സമൂഹ മാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് തുറന്ന് സംസാരിച്ച് ഗായിക ഗൗരി ലക്ഷ്മി. സ്ത്രീകൾ സൈബർ ആക്രമണങ്ങൾക്ക് ഇരയാകേണ്ടി വരുമ്പോഴും ചൂഷണം അനുഭവിക്കേണ്ടി വരുമ്പോഴും, ആൺകുട്ടികളും പുരുഷന്മാരും തമ്മിലുള്ള വ്യത്യാസമാണ് കാണാൻ സാധിക്കുന്നത് എന്ന് ഗൗരി പറഞ്ഞു. സ്ത്രീകൾക്കെതിരെ അധിക്ഷേപം നടത്തുന്നവർ അടിസ്ഥാനപരമായി ആൺ'കുട്ടികളാണ്' എന്നും, അവരിനിയും വളരാനുണ്ടെന്നും ഗൗരി പറഞ്ഞു. മാഡിസം ഡിജിറ്റൽ സംഘടിപ്പിച്ച ഏഷ്യയിലെ ആദ്യത്തെ ഇ- ലിറ്ററേച്ചർ ഫെസ്റ്റിവലായ MDLF-ൽ 'എന്റെ പേര് ഗൗരി, എന്റെ സമരം പാട്ട്' എന്ന സെഷനിൽ സംസാരിക്കവെ ആയിരുന്നു ഗൗരി ഇത് പറഞ്ഞത്.
ഗൗരി ലക്ഷ്മിയുടെ വാക്കുകൾ:
ഒരു സ്ത്രീയുടെ ഭാഗത്തു നിന്നും തെറ്റു സംഭവിച്ചാൽ ഉടനെ തന്നെ സ്ത്രീകൾ ഇക്കാലമത്രയും അനുഭവിച്ച മുഴുവൻ ആക്രമങ്ങളെയും റദ്ദ് ചെയ്യുന്ന രാഷ്ട്രീയത്തോട് എനിക്ക് യോജിപ്പില്ല. സമൂഹ മാധ്യമങ്ങളിലടക്കം സ്ത്രീകൾ വലിയ രീതിയിൽ ആക്രമണങ്ങൾക്ക് ഇരകളായി മാറുന്നത് കാണുമ്പോൾ ആൺകുട്ടികളും പുരുഷന്മാരും തമ്മിലുള്ള വ്യത്യാസമാണ് കാണാൻ സാധിക്കുന്നത്. പക്വതയും ബുദ്ധിയുമുള്ള ഒരു പുരുഷന് കാര്യങ്ങളെ എടുക്കേണ്ടത് പോലെ എടുക്കാനും, കാണേണ്ടത് പോലെ കാണാനും സാധിക്കും. എന്നാൽ വെറുതെ ഒച്ചയുണ്ടാക്കുന്ന, സ്ത്രീകളെ അധിക്ഷേപിക്കുന്നവർ അടിസ്ഥാനപരമായി ആൺകുട്ടികളാണ്. അവരിനിയും വളരേണ്ടതുണ്ട്.
ബസിൽ വെച്ച് ലൈംഗീകാതിക്രമം നടത്തിയെന്നാരോപിച്ച് വീഡിയോ വൈറലായതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത വിഷയം എടുത്താൽ, ഒരു മനുഷ്യൻ എന്ത് കൊണ്ട് ആത്മത്യ ചെയ്യേണ്ടി വരുന്നു എന്നതിന്റെ യഥാർത്ഥ കാരണം കൂടെ നാം മനസിലാക്കേണ്ടതുണ്ട്. തെറ്റു ചെയ്തത് സ്ത്രീയായാലും പുരുഷനായാലും ശിക്ഷിക്കപ്പെടണം. പക്ഷെ ഇവിടെ, ശ്രദ്ധിക്കാതെ പോകുന്ന മനഃശാസ്ത്രപരമായ ഒരു തലം കൂടിയുണ്ട്. ഒരു വീഡിയോ വൈറൽ ആയതിനും, ആ വ്യക്തി മരിക്കാൻ തീരുമാനമെടുക്കുന്നതിനും ഇടയിൽ എന്താണ് സംഭവിച്ചത് എന്നതിലേക്ക് ശ്രദ്ധ തിരിച്ചാൽ മാത്രമാണ് ഇനിയത് ആവർത്തിക്കാതിരിക്കാൻ എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ എന്ന് നമുക്ക് പഠിക്കാനാവു.
English Summary: Singer-composer Gauri Lakshmi addressed online attacks against women, stating that immature “boys” often create unnecessary noise on social media, while mature men respond with understanding.