ചർമ്മസംരക്ഷണത്തിനായി വിറ്റാമിൻ സി സിറം ഉപയോഗിക്കുന്നവർ അത് മിക്കവാറും ബ്രൗൺ അല്ലെങ്കിൽ കറുപ്പ് നിറത്തിലുള്ള ഇരുണ്ട കുപ്പികളിൽ വരുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകും. ഇത് വെറുമൊരു ആകർഷണത്തിന് വേണ്ടിയോ ബ്രാൻഡിങിന്റെ ഭാഗമായോ ചെയ്യുന്നതല്ല, മറിച്ച് ഇതിന് പിന്നിൽ വ്യക്തമായ ഒരു ശാസ്ത്രീയ കാരണമുണ്ട്.
വെളിച്ചവും വായുവുമാണ് വൈറ്റമിൻ സിയുടെ പ്രധാന ശത്രുക്കൾ എന്ന് ഔറിഗ റിസർച്ച് മാനേജിങ് ഡയറക്ടർ ഡോ. സൗരഭ് അറോറ പറയുന്നു. വെളിച്ചം ഏൽക്കുമ്പോൾ വൈറ്റമിൻ സി വളരെ വേഗത്തിൽ നശിച്ചുപോകുന്നു. അൾട്രാവയലറ്റ് കിരണങ്ങൾ ഇതിലെ അസ്കോർബിക് ആസിഡുമായി പ്രവർത്തിക്കുന്നതിനാൽ സിറം നിർജീവമാവുകയും അതിന്റെ ഫലപ്രാപ്തി പൂർണ്ണമായും നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത് തടയാനാണ് ഇരുണ്ട കുപ്പികൾ ഉപയോഗിക്കുന്നത്.
കൂടാതെ, വൈറ്റമിൻ സി ഒരു ആന്റിഓക്സിഡന്റ് ആയതിനാൽ വായുവിലെ ഓക്സിജനുമായി ഇത് വളരെ പെട്ടെന്ന് പ്രവർത്തിക്കുന്നു. വെളിച്ചം ഈ ഓക്സിഡേഷൻ പ്രക്രിയയുടെ വേഗത വർധിപ്പിക്കുന്നു. അതിനാൽ വെളിച്ചവും വായുവും ഉള്ളിൽ കടക്കാതിരിക്കാൻ ഇരുണ്ട നിറമുള്ള ഗ്ലാസ് കുപ്പികളും ഇറുകിയ അടപ്പുള്ള ഡ്രോപ്പറുകളും സഹായിക്കുന്നു.
തുറന്നു ഉപയോഗിച്ചാൽ കേടാകുമോ?
ദിവസവും ഉപയോഗിക്കാൻ കുപ്പി തുറക്കുമ്പോൾ വായു കടന്ന് സിറം കേടാകില്ലേ എന്ന സംശയം സ്വാഭാവികമാണ്. എന്നാൽ, ഉപയോഗത്തിന് ശേഷം ഡ്രോപ്പർ കൃത്യമായി അടച്ചുസൂക്ഷിക്കുകയാണെങ്കിൽ ഇതിന്റെ ഗുണനിലവാരം നഷ്ടപ്പെടില്ല.
പാക്കിങ് മാത്രമല്ല, നിർമാണവും പ്രധാനം
ഒരു നല്ല വൈറ്റമിൻ സി സിറം തിരഞ്ഞെടുക്കുമ്പോൾ പാക്കിങ് മാത്രം നോക്കിയാൽ പോരാ. അത് ഏത് രൂപത്തിലുള്ള വൈറ്റമിൻ സി ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത് എന്നതും പ്രധാനമാണ്. ഉദാഹരണത്തിന്, വെള്ളം അടങ്ങിയ സെറത്തിൽ അസ്കോർബിക് ആസിഡ് ചേർത്താൽ അത് വേഗം കേടാകും. അവിടെ മഗ്നീഷ്യം അസ്കോർബിൽ ഫോസ്ഫേറ്റ് ആണ് ഉപയോഗിക്കേണ്ടത് എന്ന് വിദഗ്ധർ പറയുന്നു.
സെറം കേടായോ എന്ന് എങ്ങനെ തിരിച്ചറിയാം?
സെറത്തിന്റെ നിറം മഞ്ഞയോ തവിട്ടോ ആയി മാറുകയാണെങ്കിൽ അത് ഓക്സിഡൈസ് ചെയ്യപ്പെടുകയാണെന്ന് (കേടാകുകയാണെന്ന്) മനസ്സിലാക്കാം. ഉപയോഗിക്കുന്നതിനിടയിൽ ഉണ്ടാകുന്ന നേരിയ നിറവ്യത്യാസം സ്വാഭാവികമാണെങ്കിലും, വളരെ വേഗത്തിൽ നിറം മാറുകയോ, തുറക്കുമ്പോൾ തന്നെ ഇരുണ്ട നിറത്തിൽ കാണപ്പെടുകയോ ചെയ്താൽ അത് ഉപയോഗശൂന്യമായി എന്ന് വേണം കരുതാൻ. കൂടാതെ, സിറത്തിന് ലോഹങ്ങളുടെയോ പുളിപ്പുള്ളതോ ആയ ഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കിൽ, അല്ലെങ്കിൽ അതിന്റെ ഘടനയിൽ വ്യത്യാസം വന്നാൽ അത് കേടായി എന്ന് മനസ്സിലാക്കാം. പതിവില്ലാതെ സിറം പുരട്ടുമ്പോൾ ചർമ്മത്തിൽ നീറ്റലോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടായാലും അത് മാറ്റി വെക്കുന്നതാണ് ഉചിതം.
മരുന്നുകൾ സൂക്ഷിക്കുന്നതുപോലെ തന്നെ വൈറ്റമിൻ സി സിറവും എപ്പോഴും തണുത്തതും ഈർപ്പമില്ലാത്തതുമായ സ്ഥലത്ത് സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു. ചൂടുള്ള ബാത്ത്റൂം ഷെൽഫുകളിലോ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന ജനാലയ്ക്കരികിലോ ഇവ വെക്കരുത്. കുപ്പി തീർക്കാൻ വേണ്ടി മാത്രം കേടായ സിറം പുരട്ടുന്നത് പണം വെറുതെ കളയുന്നതിന് തുല്യമാണെന്നും അത് ചർമ്മത്തിന് ഒരു ഗുണവും നൽകില്ലെന്നും വിദഗ്ദ്ധർ കൂട്ടിച്ചേർക്കുന്നു.
Vitamin C serums are typically packaged in dark or amber-colored bottles to protect their active ingredients from rapid degradation caused by light and air. Pure Vitamin C, particularly L-ascorbic acid, is highly unstable and easily oxidizes when exposed to ultraviolet rays, oxygen, heat, and water. This oxidation process chemically alters the formula, causing the serum to change from a clear or pale yellow color to a dark amber or brown, often accompanied by a sour, metallic smell or a change in texture.