാമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ആദ്യ കൂടിക്കാഴ്ചയിലെ ആകർഷണം മാത്രം ഒരാളുടെ വ്യക്തിത്വം വിലയിരുത്താനുള്ള മാനദണ്ഡമല്ലെന്ന ഓർമപ്പെടുത്തൽ കൂടിയാണ് ഈ പഠനം.
A new study published in the Journal of Research in Personality suggests that people with higher psychopathic and sadistic traits may have a greater chance of being selected for a second date. Their confidence, humour and charming behaviour can make a strong first impression, making these traits difficult to recognise during brief encounters. However, researchers caution that first impressions alone cannot reveal a person's true personality.