സോഷ്യൽ മീഡിയയിലൂടെ പുതിയ ഡയറ്റ് പ്ലാനുകളും ഫിറ്റ്‌നസ് രഹസ്യങ്ങളും തിരയുന്ന കൗമാരക്കാരുടെ എണ്ണം ഇന്ന് വളരെ കൂടുതലാണ്. എന്നാൽ, ആരോഗ്യകരമായ ശീലങ്ങൾ പഠിക്കാൻ ഓൺലൈൻ ലോകത്തേക്ക് എത്തുന്ന ഈ കുട്ടികൾ ചെന്നെത്തുന്നത് അത്ര സുരക്ഷിതമായ ഇടങ്ങളിലല്ലെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ശരീരഭാരം കുറയ്ക്കാനും അമിതമായി പട്ടിണി കിടക്കാനും പ്രേരിപ്പിക്കുന്ന അപകടകരമായ വീഡിയോകൾ ഇപ്പോഴും യൂട്യൂബ് പോലുള്ള പ്ലാറ്റ്‌ഫോമുകൾ കൗമാരക്കാർക്ക് നിർദ്ദേശിക്കുന്നുണ്ടെന്ന് പുതിയ ഗവേഷണങ്ങൾ മുന്നറിയിപ്പ് നൽകുന്നു.
കുട്ടികളുടെ സുരക്ഷയ്ക്കായി കർശനമായ നിയമങ്ങൾ നിലവിലുണ്ടെങ്കിലും, യൂട്യൂബിന്റെ അൽഗോരിതം ഇപ്പോഴും ഇത്തരം തെറ്റായ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകൾ കുട്ടികളിലേക്ക് എത്തിക്കുന്നുണ്ടെന്നാണ് 'സെന്റർ ഫോർ കൗണ്ടർ ഡിജിറ്റൽ ഹേറ്റ്' നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.
ഒരു 13 വയസ്സുകാരിയുടെ പേരിൽ വ്യാജ പ്രൊഫൈൽ നിർമ്മിച്ച് നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഡയറ്റിങുമായി ബന്ധപ്പെട്ട ചില വീഡിയോകൾ ഈ പ്രൊഫൈലിലൂടെ കണ്ടതിന് ശേഷം, യൂട്യൂബ് നിർദ്ദേശിച്ച അടുത്ത 100 വീഡിയോകളിൽ പത്തെണ്ണവും കൗമാരക്കാർക്ക് മാനസികമായും ശാരീരികമായും ദോഷം ചെയ്യുന്നവയായിരുന്നു. ഒരു ദിവസം വെറും 170 കലോറി മാത്രം ആഹാരം കഴിക്കാൻ പ്രേരിപ്പിക്കുന്ന ഡയറ്റ് പ്ലാനുകളും, അമിതമായി മെലിഞ്ഞ ശരീരപ്രകൃതിയെ മഹത്വവൽക്കരിക്കുന്ന വീഡിയോകളും ഇതിൽ ഉൾപ്പെടുന്നു.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തരം വീഡിയോകളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെങ്കിലും, ഒരൊറ്റ വീഡിയോ പോലും ഒരു കുട്ടിയുടെ മാനസികാവസ്ഥയെ തകിടം മറിക്കാൻ മതിയെന്നാണ് ഗവേഷകർ പറയുന്നത്.
കുട്ടികളെ ദോഷകരമായി ബാധിക്കുന്ന ഉള്ളടക്കങ്ങൾ തടയാൻ കർശനമായ നിയമങ്ങൾ വന്നിട്ടുണ്ടെങ്കിലും അത് പൂർണ്ണമായി ഫലം കാണുന്നില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. നിയമം ലംഘിക്കുന്ന കമ്പനികൾക്ക് വലിയ തുക പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്. പരാതി ഉയർന്നതിനെ തുടർന്ന് ഇത്തരം ദോഷകരമായ വീഡിയോകൾ യൂട്യൂബ് നീക്കം ചെയ്യുകയും, കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാൻ വിദഗ്ധരുമായി ചേർന്ന് പുതിയ സംവിധാനങ്ങൾ ഒരുക്കുന്നുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
എങ്കിലും, സോഷ്യൽ മീഡിയ പൂർണ്ണമായും സുരക്ഷിതമാകുന്നതുവരെ മാതാപിതാക്കളും കുട്ടികളും ഒരേപോലെ ജാഗ്രത പാലിക്കേണ്ടതുണ്ട്. അമിതമായ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാനും, ആവശ്യമില്ലാത്ത ഉള്ളടക്കങ്ങൾ കാണുമ്പോൾ അവ 'നോട്ട് ഇൻട്രസ്റ്റഡ്' എന്ന് മാർക്ക് ചെയ്യാനോ ബ്ലോക്ക് ചെയ്യാനോ കുട്ടികളെ ശീലിപ്പിക്കണം. ഓൺലൈൻ ലോകത്തെ തിളക്കങ്ങൾക്കപ്പുറം യഥാർത്ഥ ജീവിതത്തിലെ ആരോഗ്യത്തിനാണ് പ്രാധാന്യമെന്ന് കൗമാരക്കാരെ ബോധ്യപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
New research warns that social media algorithms may still recommend harmful dieting and extreme weight-loss videos to teenagers. Experts urge parents and children to stay alert as such content can affect both physical and mental well-being.