വിഷ്ണു വിജയൻ, സുഷിൻ ശ്യാം തുടങ്ങിയ പുതിയ കാലത്തെ സംഗീത സംവിധായകർ തനിക്ക് സ്വന്തം അനിയൻമാരെ പോലെ ആണെന്ന് എം ജയചന്ദ്രൻ. ഏഷ്യയിലെ ആദ്യത്തെ ഇ-ലിറ്ററേച്ചർ ഫെസ്റ്റിവലായ, മാഡിസം ഡിജിറ്റൽ ഇ-ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (MDLF) ഒന്നാം പതിപ്പിന്റെ ഉദ്ഘാടന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യൻ നിർമിക്കുന്ന മതിലുകൾ തകർത്ത് നാം എല്ലാം ഒന്നിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.
എം ജയചന്ദ്രന്റെ വാക്കുകൾ:
സംഗീതം ആരുടെയും കുത്തകയല്ല, സംഗീതത്തിന് വിവേചനമില്ല, ഏത് രീതിയിൽ നോക്കിയാലും, ഒന്നിച്ച് പാടുക എന്നതിലാണ് നന്മയും സ്നേഹവും. മനുഷ്യൻ നിർമിക്കുന്ന വിവേചനത്തിന്റെ മതിലുകളെല്ലാം തകർത്ത് നമുക്ക് ഒന്നിച്ച് പാടാൻ കഴിയണം. മനുഷ്യന്റെ സന്തോഷത്തിന് വേണ്ടി, അവനെ വേർത്തിരിക്കാത്ത എന്തും നമുക്ക് പാടാം.
പുതിയ കാലത്തെ പാട്ടുകളുടെ ആരാധകനാണ് ഞാൻ. ഉദാഹരണത്തിന്, വിഷ്ണു വിജയന്റെ ആരാധികേ എപ്പോഴും കേൾക്കാറുണ്ട്. ഷാൻ റഹ്മാന്റെ തിരുവാവണി രാവ് വളരെ ഇഷ്ടമാണ്. ജസ്റ്റിൻ വർഗീസിന്റെ ജാതിക്കാത്തോട്ടവും, സുഷിൻ ശ്യാമിന്റെ പാട്ടുകളും ധാരാളം കേൾക്കാറുണ്ട്. അവരെല്ലാം എനിക്ക് എന്റെ അനിയൻമാരാണ്. അവരെയോർത്ത് എനിക്ക് അഭിമാനമാണ്. അവരുടെ പാട്ടുകൾ കേൾക്കുമ്പോൾ, നമുക്ക് മുന്നോട്ട് പോകാൻ ശക്തിയുണ്ടെന്നും, നാം എവിടേയും വീണു പോകില്ലെന്നും എനിക്ക് തോന്നും. മലയാള സംഗീത ലോകത്തെ ശക്തമായി നയിക്കാൻ കഴിയുന്നവർ തന്നെയാണ് അവർ.
വൈവിധ്യമാർന്ന സംവാദങ്ങളും, ബുക്ക് ടോക്കുകളും, ചർച്ചകളും അടക്കം, 40-ഓളം സെഷനുകളാണ് MDLF-നു വേണ്ടി മാഡിസം ഡിജിറ്റൽ അണിയറയിൽ ഒരുക്കിയിരിക്കുന്നത്. ഇന്ന് മുതൽ, മാർച്ച് ഒന്ന് വരെ നാല് ദിവസങ്ങളിലായാണ് MDLF നടക്കുക. മാഡിസം ഡിജിറ്റലിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളായ, യൂറ്റ്യൂബ് ചാനൽ, ഫേസ്ബുക്ക് എന്നിവ വഴി ലൈവ് ആയും, വീഡിയോ ആയും സെഷനുകൾ പ്രസിദ്ധീകരിക്കും. സാഹിത്യം, ശാസ്ത്രം, കല തുടങ്ങി വിവിധ മേഖലകളിലെ, നിരവധി പ്രമുഖർ വേദി അലങ്കരിക്കും.
English Summary: At the inaugural session of the Madism Digital E-Literature Festival (MDLF), music composer M. Jayachandran said that all emerging musicians in Malayalam cinema feel like his “younger brothers,” expressing pride in their achievements. Praising composers such as Vishnu Vijay, Sushin Shyam, Shan Rahman, and Justin Varghese, he said new-age music inspires confidence about the future of the industry. Jayachandran added that music belongs to everyone and urged society to break down man-made walls of discrimination.