News

ആന്ധ്രയിൽ ONGC എണ്ണക്കിണറിലുണ്ടായ തീ അണയ്ക്കാനായില്ല; 300 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി

100 അടിയിലേറെ ഉയരത്തിലാണ് തീജ്വാലകൾ ഉയർന്നത്. ഒരു കിലോമീറ്റർ ചുറ്റളവിൽ ജില്ലാ ഭരണകൂടം "നോ-ഗോ സോൺ" പ്രഖ്യാപിച്ചു.

Madism Desk

ആന്ധ്രപ്രദേശിലെ ഒഎൻജിസിയുടെ എണ്ണക്കിണറിൽ സംഭവിച്ച വാതകച്ചോർച്ചയെ തുടർന്നുണ്ടായ അഗ്നിബാധ നിയന്ത്രണവിധേയമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ ചൊവ്വാഴ്ച വീണ്ടും വാതകച്ചോർച്ച. ഡോ. ബി.ആർ. അംബേദ്കർ കോൺസീമ ജില്ലയിലെ ഒഎൻജിസിയുടെ മോറി-5 കിണറ്റിലാണ് തീപ്പിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കുന്നതുമായി സംബന്ധിച്ച് അന്താരാഷ്ട്ര വിദഗ്ധരുമായി അധികൃതർ കൂടിയാലോചനകൾ നടത്തുകയാണ്.

100 അടിയിലേറെ ഉയരത്തിലാണ് തീജ്വാലകൾ ഉയർന്നത്. ഒരു കിലോമീറ്റർ ചുറ്റളവിൽ ജില്ലാ ഭരണകൂടം "നോ-ഗോ സോൺ" പ്രഖ്യാപിച്ചു. സമീപ പ്രദേശത്തു നിന്നും ഏകദേശം 300 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്തു. തീ പടരുന്നത് തടയുന്നതിന്റെ ഭാഗമായി വൈദ്യുതി ഉപകരണങ്ങൾ, ഗ്യാസ് സ്റ്റൗവുകൾ എന്നിവയുടെ ഉപയോഗത്തിൽ ശ്രദ്ധ പുലർത്തുവാനും നിർദ്ദേമുണ്ട്. പ്രദേശത്തെ സ്കൂളുകൾ അടുത്ത 48 മണിക്കൂർ നേരത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12.20 ന് കിണറിന്റെ ഉത്പാതദനക്ഷമത വർധിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കിടെയാണ് ആദ്യത്തെ വാതകച്ചോർച്ചയുണ്ടായത്. ഏജൻസിയുടെ കരാറുകാരനായ ഡീപ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ആയിരുന്നു പ്രവർത്തനങ്ങൾ നടത്തിയത്. 2.7 കിലോമീറ്റർ താഴ്ചയിൽ ‘പെർഫോറേഷൻ പ്രവർത്തനങ്ങൾ’ നടത്തുന്നതിനിടെ പെട്ടെന്നുണ്ടായ മർദവർധന കാരണം വാതക-അസംസ്കൃത-എണ്ണ മിശ്രിതം പൊട്ടിത്തെറിക്കുകയും മിനിറ്റുകൾക്ക് ശേഷം തീ പടരുകയും ചെയ്യുകയായിരുന്നു. സമീപത്തുള്ള തെങ്ങിൻതോപ്പുകളിലേക്കും മത്സ്യകൃഷി നടത്തുന്ന കുളങ്ങളിലേക്കും തീ പടരുന്നത് തടയുന്നതിനായി അഗ്നിശമന സംഘങ്ങൾ രാത്രി മുഴുവൻ പ്രവർത്തിച്ചു.

ഡൽഹിയിൽ നിന്നുള്ള ദുരന്ത പ്രതികരണവിദഗ്ധരുടെ ‌പ്രത്യേക സംഘമാണ് ‌പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. നിലവിൽ അഗ്നിശമന സംഘങ്ങൾ നാല് ഭാഗങ്ങളിൽനിന്ന് വെള്ളം സ്പ്രേ ചെയ്ത് കിണറിന്റെ മുകൾഭാഗം തണുപ്പിക്കാനും തീപടരുന്നത് തടയുന്നതിനുമായി ഉയർന്ന മർദമുള്ള പൈപ്പുകൾ ഉപയോഗിക്കുന്നുണ്ട്.

30 മുതൽ 40 ദശലക്ഷം ടൺ കരുതൽ ശേഖരം അടങ്ങിയ ഒരു ഇൻസുലേറ്റഡ് പാളിയിലാണ് കിണർ സ്ഥിതി ചെയ്യുന്നതെന്ന് ജില്ലാ കളക്ടർ ആർ. മഹേഷ് കുമാർ പറഞ്ഞു. ഉച്ചയോടെ ഭൂഗർഭമർദം കുറഞ്ഞില്ലെങ്കിൽ കിണർ അടയ്ക്കുന്നതിലേക്ക് നീങ്ങേണ്ടി വരുമെന്നാണ് നിലവിൽ ഉദ്യോഗസ്ഥവൃന്ദങ്ങൾ അറിയിക്കുന്നത്. വളരെ പ്രസായകമായ പ്രവർത്തനമായതിനാൽ തന്നെ, ദിവസങ്ങൾ നീണ്ട പ്രയത്‌നം വേണ്ടി വരുമെന്നും അറിയിച്ചു.

English Summary: A major fire triggered by a gas leak at an ONGC oil well in Andhra Pradesh remains uncontrolled, forcing authorities to evacuate around 300 families as firefighting and cooling operations continue with expert assistance.